ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ അവകാശികൾ

ഇപ്പോൾ നമ്മൾ (മൃഗങ്ങളും പക്ഷികളും ) ഈ ഭൂമിയുടെ ശരിയായ അവകാശികളായി തീർന്നിരിക്കുന്നു. ആരോ പറഞ്ഞതാണ്.കാട്ടിൽ ആ വാർത്ത തീ പോലെ പടരുകയാണ്. നമ്മൾ ഭൂമിയുടെ അവകാശികൾ. എല്ലാവർക്കും വലിയ സന്തോഷം . എന്താണിതിലെ സത്യം ? മൃഗങ്ങൾ ചിന്താകുലരായി. •എന്നിരുന്നാലും ഭൂമിയുടെ അധിപർ എന്നഹങ്കരിച്ചിരുന്ന മനുഷ്യർ എവിടെ ? ഈ ചോദ്യം മൃഗങ്ങൾ പരസ്പരം ചോദിച്ചു. അവസാനം മൃഗരാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. കുറുക്കൻ, കുരങ്ങൻ , മാൻ , കരടി, ആന എന്നിവരടങ്ങിയ അന്വേഷണ സമിതിയെ നിയമിച്ചു. അന്നു തന്നെ അവർ നാട്ടിലേക്ക് തിരിച്ചു. കാട്ടിലൂടെ നടന്നപ്പോൾ അവർക്ക് അത്ഭുതമാണുണ്ടായത് മനുഷ്യർ വെട്ടിമാറ്റിയ മരങ്ങളുടെ കുറ്റികളിൽ നിന്നും പുതിയ നാമ്പുകൾ ഉയർത്തെഴുന്നേൽക്കുന്നു. കാട്ടരുവിക്ക് മുൻപത്തേക്കാൾ തെളിമ. അങ്ങനെ കാടു കടന്നവർ നാട്ടിലെത്തി. കോൺക്രീറ്റ് സൗധങ്ങൾക്കിടയിലൂടെ അവർ നടന്നു. ഗേറ്റുകൾ അടഞ്ഞ് കിടക്കുന്നു. ഫാക്ടറികൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല . കാട്ടിലെ പോലെ തന്നെ നാട്ടിലെ വായുവിനും ഒരു ശുദ്ധി വന്ന പോലെ. തെരുവുകൾ വിജനം . അവർ അത്ഭുപ്പെട്ടു! ഇതെന്തുപറ്റി?അവർ പരസ്പരം നോക്കി. അപ്പോഴാണ് ഒരു നായയും ,പൂച്ചയും അതു വഴി വന്നത്. ആദ്യം അവർക്ക് അത്ഭുതം തോന്നി. ബദ്ധ ശത്രുക്കളായവർ ഒരുമിച്ച് .അവർ തങ്ങൾ കണ്ട കാര്യങ്ങളെ കുറിച്ചും മനുഷ്യരെ പറ്റിയും അവരോട് അന്വേഷിച്ചു. നായ പറഞ്ഞു. "മനുഷ്യർ തന്റെ അഹങ്കാരത്തിന്റെ ഫലം അനുഭവിക്കുകയാണ്. അവർ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണ് " . അത്ഭുതത്തോടെ അവർ എല്ലാം ഒരുമിച്ച് ചോദിച്ചു. "മനുഷ്യർ കൂട്ടിലടക്കപ്പെട്ടന്നോ ! " പൂച്ച പറഞ്ഞു " അതെ , ഈ ഭൂമിയുടെ അധിപർ എന്ന് നിനച്ച് അധികാര കൊതിയോടെ അവർ മുന്നോട്ട് പോകുകയായിരുന്നു. എന്തിനേയും കാൽച്ചുവട്ടിൽ നിർത്തി ആർത്തിയോടെ കൊന്ന് തിന്നു. എന്നാൽ സൂക്ഷ്മ ജീവിയായ ഒരു വൈറസ് കൊറോണ എന്നാണവന്റെ പേര് അവൻ മനുഷ്യനെ വീട്ടിനുള്ളിലാക്കി അടച്ചിട്ടിരിക്കയാണ് " . "അത് കൊള്ളാമല്ലോ ഭൂമിയെ അടക്കിഭരിച്ചവർക്ക് ഒരു സൂക്ഷ് ജീവി കൊടുത്ത പണി " . ആനയും കരടിയും കുലുങ്ങി ചിരിച്ചു. "എന്ത് ചെയ്യാൻ ദിനംപ്രതി ലക്ഷകണക്കിന് മനുഷ്യരെയാണ് ആ ഭീകരൻ കൊന്നൊടുക്കുന്നത്. ലോകം മുഴുവൻ അവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. " നായ പറഞ്ഞു. "തുടക്കത്തിൽ പകച്ചു പോയി എങ്കിലും മനുഷ്യർ അതിനെതിരെ പല നാട്ടിലും പോരാടിക്കൊണ്ടിരിക്കുന്ന കഥകൾ വരുന്നുണ്ട് ". പൂച്ച പറഞ്ഞു. "ഇനിയെങ്കിലും മനുഷ്യന് തിരിച്ചറിവുണ്ടാകുമോ " കരടി ചോദിച്ചു. " എനിക്ക് തോന്നുന്നില്ല ഈ മനുഷ്യർ നേരെയാകുമെന്ന്" നായ പെട്ടെന്ന് പറഞ്ഞു. "അതെന്താ നീ അങ്ങനെ പറഞ്ഞത് " മാൻ ചോദിച്ചു. നായ പറഞ്ഞു."ഞങ്ങൾ അതു തന്നെയാണ് ചർച്ച ചെയ്ത് വന്നതും തുടക്കത്തിൽ പകച്ച് പോയി എന്ന് ഇവൻ പറഞ്ഞില്ലേ അപ്പോൾ വീടുകളിൽ കഴിയുകയും പരസ്പര സ്നേഹത്തിന്റെ വാക്കുകൾ പറയുകയും എഴുതുകയും ചെയ്ത മനുഷ്യർ വൈറസിനെ പ്രതിരോധിക്കാൻ തുടങ്ങിയപ്പോൾ തന്നെ പരസ്പരം ചേരിതിരിഞ്ഞ് തമ്മിലടിക്കാനും തുടങ്ങിയിരിക്കുന്നു. രാജ്യങ്ങൾ പരസ്പരം പഴിചാരി തുടങ്ങിയ വാർത്തകളും നാട്ടിൽ പരക്കുന്നുണ്ട്. ഒരറ്റത്ത് മരണം തുടർക്കഥയാകുമ്പോഴാണ് ഇതെല്ലാമെന്നാണ് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതും " കുരങ്ങൻ പറഞ്ഞു " അവർ അങ്ങനെയാണ്. ഓന്തിനെ പോലും വെല്ലുന്ന രീതിയിൽ നിറം മാറാൻ കഴിവുള്ളവർ . നമുക്കെന്തായാലും കാട്ടിലേക്ക് തിരികെ പോകാം രാജാവിനെ വിവരമറിയിക്കാം കുറച്ച് ദിവസത്തെക്കെങ്കിലും നമ്മൾ ഈ ഭൂമിയുടെ അവകാശികളായി എന്നത് സത്യമാണെന്ന് " .

സുഹ തസ്നി
6 ബി ജെ എഫ് കെ എം വി എച്ച് എസ് എസ്, അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ