ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഹൈസ്കൂൾ വിഭാഗം

മികവുകൾ

     1981 ൽ കടന്നപ്പള്ളി ഗ്രാമത്തിൽ സ്ഥാപിതമായ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പൊതു വിദ്യാലയമാണ്. 42 വർഷത്തെ പ്രവർത്തന കാലയളവിൽ പാഠ്യ-പാഠ്യേതര ,കലാ-കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പിടിഎയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിന്റെ പുരോഗതിയുടെ ആധാരശില ."A tree is known by its fruits" എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ 2022- 23 വർഷം കഴിഞ്ഞിട്ടുണ്ട്.

എസ് എസ് എൽ സി റിസൽട്ട്

             പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുത്തി ജൂൺമാസം മുതൽ തന്നെ അധികസമയ ക്ലാസുകൾ നടത്തി. ജനുവരി മാസം മുതൽ കുട്ടികളെ അവരുടെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു പരിശീലനം നൽകി .പത്താം ക്ലാസ് കുട്ടികളുടെ ഗൃഹസന്ദർശനം നടത്തിയും ഓരോ അധ്യാപകരും നിശ്ചിത എണ്ണം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിച്ച് ആവശ്യമായ പിന്തുണ നൽകിയും പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തി. 7-2- 23ന് ശ്രീ.പ്രദീപ് മാലോത്ത് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകിയതും ഏറെ പ്രയോജനപ്പെട്ടു. ഹിന്ദി, ഫിസിക്സ് ,ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു . കുട്ടികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള പരിശീലനം നൽകാൻ സീരീസ് ടെസ്റ്റുകളും,  സ്മൈൽ പരീക്ഷയും, മോഡൽ പരീക്ഷയും നടത്തി . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 100% വിജയത്തോടെ മികച്ച റിസൾട്ട് കൈവരിക്കാൻ കഴിഞ്ഞു. 2023 മാർച്ചിൽ നടന്ന പരീക്ഷയ്ക്ക് 119 കുട്ടികളാണ് ഹാജരായത്. എല്ലാവരെയും ഉപരിപഠനത്തിന് അർഹരാക്കാനും 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെടുക്കാനും സാധിച്ചു .സ്കൂളിൻറെ അക്കാദമിക രംഗത്തെ മികവ് എടുത്തു കാണിക്കുന്നതാണ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഫലം.

ഭൗതിക സാഹചര്യം

   സമീപകാലത്തായി നമ്മുടെ സ്കൂളിൻറെ ഭൗതിക സാഹചര്യത്തിൽ വൻ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ പണിക്കായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു .രണ്ടുവർഷത്തെ പ്രോജക്ട് ആയി വിഭാവനം ചെയ്ത പദ്ധതിയിൽ ആദ്യവർഷം 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചു. ഈ തുക ഉപയോഗിച്ച് അപകടാവസ്ഥയിൽ ആയ ഓടിട്ട കെട്ടിടം നവീകരിക്കുന്ന പ്രവർത്തി നടന്നുവരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിന് പാചക ശാലയോട് അനുബന്ധിച്ച് ഷീറ്റ് സൗകര്യമൊരുക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സാധിച്ചിട്ടുണ്ട്. ജലവിതരണ പ്രശ്നം പരിഹരിക്കുന്നത് പ്രത്യേക ടാങ്ക് സ്ഥാപിക്കുന്നതിനും , ജലശുദ്ധീകരണത്തിനുള്ള ഫിൽട്ടറുകൾ സ്ഥാപിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വാട്ടർ പ്യൂരിഫയറുകൾ ഘടിപ്പിച്ചു നൽകിയിട്ടുണ്ട്.

അനുമോദനം

സ്കൂളിൻറെ പ്രവർത്തനങ്ങളിൽ മികവു കാണിക്കുന്നവരെ ചേർത്തുനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനും പിടിഎ കമ്മിറ്റി സദാ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദേശീയ ധീരതാ പുരസ്കാരം നേടിയ നമ്മുടെ സ്കൂളിലെ വിദ്യാർഥിനി ശീതൾ ശശി ക്ക് 31 -1 -2023ന് അനുമോദനം നൽകി .

  കലാ-കായികമേളകളിൽ ജില്ലാ-സംസ്ഥാനങ്ങളിൽ വിജയികളായവരെ അനുമോദിച്ചുള്ള പരിപാടി കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ ശ്രീ.വി ജിൻ  ഉദ്ഘാടനം ചെയ്തു .കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വത്സല ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. 
28-3 -2023 ന്സ്കൂളിൽ നടന്ന പഠനോത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.
13-4 -2023 ന് ഹയർ സെക്കൻഡറി പുതുക്കിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ബി ഐ വിഷ്ണു മാസ്റ്റർക്ക് ഉള്ള ഉപഹാര സമർപ്പണവും കേരള നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു.

NMMS സ്കോളർഷിപ്പ് നേടിയ അനുശ്രീ.എം ന് അനുമോദനം നൽകി

ക്ലബ് പ്രവർത്തനങ്ങൾ

           സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും,ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച എസ്‌പിസി യൂണിറ്റായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ ലതീഷ് പുതിയടത്ത്   മാസ്റ്ററും. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി സിൽജ ടീച്ചറും ആണ് എസ്പിസി ചുമതല വഹിക്കുന്നത് .പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ സഹായവും കുട്ടികളുടെ പരിശീലനത്തിന് ലഭിക്കുന്നുണ്ട്.

ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം കുട്ടികൾക്ക് സി ലെവൽ സർട്ടിഫിക്കറ്റ് നേടാൻ കഴിഞ്ഞിട്ടുണ്ട് . ദിനാചരണങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി യുടെ പ്രവർത്തനവും ശ്രദ്ധേയമാണ്.

         32 കുട്ടികൾ അടങ്ങുന്ന ഒരു സ്കൗട്ട് യൂണിറ്റ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട് .ലഹരി വിരുദ്ധ പ്രവർത്തകരുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ജാഥയിൽ 10 കുട്ടികൾ പങ്കെടുത്തിട്ടുണ്ട് .13 കുട്ടികൾ കഴിഞ്ഞവർഷം രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്.

വളരെ നന്നായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്. കഴിഞ്ഞവർഷം നടത്തിയ സ്കൂൾതല ശാസ്ത്ര പ്രദർശനം മികച്ചതായിരുന്നു .ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റിട്ടയേഡ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ പി എം സിദ്ധാർത്ഥൻ സാർ കൈകാര്യം ചെയ്ത ക്ലാസ് ശ്രദ്ധേയമായിരുന്നു .ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. മാടായി ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് എടുത്തു പറയേണ്ട നേട്ടമാണ് .നാച്ചുറൽ സയൻസ് അധ്യാപിക ശ്രീമതി സുധിഷ ടീച്ചറാണ് സയൻസ് ക്ലബ്ബിൻറെ ചുമതല വഹിക്കുന്നത്.

മ്യൂസിക്ക് & ഡാൻസ് ഫെസ്റ്റിവൽ - 2022

    സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂർ,സാംസ്കാരിക മന്ത്രാലയം ഇന്ത്യ ഗവൺമെൻ്റ്  എന്നിവയുമായി സഹകരിച്ച് കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പും , കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംഘടിപ്പിച്ച മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ 2022 നവംബർ 27, 28 തീയതികളിലായി കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഉദ്ഘാടന ചടങ്ങിൽ പൗര പ്രമുഖർ ഉൾപ്പെടെ പ്രധാന വ്യക്തിത്വങ്ങൾ പങ്കെടുത്തു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് വിവിധ കലാരൂപങ്ങൾ അരങ്ങേറി .പ്രശസ്ത വാദ്യ കലാകാരനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും  വാദ്യമേളം അവതരിപ്പിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അവർകളാണ്. കല്യാശ്ശേരി മണ്ഡലം എംഎൽഎ ശ്രീ വിജിൻ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളായ നിവേദ്യ ഫ്യൂഷൻ ഡാൻസും, വൈശാഖ് കുച്ചുപ്പുടിയും, അനിരുദ്ധ് ഭരതനാട്യവും അവതരിപ്പിച്ചു.


ഹയർ സെക്കൻ്ററി വിഭാഗം

   2004ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗം ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വളർന്ന് മാടായി സബ്‍ജില്ലയിലെ തന്നെ മികച്ച സ്കൂൾ ആയി മാറിയിരിക്കുകയാണ്. മികച്ച ഭൗതിക സാഹചര്യങ്ങളും, അക്കാദമിക് നിലവാരവും സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നുണ്ട് .22-23 അക്കാദമിക വർഷത്തിൽ ഒരു കോടിയുടെ കിഡ്‌ഡി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹയർ സെക്കൻഡറി കെട്ടിടം നമ്മുടെ ഭൗതിക സാഹചര്യങ്ങൾക്ക് കൂടുതൽ ഉണർവേകുകയുണ്ടായി.2023 ഏപ്രിൽ 13ന് ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു .എംഎൽഎ ശ്രീ എം വിജിൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ,മുൻ എംഎൽഎ ടി വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി.
  മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന നമ്മുടെ സ്കൂളിന് അഭിമാനാർഹമായ വിജയമാണ് കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉണ്ടായത് സേ പരീക്ഷയ്ക്ക് ശേഷം  സയൻസ് 99% ,ഹോം സയൻസ് 90% , കോമേഴ്സ് 86 ശതമാനം. 30 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സയൻസ് ബാച്ചിൽ പരീക്ഷ എഴുതിയ കുട്ടികളിൽ 43 പേർ ഫുൾ എ പ്ലസ് നേടി എന്നത് ചരിത്രവിജയത്തിന്റെ മാറ്റുകൂട്ടുന്നു . അതേസമയം രണ്ട് വിദ്യാർത്ഥിനികൾക്ക് ഒരു മാർക്ക് വ്യത്യാസത്തിൽ മുഴുവൻ മാർക്ക് നഷ്ടപ്പെട്ടു.പ്ലസ് വൺ പരീക്ഷയിലും കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി 10 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും,8 പേർ  5 വിഷയത്തിലും എ പ്ലസ് നേടി.ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിൽ ശ്രീ.എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉയരാം പറക്കാം പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
    അധ്യാപകർ: പ്രിൻസിപ്പൽ ,14 സ്ഥിര അധ്യാപകർ, 2 താൽക്കാലിക അധ്യാപികമാർ ,രണ്ട് ലാബ് അസിസ്റ്റൻറ്മാർ എന്നിവരാണ് എച്ച്എസ്എസ് വിഭാഗത്തിൽ ഉള്ളത് .
   കുട്ടികൾക്ക് ലഘുഭക്ഷണം കഴിക്കുന്നതിനായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കിയ സ്കൂഫേ പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ധാരാളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു. 
  രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ കലോത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.

ശാസ്ത്ര-ഗണിതശാസ്ത്ര- ഐ ടി മേള:

  ചെറുകുന്നിൽ വച്ച് നടന്ന സബ്‍ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി ദേവിക.പി.വി, വിധുപ്രിയ എ വി അർപ്പിത ഉണ്ണി എന്നിവർ ഗണിതശാസ്ത്രമേളയിലും; ഹൃദ്യ ഹരീന്ദ്രൻ, ആകാശ് പ്രദീപ് എന്നിവർ ശാസ്ത്രമേളയിലും; അഭിറാം ജി ,ഗോപിക മനോജ് സാമൂഹ്യശാസ്ത്രമേളയിലും ,അനുജിത്ത് എ വി,,നയന ശിവദാസ് ദേവിക സുരേന്ദ്രൻ എന്ന പ്രവർത്തി പരിചയമേളയിലും; ബ്ലസിൻ സെബാസ്റ്റ്യൻ ഐ  ടി മേളയിലും വിജയികളായി ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുത്തു. 

കരിയർ ഗൈഡൻസ് & അഡോളസെന്റ് സെൽ

   കടന്നപ്പള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് "ഫോക്കസ് പോയിൻറ്"- ഏകദിന സെമിനാർ നടത്തി. ഹയർ സെക്കൻഡറിലെ വിവിധ കോമ്പിനേഷനുകളും അവയുടെ ഉപരിപഠന സാധ്യതകളും കുട്ടികളെ ബോധവൽക്കരിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളെ കുറിച്ചും മത്സരപരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചും "കരിയർ -മോട്ടിവേഷൻ ആൻഡ് പ്ലാനിങ്" എന്ന പ്രോഗ്രാം പ്രശസ്ത കരിയർ എക്സ്പേർട്ട് ഡോ.ബോബി ജോസ് കൈകാര്യം ചെയ്തു .കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദം ആയിരുന്നു ഈ പരിപാടി.

സൗഹൃദ ക്ലബ്ബ്

സ്കൂളിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായി സുസ്ഥിതി നിലനിർത്തുന്ന പ്രശ്നങ്ങൾ മനശാസ്ത്രപരമായി കൈകാര്യം ചെയ്യുന്നതിനായി ഒരു സൗഹൃദ ക്ലബ് പ്രവർത്തിക്കുന്നുണ്ട് .ഈ ക്ലബ്ബിലെ തെരഞ്ഞെടുക്കപ്പെട്ട ലീഡർമാർക്കായി ഒക്ടോബർ 28 ,29, 30 തീയതികൾ പറശ്ശിനിക്കടവ് വിസ്മയപ്പാർക്കിൽ നടന്ന വളണ്ടിയർ ട്രെയിനിങ്ങിൽ നമ്മുടെ സ്കൂളിന് പ്രതിനിധീകരിച്ച് ശ്രീരാഗ് എസ്, ഗായത്രി .സി എന്നിവർ പങ്കെടുത്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ തോമസ്കറിയ(കോട്ടയം) കുട്ടികൾക്ക് ക്ലാസ് എടുത്തു .

കുട്ടികളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്ലാസ് നവംമ്പർ 29, 30 തീയതികളിൽ പ്രശസ്ത ട്രെയിനറും കൗൺസിലറുമായ പ്രദീപൻ മാലോത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടത്തി കുട്ടികളിൽ ഏറെ ഊർജ്ജം പകർന്ന പരിപാടിയായിരുന്നു ഇത്.

പ്ലസ് വൺ ക്ലാസിലെ രക്ഷിതാക്കൾക്കായി "മക്കളെ അറിയാൻ" എന്ന ക്ലാസ് ശ്രീ സി ആർ രാജേഷിന്റെ നേതൃത്വത്തിൽ ജനുവരി 11ന് നടത്തി .കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിൽ ക്ലാസ് ഉപകാരപ്രദമായിരുന്നു .കുട്ടികൾക്കായി "പ്രഥമ ശുശ്രൂഷ , ഫയർ ആൻഡ് സേഫ്റ്റി "എന്നീ വിഷയങ്ങളെ ആസ്പദമാക്കി പയ്യന്നൂർ ഫയർഫോഴ്സ് സ്റ്റേഷൻ എസ്എച്ച്ഒ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.

സാഹിത്യവേദി

വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി ,വായനാശീലം ,സർഗാത്മകത എന്നിവ വളർത്താൻ സാഹിത്യവേദി പ്രവർത്തിക്കുന്നുണ്ട് .സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനുള്ള ചുമർ മാസിക ബോർഡ്, ദിനപത്രങ്ങൾ ,ആനുകാലികങ്ങൾ എന്നിവ വായിക്കാനുള്ള വായനാമുറി എന്നിവയും ഇതിൻറെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . പ്രധാനപ്പെട്ട ദിവസങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം, നവംബർ ഒന്നു മുതൽ 30 വരെ കേരളപ്പിറവിയോട് അനുബന്ധിച്ച് "കേരളം -ചരിത്രം, സംസ്കാരം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രതിദിന ക്വിസ് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സാഹിത്യവേദിയുടെ ഭാഗമായി വായനാദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്തു മാസിക മത്സരത്തിൽ അഞ്ച് മാസികകൾ കുട്ടികൾ നിർമ്മിച്ചു എന്നതും ശ്രദ്ധേയമായ പ്രവർത്തനമാണ്.

നാഷണൽ സർവീസ് സ്കീം

2020ലാണ് നമ്മുടെ സ്കൂളിന് ഒരു എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു കിട്ടിയത് .ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ നമ്മുടെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളേജ് സമീപം പുത്തൂർക്കുന്ന് എന്ന സ്ഥലം ദത്ത് ഗ്രാമമായി ഏറ്റെടുത്ത് പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .

22-23 അക്കാദമിക വർഷം നമുക്ക് രണ്ട് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടിവന്നു. രണ്ടാം വർഷ വളണ്ടിയർമാർക്ക് ആഗസ്റ്റിൽ നമ്മുടെ സ്കൂളിലും ഒന്നാംവർഷ വളണ്ടിയമാർക്ക് ഡിസംബറിൽ കടന്നപ്പള്ളി യുപി സ്കൂളിലും ക്യാമ്പ് സംഘടിപ്പിച്ചു .രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിടിഎയുടെയും നിർലോഭമായ സഹകരണം ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. കടന്നപ്പള്ളി യുപി സ്കൂൾ മാനേജ്മെൻറ് & സ്റ്റാഫ് നാട്ടുകാരെ നന്ദിപൂർവ്വം സ്മരിക്കുന്നു . ക്യാമ്പിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഫ്രീഡം വാൾ തയ്യാറാക്കി .സ്കൂളിന് സമീപത്തെ കിണറുകൾ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ക്ലോറിനേറ്റ് ചെയ്തു. കടന്നപ്പള്ളി യുപി സ്കൂളിലും ,സമീപത്തെ വീടുകളിലും പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്ത് ഫലവക്ഷത്തൈകൾ നട്ടു. പ്രശസ്ത ചിത്രകാരൻ സുനിൽ കാനായിയുടെ സഹകരണത്തോടെ യുപി സ്കൂൾ ചുമരിൽ ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് ബോധവൽക്കരണം നടത്തി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധ ,റാലി എന്നിവ സംഘടിപ്പിച്ചു .കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യശൃംഖലയിൽ നമ്മുടെ വളണ്ടിയർ അണിനിരന്നു .

കുടുംബശ്രീ യുമായി ചേർന്നുകൊണ്ട് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു.

എൻഎസ്എസ് വളണ്ടിയർമാർക്കായി ആറളം വന്യജീവി സങ്കേതത്തിൽ വച്ച് വനംവകുപ്പിന്റെ സഹകരണത്തോടെ മൂന്നുദിവസത്തെ പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി മംഗലശ്ശേരി അംഗൻവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനങ്ങൾ നൽകി .വളണ്ടിയർമാർ കുട്ടികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു .

വായന വാരാഘോഷത്തോടനുബന്ധിച്ച് കൈതപ്രം പൊതുജന വായനശാലയിലെ പുസ്തകങ്ങൾ ക്രമീകരിച്ചു നൽകി. ക്ലാസ് അടിസ്ഥാനത്തിൽ കൈയെഴുത്ത് മാസികകൾ തയ്യാറാക്കി .

ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി 2004- 2006 പ്ലസ് ടു ബാച്ചിന്റെ സഹകരണത്തോടെ നിർധനരായ എട്ടു കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ കോമളവള്ളി, ബേബി ലത എന്നിവർ പങ്കെടുത്തു .

അന്ന പോഷൻ പരിപാടിയുടെ ഭാഗമായി ചോളം കൃഷി നടത്തിവരുന്നു .

നിയമബോധനം ,ഊർജ്ജ സംരക്ഷണം ,പ്രഥമ ശുശ്രൂഷ, മാനസികാരോഗ്യം ,ലിംഗസമത്വം ,സ്വയം പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

കുട്ടികൾക്ക് പത്രവാർത്തകൾ , കലാസൃഷ്ടികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി ഉള്ള ഇൻഫ്രാവാൾ ജില്ലാ പഞ്ചായത്ത് മെമ്പർ തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

അധ്യാപക ദിനത്തിൽ എൻഎസ്എസ് വളണ്ടിയർമാർ അധ്യാപകർക്ക് ആശംസ കാർഡുകൾ നൽകി. മുൻ അധ്യാപിക മാളു ടീച്ചറെ വീട്ടിലെത്തി ആദരിച്ചു .

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ശുചിത്വമിഷനും ,സർക്കാരും നടത്തിയ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ പാണപ്പുഴ ,പറവൂർ പ്രദേശങ്ങളിൽ സോഷ്യൽ ഓഡിറ്റ് സർവേ നടത്തി.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ

വിമുക്തി മിഷൻ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിനോദ് മാസ്റ്റർ കോർഡിനേറ്ററും, പ്രിൻസിപ്പൽ ചെയർമാനും, പിടിഎ പ്രസിഡണ്ട് വൈസ് ചെയർമാൻ ,രണ്ട് പിടിഎ അംഗങ്ങളും രണ്ടു വിദ്യാർത്ഥി പ്രതിനിധികളും അടങ്ങിയതാണ് ഈ ക്ലബ്ബ് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി .സിവിൽ എക്സൈസ് ഓഫീസർമാരായ സുകേഷ് ,ജൂന എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. "അരുതേ ലഹരി" എന്ന ക്യാമ്പയിനിന്റെ ഭാഗമായി സിവിൽ എക്സൈസ് ഓഫീസർ പ്രഭുദേവന്റെ ഏകപാത്രം നാടകം അവതരിപ്പിച്ചു. സ്കൂളിൽ ക്ലബ്ബിൽ നേതൃത്വം നൽകുന്ന ജാഗ്രത സമിതി പ്രവർത്തിച്ചുവരുന്നു . പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പോലീസ് ഓഫീസർമാരുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട് .