ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/എന്റെയിന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെയിന്ന്

 
പെട്ടെന്ന് ഇട്ട തുണിയെല്ലാം കസേരപ്പുറത്തഴിച്ചിട്ട അനിയൻ മുറ്റത്തേക്ക് ചാടിയിറങ്ങി അമ്മയുടെ ശകാരം പിറകെ ഓടിയിറങ്ങി. ആദ്യത്തെ മഴയല്ലേ അവൻ ഒന്ന് നനയട്ടെ..... അച്ഛന്റെ ആ പ്രയോഗം അവന്റെ പിന്നാമ്പുറം ഒരു മാർക്ക് വീഴാതെ കാത്തു.
          തുടർച്ചയായിപുറത്തു പോകാത്ത അച്ഛന്റെ മുഷിപ്പ്, ആവുമെങ്കിൽ എങ്ങനെയെങ്കിലും കൊറോണക്കുള്ള മരുന്ന് കണ്ടുപിടിച്ചു സ്കൂൾ തുറപ്പിക്കാനുള്ള അമ്മയുടെ ദൈന്യവും, പകലന്തിയോളം വീടിനുചുറ്റും നിരങ്ങി വൈകിട്ട് വിവിധ വേദനകളുടെ പരാതി പുസ്തകത്തിന്റെ കെട്ടഴിക്കുന്ന കുഞ്ഞു പെങ്ങളെയും ഞാൻ മാറിമാറി നോക്കികൊണ്ടേയിരുന്നു.
           സന്ധ്യമുതൽ ടീവി ക്കുമേൽ അവകാശം സ്ഥാപിക്കാനുള്ള തിരക്കിലാണ് അനിയനും അച്ഛനും ഒടുവിൽ കോറോണയുമായി ബന്ധപ്പെട്ട വാർത്തകൾ കൊച്ചുടിവി യിലും കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ എന്ന ആത്മഗതത്തിനു ഫുൾസ്റ്റോപ്പിട്ടു അച്ഛൻ പാടത്തേക്കിറങ്ങി. വിശാലമായ ഒരു കുളിയും പാസാക്കി തിരിച്ചു വന്നപ്പോഴേക്കും അച്ഛനായി ന്യൂസ്‌ ചാനലുകൾ കാത്തിരിക്കയാണ്. ആഗോള സാമ്പത്തിക സ്ഥിതിക്ക് വലിയൊരു ഭാരവുമായി അമ്മ ആമാസത്തെ ബജറ്റ് വിജയകരമായി അച്ഛനുമുൻപിൽ അവതരിപ്പിച്ചു. നീക്കിയിരിപ്പുകൾ ഒന്നുമില്ലാത്ത അച്ഛന്റെ കീശ അന്നും ഷർട്ടിടാത്ത കർഷകന്റെ ചേലിനായിരുന്നു.
വർത്തമാനവും ഭാവിയും ഭൂതവും വിവക്ഷിക്കുന്ന ചർച്ചയ്ക്കുശേഷം വാർത്ത ആരംഭിച്ചു "മരണം നേർക്കുനിന്ന് നേരിടുന്ന ജനങ്ങളുടെ വിലാപങ്ങളും വിജനമായ തെരുവോരങ്ങളും വിമാനത്തേക്കാൾ വേഗത്തിൽ കുതിച്ചുയരുന്ന മരണസംഖ്യയും കണ്ടു അച്ഛന്റെയടുത്ത്‌ കഷ്ടം വെച്ചിരിക്കയാണ് അമ്മ. കണ്ണിൽ കണ്ടതെല്ലാം കൊന്നുതിന്ന മനുഷ്യനെ കണ്ണിൽ കാണാത്ത ഒന്ന് കാർന്നു തിന്നുന്നു തീർത്തും അവസരോചിതമായ ആവാചകത്തിന്റെ കയ്യും പിടിച്ചു അച്ഛൻ ഉറങ്ങുവാനായി നടന്നു. നാളത്തെ പ്രാതലും മറ്റുമൊക്കെ ചാർട്ട് ചെയ്യലാണ് അമ്മയുടെപണി കാച്ചിലും ചേനയും കപ്പയുമൊക്കെ അടുക്കള അടക്കിവാഴുന്ന പഴയൊരു പുതിയ വർത്തമാനം. ഇനിയുള്ള ദിവസങ്ങളെ കുറിച്ചുള്ള അമ്മയുടെ വ്യാകുലതകളെല്ലാം ഇങ്ങ് എന്റെ കാതു വരെകേൾക്കാം. കൊറോണ ബാക്കിയാക്കിയ രണ്ടു പരീക്ഷകളെ മറന്നുകൊണ്ട് ഞാൻ അകത്തളത്തിൽ ഉറക്കത്തിനു കൂച്ചുവിലങ്ങിടുകയാണ്..............
              
             (എന്റെ ഇന്നലെകൾ മാത്രമാണ് ഈ കഥയിലൂടെ ഞാൻ പങ്കുവച്ചത് നിങ്ങളുടെ ഇന്നിനും നാളെകൾക്കും വേണ്ടി കാത്തിരിക്കാമല്ലോ അല്ലെ... !)


ഋഷികേശ്. എ
11 ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ