ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/കാലം മായ്ക്കുന്ന കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കാലം മായ്ക്കുന്ന കാഴ്ചകൾ


കേരളമണ്ണിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ,അങ്ങ് വടക്കൊരു ദേശത്ത് പൈൻമരങ്ങൾക്കിടയിലൂടെ ചൂളമടിച്ച് പാറിനടന്ന അമ്മുക്കിളിയെ ലച്ചു ഓർമ്മപ്പെടുത്തി - ‘നമുക്ക് ദേശാടനത്തിനുപോകാനുള്ള കാലമായിട്ടോ'.അപ്പോഴാണ് ആ കാര്യം അമ്മുവിന് ഓർമ്മ വന്നത്. 'ഇത്തവണ കേരളത്തിലേക്കുപോകാം അല്ലേ' അമ്മു ചോദിച്ചു .ലച്ചു അത് ശരി വച്ചു. ‘എന്നാൽ നമ്മുടെ കൂട്ടുകാരെ അറിയിക്കട്ടെ' - ലച്ചു ചോദിച്ചു . അമ്മു തലയാട്ടി.അങ്ങനെ അവർ കാര്യങ്ങൾ തീരുമാനിച്ചു. തുടർന്നുള്ള ദിവസങ്ങൾ അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളിൽ മുഴുകി.അങ്ങനെ കാഴ്ചകൾ കാണാനുള്ള ജിജ്ഞാസയും ഉത്സാഹവുമായി അവർ കേരളക്കരയിലെത്തി.കേരളത്തിന്റെ മനോഹാരിത അവർ പാറിപ്പറന്ന് ആസ്വദിച്ചു .ദാഹിച്ചുവലഞ്ഞ അവർ ഒരു കുന്നിൻ ചെരുവിൽ പറന്നിറങ്ങി.പച്ചപ്പട്ടുവിരിച്ചുനിൽക്കുന്ന കുന്നുകളും അതിനുതാഴെയായുള്ള മനോഹരമായ താഴ്വരകളും ആ കുന്നിൻ ചെരിവിലൂടെ ഓളം തെന്നിവരുന്ന കാട്ടരുവിയും അവരുടെ കണ്ണുകളെ കുളിരണിയിച്ചു .ആ കാട്ടരുവിയിലെ തെളിനീർ അവർ ആവോളം ആസ്വദിച്ചുനുകർന്നു. തിരിച്ചുപോകേണ്ടകാര്യം ആഘോഷത്തിനിടയിൽ ആരുംതന്നെ ഓർത്തില്ല. ‘തിരിച്ചുപോകേണ്ടേ' എന്ന് അമ്മു ഉറക്കെ ചോദിച്ചു.അപ്പോഴാണ് പലർക്കും ബോധമുണ്ടായത്.അവർക്കാർക്കുംതന്നെ തിരിച്ചുപോകാൻ തോന്നിയില്ല. ‘ആരും വിഷമിക്കേണ്ട,അടുത്തപ്രാവശ്യവും നമുക്ക് ഇവിടതന്നെ വരാം'എന്നുപറഞ്ഞ് ലച്ചു അവരെ സമാധാനപ്പെടുത്തി.അങ്ങനെ അവർ സന്തോഷം നിറഞ്ഞ ഓർമ്മകളുമായി നാട്ടിലേക്ക് യാത്രയായി.

നാട്ടിൽ തിരിച്ചെത്തിയിട്ടും അവരുടെ മനസ്സ് കേരളത്തിൽതന്നെയായിരുന്നു.അങ്ങനെ അടുത്ത പ്രാവശ്യവും അവരുടെ ദേശാടനം കേരളത്തിലേക്കുതന്നെ എന്ന് അവർ ഉറപ്പിച്ചു .വീണ്ടും ഒരു ദേശാടനക്കാലമായി.കേരളത്തെക്കുറിച്ച് അമ്മു പറഞ്ഞ കാര്യങ്ങൾ കേട്ട് അപ്പുക്കിളിയും അവരോടൊപ്പം കേരളത്തിലേക്കുപോകാൻ തീരുമാനിച്ചു.ദിവസങ്ങൾ ആഘോഷപൂർണ്ണമാകാൻപോകുന്ന കാര്യമാലോചിച്ച് എല്ലാവരും തുള്ളിച്ചാടി.അങ്ങനെ അവർ യാത്രപുറപ്പെട്ടു.മുൻപ് പോയ അതേ കുന്നിൻചെരിവിലേക്ക് തന്നെയാണ് അവർ പോയത്.എന്നാൽ അവിടെയെത്തിയപ്പോൾ കണ്ടകാഴ്ച അവരെ തളർത്തിക്കളഞ്ഞു.ആ സ്ഥലം പോലും അവർക്ക് മനസ്സിലായില്ല.ആ വിധത്തിൽ ആ സ്ഥലം മാറിക്കഴിഞ്ഞിരുന്നു.മനോഹരമായ ആ കുന്നുകൾ ഇടിച്ച് മനുഷ്യർ അവിടെ ഒരു വലിയ ഫാക്ടറി പണിതിരുന്നു.അവിടെയുണ്ടായിരുന്ന അരുവി ഒരു അഴുക്കുചാലായി മാറിയിരുന്നു. ‘എന്താണിത് '- ലച്ചുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.മനോഹാരിത നിറഞ്ഞുനിന്നിരുന്ന ആ പ്രദേശം മുഴുവൻ മലിനമായിരുന്നു. ‘ഇതാണോ നീ പറഞ്ഞ മനോഹാരിത?എന്തൊരു മലിനീകരണമാണിവിടെ?ഇതിലും ഭേദം നമ്മുടെ നാടാണ് ' അപ്പു അമ്മുവിനെ കളിയാക്കി. ‘ഇങ്ങനെയൊന്നുമല്ല ഇവിടെയുണ്ടായിരുന്നത് ' അമ്മു പ്രതികരിച്ചു.എന്തുകൊണ്ടോ അമ്മുവിന് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. ‘ഇനിയൊരിക്കലും നമുക്ക് ഇവിടേക്ക് വരേണ്ട ' ലച്ചു സങ്കടത്തോടെ പറഞ്ഞു.മറ്റുള്ളവരെല്ലാം അതുസമ്മതിച്ച് അവിടെനിന്ന് നാട്ടിലേക്ക് മടങ്ങി.

കാലങ്ങൾ പിന്നെയും കടന്നുപോയി.വീണ്ടുമൊരു ദേശാടനക്കാലമായി.എല്ലാവർക്കും എവിടെപോകുമെന്ന ചിന്ത.ഏതായാലും കേരളത്തിലേക്ക് വയ്യ.അപ്പോൾ ലച്ചുവിന് അമ്മ പറഞ്ഞുതന്ന കാര്യങ്ങൾ ഓർമ്മവന്നു. അമ്മ പറഞ്ഞ കഥയിലെല്ലാം അങ്ങ് കിഴക്ക് ദേശത്തുള്ള ഒരു മനോഹരമായ ഗ്രാമം ഉണ്ടായിരുന്നു.അങ്ങനെ അവർ ആ ഗ്രാമത്തിലേക്ക് യാത്രപുറപ്പെട്ടു.എല്ലാവരും സന്തോഷത്തോടെ പറക്കുമ്പോൾ എന്തോചിന്തിച്ചുകൊണ്ട് മന്ദം മന്ദം ചലിക്കുന്ന അമ്മുവിനോട് ലച്ചു ചോദിച്ചു - ‘എന്താ അമ്മു നീ ചിന്തിക്കുന്നത് ?’ ‘കേരളത്തെക്കുറിച്ച് ആലോചിക്കുമ്പോൾ...’ അമ്മു വിതുമ്പി. ‘അമ്മു ,വിഷമിച്ചിട്ട് കാര്യമില്ല.ഈ ഭൂമിയിൽ ഒന്നിനും സ്ഥിരതയില്ല.എല്ലാം മാറിക്കൊണ്ടിരിക്കും.അതുപോലെയാണ് കാഴ്ചകളും.കാലം കാഴ്ചകൾ മായ്ച്ചുകൊണ്ടോയിരിക്കും.അതിൽ ഒന്നുമാത്രമാണിത്.ഇനി അതാലോചിച്ച് വിഷമിക്കേണ്ട ,ഇനിയുള്ള കാര്യം നോക്കാം.നീ വാ ' ലച്ചു അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി.അങ്ങനെ സമയം പോയതറിഞ്ഞില്ല. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു.കുന്നുകൾക്കും പുഴകൾക്കും പകരം അവരവിടെ കണ്ടത് വലിയ വലിയ ഫ്ളാറ്റുകളും മാലിന്യക്കൂമ്പാരങ്ങളും ആയിരുന്നു.അങ്ങനെ നശിക്കുന്ന പ്രകൃതിയെ കണ്ട് അവരുടെ കണ്ണ് നിറഞ്ഞു. ‘എന്താണീ മനുഷ്യർ ചെയ്യുന്നത് ?പ്രകൃതിയെ നശിപ്പിച്ചിട്ട് ഇവർ എന്താണ് നേടുന്നത് ?’ അപ്പു അടക്കിപ്പിടിച്ച സങ്കടത്തോടെ ചോദിച്ചു. ‘ഇതിലും ഭേദം കേരളം തന്നെയായിരുന്നു.’അമ്മു പറഞ്ഞു. ‘വാ നമുക്ക് കേരളത്തിലേക്കുതന്നെ പോകാം,അവിടെ ഇത്ര മലിനമാകാത്ത ഏതെങ്കിലും സ്ഥലം ബാക്കിയുണ്ടാകും'ഇത്രയും പറഞ്ഞ് ലച്ചു ആകാശത്തേക്ക് പറന്നുയർന്നു.മറ്റുള്ളവരും ഒപ്പം ചെന്നു. ‘നമ്മൾ അന്നുപോയ സ്ഥലത്തുതന്നെ ഒന്നുകൂടി പോയിനോക്കാം' എന്ന് അമ്മു പറഞ്ഞു.അവർ അവിടം തന്നെ ലക്ഷ്യമാക്കി പറന്നു.യാത്രയിൽ ഒരു മലിനമായ പ്രദേശം കുട്ടികളും മുതിർന്നവരും എല്ലാം ചേർന്ന് വൃത്തിയാക്കുന്നതുകണ്ട് അവരുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ‘ഇനി നമ്മൾ പോകുന്ന സ്ഥലവും ഇപ്പോൾ ഇതുപോലെ വൃത്തിയാക്കിയിട്ടുണ്ടാവുമോ?’ അപ്പു ചോദിച്ചു .അതുകേട്ട അവർ ആകാംഷയോടെ പറന്നു.അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി.ഫാക്ടറികളിൽനിന്നുള്ള മലിനീകരണം നിയന്തിച്ചും മാലിന്യങ്ങൾ നീക്കംചെയ്തും ചെടികളും മരങ്ങളും നട്ടുവളർത്തിയും ആ പ്രദേശമാകെ മാറ്റിയിരിക്കുന്നു.ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുന്നതും അവയിലെ തേൻ നുകരാൻ വണ്ടുകൾ വട്ടമിട്ട് പറക്കുന്നതും കാണാമായിരുന്നു.അരുവിയിലെ തെളിനീര് ഓളംതെന്നിയൊഴുകുന്ന കുളിരുകോരുന്ന കാഴ്ച്ചയും കണ്ടു.അരുവിയിൽ കുളിച്ചും അവിടമാകെ പാറിനടന്നും കിളികൾ ആ മനോഹാരിത ആസ്വദിച്ചു. മലിനമായ കാഴ്ച്ചകൾ കാലം മായ്ക്കുമെന്നും ഭൂമിയിൽ നല്ലതുമാത്രമേ സംഭവിക്കൂ എന്നുമുള്ള പ്രതീക്ഷയോടെ അവർ മാനത്തേക്ക് ചിറകടിച്ചുയർന്നു.ഭൂമിയിലെ സർവ്വജന്തുജാലങ്ങളുടേയും പ്രതീക്ഷ അവരുടെ ചിറകടികളിൽ പ്രതിധ്വനിച്ചു .

സജയ് വി
8 ജി ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ