ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/നിലവിലില്ലാത്തവരുടെ നിലവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
നിലവിലില്ലാത്തവരുടെ നിലവിളികൾ


നിശ്ശബ്ദം നിശാശ്മശാനം
പക്ഷേ, കാതോർത്താൽ കേൾക്കാം
നിലവിലില്ലാത്തവരുടെ നിലവിളികൾ
നെടുകെ പിളർന്ന
ഹൃദയങ്ങളുടെ സങ്കടത്തുടിപ്പുകൾ

പുതുമണം വീശിച്ചിരിക്കാൻ കൊതിച്ച
മുല്ലമൊട്ടുകൾ വിടരാതെ കൊഴിയുന്നു
വെണ്ണയൊലിക്കും നിലാവിന്റെ പുഞ്ചിരിച്ചുണ്ടിൽ
വിഷം തേച്ചതേതു രാക്ഷസത്വം?

പാറാവുനിൽക്കും ചെരാതുവെട്ടങ്ങൾതൻ
തലയറുക്കുന്നു കനിവറ്റ മാരുതൻ
മൂകമായ് കേഴും രാപ്പാടികളെ
എയ്തുവീഴ്ത്തുന്നു
ഇരുണ്ട വേട്ടക്കണ്ണുകൾ
നടനമാടാതെ മറഞ്ഞിരിക്കുന്നു
മഴവില്ലു സ്ഫുടംചെയ്ത വർണ്ണമയൂരങ്ങൾ

രാത്രിയുടെ നീലത്തടാകത്തിൽ
അടർന്നു വീഴുന്നു വിറയാർന്ന നക്ഷത്രങ്ങൾ
തടവിലാവുന്നു, അതിർത്തികളില്ലാതെ
പാറിനടന്ന മേഘക്കിളികൾ

ഈ താഴ്‌വരയിൽ പഴുത്തു കിടക്കുന്നു
രക്തമുറഞ്ഞപോൽ തുടുത്ത ആപ്പിളുകൾ
കടിച്ചുനോക്കിയാലറിയാം;
ഭയമതിൻ രുചി !

ജീവൻ ജിനേഷ്
10 ജി ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത