ജി യു പി സ്ക്കൂൾ പുറച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ ധന്യമുഹൂർത്തത്തിൽ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങൾ ആദരവോടെ സ്മരിക്കുകയാണ് . മലബാറിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണൻ നമ്പൂതിരി, വടക്കില്ലം ഗോവിന്ദൻ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാൾ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവൻ നമ്പ്യാർ, കുടൽവള്ളി സുബ്രമണ്യൻ നമ്പൂതിരി, വി.എം. പരമേശ്വരൻ നമ്പീശൻ, കെ.എം.നാരായണൻ നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ ഡിസ്ട്രിക് ബോർഡിൻറെ പൂർണ്ണ പിന്തുണയോടെ 1955 ഒക്ടോബർ 3ന് പുറച്ചേരിയിൽ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിൻറെ ആരംഭം കുറിക്കാൻ സ്ഥലം സംഭാവന നൽകിയ വെദിരമന കൃഷ്ണൻ നമ്പൂതിരിയെ ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂൾ പ്രവർത്തിക്കാൻ താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിൻറെ അമരക്കാരനായിപ്രവർത്തിച്ച ശ്രീ.കെ.എം.ഗോവിന്ദൻ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാൽ രണ്ടൂ വർഷക്കാലം വിദ്യാലയം പ്രവർത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു, ഒരു ഘട്ടത്തിൽ ഈ വിദ്യാലയം നിർത്തലാക്കുന്ന സാഹചര്യം ഉണ്ടായെഹ്കിലും ശ്രീ.കെ.പി.ആർ.ഗോപാലൻ മദ്രാസ് അസംബ്ലിയിൽ ധീമായ പ്രഖ്യാപനം ഇത്തരുണത്തിൽ ഓർക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. 1959 ൽ വിദ്യാലയത്തിൻറെ ആദ്യകെട്ടിടം പണി പൂർത്തിയാക്കാൻ രാപ്പകൽ ഭേദമന്യേ ഉൽസവ പ്രതീതിയോടെ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾ പ്രവർത്തിച്ചിരുന്നു. സ്ക്കൂൾ യാഥാർത്ഥമായതിനെ തുടർന്ന് പ്രധാനാധ്യാപകനായി ചിമതലയേറ്റ ശ്രീ.പി.വി.ഗോവിന്ദൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ വളർച്ചയിൽ സുപ്രധാനമായ പങ്കു വഹിച്ചു. പിന്നീട് ശ്രീ.വി.വി. ഗോവിന്ദൻ മാസ്റ്റർ ഹെഡ്മാസ്റ്ററായ കാലഘട്ടത്തിൽ 11-11-1989ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തി. ആവശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടെ നിർമ്മിക്കുന്നതിനും അഡ്വ.പി. ഈശ്വരൻ നമ്പൂതിരി പ്രസിഡണ്ടായും ,ശ്രീ.എ.വി നാരായണൻ മാസ്റ്റർ സെക്രട്ടറിയായും രൂപീകരിച്ച കമ്മിറ്റി നടത്തിയ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഈ വിദ്യാലയത്തിനു വേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്തത് നാട്ടുകാരും വിശിഷ്യ ചെങ്കൽത്തൊഴിലാളി കളുമായിരുന്നു. നാട്ടുകാരുടെ വിയർപ്പും അദ്ധ്വാനവുമാണ് യു.പി.സ്ക്കൂളായി ഉയർത്തുന്നത് വരെ ഈ വിദ്യാലയത്തിൻറെ മൂലധനം. സ്ക്കൂളിൻറെ മുമ്പിലുള്ള കിണർ പോലും ശ്രീ.പോത്തേരകരയാട്ട് കണ്ണൻ നമ്പ്യാർ ധർമ്മകിണറായി നിർമ്മിച്ചു നൽകിയതാണ് .95-96 സാമ്പത്തിക വർഷം എം.പി ഫണ്ടിൽനിന്ന് ശ്രീ. രാമണ്ണറേ രണ്ടുലക്ഷം രൂപയായും 97-98 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്തിൽനിന്ന് മൂന്ന്ലക്ഷത്തിഅറുപത്തയ്യായിരം രൂപയും നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത രണ്ടുലക്ഷത്തോളം രൂപയും ഉപയോഗിച്ച് നിർമ്മിച്ച രണ്ടുനിലകെട്ടിടം സ്ക്കൂളിൻറെ പ്രൗഡി ഉയർത്തിക്കാട്ടുന്നു.