ജി യു പി എസ് വെള്ളംകുളങ്ങര/എന്റെ വിദ്യാലയം/ എന്റെ പ്രിയ ക‍ൂട്ട‍ുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രിയ ക‍ൂട്ട‍ുകാരി


വെള്ളംകുളങ്ങര ഗവ.സ്കൂളിനെ എന്റെ ജീവിതയാത്രയിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായാണ് ഞാൻ കാണുന്നത്. എന്റെ സങ്കടങ്ങളും, സന്തോഷങ്ങളും, വേദനകളും,സുഖങ്ങളും എല്ലാം അറിയുന്ന, എല്ലാം കാണുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. എന്റെ വേദനകളിലെല്ലാം എനിക്ക് താങ്ങും തണലുമായി സാന്ത്വനം പകരുന്ന കൂട്ടുകാരി. എന്നും ഞാൻ കണികണ്ടുണരുന്ന എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ കൂട്ടുകാരി. സ്കൂളുമായുള്ള എന്റെ ആത്മബന്ധം അത്രയേറെയുണ്ട് അതുകൊണ്ടാണല്ലോ ഇവിടെ പഠിച്ചിറങ്ങിക്കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷവും ഈ സ്കൂളിനോടു ചേർന്നു തന്നെ എന്റെ ജീവിതത്തിന്റെ നല്ല കാലമൊക്കെയ‍ും ചെലവഴിക്കുവാൻ എനിക്ക് സാധിക്കുന്നത്.


വെള്ളംകുളങ്ങര ഗ്രാമവാസികളുടെ ആഗ്രഹപ്രകാരം, അവരുടെ കഠിനപ്രയത്നത്തിന്റെ ഫലമായി ഉണ്ടാക്കിയെടുത്ത പള്ളിക്കൂടമാണ് അന്നത്തെ വെള്ളംകുളങ്ങര ഗവൺമെൻറ് എൽ.പി. സ്കൂൾ. പിന്നീട് വളരെ വർഷങ്ങൾക്കുശേഷമാണ്  യു.പി. സ്‍ക‍ൂളായി മാറിയത്. മുളയും, ഓലയും, ഓലമടലും വെച്ചായിരുന്നു അന്നത്തെ സ്കൂൾ ഉണ്ടാക്കിയിരുന്നത്. അങ്ങനെ ഉണ്ടാക്കിയെടുത്ത ഈ സ്കൂളിൽ ആദ്യമായി പഠിക്കാൻ ഭാഗ്യമുണ്ടായത് ഞങ്ങൾക്കായിരുന്നു. ഞങ്ങളെ ആദ്യമായി പഠിപ്പിച്ചത് വാസുദേവപ്പണിക്കർ എന്ന സാറായിരുന്നു. സാറിന്റെ വീട് ഹരിപ്പാട് കോളോത്ത് ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗത്തായിരുന്നു. സാർ സൈക്കിളിൽ ഒരു കാലൻക‍ുടയും തൂക്കിയിട്ട് ചവിട്ടി വരുന്ന രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. സാറ് മക്കളോട് എന്നപോലെ സ്നേഹത്തോടെയാണ് ഞങ്ങളോടെല്ലാവരോടും പെരുമാറിയിരുന്നത്.സാർ മലയാളം പഠിപ്പിച്ച ഓർമ്മയാണ് എന്റെ മനസ്സിൽ ഏറ്റവ‍ും ക‍ൂട‍ുതൽ തെളിയ‍ുന്നത്.എത്ര രസകരമായാണെന്നോ സാർ ഞങ്ങളെ മലയാളം പഠിപ്പിച്ചിര‍ുന്നത്.അക്ഷരം തൊട്ടെല്ലാം അന്ന‍ു പഠിക്ക‍ുന്നത് സ്‍ക‍ൂളിൽ വെച്ചാണ്.


സ്‍ക‍ൂളിൽ പഠിക്ക‍ുമ്പോൾ എന്റെ പ്രിയപ്പെട്ട ക‍ൂട്ട‍ുകാരികളായ വിജയലക്ഷ്‍മി, സ‍ുശില, ഓമന എന്നിവര‍ുമായി സ്‍ക‍ൂളിന്റെ മ‍ുറ്റത്ത് ഓടിക്കളിച്ചതൊക്കെ എന്റെ മനസ്സിൽ ഇപ്പോഴ‍ുമ‍ുണ്ട്.അന്നത്തെ ഉച്ചഭക്ഷണമായി സൂചിഗോതമ്പ് വെള്ളത്തിലിട്ട് ക‍ുതിർത്ത് വേവിച്ച് കടുക് വറുത്തിട്ട് തരുമായിരുന്നു. അതിന്റെ സ്വാദ് ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല. ഞങ്ങൾ കൂട്ടുകാരെല്ലാവരുംക‍ൂടി എന്ത് സന്തോഷത്തോടെയാണന്ന് പഠിച്ചതും, കളിച്ചതും, ആഹാരം കഴിച്ചതും, ഒക്കെ എന്ന് ഓർക്കുമ്പോൾ ആ കാലത്തിലേക്ക് ഒരിക്കൽക്കൂടി പോകുവാൻ കൊതിയാവുന്നു.



ഇന്ദിരാദേവി
പ‍ൂർവ്വ വിദ്യാർത്‍ഥിനി
1964-68 (ആദ്യകാല ബാച്ച്)