കൊറോണക്കാലം

ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തിയ ഈ അവധിക്കാലം, അല്ല കൊറോണക്കാലം എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലതെന്ന് തോന്നുന്നു. അത് വളരെ സന്തോഷകരമായിരിക്കും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. എന്നാൽ ഏറ്റവും ദുരിതപൂർണ്ണമായ ഒന്നായാണ് അത് മാറിക്കൊണ്ടിരിക്കുന്നത്. ഒട്ടും സന്തോഷകരമല്ലാത്ത ഒരു അവധിക്കാലത്തിലൂടെയാണ് നാമെല്ലാവരും കടന്നു പോയി കൊണ്ടിരിക്കുന്നത്.

എന്റെ കൂട്ടുകാരോട് ഒപ്പം കളിച്ചു രസിച്ചു നടക്കേണ്ട ഈ സമയം വീടിനുള്ളിൽതന്നെ ഇരുന്ന് തീർക്കേണ്ട അവസ്ഥ. ഇത് ഒരുപാട് വിഷമകരമായ ഒന്നാണ്. എന്റെ ഉറ്റകൂട്ടുകാരിയായ ലച്ചുവിനെ കാണാൻ പോലും എനിക്ക് പറ്റുന്നില്ല. പിന്നെ ഇത് കൊണ്ടുള്ള ഒരു ഗുണം എന്തെന്നാൽ വീട്ടുകാർക്ക് ഒപ്പം ഒരുമിച്ചു ഇരിക്കാനുള്ള ഒരവസരം കിട്ടി. മുൻപ് ഒക്കെ അവധിയായാൽ പോലും അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാകാറില്ല. ആകെ കുറച്ചു സമയം മാത്രമേ അവരോടൊപ്പം സമയം ചിലവഴിക്കാൻ കിട്ടുകയുള്ളു. എന്നാൽ ഇപ്പോൾ എന്നും അവർ കൂടെയുണ്ടെന്നുള്ള ഒരു സന്തോഷം കൂടി ഉണ്ട്. അത് എടുത്തു പറയാവുന്ന ഒന്നാണ്. ഒഴിവുസമയങ്ങളിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ചു കളിക്കുകയും കഥകൾ പറയുകയും ഒക്കെ ചെയ്യുന്നു. അതിൽ ഞങ്ങൾ ഏറെ സന്തോഷം കണ്ടെത്തുന്നുണ്ട്.

ഓരോ ദിവസവും ടീച്ചർ ഗ്രൂപ്പിലൂടെ നൽകുന്ന സന്ദേശങ്ങൾക്കാനുസരിച്ചു ഓരോ കാര്യങ്ങൾ ചെയ്യാനുള്ള സമയം ഞാൻ കണ്ടെത്താറുണ്ട്. പിന്നെ ഞാൻ ഒരുപാട് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ജോർജ് ഇമ്മട്ടി സർ എഴുതിയ `111 ബാലകഥകൾ ´എന്ന പുസ്തകം ഞാൻ എന്നും വായിക്കാറുണ്ട്. അതിലെ ഓരോ കഥകളിലും ഓരോ ഗുണപാഠങ്ങൾ ഉണ്ട്. അത് നമ്മുടെ ജീവിതത്തിൽ ഉടനീളം നമുക്ക് സഹായകരമാകുന്ന ഒന്നാണ്. നമ്മുടെയെല്ലാം ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ വളർത്തിയെടുക്കാനുള്ള ഒരവസരം ആയി കിട്ടിയ ഈ അവധിക്കാലം നന്നായി പ്രയോജനപ്പെടുത്താൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്ക് എല്ലാവർക്കും ഒരുമിച്ചു ഒറ്റക്കെട്ടായി നിന്ന് കൊറോണ എന്ന മഹാമാരിയെ തുരത്താനായി പൊരുതാം.

ദേവപ്രിയ പി യു
2 എ ജി.എൽ.പി.എസ്സ്,പുല്ലൂറ്റ്.
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം