ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലത്തെ വെളിപാടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്‌ ഡൗൺ കാലത്തെ വെളിപാടുകൾ

എപ്പോഴും തിരക്ക് പിടിച്ച് നടന്നിരുന്ന ആ മനുഷ്യൻ അപ്രതീക്ഷിതമായാണ് ലോക്‌ ഡൗണിൽ പെട്ടത്. ജീവിതത്തിൽ ആദ്യമായാണ് അയാൾക്ക് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടിവന്നത്. വീട്ടിൽ എല്ലാവരും ഉണ്ടെങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടവനായിരുന്നു അയാൾ. ഒറ്റപ്പെടലിന്റെ വിരസത നീക്കുവാനായി അയാൾ ആദ്യമായി വീട്ട്‌ പരിസരം നിരീക്ഷിക്കുവാൻ തുടങ്ങി.

പറമ്പിലാകെ അയാൾ കണ്ണോടിച്ചു. ഭാര്യയും മക്കളും വേലക്കാരും ചേർന്ന് നട്ടുവളർത്തിയ ചെടികളെല്ലാം വസന്തത്തിന്റെ വരവറിയിച്ച് പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വണ്ണാത്തി പുള്ളുകൾ ചൂളമടിച്ചു പാടിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു . പൂക്കളിൽ തേൻ നുകർന്ന് കൊണ്ട് പറന്നുനടക്കുന്ന പൂമ്പാറ്റകളും തേനീച്ചകളും അയാളുടെ മനസ്സിൽ ബാല്യകാലസ്മരണകൾ ഉണർത്തി.

തുടർന്നുള്ള ദിവസങ്ങളിലും ലോക്‌ഡൗൺ നീണ്ടതിനാൽ ഇതുതന്നെയായി അയാളുടെ പരിപാടി. താനിവിടെ ഉണ്ടായിട്ടും തനിക്കിതൊന്നും കാണാൻ നേരം ഇല്ലായിരുന്നല്ലോ എന്നോർത്ത് അയാൾക്ക് ലജ്ജതോന്നി.

ഉച്ചയൂണ് കഴിയുമ്പോൾ ഭാര്യയും മക്കളും ചെടി നടക്കാനിറങ്ങും. ക്രമേണ ആ ജോലി അയാൾ ഏറ്റെടുത്തു. വിടർന്നുനിൽക്കുന്ന പൂക്കളെപ്പോലെ അയാളുടെ പ്രവൃത്തി കണ്ട് ഭാര്യയുടെയും മക്കളുടെയും മുഖം വിടർന്നു. ചെടികളെ നനയ്ക്കുന്നതിനിടയിലാണ് ഒരു വണ്ണാത്തിപുള്ള് മരത്തിൽ വച്ചുകെട്ടിയ പാത്രത്തിനുള്ളിൽ തലയിടുന്നത് കണ്ടത്. അയാൾ മെല്ലെ ആ പാത്രമിരുന്ന മരത്തിനടുത്തേക്ക് ചെന്നു. അയാളുടെ യുടെ വരവ് കണ്ട കിളി പറന്നു അടുത്ത ചില്ലയിൽ ചെന്ന് ചൂളംവിളി തുടങ്ങി. കിളികൾക്ക്‌ കുടിക്കാനായി ആരോ അതിൽ വെള്ളം തയ്യാറാക്കിവെച്ചതാണെന്ന് അയാൾക്ക് മനസ്സിലായി.

'അച്ഛൻ എന്തുപണിയാ കാണിച്ചേ, ആ കിളിയേ ഓടിച്ചു കളഞ്ഞില്ലെ' , എന്നു പറഞ്ഞു അയാളുടെ മകൻ അവിടേക്ക് വന്നു. മകൻ തന്നോടു സംസാരിക്കുന്നത് ആദ്യമായിട്ടാണെന്ന് അയാൾക്ക് തോന്നി. അവൻ ഉണരും മുമ്പ് അയാൾ ഓഫീസിലേക്ക് പോകുകയും അവൻ ഉറങ്ങി കഴിഞ്ഞാൽ വീട്ടിലെത്തുകയുമാണല്ലോ പതിവ്.

അയാൾ മകനെ സ്നേഹത്തോടെ എടുത്തുയർത്തി പാത്രത്തിന്റെ ഉൾവശം കാട്ടിക്കൊടുത്തു. അതിൽ വെള്ളം കുറവായിരുന്നു . അയാൾ ചെടി നനച്ചു കൊണ്ടിരുന്ന ഹോസ് എടുത്ത് ആ പാത്രം നിറച്ചു. എന്നിട്ട് മാറിനിന്നു. അപ്പോൾ ആ കിളി പാട്ടു നിർത്തി വെള്ളം കുടിക്കുവാൻ തുടങ്ങി. അതുകണ്ടു കൗതുകം പൂണ്ട അയാളുടെ മകൻ പറഞ്ഞു ,

" അച്ഛാ, ഞാൻ പറഞ്ഞിട്ട് അമ്മയാണ് ആ പാത്രം കെട്ടി വച്ചത്. സ്കൂളിലെ ടീച്ചർ പറഞ്ഞു , വേനൽക്കാലമായാൽ വെള്ളം കിട്ടാതെ അവ കഷ്ടപ്പെടും. അവർക്കും മനുഷ്യരെപ്പോലെ ദാഹമുണ്ടാകുമെന്ന്".

അയാൾക്ക് തന്റെ മകനെ ഓർത്ത് അഭിമാനമുണ്ടായി. കൊറോണാ കാലത്ത് തന്റെ ബിസിനസ്‌ സാമ്രാജ്യത്തിന് അവധി നൽകി വീട്ടിലിരിക്കാൻ കഴിഞ്ഞതിൽ അയാൾക്ക് ആദ്യമായി സന്തോഷം തോന്നി


വൈശാഖൻ. ബി. പി
9 ജെ എഫ് കെ എം വി എച്ച് എസ് എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ