ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ അവകാശികൾ
                    പ്രകൃതി പോലെ മനോഹരവും ശാന്തവുമായ മറ്റൊരനുഭവം മനുഷ്യനും സർവ ചരാചരങ്ങൾക്കും  ഉണ്ടാവില്ല ..വനവും കാടും പുഴകളും പക്ഷിമൃഗാദികളും എല്ലാം മനുഷ്യന് കിട്ടിയ വരദാനങ്ങളാണ് . എന്നാൽ മനുഷ്യന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഭൂമി എന്ന മനുഷ്യന്റെ അഹങ്കാരത്തിനു ഏറ്റ കടുത്ത പ്രഹരമാണ്  കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ ജീവി നൽകിയ പാഠങ്ങൾ. അപ്രതീക്ഷിതമായി ലോകജനതയ്ക് മേൽ വീണ ദുരന്തം .... . വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾ കൊണ്ട്  നിരന്തരം പ്രകൃതിയെ കീറിമുറിച്ച മനുഷ്യന് പ്രകൃതി നൽകിയ ശക്തമായ തിരിച്ചടി . .അതാണ് കൊറോണ. ഇത്തരം തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യൻ എത്ര നിസാരന്മാരാണെന്നു തിരിച്ചറിയുന്നത് . ഇതിനു മുൻപും പല മുന്നറിയിപ്പുകളും പ്രകൃതി നൽകിയിട്ടുണ്ട്. പലതരം രോഗങ്ങൾ,  വരൾച്ച ,പ്രളയം , ഭൂകമ്പം , സുനാമി.....അങ്ങനെ എന്തെല്ലാം....എന്നിട്ടും അതിൽ നിന്ന് ഒന്നും പഠിച്ചില്ല ...പകരം വീണ്ടും വീണ്ടും തന്റെ ദുഷ്പ്രവൃത്തികൾ തുടർന്നുകൊണ്ടേയിരുന്നു. 
                  പ്ളേഗ് എന്ന  സാംക്രമിക രോഗം മനുഷ്യരാശിയെ പിടിച്ചുകുലുക്കിയത് പതിനാലാം നൂറ്റാണ്ടിലായിരുന്നു . ലോകജനസംഖ്യയുടെ ഭുരിഭാഗവും ആ  മഹാരോഗത്തിന്റെ പിടിയിൽപെട്ടു . ലക്ഷക്കണക്കിന് ആളുകൾ  മരിച്ചുവീണു. പ്ളേഗിന്റെ വിത്തുകൾ മാനവ രാശിക്കുമേൽ വന്നുപതിച്ചത്  എലികളിലൂടെ ആയിരുന്നു. ' ബ്ലാക്ക് ഡെത്ത് ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ആ  മഹാരോഗത്തിന്റെ പിടിയിൽപെട്ടു ഏറെ കഷ്ടപെട്ടത്  യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നു. പലരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞു. പട്ടിണിയിലേക്കും മറ്റു കെടുതികളിലേക്കും ലോക ജനതയെ തള്ളിവിട്ട ആ മഹാമാരിയിൽ നിന്ന് ലോകം കരകയറിയപ്പോഴേക്കും ദശാബ്ദങ്ങൾ കഴിഞ്ഞുപോയിരുന്നു . എന്നാൽ അതുകൊണ്ടൊന്നും പഠിക്കാത്ത  മനുഷ്യന്റെ ചെയ്തികൾ നയിച്ചത് മഹായുദ്ധങ്ങളിലേക്കാണ്. അണു രൂപത്തിൽ പ്രകൃതി ഒളിപ്പിച്ച ശക്തിയെ സ്വന്തം സഹജീവികൾക്കെതിരേ തന്നെ  പ്രയോഗിച്ചു. കാലങ്ങളോളം ഒരു പുൽക്കൊടി പോലും മുളയ്ക്കാത്ത തരത്തിൽ  ആണവ വികിരണങ്ങൾ കൊണ്ട്  ഭൂമിയെ ശ്വാസം മുട്ടിച്ചു . ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച എബോള , കോവിടിന്റെ മുൻഗാമിയായ സാർസ് , കേരളത്തെ പോലും വിറപ്പിച്ച നിപ്പ  തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്ന പലതരം രോഗങ്ങൾ, വിവിധ വർഷങ്ങളിലായി  പലരാജ്യങ്ങളിലും ഉണ്ടായ ഭൂകമ്പം ,സുനാമി, പ്രളയം, കാട്ടുതീ ....   പിന്നെയും പ്രകൃതി  മുന്നറിയിപ്പുകൾ നൽകി. 2004 ക്രിസ്മസ് കാലത്തു ഇന്തോനേഷ്യ പ്രഭവകേന്ദ്രമായി ഇന്ത്യൻ മഹാ സമുദ്രത്തിലുണ്ടായ ഭൂകമ്പവും അതെ തുടർന്ന്   നമ്മുടെ തീരപ്രദേശങ്ങളെ  വിഴുങ്ങിയ സുനാമിയും അതിന്റെ കെടുതികളും  ഇപ്പോഴും  മായാത്ത കാഴ്ചകളാണ് .  ഭൂമിയുടെ ജലസമ്പത്തു മലിനമാക്കുന്നതിന്റെ പരിണിത ഫലമാണ് പല രാജ്യങ്ങളിലും കാണുന്ന ജലക്ഷാമവും വരൾച്ചയും. എന്നിട്ടും  മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കയ്യേറ്റങ്ങൾ പ്രകൃതിയുടെ താളം തെറ്റിച്ചുകൊണ്ടേയിരുന്നു . 'ഭൂമിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ വെന്തെരിഞ്ഞതും പലയിടത്തും കാട്ടുതീ പടർന്നതും ....എന്തിനേറെ.... നമ്മുടെ ഈ  കൊച്ചു കേരളം പോലും പ്രളയക്കെടുതികളാൽ വലഞ്ഞതും ഒക്കെ പ്രകൃതിക്കെതിരെ നാം ചെയ്തു കൂട്ടിയതിന്റെ പരിണത ഫലങ്ങളാണ് . 
                 "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ?" ...എന്ന് വിലപിക്കേണ്ടി വരുന്നിടത്തോളം എത്തിയിരുന്നു മനുഷ്യന്റെ ചെയ്തികൾ . എന്നാൽ ഭൂമിയുടെ  അവകാശികൾ നാം മാത്രം അല്ല എന്ന തിരിച്ചറിവാണ് കൊറോണ നമുക്ക് മുന്നിൽ വിടർത്തിയത് . ഇത്രയേറെ വളർന്നു വികസിച്ചെന്നാലും മനുഷ്യന്റെ ശാസ്ത്രജ്ഞാനങ്ങൾ പ്രകൃതിയുടെ രസതന്ത്രം മനസിലാക്കാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കേണ്ടി വന്ന  ഈ  കൊറോണ കാലത്തു പ്രകൃതി മുഴുവൻ ആഹ്ലാദത്തിമിർപ്പിലാണ് . സ്വയം ശുദ്ധീകരിക്കുകയാണവൾ . കാലങ്ങളായി  മൂടിയിരുന്ന പുകമറ മാറി, ഹിമാലയത്തിന്റെ മഞ്ഞുനിരകൾ തീർക്കുന്ന വിസ്മയം ദൃശ്യമായതും , ഓസോൺ പാളിയിലെ സുഷിരം താനെ അടഞ്ഞതും എല്ലാം അതിന്റെ നേർകാഴ്ചകളാണ് . തന്റെ നഷ്ടതാളങ്ങൾ വീണ്ടെടുത്ത് നിശബ്ദവും നിര്മലവുമായ സംഗീത സാന്ദ്രതയിലേക്കു അവൾ പ്രയാണം തുടരുന്നു. ആ പ്രയാണത്തിന് മാറ്റു കൂട്ടേണ്ടത് മക്കളായ നമ്മുടെയും കടമയല്ലേ...അതിനായി വരും നാളുകളിൽ നമുക്കും പ്രയത്നിക്കാം. ഇനിയും അറിയാത്ത  പ്രകൃതി വിസ്മയങ്ങളിലേക്കു നമ്മുടെ കണ്ണുകളും തുറക്കട്ടെ.
ശ്രീലക്ഷ്മി എസ്
4 സി ജി എൽ പി ജി എസ് . വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം