ജി യു പി എസ് തരുവണ/വിദ്യാകിരണം /മക്കളോടൊപ്പം"പദ്ധതി തുടർപ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്

" വീട് ഒരു വിദ്യാലയമാകുന്നു "

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ *" മക്കളോടൊപ്പം" * പരിപാടിയുടെ ഭാഗമായുള്ള തരുവണ ( 8 ) വാർഡിലെ പ്രവർത്തനത്തിന്റെ ഭാഗമായി കോളനിയിലെ *ഒരു വീട് വിദ്യാലയമായി * മാറിവരികയാണ്. കോവിഡ് മഹാമാരി കാരണം ഒന്നരവർഷക്കാലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നത് കാരണം മക്കളുടെ പഠനത്തിൽ ഉണ്ടായിട്ടുള്ള വലിയ വിടവ് നികത്തുക ,അതോടൊപ്പം അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് ചെറിയ ഒരു വരുമാനമാർഗ്ഗം എന്ന ലക്ഷ്യത്തോടു കൂടിയാണ് പഞ്ചായത്ത് ഭരണ സമിതി മക്കളോടൊപ്പം പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

    തരുവണ (8) വാർഡിൽ , വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സണുമായ സീനത്ത് വൈശ്യൻ ചെയർ പേഴ്സനായുള്ള 27 അംഗ കമ്മിറ്റി രൂപീകരിക്കുകയും വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 
         സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധപ്രവർത്തകരുടെയും തരുവണ ഗവ:യു.പി സ്കൂളിലെ അധ്യാപകരുടെയും രക്ഷാകർതൃസമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ കണ്ടെത്തിയ അഭ്യസ്തവിദ്യരായ 21 യുവതീ-യുവാക്കളെ ഫാക്കൽറ്റികളായി തെരഞ്ഞെടുക്കുകയും, അവർക്ക് തരുവണ ഗവ:യു.പി സ്കൂളിലെ അധ്യാപകർ ഐ.ടി പരിശീലനം നൽകുകയും  ചെയ്തു. 
       സംസ്ഥാന സർക്കാറിന്റെ *വിദ്യാകിരണം പദ്ധതി * വഴി ലാപ്ടോപ്പ് ലഭിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഐ.ടി പരിശീലനം കൊടുക്കുകയും ,
എല്ലാവർക്കും അപ്രാപ്യമായിരുന്ന ഓൺലൈൻ ക്ലാസ്  എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് ഫാക്കൽറ്റികളുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ക്ലാസുകൾ ഓൺലൈനായി മാറിയപ്പോൾ എല്ലാവർക്കും ക്ലാസ് കാണാനും പഠിക്കാനുമുള്ള സംവിധാനവും രൂപപ്പെട്ടു.
    രാത്രികാലങ്ങളിൽ  ഫോണിൽ സിനിമ കണ്ടും മറ്റും ചെലവഴിക്കുന്ന സമയം തന്റെ കോളനിയിലെ കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിച്ചുകൊണ്ട് *വീട് ഒരു വിദ്യാലയമാക്കിയിരിക്കുകയാണ്, * കമ്മിറ്റിയുടെ ജോ: സെക്രട്ടറിയും ഫാക്കൽറ്റിയുമായ *അജിത്ത് * .വിദ്യയാൽ സമ്പന്നരായിട്ടും അത് കുട്ടികൾക്കും  സമൂഹത്തിനും ഗുണപരമായ രീതിയിൽ   ഉപയോഗപ്പെടുത്തുവാൻ  മടികാണിക്കുന്നവരുടെഎണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന  കാലഘട്ടത്തിലാണ്  , *മഞ്ഞും വെയിലും കൊണ്ടുള്ള ജോലി * കഴിഞ്ഞ് വന്ന് വിശ്രമിക്കേണ്ട സമയം തന്റെ പരിമിതമായ അറിവ് ഗുണപരമായ രീതിയിൽ ഉപയോഗപ്പെടുത്തികൊണ്ട്  , ഓരോരുത്തർക്കും ലഭ്യമായ അറിവ് എങ്ങനെ സാമൂഹ്യ - സാംസ്കാരിക മാറ്റത്തിന്  ഉപയോഗപ്പെടുത്താം എന്ന് മാതൃക കാണിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ് *അജിത്ത് * .കോളനികളിലെ കുട്ടികളെ സ്ഥിരമായി സ്കൂളിൽ എത്തിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന അജിത്ത് എല്ലാവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്. അന്നത്തെ സാഹചര്യങ്ങൾ കൊണ്ട് പത്താം ക്ലാസ് പൂർത്തിയാക്കാൻ കഴിയാതെ കൂലി പണിക്ക് പോകേണ്ടി വന്ന അജിത്ത് പത്താം ക്ലാസ് തുല്യത കോഴ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 
    ഇങ്ങനെ വ്യത്യസ്തങ്ങളായ മാറ്റങ്ങൾക്ക് കാരണമായി മാറുകയാണ് മക്കളോടൊപ്പം പദ്ധതി.

സുമനസ്സുകളുടെ സഹായത്തോടെ ലാപ്ടോപ്പ് ഇടാനുള്ള ബാഗുകൾ സംഘടിപ്പിച്ച് കൊടുത്തതുപോലെ , *സ്റ്റഡി ടാബിൾ * സംഘടിപ്പിച്ച് നൽകാനുള്ള പരിശ്രമത്തിലാണ് കമ്മിറ്റി. അതോടൊപ്പം *പഠ്ന ലിഖ്ന , 10 ,+2 തുല്യത പരീക്ഷ * എന്നീ പ്രവർത്തനങ്ങളെയും ഇതിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്.

        പിറന്നാൾ , വിവാഹം , മറ്റ് വിവിധ ആഘോഷങ്ങളുടെ ഭാഗമായി സുമനസ്സുകൾ നൽകുന്ന *പഠന സഹായ "സ്നേഹനിധി " * യിലൂടെയുള്ള സാമ്പത്തിക സമാഹരണത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടന്നുപോകുന്നത്. 

 സാമൂഹ്യ- സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതിക്ക്  ഹേതുവായിക്കൊണ്ടിരിക്കുന്ന  *മക്കളോടൊപ്പം * പരിപാടിക്ക് വലിയ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്.