ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/കൊറോണ - ഭയമല്ല, കരുതലാണ് ആവശ്യം

കൊറോണ - ഭയമല്ല, കരുതലാണ് ആവശ്യം

കൊറോണ - ഭയമല്ല, കരുതലാണ് ആവശ്യം

കൊറോണ

ഇന്ന് പത്രങ്ങളിലും വാർത്താ ചാനലുകളിലും നമ്മൾ ഏറ്റവും അധികം കേൾക്കുന്ന ഒരു പേരാണ് കൊവിഡ് - 19. കൊവിഡ് -19 എന്നത് പുതുതായി കണ്ടെത്തിയ കൊറോണ എന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ്. ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇപ്പോൾ ലോകരാഷ്ട്രങ്ങളിലാകെ പടർന്നുപിടിച്ചിരിക്കുന്നു. നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാകാത്ത ഈ സൂക്ഷ്മജീവി ഇന്ന് ലോകത്തെയാകെ നടുക്കിക്കഴിഞ്ഞിരിക്കുകയാണ്.

സ്ഥിതിവിവരക്കണക്കുകൾ

ഇതുവരെ ലോകമാകെ 22 ലക്ഷത്തോളം പേർക്ക് കൊവിഡ് -19 ബാധിക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ പതിനാലായിരത്തിലധികം പേർക്ക് രോഗം ബാധിക്കുകയും അഞ്ഞൂറോളം പേർ മരിക്കുകയും ചെയ്തു. കേരളത്തിൽ നാനൂറോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ മരണനിരക്ക് മൂന്നിൽ ഒതുക്കിനിർത്താൻ നമുക്ക് സാധിച്ചു. സർക്കാരിന്റെ സമയോചിതമായ ഇടപെടലുകളാണ് രോഗബാധയും മരണനിരക്കും കുറയ്ക്കുന്നതിന് കാരണമായത്. സംസ്ഥാനമൊട്ടാകെ ഏറെ നാൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് രോഗത്തിന്റെ പകർച്ച തടയാനായി. കേരള സർക്കാർ സംസ്ഥാനത്തെ രോഗത്തിന്റെ തീവ്രത അനുസരിച്ച് നാലു മേഖലകളാക്കി തിരിച്ച് ഓരോ മേഖലകളിലും വെവ്വേറെ നിയന്ത്രണങ്ങളും ഇളവുകളും നൽകി ഉത്തരവിറക്കി.

കൊറോണ വൈറസ്

കൊറോണ വൈറസുകൾ മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), കൊറോണ വൈറസ് ഡിസീസ് -19 (കൊവിഡ് -19) തുടങ്ങി നിരവധി രോഗങ്ങൾക്കു കാരണമാകുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്.

നിഡോ വൈറലസ് എന്ന നിരയിൽ കൊറോണവൈറിനി എന്ന കുടുംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന ഉപകുടുംബത്തിൽപ്പെട്ടതാണ് കൊറോണ വൈറസുകൾ. ഓർത്തോകൊറോണവൈറിനിയിൽ ആൽഫാ കൊറോണ വൈറസ്, ബീറ്റ കൊറോണ വൈറസ്, ഗാമ കൊറോണ വൈറസ്, ഡെൽറ്റ കൊറോണ വൈറസ് എന്നിങ്ങനെ നാലു ജനുസ്സുകളുണ്ട്. ആൽഫാ-ബീറ്റ കൊറോണ വൈറസുകൾ വാവലുകൾ ഉൾപ്പെടെയുള്ള സസ്തനികളിൽ വ്യാപിച്ചിരിക്കുന്നു. ഗാമ കൊറോണ വൈറസുകൾ പക്ഷികളെയും ചില സസ്തനികളെയും ബാധിക്കും. ഡെൽറ്റ കൊറോണ വൈറസുകൾ പക്ഷികളെയും സസ്തനികളെയും ഒരു പോലെ ബാധിക്കും. പോസിറ്റീവ് - സെൻസ്, സിംഗിൾ - സ്ട്രാൻഡഡ് ആർ.എൻ.എ. ജീനോം, ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോ ക്യാപ്ലിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ.

രോഗലക്ഷണങ്ങൾ

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസത്തെ ഇൻക്യുബേഷൻ പിരിയഡ് എന്നാണ് അറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും തുമ്മലും ചുമയും മൂക്കൊലിപ്പും ക്ഷീണവും തൊണ്ടവേദനയും ഉണ്ടാകും. എന്നാൽ ഇത്തരം രോഗലക്ഷണങ്ങൾ ഒന്നും തന്നെ ദൃശ്യമാകാതെയും ചിലരിൽ കൊറോണ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും തലവേദന സൃഷ്ടിക്കുന്നു.

രോഗപ്പകർച്ച

ശരീരസ്രവങ്ങളിൽനിന്നാണ് രോഗം പകരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായിൽനിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടാകും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വൈറസുകൾ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് എത്തുകയും ചെയ്യും. വൈറസ് സാന്നിദ്ധ്യമുള്ള ഒരാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിലും വൈറസ് സാന്നിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് അതേ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പകരാം.

ചികിത്സ

കൊറോണ വൈറസിന് കൃത്യമായ ചികിത്സയോ പ്രതിരോധ വാക്‌സിനോ ഇല്ലാത്തതുകൊണ്ട് രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽനിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതുപോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.

കരുതൽ

ലോക്ക് ഡൗൺ നിലനിർത്തുന്നതിലൂടെയും മാസ്‌ക്ക് ധരിക്കുന്നതിലൂടെയും ഹാൻഡ് വാഷോ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുന്നതിലൂടെയും കൊവിഡ്-19 എന്ന മഹാമാരിയെ നമുക്ക് ഭൂമിയിൽനിന്നും പുറത്തുചാടിക്കാൻ സാധിക്കും.
വീട്ടിൽനിന്നും പുറത്തിറങ്ങാതെയും അധികൃതർ നിർദ്ദേശിക്കുന്ന പ്രതിരോധ മാർഗ്ഗങ്ങൾ അനുസരിക്കുന്നതിലൂടെയും ഈ ലോക്ക് ഡൗണിൽ നമുക്കും പങ്കാളിയാകാം

ഭൂമിക പി.എം.
8 C ജി .വി .എച്ച് .എസ് .എസ് . നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം