പ്രവേശനോത്സവം

 
 
 
 
 

പ്രവേശനോത്സവ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് കഥ പറഞ്ഞു കൊടുക്കാൻ മുത്തശ്ശിയെത്തി :പിലിക്കോട് ഗവഃയു.പി. സ്‌കൂളിൽ പ്രവേശനോത്സവ ദിനത്തിൽ കുഞ്ഞുങ്ങൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ മുത്തശ്ശിയെത്തി .സ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ സദസ്സിനിടയിലൂടെ മുത്തശ്ശി നടന്നു വന്നത് എല്ലാവരിലും കൗതുകമുണർത്തി. മുത്തശ്ശി നടന്നുവന്ന് വേദിക്കു മുന്നിലെത്തി സ്‌കൂളിൽ പുതുതായി എത്തിയ കുരുന്നുകളോട് വിശേഷങ്ങൾ ചോദിക്കാനും പാട്ടുപാടാനുമൊക്കെ തുടങ്ങി.  കുട്ടികൾക്കായി നല്ല ഒരു കഥ കൂടി പറഞ്ഞു കൊടുത്ത ശേഷമാണ് മുത്തശ്ശി പോയത്. മുത്തശ്ശിയായി വേഷമിട്ടെത്തിയത് ആരാണെന്നറിയാൻ കുട്ടികൾ കൗതുകത്തോടെ നിൽക്കുമ്പോഴാണ് മുത്തശ്ശിയായി വേഷമിട്ട ടീച്ചർ ഒന്നാം ക്ലാസ്സിലേക്ക് പോയത്.ഈ വർഷത്തെ ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ പ്രീത രാമചന്ദ്രനായിരുന്നു മുത്തശ്ശിയായി കുട്ടികൾക്കു മുന്നിലെത്തിയത് ഇതിനകം നിരവധി വിദ്യാലയങ്ങളിലും വായനശാലകളിലും മുത്തശ്ശിയായി പ്രീത ടീച്ചർ കഥ പറയാനെത്തിയിട്ടുണ്ട് പിലിക്കോട് ഗവ.യു.പി. സ്‌കൂളിൽ നടന്ന പിലിക്കോട് പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ എം. കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. സിനിമ പിന്നണി ഗായകൻ അരുൺ എളാട്ട് മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്തംഗം വി.ലീന, പി.ടി.എ പ്രസിഡണ്ട് ടി.പ്രദീപ്, മദർ പി.ടി.എ പ്രസിഡണ്ട് അശ്വതി മഹേഷ് എസ്. എം സി ചെയർമാൻ എം.വി.ലതീഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.കെ. സുരേഷ് കുമാർ,സീനിയർ അസിസ്റ്റൻ്റ് ടി.വി.സുധീർകുമാർ പിലിക്കോട് സർവീസ് ബേങ്ക് പ്രസിഡണ്ട് പി. ചന്ദ്രൻ മാസ്റ്റർ, സുജീഷ് പിലിക്കോട് അജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് വി.യമുന സ്വാഗതവും എസ്. ആർ. ജി. കൺവീനർ ബിന്ദു . കെ.കെ. നന്ദിയും പറഞ്ഞു. കുട്ടികൾക്ക് പിലിക്കോട് സർവീസ് ബേങ്ക്, നവരശ്മി കലാസമിതി ,റെഡ് സ്റ്റാർ പിലിക്കോട്,യവക്യ പിലിക്കോട്, അനുപമ കരപ്പാത്ത് ,ജനത വായനശാല കണ്ണങ്കൈ ഡിഫൻസ് മടി വയൽ എന്നീ സംഘടനകൾ ബേഗ് , കുട പഠനോപകരങ്ങൾ എന്നിവ നൽകി. അന്തരിച്ച മുൻ ഹെഡ്മാസ്റ്റർ പി.പി. ദാമോദരന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ പായസം നൽകി.ബൈജു കടവത്ത് ലഡുവും നൽകി.