ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ആൽമരം
ആൽമരം
ഒരു ഗ്രാമത്തിൽ പണ്ടൊരു ആൽമരമുണ്ടായിരുന്നു. നല്ല ഉയരവും ഭംഗിയുമുണ്ടായിരുന്നെങ്കിലും ആ മരത്തിനെപ്പോഴും ദു:ഖമായിരുന്നു. ആൽമരം പുരുഷനായിരുന്നിട്ടും അതിന് താടിയും മീശയും കിളിർക്കുന്നില്ല എന്നതാണ് കാരണം. പുരുഷൻമാരായ മനുഷ്യർ താടിയും മീശയും വച്ചു നടക്കുന്നത് കാണുമ്പോൾ ആൽമരത്തിന് അവരോട് അസൂയ തോന്നും. ഏതു വിധേനയും എനിക്കും താടിയും മീശയും വളരണം, അതിനെക്കുറിച്ചായി പിന്നെ ആൽമരത്തിന്റെ ചിന്ത. ഇലകൾ കാറ്റിലിളക്കി ആൽമരം ദു:ഖിച്ച് നിൽക്കുന്നത് പതിവായി. അങ്ങനെയിരിക്കെ ഒരു ദിവസം വനദേവത ധൃതിപ്പെട്ട് അതു വഴി കടന്നുപോകുന്നത് ആൽമരം കണ്ടു. വനദേവതയ്ക്ക് മരങ്ങളുടെയും ചെടികളുടെയും ഏതാഗ്രഹവും സാധിച്ചു കൊടുക്കാനുള്ള കഴിവുണ്ടെന്ന് ആൽമരത്തിനറിയാമായിരുന്നു. ആൽമരം ഉറക്കെ വിളിച്ചു പറഞ്ഞു അല്ലയോ വനദേവതേ എന്നോട് കരുണ കാണിച്ചാലും എന്നെ ഒരു ഉത്തമ പുരുഷനാക്കൂ. എനിക്ക് താടിയും മീശയും നൽകിയാലും. എനിക്ക് നാണം കെട്ട് ജീവിക്കാൻ വയ്യ. എന്നെ അനുഗ്രഹിച്ചാലും എന്റെ ആഗ്രഹം സാധിച്ചു തന്നാലും. അപേക്ഷ കേട്ട ദേവത ഒരു നിമിഷം നിന്നു. പിന്നെ ധൃതി പിടിച്ചു പറഞ്ഞു തീർച്ചയായും പക്ഷേ ഇപ്പോൾ ഞാൻ തിരക്കിലാണ് പിന്നീടൊരിക്കലാവട്ടെ. വനദേവത വളരെ വേഗം ഒരു മൂടൽമഞ്ഞിനുള്ളിൽ അപ്രത്യക്ഷയായി. മരം ദു:ഖത്തോടെ നിൽപ്പു തുടർന്നു. എത്ര കാലം ഞാൻ ആണും പെണ്ണും കെട്ടവനായി ജീവിക്കണം. ഇതിനെക്കാൾ മരണമാണ് നല്ലത്. ആൽമരത്തിന്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി. ഒരു മുയലിന്റെ ദീന രോദനമാണ് ആൽമരത്തെ ചിന്തയിൽ നിന്നുണർത്തിയത്. ആൽമരം നോക്കുമ്പോൾ കണ്ട കാഴ്ച ഒരു മുയലും അതിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഭയന്നു വിറച്ചു നിൽക്കുന്നതാണ്. മുയൽ കിതപ്പടക്കിക്കൊണ്ട് ആൽമരത്തിനോടു പറഞ്ഞു. പ്രിയ മരമേ, ഞങ്ങൾക്കു പിന്നാലെ വേട്ട നായ്ക്കൾ വരുന്നുണ്ട്. ദയവായി നിന്റെ വേരുകൾക്കിടയിൽ ഒളിപ്പിച്ച് എന്നെയും കുടുംബത്തെയും രക്ഷിക്കൂ. ആൽമരത്തിന് മുയൽ കുടുംബത്തിനോട് അലിവു തോന്നി. മണ്ണിലേയ്ക്ക് ആഴ്ന്നിരുന്ന തന്റെ വേരുകളെ അത് വിടർത്തിക്കൊടുത്തു. ആ വിടവിലേയ്ക്ക് മുയൽ കുടുംബം കയറി പതുങ്ങിയിരുന്നു. വേട്ടനായ്ക്കൂട്ടം പോയ ശേഷം ആൽമരത്തിന് നന്ദിയും പറഞ്ഞ് അവർ വീട്ടിലേക്കു മടങ്ങി. അധികം വൈകാതെ വനദേവത വീണ്ടുമവിടെ പ്രത്യക്ഷയായി. പുഞ്ചിരി തൂകിക്കൊണ്ട് വനദേവത പറഞ്ഞു. നല്ല വനായ ആൽമരമേ, മറ്റുള്ളവരോടുള്ള നിന്റെ അനുകമ്പയിൽ ഞാൻ സംപ്രീതയായിരിക്കുന്നു. ഇന്നു മുതൽ നിന്റെ ആഗ്രഹ പ്രകാരം നീ ഒരു ഉത്തമ പുരുഷനായിരിക്കും. പുരുഷത്വത്തിന്റെ ലക്ഷണമായ താടിയും മീശയും വേണ്ടുവോളം നിനക്കുണ്ടാവും. കൈയുയർത്തി അനുഗ്രഹിച്ച ശേഷം വനദേവത മറഞ്ഞു. അന്നുമുതലാണ് ആൽമരത്തിന്റെ ചില്ലകളിൽ നിന്ന് വേരുകൾ താഴോട്ടു വളരാൻ തുടങ്ങിയത്. ഇത് മനുഷ്യന്റെ താടി രോമങ്ങൾക്ക് സമാനമായി തോന്നും. കുട്ടികൾ ഈ വേരുകളിൽ തൂങ്ങിയാടി രസിക്കുമ്പോൾ ആൽമരമുത്തച്ഛൻ വാൽസല്യത്തോടെ ഇലകളിളക്കി പുഞ്ചിരി തൂകും.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |