Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടന്റെ തിരോധാനം
കോവിസ്19 സമൂഹ വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ നിലവിൽ ഉള്ളതിനാൽ വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞുകൂടുകയായിരുന്നു. ദിവസം15 കഴിഞ്ഞു.
ഉണ്ണിക്കുട്ടന് വല്ലാത്ത മടുപ്പ്തോന്നിതുടങ്ങിയിരുന്നു. കളിയിടങ്ങളിൽ കൂട്ടുകാരുടെ ആരവം കേൾക്കാൻ കൊതിയായി, ക്രിക്കറ്റും , ഫുട്‌ബോളും , കളിച്ച് ദിവസങ്ങളായി.. വല്ലാത്ത അസ്വസ്ഥത. ആകെയുള്ള സമാധാനം അനിയത്തി കുട്ടിയുമായി അല്ലറചില്ലറ കുരുത്തക്കേടുകൾ ഒപ്പിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം മാത്രം. സമയം 5 മണി.മടുപ്പു തോന്നിയ നിമിഷം, അമ്മയുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് ഒന്നിറങ്ങി. വെറുതെ കുറച്ച് ദൂരം നടക്കുകയായിരുന്നു ലക്ഷ്യം.
കുറച്ച് ദൂരം പിന്നിട്ടപ്പോൾ ദൂരെ നിന്ന് അയൽക്കാരനായ കുഞ്ഞിരാമേട്ടൻ എതിർ ദിശയിൽ നടന്നു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ , അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതം തോന്നിയതിനാൽ അടുത്തുള്ള മതിലിന് പിന്നിൽ ഒളിച്ചു. പിന്നീട് അദ്ദേഹം നടന്നുനീങ്ങിയതിനു ശേഷം വീണ്ടും വഴിയിലിറങ്ങി . കുറച്ച് കൂടി നടന്നപ്പോൾ ഇടവഴിയും കഴിഞ്ഞ് റോഡിലെത്തി. പിന്നീട് ഇടത്തോട്ടോ വലത്തോട്ടോ? ഇടത്തോട്ടു തിരഞ്ഞാൽ ടൗൺ ആണ് . മറ്റുള്ളവരെ അഭിസംബോധന ചെയ്യേണ്ടിവരും. അതുകൊണ്ട് വലത്തോട്ട് തന്നെ നടന്നു. കിളിക്കൂട്ടിൽ നിന്ന് സ്വതന്ത്രമായ തത്തയുടെ ആവേശമായിരുന്നു. ദൂരം പിന്നിട്ടത് അറിഞ്ഞേയില്ല. വിജനമായ റോഡിലൂടെ കുറെ ദൂരം നടന്നു. ഇരുഭാഗങ്ങളും പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശം. ദൂരെ നിന്ന് സൈറൺ മുഴക്കി വരുന്ന പോലീസ് വാഹനം വരുന്നത് കണ്ട അവന്റെ മനസിൽ ആധി പടർന്നു ഉണ്ണിക്കുട്ടൻ പൊന്തക്കാടിനുള്ളിലേക്ക് ഊളിയിട്ടു. ഭയന്നു പോയ അവൻ എത്ര ദൂരം കാടിനുള്ളിലൂടെ ഓടി എന്നു പോലും അറിഞ്ഞില്ല. അപ്പോൾ ഇരുൾപടർന്ന് തുടങ്ങിയിരുന്നു. ഓടി തളർന്ന അവനൊരു മരച്ചുവട്ടിലിരുന്നു. ഇനി എങ്ങോട്ട്? ഒരെത്തും പിടിയും കിട്ടുന്നില്ല കുറച്ച് നേരത്തിനു ശേഷം യാത്ര തുടരാനെഴുന്നേറ്റ അവന്റെ മുന്നിൽ ഇരുൾ മാത്രം. ചുറ്റും അപശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് എന്തൊക്കെയൊ ഓടി നടക്കുന്നു. ഭയന്ന് പോയ അവൻ ഉച്ചത്തിൽ അലറിക്കരഞ്ഞു.
ആ വിജനമായ ദേശത്തെ കൂരാകൂരിളിൽ ആ കരച്ചിൽ അലിഞ്ഞില്ലാതായി. ജീവിതത്തിലാദ്യമായാണവൻ ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുന്നത്. ദാഹിച്ച് വിശന്ന് വലഞ്ഞ ആ കുഞ്ഞു മനസിൽ അമ്മയുടെ രൂപം തെളിഞ്ഞു. മണിക്കൂറുകൾക്ക് മുൻപ് വരെ നിർബന്ധിച്ച് ഭക്ഷണം തന്നപ്പോഴൊക്കെ പുറം കൈ കൊണ്ട് തട്ടിയ ആ സ്നേഹത്തിന്റെ ആഴം എന്തെന്നറിഞ്ഞു. ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴൊക്കെ ഒരു നോട്ടം കൊണ്ട് ശകാരിച്ച അച്ഛനെ കുറിച്ചോർത്തു. പിറകെ നടന്ന് ഭക്ഷണം വാരി തന്ന അമ്മമ്മയെ ഓർത്തു ഇളം പുഞ്ചിരി സമ്മാനിച്ച് തനിക്കുള്ളതിൽ പാതി പങ്കിട്ട കുഞ്ഞനിയത്തിയുടെ സ്നേഹമെന്തെന്ന് അവനറിഞ്ഞു. ഓർമ്മകളിലൂടെ പാഞ്ഞു നടന്ന അവന്റെ മനസ്സ് എപ്പോഴോ ഉറക്കത്തിന് കീഴടങ്ങി. പുതുമെത്തയിൽ എന്നും സുന്ദരമായി കിടന്നുറങ്ങിയ ഉണ്ണികുട്ടൻ കൂട്ടിനാരുമില്ലാതെ വിജനമായ ആ കാട്ടിനുള്ളിൽ നിദ്രയിലാണ്ടു.
സൂര്യരശ്മികൾ കണ്ണിലുടക്കിയപ്പോഴാണ് ഉണ്ണിക്കുട്ടൻ ഉറക്കമുണർന്നത്. അവൻ ചുറ്റും നോക്കി നേരം ഒരുപാട് വെളുത്തു കഴിഞ്ഞിരിന്നു. ആ മരച്ചുവട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റു . ശരീരമാസകലം വല്ലാത്ത നീറ്റൽ . മുടന്തിക്കൊണ്ട് കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആ കനത്ത വേനലിലും വറ്റാതെ കിടന്ന ഒരു കൊച്ചരുവി അവന്റെ ശ്രദ്ധയിൽ പെട്ടു. അതിൽ നിന്നും കൈക്കുടന്നയിൽ വെള്ളം ശേഖരിച്ച് കുറേ കുടിച്ചു , ശേഷം മുഖം കഴുകി വല്ലാത്തൊരാശ്വാസം . വീണ്ടും ചിന്ത വീട്ടിലേക്കു മടങ്ങി. തന്നെ കാണാത്ത വീട്ടിലെ അവസ്ഥ എന്തായിരിക്കും? അതോർത്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു. അനുവാദം ചോദിക്കാതെ പുറത്തിറങ്ങിയതിന്റെ എല്ലാ വിഷമങ്ങളും ഉണ്ണിക്കുട്ടൻ അനുഭവിച്ചു കഴിഞ്ഞിരുന്നു. ഒലിച്ചിറങ്ങിയ കണ്ണൂനീർ തുടച്ചു എങ്ങോട്ടെന്നറിയാതെ അവൻ നടന്നു തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഏതോ വാഹനത്തിന്റെ ഇരമ്പൽ ശ്രദ്ധയിൽ പെട്ടു. പിന്നീട് അവൻ ആ ദിക്ക് ലക്ഷ്യമാക്കി നടന്നു നീങ്ങി. മനസിൽ ആശ്വാസത്തിന്റെ വെളിച്ചം പകർന്നുകൊണ്ട് ആ പഴയ റോഡിൽ തന്നെ ഉണ്ണിക്കുട്ടൻ തിരിച്ചെത്തി. ഇനി മുന്നോട്ട് നടക്കാനുള്ള കരുത്ത് ആ കുഞ്ഞു കാലുകൾക്കില്ല.
തളർന്നവശനായി റോഡിൽ കിടന്ന ഉണ്ണിക്കുട്ടൻഅതുവഴി വന്ന വാഹനത്തിലുള്ളവരുടെ ശ്രദ്ധയിൽ പെട്ടു. അവർ അവനെ വാരിയെടുത്തു വണ്ടിയിൽ കിടത്തി. അർദ്ധബോധാവസ്ഥയിലും അവരുടെ ചോദ്യത്തിന് അവൻ ഉത്തരം നൽകി.ഉണ്ണിക്കുട്ടന്റെ തിരോധാനമറിഞ്ഞ നാട്ടുകാർ ലോക് ഡൗൺ വകവെയ്ക്കാതെ അവന്റെ വീട്ടിൽ തിങ്ങി നിറഞ്ഞു . കരഞ്ഞു കലങ്ങിയവർക്കിടയിലേക്ക് ഒരു വാഹനം വന്നു ബ്രേക്കിട്ടു. ആളുകളെല്ലാം ആകാംഷയോടെ വാഹനത്തിലേക്ക് നോക്കി. ഉദ്യോഗഭരിതമായ നിമിഷങ്ങൾക്കിടയിൽ ഉണ്ണിക്കുട്ടന്റെ കൈയ്യും പിടിച്ച് ഒരാൾ ആ വാഹനത്തിൽ നിന്നിറങ്ങി. മുറിക്കുള്ളിൽ കരച്ചിലടക്കാൻ പാടുപെട്ട അവന്റെ അമ്മ പുറത്തേക്ക് നോക്കിയപ്പോൾ ആ കാഴ്ചയാണ് ശ്രദ്ധയിപ്പെട്ടത്. അവർ ഓടിച്ചെന്ന് അവനെ വാരിപുണർന്നു. ആ അമ്മയുടെ സന്തോഷശ്രുക്കൾക്കിടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ഉണ്ണിക്കുട്ടൻ, നാട്ടുകാരോട് തിരോധാനത്തിന്റെ കഥ ഇനി അവൻ തന്നെ പറയട്ടെ ...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|