ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ ലോക്ക് ഡൗണിലെ ഉണ്ണികളുമൊത്തുള്ള ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗണിലെ ഉണ്ണികളുമൊത്തുള്ള ഒരു ദിവസം

കൊറോണ എന്ന വൈറസ് ലോകത്ത് എല്ലാവരെയും വിഴുങ്ങി കൊണ്ടിരിക്കുകയാണ് . ഈ വൈറസ് അധികം ആർക്കും ബാധിക്കാതിരിക്കാൻ വേണ്ടി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . ഈ ലോക്ക് ഡൗണിൽ‍ ഒരു ദിവസം ഞാൻ ബോറടിച്ചിരിക്കുന്ന സമയത്ത് എന്റെ ഉണ്ണികൾ മുറ്റത്ത്കളിച്ചു കൊണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. ഞാൻ ഒരു കുട്ടിയല്ല അതുപോലെ തന്നെ മുതിർന്ന ഒരാളുമല്ല. ഇതിനു രണ്ടിനുമിടയിലുള്ള ഒരു പ്രായമാണ് എന്റേത്. ഞാൻ വേഗം തന്നെ വീട്ടുപണികളെല്ലാം ചെയ്ത് തീർ‍ത്ത് ഉണ്ണികളോടൊപ്പം കളിക്കാൻ പോയി. അവരപ്പോൾ കൊച്ചു ടിവിയിൽ കാണുന്ന ബാലവീർ എന്ന കഥയിലേതു പോലെയാണ് കളിച്ചിരുന്നത്. ഓരോരുത്തരും ബാലവീർ , ദുഷ്ടദേവത , റാണി ദേവത എന്നിങ്ങനെയുള്ള കഥപാത്രങ്ങളെ തിരഞ്ഞെടുത്തിരുന്നു. അതു കണ്ടപ്പോൾ എനിക്ക് ഉണ്ണിപ്പുരയുണ്ടാക്കി ഉണ്ണിച്ചോറും കൂട്ടാനും വച്ച് കളിച്ചിരുന്ന എന്റെ ചെറുപ്പക്കാലം ഓർമ്മ വന്നു. ഞാൻ ആ കളി കളിക്കാമെന്ന് എന്റെ ഉണ്ണികളോട് പറ‍ഞ്ഞു. മറുപടിയൊന്നും പറയാതെ അവരെന്നെ നോക്കി നിന്നതേയുള്ളൂ. അതിനിടയിൽ നിന്ന് ഒരാൾ എന്നോട് ചോദിച്ചു - “അതെന്ത് കളിയാ”. അത് കേട്ടപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു. ഇപ്പൊഴത്തെ കുട്ടികൾക്ക് ടിവിയിൽ‍ കാണുന്ന കാർട്ടൂണിലെ കഥകളെ കുറിച്ച് മാത്രമേ അറിയുള്ളൂ. ആദ്യമായി ചുവടു വച്ച മണ്ണിലിറങ്ങി ആ മണ്ണിനോട് കഥകൾ പറഞ്ഞ് കളിക്കാൻ അവർക്കറിയില്ലെന്ന് എനിക്ക് മനസ്സിലായി . എന്തായാലും ശരി അവരെ ആ കളി പഠിപ്പിച്ച് കൊടുത്തിട്ട് തന്നെ കാര്യം. ഞാൻ വേഗം തന്നെ ചീമക്കൊന്നയുടെ വടിയൊടിച്ച് അത് മിനുസപ്പെടുത്തി. പിന്നീട് അടുക്കളയിൽ പോയി രണ്ട് മൂന്ന് ചാക്കെടുത്ത് വന്നു ഞാൻ വേഗം തന്നെ ഉണ്ണിപുരയുടെ പണിയാരംഭിച്ചു . ഒപ്പം സഹായിക്കാൻ ഉണ്ണികളുമുണ്ടായിരുന്നു . അങ്ങനെ ഉണ്ണിപ്പുരയുടെ പണി തീർ‍ന്നു . ഞാനതിനുള്ളിൽ ഉണ്ണികളെ ഇരുത്തി കുറച്ച് പാത്രങ്ങളും ചിരട്ടകളും കൊടുത്ത് മണ്ണ് കൊണ്ട് ചോറുണ്ടാക്കി കളിക്കാൻ പറഞ്ഞു . അവർ ഞാൻ പറഞ്ഞത് അനുസരിച്ച് കൊണ്ട് കളിയാരംഭിച്ചു . പിന്നീട് ഞാൻ ഉണ്ണിപുരയുടെ അടുത്തായി ഒരടുപ്പുണ്ടാക്കി . അടുക്കളയിൽ നിന്ന് ഞാൻ കുറച്ച് പച്ചക്കറികളും അരിയും ഒരു ചെറിയ ചെമ്പട്ടിയും ഉമ്മയുടെ സമ്മതത്തോട് കൂടി എടുത്തു . എന്നിട്ട് പുറത്ത് ഉണ്ടാക്കി വച്ച അടുപ്പിൽ തക്കാളിച്ചോറുണ്ടാക്കി. അതിനിടയിൽ ഞാൻ ഉണ്ണികൾക്ക് പല കഥകളും പറഞ്ഞു കൊടുത്തു . പണ്ടത്തെ കളികളെ കുറിച്ചായിരുന്നു അത് . അങ്ങനെ കഥകൾ‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ചോറ് തയ്യാറായി . ഞാൻ കുറച്ച് വാഴയില മുറിച്ച് അതിൽ ചോറ് വിളമ്പി അവർക്ക് കൊടുത്തു . അവർ കഴിക്കുന്നത് കണ്ട് എന്റെ മനസ്സ് നിറഞ്ഞു . അങ്ങനെ ഞാനവർ‍ക്ക് ലോക്ക് ഡൗണിനിടയിൽ പുതിയ കളികൾ പഠിപ്പിച്ചു കൊടുത്തു .

നെഹ്‍ല സുൽത്താന
9 ജി എച്ച് എസ് മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം