ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ വിദ്യാലയം/ മധ‍ുരിക്ക‍ും ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മധ‍ുരിക്ക‍ും ഓർമ്മകൾ


ഒരു നെഞ്ചിടിപ്പോടെ മാത്രമേ എന്റെ വിദ്യാലയത്തെക്കുറിച്ച് എനിക്ക് ഓർക്കുവാൻ കഴിയുന്നുള്ളൂ. വിദ്യാലയ അങ്കണത്തിന്റെ പടി ചവിട്ടിയപ്പോഴും പഠനം പൂർത്തിയാക്കി ഇറങ്ങിയപ്പോഴും തോന്നിയ ഒരേയൊരു വികാരമാണ് ഈ നെഞ്ചിടിപ്പ്. ഒരു കൊച്ചു കുട്ടി ആയാൽ മതിയെന്ന് ഈ പ്രായത്തിലും  തോന്നിപ്പോകുന്നു അതാണ് വിദ്യാലയം എനിക്ക് സമ്മാനിച്ച അനുഭൂതി.അനേകം ഓർമ്മകൾ പങ്കുവയ്ക്കാൻ ഉണ്ടെങ്കിലും ഈ ചുരുങ്ങിയ സമയത്ത് കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ..


കൂട്ടുകാരുമായി ഓടിക്കളിച്ചത് മധുരം പങ്കുവെച്ചതും അടിപടി കൂടിയതും എല്ലാം സുഖമുള്ള ഓർമ്മകൾ മാത്രം. ഓർമ്മകളിൽ ആദ്യം തന്നെ മനസ്സിൽ ഓടിയെത്തുന്നത് വിദ്യാലയത്തിന് പിറകിലായി നിൽക്കുന്ന പടുകൂറ്റൻ തേന്മാവാണ്.മൂന്നുനാലു കുട്ടികൾ മാമ്പഴത്തിനായി ഓട‍ുന്നത് കാണാം.എന്നാൽ കിട്ടുന്നത് ഒരാൾക്കായിരിക്ക‍ും. മറ്റു കുട്ടികൾക്ക് സങ്കടം ആകുമ്പോൾ, കിട്ടുന്ന മാമ്പഴങ്ങൾ എല്ലാം കൂട്ടിവെച്ച് ക്ലാസ്സ് കഴിയുമ്പോൾ അദ്ധ്യാപകൻ അത് മുറിച്ച് എല്ലാവർക്കും ഉള്ളതുപോലെ പങ്കുവയ്ക്കും. ആ സുഖമുള്ള കാലം ഒന്ന‍ുക‍ൂടി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കൊടുക്കൽ വാങ്ങലുകൾ നടത്താനും അറിവുകൾ പരസ്പരം പങ്കുവയ്ക്കാൻ അന്നത്തെപ്പോലെ എല്ലാ കുഞ്ഞുങ്ങൾക്കും ഈ തലമുറയിലും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന‍ു.


ഒരു കാര്യത്തിൽ മാത്രം അന്നും ഇന്നും സന്തോഷമുണ്ട് വിവരസാങ്കേതികവിദ്യകൾ മാറി, കാലം മാറി, പഠന രീതികൾ മാറി, പക്ഷേ മാറാത്തതായ ഒരു കാര്യമുണ്ട്. കുട്ടികളെ നല്ലൊരു തലമുറയ്ക്കായി അകമഴിഞ്ഞ് മുന്നോട്ട് നയിക്കാൻ പ്രാപ്തരാക്കുന്ന അവരുടെ അധ്യാപകർ.. അന്നും ഇന്നും എനിക്ക് കാണാൻ സാധിക്കുന്ന സ്നേഹനിധികളായ അധ്യാപകർ..ഈ മഹത്തായ വിദ്യാലയത്തിൽ പഠിച്ചതിൽ അഭിമാനം കൊള്ളുന്നതിലുപരി മകളെ അവിടെത്തന്നെ പഠിപ്പിക്കാൻ സാധിച്ചതിലും ഞാൻ അങ്ങേയറ്റം അഭിമാനം കൊള്ളുന്ന‍ു..



ആര്യ
പ‍ൂർവ്വ വിദ്യാർത്‍ഥി
1997-2004 ബാച്ച്