ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019 - 20, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം

2019 - 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച നടന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശിവകുമാർ പ്രവേശനോത്സവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതുതായി പ്രീപ്രൈമറിയിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. വാർഡ് കൗൺസിലറായ ശിവകുമാർ അക്ഷരദീപം തെളിയിച്ചു. തുടർന്ന് കൗൺസിലറായ സ്വാമിനാഥൻ, PTA പ്രസിഡന്റ് കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ഷൈലജ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് പ്രധാന അദ്ധ്യാപിക ഷൈലജ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.

വരവേൽക്കാൻ വർണ്ണ വേഷക്കാർ ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപിക സുപ്രഭയുടെ സമ്മാനമായിരുന്നു ഇത്.

അയ്യങ്കാളി ചരമദിനം

അയ്യങ്കാളി ചരമദിനമായ ജൂൺ 18ന്, സാമൂഹ്യ പരിഷ്കർത്താവായ അയ്യങ്കാളിയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. അദ്ദേഹം കേരളത്തിന് നൽകിയ മഹത്തായ സേവനങ്ങൾ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്തു.

വായനാദിനം

പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. പി.എൻ. പണിക്കരുടെ ജീവചരിത്രം, വായനാക്കുറിപ്പ്, പി.എൻ. പണിക്കരുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ എന്നിങ്ങനെയുള്ള വായനയുടെ അന്തസത്ത നിലനിർത്തുന്ന ഒരു വായനാദിനം ആയിരുന്നു. ജി.വി.ജി.എച്ച്.എസിലെ മലയാളം അധ്യാപകനും, ചൈൽഡ് വെൽഫയർ പ്രവർത്തകനുമായ കുര്യാക്കോസ് വായനാവാരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു. കുരുന്നു കൂട്ടുകാർക്ക് എന്താണ് വായന എന്നും, ചെറിയ കുട്ടികൾ എങ്ങനെയാണ് വായിച്ചു തുടങ്ങേണ്ടത് എന്നും, വായനയുടെ പ്രാധാന്യം എന്താണെന്നും വളരെ ലളിതമായ രീതിയിൽ പറഞ്ഞുകൊടുത്തു. ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾ വായനയെ ജീവിതത്തിലുടനീളം മുറുകെ പിടിക്കണമെന്നും, വായന നമ്മുടെ നല്ല ചങ്ങാതിമാരായി മാറണമെന്നും കുര്യാക്കോസ് മാഷ് പറഞ്ഞു. തുടർന്ന് പ്രധാനദ്ധ്യാപിക ഷൈലജ വായനാദിനത്തിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് ലളിതമായി പകർന്നു നൽകിക്കൊണ്ട് വായനാവാരത്തിന് തുടക്കംകുറിച്ചു.

പുസ്തകങ്ങളുടെ മായാലോകം

വായനാവാരത്തിന്റെ ഭാഗമായി നടത്തിയ പുസ്തകപ്രദർശനം വളരെ രസകരമായിരുന്നു. എല്ലാവർഷവും പുസ്തക പ്രദർശനം നടത്തും. നാലാം ക്ലാസിലെ കുട്ടികളാണ് പ്രദർശനം നടത്തിയത്. എല്ലാ കുട്ടികളെയും സ്കൂളിൽ ഉള്ള പുസ്തകങ്ങളെ പരിചയപ്പെടുത്താനും, നല്ല വായനക്കാരാക്കി മാറ്റാനുമുള്ള ഒരു ചുവടുവെപ്പായിരുന്നു ഈ പുസ്തകപ്രദർശനം. ഒരു ക്ലാസ് മുറി നിറയെ വിവിധ പുസ്തകങ്ങൾ കൊണ്ട് ദൃശ്യവിസ്മയം തീർക്കുകയായിരുന്നു ഞങ്ങളുടെ കുരുന്നുകൾ. അധ്യാപിക ഗീതയുടെ നേതൃത്വത്തിലാണ് പുസ്തക പ്രദർശനം നടത്തിയത്.


യോഗാ ദിനം

ജൂൺ 21 യോഗ ദിനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. ജി.വി.എൽ.പിയിലെ എല്ലാ കുട്ടികളെയും യോഗയിലേക്ക് നടത്തിക്കൊണ്ടു പോവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ വളരെ നല്ല ഔഷധവും, അറിവും, വിദ്യയും ആണെന്ന സത്യം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള ഒരു പരിപാടിയായിരുന്നു ഇത്. പ്രശസ്ത യോഗാധ്യാപകനായ പ്രവീൺ യോഗാദിനം ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാൽ, നമ്മെ കടന്നാക്രമിക്കുന്ന രോഗങ്ങളെ അകറ്റാനുള്ള ഭൂമിയിലെ ഏറ്റവും വലിയ ഔഷധമാണ് യോഗ എന്ന് പ്രവീൺ സാർ പറഞ്ഞു. മാത്രമല്ല കുറച്ചു വർഷങ്ങളായി ജി.വി.എൽ.പിയിൽ യോഗ സജീവമായി പഠിപ്പിക്കുന്നത് കൊണ്ട് യോഗയുടെ ചെറു പാഠങ്ങൾ ഇവിടത്തെ കുരുന്നുകൾക്ക് ഗ്രാഹ്യമായിരുന്നു. ഓരോ യോഗ മുറകളും എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും പ്രവീൺ പറയുമ്പോൾ, രാഹുൽ യോഗാഭ്യാസങ്ങൾ ചെയ്തു കാണിച്ചു. കുരുന്നുകൾക്കും അതേപോലെ ചെയ്യാൻ അവസരം നൽകി. യോഗ എന്നത് ഒരിക്കലും അവസാനിക്കുന്ന ഒന്നല്ല. അത് ജീവിതത്തിലുടനീളം കൊണ്ടു പോയാൽ മാത്രമേ അതിൻറെ പരിപൂർണ്ണ ഫലം നമുക്ക് ലഭിക്കുകയുള്ളൂ എന്നും പ്രവീൺ കുട്ടികൾക്ക് പകർന്നു കൊടുത്തു കൊണ്ട് യോഗാഭ്യാസങ്ങൾക്ക് തുടക്കം കുറിച്ചു.

ലഹരി വിരുദ്ധ ദിനം

ജൂൺ 26, ലോക ലഹരി വിരുദ്ധദിനത്തിന് മാതൃകാപരമായ ഒരു അസംബ്ലിയാണ് നടന്നത്. പ്രധാനാധ്യാപിക ഷൈലജ ഇന്നത്തെ തലമുറയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും അവ ഉണ്ടാക്കുന്ന മാരകമായ അസുഖങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.


ജൂലൈ

വായനാവാര സമാപനം, ഉദ്ഘാടനം- ബഷീർ ദിനം, വിദ്യാരംഗം, മലയാളം ക്ലബ്, പ്രീ പ്രൈമറി പാഠപുസ്തക വിതരണം

വായനാവാരത്തിൻറെ സമാപനവും, ബഷീർ ദിനവും സംയുക്തമായാണ് നടത്തിയത്. ജൂലൈ 5 വെള്ളിയാഴ്ച ജയശീലൻ കുട്ടികളുമായി സംവദിച്ചു. ബഷീർ പഠിപ്പിച്ച മാനവികതയുടെ മൂല്യങ്ങൾ അദ്ദേഹം തൻറെ രചനകളിലൂടെ കുട്ടികൾക്ക് പകർന്നു നൽകി. ഇതോടൊപ്പം തന്നെ വിദ്യാരംഗം, മലയാളം ക്ലബ് ഇവയുടെ ഉദ്ഘാടനവും, പ്രീ പ്രൈമറി ക്ലാസുകളിലേക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.പി രഞ്ജിത്ത് അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശൈലജ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു. തുടർന്നു ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കവിതാലാപനം, ആസ്വാദനക്കുറിപ്പ്, പതിപ്പ് പ്രകാശനം, ബഷീർ കൃതിയായ പൂവമ്പഴത്തിന്റെ സ്കിറ്റ്, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണം, തമിഴ്നാടിന്റെ അഭിമാന കവിയായ സുബ്രഹ്മണ്യ ഭാരതീയരെ പരിചയപ്പെടുത്തൽ, തമിഴ് കവിതാലാപനം എന്നിവ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഈ പരിപാടി എന്നതിൽ സംശയമില്ല.


ഇംഗ്ലീഷ് ക്ലബ്ബ് 2019-20 - ഉദ്ഘാടനം

ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ 2019- 20 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 10.7.19 ബുധനാഴ്ച ജി.വി.ജി.എച്.എസ്.എസ് അദ്ധ്യാപിക റീന ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. നാം ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും ഇംഗ്ലീഷ് അറിയാത്തവർ പോലും ഉപയോഗിക്കുന്നു. നാമറിയാതെതന്നെ അവ നമ്മുടെ ഭാഷയിൽ ഇടം പിടിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടീച്ചർ സൂചിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ ജന്മദേശം, വ്യത്യസ്തമായ ശൈലികൾ, പ്രാദേശികഭേദങ്ങൾ, ഭാഷയുടെ സൗന്ദര്യം എന്നിവ ഉദാഹരണസഹിതം കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തു. കുട്ടികളുമായുള്ള ഇടപെടലുകൾ എല്ലാം തന്നെ ഇംഗ്ലീഷിലായതിനാൽ രസകരമായ ക്ലാസ് അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ആംഗ്യപ്പാട്ടുകൾ, വീഡിയോ പ്രദർശനം എന്നിവ കുട്ടികളെ ഏറെ ആകർഷിച്ചു. ഇംഗ്ലീഷിനെ ഭയമില്ലാതെ സമീപിക്കാനുള്ള ഒരു തുടക്കമിടൽ കൂടിയായിരുന്നു ഈ വേദി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം പ്രകടിപ്പിക്കാനായി അവരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് മാഗസിൻ പുറത്തിറക്കാൻ കുട്ടികളുടെ നിർദ്ദേശിക്കുകയും അതിനു Sparkles എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പ്രധാനാധ്യാപിക ഷൈലജ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുപ്രഭ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.


ശാസ്ത്ര ക്ലബ് ഉദ്ഘാടനം, ചാന്ദ്രദിനം

മാനവരാശിയുടെ വൻകുതിച്ച് ചാട്ടത്തിന് 50 വയസ്സ്! മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചരിത്രമുഹൂർത്തം ഓർമിച്ചുകൊണ്ട് ചാന്ദ്രദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിലെ ശാസ്ത്ര ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. ചിറ്റൂർ, ജി.വി.എച്ച്.എസ്.എസിലെ അദ്ധ്യാപിക രോഷ്ണ കുട്ടികൾക്ക് ശാസ്ത്രാവബോധം വളർത്തുന്നതിന്റെ അടിത്തറപാകി ശാസ്ത്ര ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. മെഴുകുതിരി ചൂടാകുമ്പോൾ ഉണ്ടാകുന്ന രസകരമായ മാറ്റത്തിനെയും, പൊട്ടാസ്യവും, ഗ്ലിസറിനും ചേർന്നാൽ തീ കത്തും എന്നിവയെ നിരീക്ഷിച്ചുകൊണ്ട് നടത്തിയ പരീക്ഷണത്തിലൂടെ നമ്മുടെ നിത്യജീവിതത്തിൽ സയൻസ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് അദ്ധ്യാപിക വ്യക്തമാക്കി. തുടർന്ന് വൈവിധ്യമാർന്ന പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി. അതിനെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണങ്ങൾ നൽകി. സയൻസ് ക്ലബ്ബ് കൺവീനർ ലില്ലി ഇതിന് നേതൃത്വം നൽകി. ആദ്യ ചന്ദ്രയാത്ര സംഘത്തിലെ അംഗങ്ങളായ നീൽ ആംസ്ട്രോങ്ങ്, മൈക്കിൾ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ തുടങ്ങിയവരുടെ വേഷമിട്ട് കുട്ടികൾ സ്വയം പരിചയപ്പെടുത്തി. ആ മഹാന്മാരെക്കുറിച്ച് കൂടുതലറിയാൻ ഇത് അവസരമൊരുക്കി. വിവിധ ക്ലാസ്സുകാർ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് പ്രകാശനം നടത്തി. അമ്പിളിമാമനെ കുറിച്ചുള്ള പാട്ടുകൾ, അപ്പോളോ 11 ന്റേയും, റോക്കറ്റിന്റേയും മാതൃകകൾ പ്രദർശനം, പ്രസംഗം, കടങ്കഥകൾ, ക്വിസ് തുടങ്ങിയവയും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക ഷൈലജ സ്വാഗതവും,അദ്ധ്യാപകൻ ഹിദായത്തുള്ള നന്ദിയും പറഞ്ഞു. ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനവും നടത്തി.

ചാന്ദ്രയാൻ 2- തൽസമയ പ്രദർശനം

ഇന്ത്യയുടെ രണ്ടാം ചരിത്ര ദൗത്യം മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഇന്ത്യ ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ യാത്ര ആരംഭിച്ചു. 2019 ജൂലൈ 22 ന് ഉച്ചയ്ക്ക് 2:43ന് ബാഹുബലി എന്ന് വിളിക്കുന്ന ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരുമ്പോൾ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ചത്തിൽ കയ്യടിച്ച് ആർപ്പുവിളിച്ചു. കമ്പ്യൂട്ടർ ലാബിലെ ഹാളിൽ ആവേശം അലയടിച്ചു. പ്രൊജക്ടർ ഉപയോഗിച്ച് ഈ വിക്ഷേപണത്തിന്റെ തത്സമയ വീഡിയോ പ്രദർശിപ്പിച്ച് കുട്ടികൾക്ക് രാജ്യത്തിന്റെ കുതിപ്പ് തൊട്ടറിയാൻ അവസരമൊരുക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം വിദ്യാഭ്യാസ മേഖലയിൽ വരുന്ന മാറ്റത്തിന് ഇതൊരു ഉദാഹരണമാണ്. ഈ പ്രക്ഷേപണത്തിലൂടെ ഐ.എസ്.ആർ.ഒ, ജി.എസ്.എൽ.വി. തുടങ്ങിയ ഒരുപാട് കാര്യങ്ങളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് വിശദീകരണവും നൽകി.

പി. ടി. എ ജനറൽബോഡി

ഈ വർഷത്തെ പി.ടി.എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശൈലജ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റ് കെ.പി രഞ്ജിത്താണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ.എസ്.എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന സ്വാമിനാഥനാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീജിത്തും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.


ഓഗസ്റ്റ്

ഹിരോഷിമ, നാഗസാക്കി ദിനാചരണം

ചിറ്റൂർ, ജി. വി. എൽ. പി സ്കൂളിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനവും, ആഗസ്റ്റ് 9 നാഗസാക്കി ദിനവും ആചരിച്ചു. മനുഷ്യരാശിക്ക് വിനാശം വിതയ്ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഈ ദിനാചരണങ്ങൾ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി ഈ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രഭാഷണം നടത്തി. അണുബോംബ് വർഷിക്കുന്നതിന്റേയും, അത് നേരിട്ട് അനുഭവിച്ച ആളുകളുടെ ഇന്നത്തെ അവസ്ഥയും അവർ സ്വാനുഭവം വിവരിക്കുന്നതിന്റേയും വീഡിയോ പ്രദർശനം നടത്തി.ഇത് കുട്ടികൾക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമായിരുന്നു. ആവേശകരമായ രീതിയിൽ നടത്തിയ ഹിരോഷിമ, നാഗസാക്കി പ്രശ്നോത്തരിയിൽ 4B യിലെ ഋതു എസ്.എം എന്ന കുട്ടി മുഴുവൻ മാർക്കും നേടി വിജയം കരസ്ഥമാക്കി. നിരഞ്ജൻ. എം, ശ്രീലക്ഷ്മി. ആർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹിരോഷിമ, നാഗസാക്കി എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. പ്ലക്കാർഡുകളും നിർമ്മിച്ചു.


യുറീക്ക വിജ്ഞാനോത്സവം

12.8.2019 ന് സ്കൂൾ തലം യുറീക്ക വിജ്ഞാനോത്സവം നടത്തി. ഇരുപതോളം കുട്ടികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ കണ്ടെത്തി. അവർ തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു.


സ്വാതന്ത്ര്യദിനം

പുത്തൻ ഉണർവേകി ഈ വർഷത്തെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷം വളരെ നല്ല രീതിയിൽ ആഘോഷിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് കുട്ടികൾ കുറവാണെങ്കിലും കൂടുതൽ രക്ഷിതാക്കൾ പങ്കാളിയായി എന്നുള്ളത് വളരെ അതിശയകരമായ ഒരു കാര്യമായിരുന്നു. കൃത്യം ഒൻപതു മണിക്ക് പി.ടി.എ പ്രസിഡന്റ് സ്വാമിനാഥൻ കൊടി ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ആഘോഷത്തിന് തുടക്കം കുറിച്ചു. പിന്നീട് പി ടി എ പ്രസിഡന്റ് സ്വാമിനാഥൻ, വാർഡ് കൗൺസിലർ മണികണ്ഠൻ, ഹെഡ്മിസ്ട്രസ് ഷൈലജ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീജിത്ത്, മുൻ പി ടി എ പ്രസിഡന്റ് രഞ്ജിത്ത് കെ.പി, എക്സിക്യൂട്ടീവ് അംഗം ശശികുമാർ, രക്ഷിതാവായ രൂപേഷ് തുടങ്ങിയവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പരിപാടികൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിന പതിപ്പുകൾ, പ്രസംഗം, കഥ, കവിത, പ്രചന്ന വേഷം, ദേശഭക്തിഗാനം എന്നീ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ചത് എന്ന രീതിയിലുള്ള പരിപാടികളായിരുന്നു എല്ലാ ക്ലാസ്സുകാരും അവതരിപ്പിച്ചത്. ഓരോ പരിപാടിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുക എന്നത് ജി.വി.എൽ.പി സ്കൂളിന്റെ മുഖമുദ്രയാണ്. ഞങ്ങളുടെ വിദ്യാലയം പ്രവർത്തിക്കുന്ന നഗരസഭ പ്ലാസ്റ്റിക് നിരോധിച്ചതിന്റെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മാതൃകാപരമായ ഒരു ചിന്താഗതിയാണ് ഞങ്ങൾ മുന്നോട്ട് വച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അനുസ്തൂഭ്, അനർഗയാ എന്നിവരുടെ രക്ഷിതാവായ ആഞ്ചലിൻ ബാബു അവർകളുടെ സഹായത്തോടെ എല്ലാ കുട്ടികൾക്കും വിത്ത് നിറച്ച് കടലാസ് കൊടികൾ വിതരണം ചെയ്തു. പൂർണമായും പ്ലാസ്റ്റിക് ഇല്ലാതെ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കുന്ന ഈ ചിന്താഗതിയെ എല്ലാവരും പ്രശംസിക്കുകയും, അധിശയിക്കുകയും ചെയ്തു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മാത്രമല്ല ഭാരതമാതാവിന്റേയും, നെഹ്റുവിന്റേയും വേഷത്തിലെത്തിയ കുരുന്നുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിന് കൂടുതൽ ആനന്ദം നൽകി. അധ്യാപക പരിശീലനത്തിന് വന്ന വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും വളരെ ആവേശകരമായ അനുഭൂതി നൽകി. തുടർന്ന് എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.


എന്റെ പത്രം

നമ്മുടെ ജി.വി.എൽ.പി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വരുത്തുന്നതിന്റെ ഭാഗമായുള്ള എന്റെ പത്രം പദ്ധതി ഓഗസ്റ്റ് 21ന് സി.പി.എം. ഏരിയ സെക്രട്ടറി ശിവപ്രകാശ് സ്കൂൾ ലീഡർക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.





മധുരം മലയാളം

നമ്മുടെ സ്കൂളിൽ ചിറ്റൂർ ജയിൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധുരം മലയാളം പദ്ധതി ആരംഭിച്ചു. ദിനംപ്രതി സ്കൂളിലേക്ക് അഞ്ച് മാതൃഭൂമി പത്രം വിതരണം ചെയ്യുക എന്നതാണ് മധുരംമലയാളം പദ്ധതിയുടെ ലക്ഷ്യം. ഓഗസ്റ്റ് 22ന് ബഹുമാന്യനായ ചിറ്റൂർ, തത്തമംഗലം നഗരസഭ ചെയർമാൻ മധുവാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ജയിൻസ് ക്ലബ് ഭാരവാഹികളും സത്കർമ്മത്തിൽ പങ്കാളികളായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ അഞ്ച് കുട്ടികൾ പത്രം ഏറ്റുവാങ്ങിക്കൊണ്ട് മധുരം മലയാളം പദ്ധതിയെ ഉജ്ജ്വലമായി വരവേറ്റു.




പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ തത്സമയ സംപ്രേഷണം

ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ എന്ന പരിപാടിയുടെ നേർകാഴ്ച കുട്ടികൾക്ക് പുതിയൊരു അനുഭവമായി മാറി. ഹോക്കി മാന്ത്രികനായ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ കായിക വളർച്ചയെ ഉയർത്തിക്കൊണ്ടുവരാനായി ആരംഭിച്ച പരിപാടിയാണ് ഫിറ്റ് ഇന്ത്യ. ഇന്ത്യയുടെ പുരോഗതിക്കായി നടത്തുന്ന പരിപാടികളെക്കുറിച്ചും, ആനുകാലികമായി മാറുന്ന കാര്യങ്ങളെക്കുറിച്ചും ഞങ്ങളുടെ കുട്ടികൾ മനസ്സിലാക്കുന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. മാത്രമല്ല ഇത്തരം അറിവുകൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാൻ അധ്യാപകർ കാണിക്കുന്ന ഉത്സാഹവും, പ്രവർത്തനങ്ങളുമാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ തനതായ ശൈലി.


സെപ്റ്റംബർ

ഐക്യത്തിന്റെ ആവേശത്തിമിർപ്പിൽ വീണ്ടും ഒരു പൊന്നോണം

ഒത്തൊരുമയുടേയും, സ്നേഹത്തിന്റേയും ആവേശക്കടലിൽ ഒരു പൊന്നോണം കൂടി. എല്ലാ വർഷത്തെയും പോലെ തന്നെ വളരെ ഗംഭീരമായി ആഘോഷിച്ചു.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും, രക്ഷിതാക്കളും ഒത്തിണങ്ങിയ ഒരു ആഘോഷമായിരുന്നു ഈ വർഷത്തെ ഓണാഘോഷം. സെപ്തംബർ 6 വെള്ളിയാഴ്ചയായിരുന്നു ഓണാഘോഷം. കുട്ടികൾക്ക് വിപുലമായ ഒരു ഓണസദ്യ ഉണ്ടായിരുന്നു. ഈ ഓണസദ്യ സ്കൂളിൽ തന്നെയാണ് പാചകം ചെയ്തത്. നേരത്തെ തന്നെ അധ്യാപകരും, രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിച്ചേരുകയും, ഓണസദ്യയ്ക്ക് വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വളരെ ഒത്തൊരുമയോടു കൂടിയ ആ കാഴ്ച വളരെ ആനന്ദഭരിതമായിരുന്നു. തുടർന്ന് കുട്ടികളെ മാവേലി, വാമനൻ, പുലിക്കളിക്കാർ തുടങ്ങിയ വേഷങ്ങൾ അണിയിച്ചു കൊണ്ട് സ്കൂളിന്റെ തിരുമുറ്റത്ത് കൊണ്ടുവരികയും, എല്ലാ വിദ്യാർത്ഥികളും അണിനിരന്ന് ഘോഷയാത്ര നടത്തുകയും ചെയ്തു. എല്ലാ ക്ലാസുകളിലും വർണ്ണാഭമായി ഒരുക്കിയിരുന്ന പൂക്കളം കാണാനാണ് മാവേലി ആദ്യം ചെന്നത്. തുടർന്ന് വിദ്യാലയം അങ്കണത്തിലേക്കും, പാചകപ്പുരയിലേക്കും മാവേലിയെ ആനയിച്ചു കൊണ്ടുപോയി.തുടർന്ന് ഓണാഘോഷ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾ പാടി കുട്ടികളും, രക്ഷിതാക്കളും ആഹ്ലാദ ലഹരിയിൽ മുഴുകി. വളരെ സന്തോഷഭരിതമായ ഒരു നിമിഷം കൂടിയായിരുന്നു ഇത്. ഏകദേശം ഉച്ചയോടെ ഓണസദ്യ കഴിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്തെ ഓണാഘോഷത്തിന് വളരെയേറെ വ്യത്യസ്തകൾ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് നിരോധിച്ച നഗരസഭയായതിനാൽ പൂർണമായും പ്ലാസ്റ്റിക്കിനെ തുടച്ചുനീക്കി, പ്രകൃതി സൗഹൃദപരമായ ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾ നടത്തിയത്. ഓണസദ്യക്ക് കഴിക്കാനുള്ള ഇല വാഴയിലയായിരുന്നു. മാത്രമല്ല പ്ലാസ്റ്റിക് ഗ്ലാസിനു പകരം സ്റ്റീൽ ഗ്ലാസാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പൂക്കളമിടാൻ നാടൻ പൂവുകളാണ് കുട്ടികൾ ഉപയോഗിച്ചത്. വളരെ വിഭവസമൃദ്ധമായ ഒരു സദ്യയായിരുന്നു. സാമ്പാർ, കൂട്ടുകറി, തോരൻ, രസം, മോര്, പപ്പടം, കായവറുത്തത്, പാൽപ്പായസം, ഇഞ്ചിപ്പുളി തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളുണ്ടായിരുന്നു. അധ്യാപകരും, രക്ഷിതാക്കളും, പി.ടി.എ. അംഗങ്ങളും ചേർന്നാണ് ഓണസദ്യ വിളമ്പിയത്. സമ്പൽസമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും ആഘോഷമാണ് ഓണം. അതിൽനിന്നും വ്യത്യസ്തമായി ഐക്യത്തിന്റേയും, ഐശ്വര്യത്തിന്റേയും, സ്നേഹത്തിന്റേയും ഒത്തുകൂടലായിരുന്നു ഞങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം.

കലാ സാംസ്കാരിക ക്ലബ് ഉദ്ഘാടനം

ജി.വി.എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നേവരെ നടന്നിട്ടില്ലാത്ത ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഇന്ന് (16.09.2019). ഞങ്ങളുടെ വിദ്യാലയത്തിന്റെ കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയിരുന്നത് ലോക റെക്കോർഡ് ജേതാവായ അഭിലാഷ് പുതുക്കാടാണ്. വളരെ ആഹ്ലാദകരമായ ഒരു മുഹൂർത്തമായിരുന്നു. അദ്ദേഹം പ്രശസ്ത ഗായിക എസ്. ജാനകി അമ്മയെക്കുറിച്ച് എഴുതിയ ആലാപനത്തിലെ തേനും വയമ്പും എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കാനാണ് വിദ്യാലയത്തിലേക്കെത്തിയത്. ഒരു ഗായികയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമാണിത്. മാത്രമല്ല ഈ പുസ്തകത്തിന് ദേശീയ,അന്തർദേശീയ തലത്തിൽ 36 ലധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹം തൻന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, ഈ പുസ്തകം എഴുതാനുള്ള കാരണം തന്റെ അമ്മയാണെന്നും കുട്ടികളോട് പറഞ്ഞു. മാത്രമല്ല എസ്. ജാനകി അമ്മയുടെ ചില ഗാനങ്ങൾ കുട്ടികളെ കേൾപ്പിച്ചപ്പോൾ അവർ അത്യന്തം ഉത്സാഹഭരിതരായി മാറി. ഏകദേശം 11 വർഷം എടുത്താണ് തന്റെ പുസ്തക രചന പൂർത്തിയാക്കിയത്. പ്രശസ്ത ഗായിക പി.ലീല പഠിച്ച വിദ്യാലയത്തിൽ അദ്ദേഹത്തിന് വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷിക്കുന്നുവെന്ന് കുട്ടികളോട് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യവും, തനിമയും അനുഭവിക്കണമെങ്കിൽ എസ്. ജാനകി പാടിയ മലയാളം പാട്ടുകൾ കേൾക്കണമെന്നും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. പ്രധാനാദ്ധ്യാപിക ഷൈലജക്ക് തന്റെ പുസ്തകം നൽകി. തുടർന്ന് കലാ സാംസ്കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായി അഭിലാഷ് പുതുക്കാട് അറിയിച്ചു. കുട്ടികൾക്ക് മൂല്യമേറിയ ഒരു അനുഭവ പാഠം അദ്ദേഹം പറഞ്ഞു കൊടുത്തു. എസ്. ജാനകി എന്ന ഗായിക പഠിച്ചിട്ടില്ല. സംഗീതം അഭ്യസിച്ചിട്ടില്ല. എന്നിട്ടും അവർ ലോക പ്രശസ്ത ഗായികയായി മാറി. ഇതിന്റെ കാരണം എന്തെന്നു വച്ചാൽ അവർ തന്റെ ജോലിയിൽ ജീവിതം സമർപ്പിച്ചു. ജോലിയെ ദൈവമായി കണ്ടു. പ്രതിഫലം നോക്കാതെ പ്രവർത്തിച്ചു. അതുകൊണ്ട് നമ്മൾ സത്യസന്ധമായി നമ്മൾ ചെയ്യുന്ന ജോലിയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്ക് ഉയർച്ചയുണ്ടാവും. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ ചെയ്യണമെന്നും അഭിലാഷ് പുതുക്കാട് പറഞ്ഞു. വളരെ പുതിയ ഒരു അനുഭൂതിയാണ് അവിടെ അനുഭവപ്പെട്ടത്. തുടർന്ന് അദ്ധ്യാപിക സുപ്രഭ നന്ദി പറഞ്ഞു കൊണ്ട് പരിപാടിക്ക് സമാപനം കുറിച്ചു.


ആധുനിക മാറ്റങ്ങളെ അനുവർത്തിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് - 2019

19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.


ഭാഷാ പിതാവിന്റെ ധന്യസ്മരണയിൽ...

കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു. തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം. വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.


ഉല്ലാസഗണിതം

ഒന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന എസ്.എസ്.കെയുടെ നൂതന പദ്ധതിയാണ് ഉല്ലാസഗണിതം. പാട്ടിലൂടെയും, കഥയിലൂടെയും, വർക്ക്ഷീറ്റുകളിലൂടെയും, കളിലൂടെയും ഗണിതം ഉല്ലാസമാക്കുന്ന പ്രവർത്തനങ്ങളാണ്. കുട്ടികൾ സ്വയം പഠിക്കാൻ അവസരമൊരുക്കുകയും ഗണിതശേഷികൾ പൂർണമായും ആർജ്ജിക്കാൻ വഴിയൊരുക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.നമ്മുടെ സ്കൂളിൽ 26.06.2019 വ്യാഴാഴ്ച ഉല്ലാസഗണിതം മുനിസിപ്പൽ തല ഉദ്ഘാടനം നടന്നത്. വാർഡ് കൗൺസിലർ ശിവകുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സ്വാമിനാഥൻ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. പ്രധാനാധ്യാപിക ഷൈലജ സ്വാഗതം പറഞ്ഞു. അദ്ധ്യാപികമാരായയ സുനിത ആശംസയും, ജയശ്രീ നന്ദിയും പറഞ്ഞു. ഉല്ലാസഗണിതത്തെക്കുറിച്ച് BRC കോർഡിനേറ്റർ ജീന ആധികാരികമായി അവതരിപ്പിച്ചു. ഉദ്ഘാടനം നടത്തിയത് വ്യത്യസ്ത രീതിയിലായിരുന്നു. കളി കളിച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് കൗൺസിലറായ ശിവകുമാർ, ഒന്നാം ക്ലാസുകാരിയായ അഞ്ജലീന എന്നിവർ ചേർന്ന് പൂവും, പൂമ്പാറ്റയും എന്ന കളി കളിച്ചു കൊണ്ടാണ് ഉല്ലാസഗണിതത്തെ ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു.ഒന്നാംതരത്തിലെ കുട്ടികൾ ഗണിത പരിപാടികൾ അവതരിപ്പിച്ചു. ഉല്ലാസഗണിതം 34 കളികൾ 6 സ്റ്റേജായി 50 മണിക്കൂർ പാക്കേജാണ്. സെപ്റ്റംബർ 23ന് തുടങ്ങി ജനുവരി പകുതിയിൽ അവസാനിപ്പിക്കേണ്ട ഒരു വളരെ നല്ല പദ്ധതിയാണ്.


ക്ലാസ് പിടിഎ

ഓണ പരീക്ഷയുടെ നിലവാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 26.9.2019ന് ക്ലാസ് പിടിഎ നടത്തുകയുണ്ടായി.


പാഠം ഒന്ന് പാടത്തേക്ക്

മകം നാളിൽ പാഠം1 പാടത്തേക്ക് പരിപാടിയുടെ ഭാഗമായി കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ചിറ്റൂർ വാൽമുടിയിലുള്ള ചെല്ലൻ എന്ന കർഷകന്റെ വയലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നെൽകൃഷിയെയും, മണ്ണിനേയും തൊട്ടറിയുവാൻ 26.9.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40 തോടുകൂടി യാത്ര ആരംഭിച്ചു. പാടവരമ്പിലൂടെ നെൽക്കതിരിന്റെ ഗന്ധമേറ്റ് ഞങ്ങൾ നടന്നു. ചെല്ലൻ എന്ന കൃഷിക്കാരന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു യാത്ര. അവിടെ പത്തായപ്പുരയും, പഴയ പാത്രങ്ങളും കണ്ടു. ഇത്തരത്തിലുള്ള വീടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർ 20 വർഷമായി കൃഷി ചെയ്യുന്നു. കുട്ടികൾ അവരുമായി അഭിമുഖ സംഭാഷണം നടത്തി.

  • എത്ര ഏക്കർ കൃഷിയുണ്ട്?
  • ഏതു നെല്ലാണ് കൂടുതലായി കൃഷി ചെയ്യുന്നത്?
  • ലാഭം ഉണ്ടോ?
  • ജൈവകൃഷിയാണോ?
  • ആരാണ് സഹായിക്കുന്നത്?
  • എന്തൊക്കെ വിത്തുകളാണ് കൃഷി ചെയ്യുന്നത്? .... തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾ കൃഷികാരനോട് ചോദിച്ചു മനസ്സിലാക്കി.

അവർ പറഞ്ഞുതന്ന കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചെടുത്തു. തുടർന്ന് കൃഷിയിടത്തിലേക്ക് നടന്നു. കൃഷിഭവനിലെ കൃഷി ഓഫീസറായ രാധാകൃഷ്ണൻ, സുരേഷ് ബാബു എന്നിവർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അവർ കുട്ടികളോട് സംസാരിച്ചു. കൃഷിയോടുള്ള താല്പര്യം വളർത്താനും, മണ്ണിനെ അറിയാനുമുള്ള അവസരത്തിനായി എല്ലാ കുട്ടികൾക്കും വിത്തുകൾ നിറച്ച പാക്കറ്റുകൾ നൽകി. അധികസമയം പാടവരമ്പിൽ കളിച്ചു നടക്കാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാവർക്കും ഉണ്ടായി. എന്നാൽ വിത്തുകൾ കിട്ടിയ സന്തോഷത്തിലും, അതു വളർത്താനുള്ള തിടുക്കത്തിലും ഞങ്ങൾ ഈ വിഷമം മറന്നു. ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്ന ചെല്ലാൻ എന്ന കർഷകനും, കൃഷിഭവനിലെ സാറുമാർക്കും നന്ദി പറഞ്ഞു കൊണ്ട്, പാടവരമ്പിലൂടെ കഥകൾ പറഞ്ഞ്, കാഴ്ചകൾ കണ്ടു പാലുറയ്ക്കാത്ത നെൽക്കതിരുകൾ മണത്തു ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. തിരുത്തലുകൾ മണത്തു ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. ഒരിക്കലും മറക്കാത്ത ഞങ്ങളുടെ ഈ യാത്ര... ഇതുപോലെ ഇനിയൊരു യാത്ര കൊതിച്ച്...


സ്കൂൾ കായികമേള

നമ്മുടെ സ്കൂളിലെ 27.09.2019ന് നടന്ന കായികമേള കുട്ടികൾക്ക് ആവേശവും, ആഹ്ലാദവും പ്രധാനം ചെയ്തു. 2019 -20 അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. പ്രീ - പ്രൈമറി വിഭാഗത്തിന് കായികമേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഗെയിംസ് ഇനങ്ങൾ നടത്തി. ഒന്നു, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരം, റിലേ എന്നീ ഇനങ്ങളിലും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിലും മത്സരങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടത്തി. 50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു. കായികമേഖലയിൽ കുതുകികളായ കുട്ടികൾക്ക് ഒരു സ്വർണ്ണദിനമായിരുന്നു സ്പോർട്സ് ഡേ.



വിദ്യാലയത്തിലെ കലാപാരമ്പര്യത്തിന് മാറ്റേകി കലോത്സവം - 2019

കലാപാരമ്പര്യത്തിൽ തിളങ്ങി നിൽക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിൽ 30.9.2019 തിങ്കളാഴ്ച കലോത്സവം അരങ്ങേറി. കുഞ്ഞു കുരുന്നുകളുടെ കലാവാസനയെ പുറത്തെടുക്കാനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഒരു വേദിയായിരുന്നു കലോത്സവം. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. എല്ലാ കുട്ടികളും വളരെ ആകാംഷയോടെയും, ഉത്സാഹത്തോടെയും കൂടിയാണ് പങ്കാളികളായത്.പദ്യം ചൊല്ലൽ, പ്രസംഗം, കഥാകഥനം, ആംഗ്യപ്പാട്ട്, ലളിത ഗാനം, മാപ്പിളപ്പാട്ട്, തിരുക്കുറൽ തുടങ്ങിയ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ഓരോ പരിപാടികളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.


എല്ലാ കുട്ടികൾക്കും സമ്മാനം

പൊതുവേ കലോത്സവത്തിലും, മറ്റ് ഏതു മത്സരങ്ങളിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ കുട്ടികൾക്കാണ് സമ്മാനം കിട്ടുന്നത്. ഇത് മറ്റുള്ള കുട്ടികൾക്ക് വിഷമം ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ എല്ലാ കുട്ടികൾക്കും സമ്മാനം വേണമായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അൽന ലാലുവിന്റെ മുത്തശ്ശി റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് റാണി ഫിലോമിനയാണ് ഈ വിദ്യാലയത്തിൽ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പെൻസിൽ സമ്മാനമായി കൊടുത്തത്. പരിപാടികളിൽ പങ്കെടുക്കാൻ കുട്ടികളിൽ താല്പര്യം വളർത്തുക മാത്രമല്ല; സമ്മാനം കിട്ടിയില്ല എന്ന വിഷമം ഒരു കുട്ടിക്കും ഉണ്ടാകുകയുമില്ല. കുട്ടികളുടെ മനസ്സിനെ മനസ്സിലാക്കുകയും, സമ്മാനം നൽകുകയും ചെയ്ത റാണി ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിച്ചു. ഇതുപോലെ ഓരോ പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുകയാണെങ്കിൽ താൽപര്യത്തോടെ കുട്ടികൾ എല്ലാ പരിപാടികളിലും പങ്കെടുക്കും എന്നതിൽ ഒട്ടും സംശയമില്ല.




ഒക്ടോബർ

ഗാന്ധിജയന്തി, സേവനവാരം

ഒക്ടോബർ 2, ബുധനാഴ്ച അധ്യാപകരും കുട്ടികളും ട്രെയിനിങ് അധ്യാപകരും നേരത്തെ എത്തിച്ചേർന്നു. സ്കൂളും പരിസരവും വൃത്തിയാക്കി അനാവശ്യമായ ചെടികൾ നീക്കംചെയ്തു. എല്ലാത്തിനും മേൽനോട്ടമായി അധ്യാപകർ ഉണ്ടായിരുന്നു. തുടർന്ന് ഗാന്ധി പതിപ്പ് പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.

എസ്.ആർ.ജി യോഗം

1.10.2019, എസ്.ആർ.ജി യോഗത്തിൽ ഒക്ടോബർ 16, 17, 18 തിയ്യതികളിൽ എരുത്തേൻപതി സ്കൂളിൽ വച്ച് നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന ഇനങ്ങളെ കുറിച്ചും സമാഹരിക്കേണ്ട സാധനങ്ങളെക്കുറിച്ചുള്ള ക്രോഡീകരണം നടത്തി. തുടർന്ന് സബ്ജില്ലാ കലോത്സവത്തിന് പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷണം ദിനമായ ഒക്ടോബർ 16ന് കുട്ടികൾ കൊണ്ടുവന്ന വിവിധതരം പലഹാരങ്ങളുടെ പ്രദർശനം നടത്തി. ക്ലാസ് തലത്തിലാണ് ഇത് ചെയ്തത്. പലഹാരങ്ങളുടെയും വിവിധതരം ആഹാരസാധനങ്ങളുടെയും വീഡിയോ കാണിച്ചു കൊടുത്തു. ദോഷഫലങ്ങളില്ലാത്ത നാടൻപലഹാരങ്ങളുടെ മേന്മയെക്കുറിച്ച് ചർച്ചചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു.

എസ്.ആർ.ജി യോഗം

ഒക്ടോബർ 31, എസ്.ആർ.ജി യോഗത്തിൽ ശ്രദ്ധ എന്ന പഠന ക്ലാസ്സ് സ്കൂളിൽ എങ്ങനെയാണ് നടത്തേണ്ടത് എന്നത് ചർച്ച ചെയ്തു. മൂന്ന്, നാല് ക്ലാസ്സുകളിലെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്കുവേണ്ടി നടത്തുന്ന നൂതന പരിപാടിയാണ് ശ്രദ്ധ. ഒന്നാംഘട്ടം നവംബർ 1 മുതൽ ഡിസംബർ 13 വരെയും രണ്ടാംഘട്ടം ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയും നടത്തണം. എല്ലാ ശനിയാഴ്ചയും ശ്രദ്ധയുടെ ക്ലാസ് നടത്താൻ തീരുമാനിച്ചു.

നവംബർ

കേരളപ്പിറവി

2019 നവംബർ മാസം പ്രസന്നമായി തന്നെ ആരംഭിച്ചു. ഐശ്വര്യപൂർണ്ണമായ കേരളപിറവി ദിനം വെള്ളിയാഴ്ച ക്ലാസ് തലത്തിൽ ആർഭാടമില്ലാതെ ആഘോഷിച്ചു. കുട്ടികൾ അസംബ്ലിയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

ശ്രദ്ധ

കൂടുതൽ മികവിലേക്ക് ഓരോ കുട്ടിയും ഓരോ ക്ലാസും എന്ന ലക്ഷ്യവുമായി ഈ വർഷവും ശ്രദ്ധ എന്ന പാഠ്യപദ്ധതി നടപ്പാക്കുവാൻ കേരള വിദ്യാഭ്യാസ വകുപ്പ് നിർദേശം തന്നിരുന്നു. നവംബർ 1ന് ഉദ്ഘാടനം നടത്തണമെന്നാണ് നിർദ്ദേശിച്ചത്. അതിന് മുന്നോടിയായി ഒക്ടോബർ 31ന് തന്നെ ഞങ്ങൾ എസ്.ആർ.ജി കൂടി ശ്രദ്ധയുടെ ഉദ്ഘാടനം, നടത്തിപ്പ് എന്നിവ ചർച്ചചെയ്തു തീരുമാനിച്ചു. നവംബർ 1 വെള്ളിയാഴ്ച 10 മണിക്ക് ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചത്. മൂന്ന്, നാല് ക്ലാസ്സുകളിൽ നിന്നായി 25 മലയാളം ക്ലാസ് കുട്ടികളും, 8 തമിഴ് ക്ലാസ് കുട്ടികളും തിരഞ്ഞെടുത്തു. പാദവാർഷിക മൂല്യനിർണയത്തിന്റേയും, നിരന്തര മൂല്യനിർണയത്തിന്റേയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്തത്. പഠനത്തിൽ പ്രയാസം അനുഭവിക്കുന്നവർ എന്നതായിരുന്നു മാനദണ്ഡം. നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. മുൻസിപ്പൽ കൗൺസിലർ മണികണ്ഠൻ അവർകളാണ് ഉദ്ഘാടനം ചെയ്തത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ സർക്കാർ ഏർപ്പെടുത്തിയ ശ്രദ്ധ പദ്ധതി കുട്ടികൾക്ക് ഏറെ ഗുണകരമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളിലും നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ അവർകൾ എല്ലാവരേയും സ്വാഗതം ചെയ്തു. പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും, അതിനാൽ മാതാപിതാക്കൾ നിർബന്ധമായും ഈ സംരഭത്തിന് വളരെ പ്രാധാന്യം കൊടുത്ത് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് ശ്രദ്ധയിലുള്ള കുട്ടികൾക്ക് നോട്ട് ബുക്ക് വിതരണം ചെയ്തു. അദ്ധ്യാപിക ഹേമാംബിക എല്ലാവർക്കും നന്ദി പറഞ്ഞു. യോഗം അവസാനിച്ചു.

എസ്.ആർ.ജി യോഗം

നവംബർ 13, എസ്.ആർ.ജി യോഗം ചേർന്നു. വിദ്യാലയം പ്രതികളോടൊപ്പം എന്ന ഒരു പരിപാടി സർക്കാർ നിർദ്ദേശപ്രകാരം നടപ്പിലാക്കാനുള്ള ആസൂത്രണങ്ങൾ നടന്നു. തുടർന്ന് ശിശുദിനം ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയെക്കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നു. ഉച്ചഭക്ഷണ ഇടവേളയിൽ ചെന്ന് പ്രതിഭകളെ ആദരിക്കാൻ തീരുമാനിച്ചു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട നല്ല ഒരു അനുഭവം തന്നെയായിരുന്നു.


കുട്ടികളുടെ സ്വന്തം ചാച്ചാജി - നവംബർ 14, ശിശുദിനം

ഈ വർഷത്തെ ശിശുദിനാഘോഷം വളരെ ഗംഭീരമായി നടന്നു. പ്രീപ്രൈമറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ വിദ്യാലയത്തിന് കൗതുകമുണർത്തുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു. പ്രധാനധ്യാപിക ഷൈലജ ടീച്ചർ എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ നേർന്നു. തുടർന്ന് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.അത് കുട്ടികൾക്ക് രസകരമായൊരു കാഴ്ച്ച തന്നെയായിരുന്നു.പ്രീ പ്രൈമറിയിലെ കുരുന്നുകളായ സൗപർണിക, ശ്രേയ തുടങ്ങിയവരുടെ ശിശുദിന പ്രസംഗം ശിശുദിനത്തിന് പത്തരമാറ്റിന്റെ ശോഭയേകി. മാത്രമല്ല വലിയ കുട്ടികൾക്ക് അതൊരു പ്രചോദനവുമായിരുന്നു. എല്ലാ കുരുന്നുകളും ശിശുദിനാഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് വിദ്യാലയത്തിന്റെ ഒരു മേന്മയും, അധ്യാപകരുടെ പ്രോത്സാഹനവുമാണ്. എല്ലാ ക്ലാസിലെ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു. പ്രസംഗം, പതിപ്പ് പ്രദർശനം, ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ശിശുദിനാഘോഷത്തിന് കൂടുതൽ വർണ്ണപ്പകിട്ടേകി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. നെഹ്റുവിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾക്കായി അദ്ദേഹം കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ചാച്ചാജിയെക്കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്ന വലിയ സന്ദേശവും കുട്ടികൾക്ക്‌ പറഞ്ഞ് കൊടുത്തു കൊണ്ട് ശിശുദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു.


നവംബർ 20, എസ്.ആർ.ജി യോഗം

  • മാലിന്യമുക്ത സ്കൂളും പരിസരവും
  • ബാലാവകാശ നിയമം 2019- 20
  • രക്ഷാകർതൃ ശാക്തീകരണം

എന്നീ പരിപാടികളെക്കുറിച്ച് എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്തു. നവംബർ 29 ന് രക്ഷാകർത്തൃശാക്തീകരണം നടത്താനും ബി.ആർ.സി യിൽ അറിയിക്കാനും തീരുമാനിച്ചു.

ഡിസംബർ

ക്രിസ്തുമസ്

ക്രിസ്തുമസ് ആഘോഷം പതിവിലും നേരത്തെ തന്നെ ക്രിസ്തുമസ് പുൽക്കൂടും നക്ഷത്രങ്ങളും ക്ലാസിൽ ഒരുക്കി.ഇത് കൂടുതൽ ദിവസം പുൽക്കൂട് കാണാനുള്ള അവസരം ഒരുക്കി. 19-ാം തിയ്യതി തന്നെ എല്ലാ കുട്ടികൾക്കും അദ്ധ്യാപിക ലില്ലിയുടെ വക കേക്ക് നൽകി. കരോൾ ഗാനങ്ങൾ പാടി. ഓരോ ക്ലാസുകാരും അവർക്കാകുന്ന വിധം പുൽക്കൂട് ക്ലാസിൽ തയ്യാറാക്കി. ഡിസംബർ 20ന് ക്രിസ്തുമസ് അവധിക്കായി ക്ലാസുകൾ അടച്ചു.




ജനുവരി

പുതുവർഷം

ജനുവരി 1 ന് അസംബ്ലിയിൽ പ്രധാനധ്യാപിക ഷൈലജ ടീച്ചർ കുട്ടികൾക്ക് പുതുവത്സരാശംസകൾ നേർന്നു. എല്ലാ കുട്ടികളും പരസ്പരം ആശംസാകാർഡുകൾ നൽകി പുതുവർഷത്തെ വരവേറ്റു. വർണ്ണ ശബളമായ പുതുവർഷത്തെ കേക്ക് മുറിച്ച് കൊണ്ട് കൂടുതൽ ആഘോഷഭരിതമാക്കി. ഈ വർഷത്തെ എല്ലാ ദിനങ്ങളും മധുരമായി ഭവിക്കുന്ന പുതുവത്സരമാകട്ടെ ഈ വർഷം എന്ന് എല്ലാവരും ആശംസിച്ചു.




ജനറൽ ബോഡിയോഗവും ക്ലാസ് പിടിഎ

ജനറൽ ബോഡി യോഗം ജനുവരി 3ന് വെള്ളിയാഴ്ച്ച നടത്തി. ഇരുന്നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു. ഈ യോഗത്തിൽ പ്രധാനമായും മൂന്നു വിഷയങ്ങളാണ് ചർച്ച ചെയ്തത്.ഒന്ന് പഠനയാത്ര, അഞ്ജലീനയ്ക്ക് സഹായനിധി, വാർഷികാഘോഷം എന്നിവയാണ്. ഓരോ കാര്യത്തിലും രക്ഷിതാക്കളുടേയും പിടിഎ യുടെയും സഹകരണത്തോടെ ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. പഠനയാത്ര എറണാകുളത്തേക്കും ,വാർഷികാഘോഷം മാർച്ച് ആദ്യവാരത്തേക്കും നടത്താൻ തീരുമാനമായി. ശേഷം ക്ലാസ് പിടിഎ നടത്തി. കുട്ടികളുടെ ക്രിസ്മസ് പരീക്ഷയുടെ മാർക്ക് വിലയിരുത്തുന്നതിനും പ്രോഗ്രസ് കാർഡിൽ ഒപ്പിടുന്നതിനും വേണ്ടിയായിരുന്നു ക്ലാസ് പിടിഎ.



വാനനിരീക്ഷണം

ചന്ദ്രനെയും മറ്റ് ആകാശഗോളങ്ങളെയും കുട്ടി കൾക്ക് പരിചയപ്പെടുത്താൻ വേണ്ടി യാണ് ഈ പ്രവർത്തനം ആസൂത്രണംചെയ്തത്. തഹസിൽദാറും പരിക്ഷത്തിന്റെ പ്രവർത്തകനുമായ ലിയോയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. ജനുവരി 7ന് 5.30തോടുകൂടി കുട്ടികൾ സ്കൂളിലെത്തി. ആകാശഗോളങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ക്ലാസ് എടുത്തു. തുടർന്ന് ടെലിസ്കോപ്പിലൂടെ ചന്ദ്രനെ കാണിച്ചു കൊടുക്കുകയുംചെയ്തു. ചന്ദ്രക്കലയിലെകുണ്ടുംകുഴിയും കുട്ടികൾ കണ്ടു. ഒരു പപ്പടത്തിനെ പോലെയായിരുന്നു ചന്ദ്രൻ.. 100ൽ കൂടുതൽ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. രാത്രി 9 മണിയോടുകൂടി വാനനിരീക്ഷണം അവസാനിച്ചു.


പഠനോത്സവം - പ്രതിഭാസംഗമം 2019..!

വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനോത്സവം ജി. വി. എൽ. പി. സ്കൂൾ പഠനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തി. പ്രതിഭാസംഗമം എന്ന പേരാണ് പഠനോത്സവത്തിന് ഞങ്ങൾ തിരഞ്ഞെടുത്തത്. ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള തുഞ്ചത്താചാര്യൻ സ്മാരക ലൈബ്രറിയുടെ അങ്കണത്തിൽ വെച്ച് 14.2.2019 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ കെ. മധു പ്രതിഭാസംഗമത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ ശിവകുമാർ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ലൈബ്രേറിയൻ, പിടിഎ പ്രസിഡണ്ട് കെ.പി രഞ്ജിത്ത്, പ്രധാന അധ്യാപിക ശൈലജ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ രാജീവൻ, ബിപിഒ മനുചന്ദ്രൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ചിറ്റൂരിന്റെ ഹൃദയഭാഗത്തുള്ള സ്ഥലമായതുകൊണ്ട് നിരവധി പൊതുജനങ്ങളും, രക്ഷിതാക്കളും പ്രതിഭാസംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഉണ്ടായിരുന്നു. തുടർന്ന് ഞങ്ങളുടെ കുരുന്നു പ്രതിഭകളുടെ മികവിന്റെ പ്രകടനം സദസ്സിനു മുമ്പിൽ കാഴ്ചവച്ചു. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വൈവിധ്യമാർന്ന ഒരു പഠനോത്സവമായിരുന്നു എന്നതിൽ ഞങ്ങൾ വളരെയേറെ സന്തോഷിക്കുന്നു. സ്കൂളിലെ കുരുന്നു പ്രതിഭകളുടെ പഠനമികവിന്റെ നേർകാഴ്ച കാണികളെ വളരെ വിസ്മയിപ്പിച്ചു. കവിത, നാടൻപാട്ട്, പ്രസംഗം, കൃഷിപ്പാട്ട്, പാവനാടകം, യോഗ പ്രകടനം, ഗണിതശാസ്ത്രത്തിലെ ഒരു ഉഗ്രൻ ദൃശ്യാവിഷ്കാരം (ഉടൻ സമ്മാനം) പിക്ചർ ഡിസ്ക്രിപ്ഷൻ, ഇംഗ്ലീഷ് സ്പീച്, മോഷണം തെറ്റാണ് എന്ന സാമൂഹ്യബോധം ഉണർത്തികൊണ്ട് രണ്ടാം ക്ലാസിലെ കുരുന്നുകൾ അവതരിപ്പിച്ച നാടകം, ദണ്ഡിയാത്ര, തമിഴ് ഭാഷയുടെ തനിമ ഓർമിപ്പിച്ച് കൊണ്ടുള്ള ഒരു കുമ്മിയടി തുടങ്ങിയ നിരവധി പഠന മികവുകളാണ് പ്രതിഭാസംഗമത്തിൽ അരങ്ങേറിയത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഒരു ദുരന്തമാണ് 2018 നടന്ന പ്രളയം. പ്രളയവും, പ്രളയത്തിന്റെ ദുരിത കാഴ്ചകളും മലയാളികളുടെ മനസ്സിൽ മായദുരന്തവുമായി എന്നും ആളിക്കത്തുന്നുണ്ട്. പ്രളയത്തിന്റെ നേർകാഴ്ചകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഞങ്ങളുടെ കുരുന്നുകൾ നടത്തിയ പ്രളയ ദൃശ്യാവിഷ്കാരം പ്രതിഭാസംഗമത്തിന്റെ യശസ്സ് വാനോളം ഉയർത്തി എന്നുതന്നെ പറയാം. കാണികളെ പ്രളയ കാഴ്ചകളുടെ സത്യത്തിന്റെ ഉറവിടത്തിലേക്ക് ചിന്തിക്കാൻ ഈ പ്രകടനം കൊണ്ട് സാധിച്ചു. ഈ മഹാപ്രളയത്തിന് കാരണക്കാർ നാം തന്നെ എന്ന യഥാർത്ഥ ബോധം കാണികളിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോ പ്രകടനങ്ങളും വളരെ മൂല്യബോധം ഉള്ളവയും, കാണികൾക്ക് ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ളവയുമായിരുന്നു. പ്രതിഭാസംഗമം എന്ന തലക്കെട്ടിന് 100% ഇണങ്ങിയ കുരുന്നു പ്രതിഭകളുടെ പ്രകടനം തന്നെയായിരുന്നു ഈ പഠനോത്സവം. തുടർന്ന് സീനിയർ അസിസ്റ്റന്റ് ജയശ്രീ നന്ദി പറഞ്ഞുകൊണ്ട് പ്രതിഭാസംഗമം 2018 - 19 സമാപനം കുറിച്ചു.


പഠനോത്സവം - 2

ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ രണ്ടാമത്തെ പഠനോത്സവം ചിറ്റൂർ കാവിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിലാണ് നടത്തിയത്. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ മികവ് പൊതുജനസമക്ഷം അവതരിപ്പിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ ശ്രീ. സ്വാമിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ വിഷയങ്ങളിലുള്ള പഠന മികവുകൾ അവതരിപ്പിച്ചു. നാലാം ക്ലാസ് കുട്ടികളുടെ ചെണ്ടമേളത്തോടെ പഠനോത്സവം ആരംഭിച്ചു. പാവനാടകം, സ്കിറ്റുകൾ, നാടൻപാട്ട്, കവിതാലാപനം, ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. രണ്ടാമത്തെ പഠനോത്സവത്തിലുള്ള എല്ലാ കലാപരിപാടികളും എല്ലാവരെയും ആകർഷിച്ചു. ഇതിൽ കുരുന്നുകളുടെ ചെണ്ടമേളം അതിമനോഹരമായിരുന്നു.

  • കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ ചെണ്ടമേളം


തമിഴ് തെൻട്രൽ

27.01.2020ന് സ്കൂളിൽ തമിഴ് തെൻട്രൽ പരിപാടി നടന്നു. ഹെഡ്മിസ്ട്രസ്സ് ഷൈലജ സ്വാഗതം പറഞ്ഞു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യർത്ഥിയും, ഈ സ്കൂളിലെ പ്രിൻസിപ്പാൾ ആയി പിന്നീട് മലപ്പുറം RDD ആയി റിട്ടയേർഡ് ആയ ശിവൻ ആയിരുന്നു. തമിഴ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും, എല്ലാ കുട്ടികളും മാതൃഭാഷയിൽ തന്നെ പഠിക്കണം എന്ന് പറഞ്ഞു. എങ്കിൽ മാത്രമേ മാനസിക, മാനുഷിക വികാസം ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞു. എല്ലാവരും അവരവരുടെ മാതൃഭാഷയിൽ തന്നേ പഠിച്ച് മുന്നേറണമെന്ന് അഭ്യർത്ഥിച്ചു. മുഖ്യ അതിഥിയായി കൊല്ലങ്കോട് BPO കൃഷ്ണമൂർത്തി പങ്കെടുത്തു. തമിഴിന്റെ പ്രാധാന്യത്തെ കുറിച്ചും, തമിഴ് തെൻട്രലിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു... തുടർന്ന് കുട്ടികളുടെ വില്ലു പാട്ട്, നാടൻപാട്ട്, പദ്യം, ഭാരതിയാർ പ്രച്ഛന്ന വേഷം എന്നിവ ഉണ്ടായിരുന്നു. തുടർന്ന് പക്ഷികളെ കുറിച്ച് വിശദമായ ഒരു വീഡിയോ ഷോയും ക്ലാസ്സും എടുത്തു കൊടുത്തു. അദ്ധ്യാപിക ജയശ്രീ നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു.


ഫെബ്രുവരി

ഇംഗ്ലീഷ് ഫെസ്റ്റ്

ഈ വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് ഫെബ്രുവരി 12ന് നടന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഒരു പരിപാടിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ ശ്രദ്ധ പുലർത്തിപ്പിക്കാനും രസകരമായി പഠിപ്പിക്കാനുമുള്ള പഠന പദ്ധതിയാണ് ഇംഗ്ലീഷ് ഫെസ്റ്റ്. നമ്മുടെ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ റിട്ടയേർഡ് പ്രിൻസിപ്പാളും ഇംഗ്ലീഷ് അധ്യാപികയുമായ സൂര്യകുമാരി നിർവഹിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മേന്മകളെകു്റികുറിച്ച് ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതുകൊണ്ട് എന്ത് പഠിക്കുമ്പോഴും ഇഷ്ടപ്രകാരം പഠിച്ചാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാം എന്ന് പറഞ്ഞുകൊടുത്തു. തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികളുടെ ഇംഗ്ലീഷ് പരിപാടികൾ നടന്നു. കുട്ടികൾ എല്ലാവരും തന്നെ ഇംഗ്ലീഷ് ഫെസ്റ്റിൽ പങ്കാളികളായി. ഒന്നിനൊന്ന് മികവുറ്റ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ചു. ഇംഗ്ലീഷ് ഭാഷയെ ഇഷ്ടപ്പെടാനും അനായാസം കൈകാര്യം ചെയ്യാനുമുള്ള ഒരു മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന് ഒരു ഉദ്യമമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്. വളരെ നല്ല രീതിയിൽ നടത്തുന്നതിൽ അധ്യാപകരും കുട്ടികളും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.


പഠനോത്സവം- വിജയശിൽപം

പഠനോത്സവം ചിറ്റൂർ ജി.വി.എൽ.പി സ്കൂളിലെ 2019 - 20 അധ്യയനവർഷത്തെ പഠനോത്സവം വിജയശിൽപം എന്ന പേരിൽ നടത്തി. തുഞ്ചത്താചാര്യൻ സ്മാരക വായനശാലയിൽ 20.2.2019ന് ചിറ്റൂർ-തത്തമംഗലം നഗരസഭാ കൗൺസിലർ പ്രിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സ്വാമിനാഥൻ അധ്യക്ഷം വഹിച്ചു. പ്രധാനാധ്യാപിക എൻ.കെ ഷൈലജ, ചിറ്റൂർ ബി.പി.സി മനുചന്ദ്രൻ, ലൈബ്രേറിയൻ ഷണ്മുഖൻ, അധ്യാപകനായ ഹിദായത്തുള്ള എന്നിവർ സംസാരിച്ചു. അധ്യാപികയായ ജയശ്രീ നന്ദി പറഞ്ഞു. കുട്ടികളുടെ തനതായ അവതരണ പാടവം പ്രകടമാക്കിക്കൊണ്ടാണ് ഓരോ പ്രവർത്തനങ്ങളും അരങ്ങേറിയത്. ക്ലാസ് മുറികളിൽ നിന്ന് കിട്ടിയ അനുഭവങ്ങളുടെ മികവുറ്റ പ്രതിഫലനമായിരുന്നു പഠനോത്സവ വേദിയിൽ കാണാൻ കഴിഞ്ഞത്. പ്രീ-പ്രൈമറി കുട്ടികൾ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് വിജയശിൽപം ആരംഭിച്ചത്. ഈ കുരുന്നുകളുടെ ഗാനാലാപനം ഏറെ ആകർഷകമായി. ആനപ്പാട്ട് പാടി അവതരിപ്പിച്ച് പഴവർഗങ്ങളുടെ ഗുണങ്ങൾ വിവരിച്ച് ആഴ്ചയിലെ ദിനങ്ങളുടെ ആക്ഷൻ സോങ്ങുമായി ഒന്നാംതരം വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. പാഠഭാഗത്തിത്തിന്റെ നാടകാവിഷ്കാരവും കൃഷിപ്പാട്ട്, ശുചിത്വത്തെക്കുറിച്ചുള്ള സ്കിറ്റ് എന്നിവയും അവതരിപ്പിച്ചുകൊണ്ട് രണ്ടാംതരം വിദ്യാർത്ഥികൾ സമൂഹത്തെ ബോധവൽക്കരിക്കാൻ കൂടി ശ്രമിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു. ഇംഗ്ലീഷ് സോങ്, പഴങ്ങൾ മേനിപറഞ്ഞാൽ എന്നിവയും മികച്ചതായിരുന്നു. പ്രസംഗപാടവം, പാഠഭാഗത്തെ കവിതയുടെ നൃത്താവിഷ്കാരം, ഇംഗ്ലീഷ് പാഠത്തിന്റെ നാടകാവിഷ്കാരം എന്നിവ വെളിവാക്കുന്നതായിരുന്നു നാലാം തരത്തിലെ വിദ്യാർത്ഥികളുടെ അവതരണം. വില്ലുപാട്ട്, പ്രസംഗം, പരീക്ഷണം എന്നീ ഇനങ്ങളോടെ തമിഴ് മീഡിയം വിദ്യാർഥികളും പരിപാടിയുടെ പൊലിമയേറ്റി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിത്തിന്റെ ഭാഗമായി പഠനം സമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉള്ളതായി മാറിയതിത്തിന്റെ ഉത്തമ ഉദാഹരണം കൂടിയായി ഈ വിജയോത്സവം.

ചങ്ങാതിക്കൂട്ടം

ജി.വി.എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സെറിബ്രൽ പാൾസി ബാധിതയായ സാന്ദ്ര. എസ് എന്ന കുട്ടിക്കുവേണ്ടി ഫെബ്രുവരി 22ന് ചങ്ങാതിക്കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. സാന്ദ്രയെ വരവേൽക്കാൻ ജി.വി.എൽ.പി യിലെ എല്ലാ വിദ്യാർഥികളും ഒരുങ്ങിയിരുന്നു. രക്ഷിതാക്കളുടെ കൂടെ വന്ന സാന്ദ്രയെ പൂച്ചെണ്ടുകൾ നൽകിയാണ് സ്കൂളിലെ കുരുന്നുകൾ വരവേറ്റത്. ഭിന്നശേഷി സൗഹൃദപരമായ അസംബ്ലിയും നടത്തിയിരുന്നു. എല്ലാ കുട്ടികളും വളരെ ഉത്സാഹഭരിതരായിട്ടാണ് ഓരോ പരിപാടികളും ആസൂത്രണം ചെയ്തത്. സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് കൊണ്ടുള്ള അസംബ്ലി വളരെ വ്യത്യസ്തമായ ഒരു അനുഭൂതിയാണ് എല്ലാവർക്കും നൽകിയത്. തുടർന്ന് എല്ലാ കുട്ടികളും സാന്ദ്രയെ ക്ലാസ്സിലേക്ക് ആനയിച്ചു കൊണ്ടുപോയി. അധ്യാപകർ എല്ലാവരും കുട്ടിയെ വളരെ സന്തോഷപൂർവ്വം വരവേറ്റു. എല്ലാ ക്ലാസിൽ നിന്നും കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. പാട്ടുകൾ പാടിയും, നൃത്തം ചെയ്തും, കളിച്ചും വളരെ ആനന്ദകരമായ ഒരു വിസ്മയ ലോകത്തേക്ക് കുരുന്നുകൾ എല്ലാവരും സാന്ദ്രയെ കൊണ്ടുപോയി. അവൾ വളരെ സന്തോഷവതിയായിരുന്നു. സ്കൂളിലെ ചങ്ങാതിമാർ എല്ലാവരും ചേർന്ന് ഒരുക്കിയ ചങ്ങാതിക്കൂട്ടം എന്ന പരിപാടി വളരെ വിജയകരമായിത്തീർന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇത്രയധികം പ്രാധാന്യം നൽകിക്കൊണ്ട് പരിപാടി ഒരിക്കിയതിനു സാന്ദ്രയുടെ രക്ഷിതാക്കൾ വളരെ സന്തോഷത്തോടെ മനസ്സുതുറന്ന് എല്ലാ ചങ്ങാതിമാർക്കും, അധ്യാപകർക്കും നന്ദി പറഞ്ഞു.

മാർച്ച്

ശലഭോത്സവം - 2020

ജി.വി.എൽ.പി സ്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷം ശലഭോത്സവം - 2020 എന്ന പേരിൽ അരങ്ങേറി. കാലത്തിന്റെ വിശാലതയിലേക്ക് അനിവാര്യ മാറ്റങ്ങളോടെ നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചു. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. രക്ഷിതാക്കളും, കുട്ടികളും ചേർന്ന് ആയിരത്തിലധികം മഹാജനങ്ങൾ ശലഭോത്സവത്തിൽ പങ്കുചേർന്നു. 2020 മാർച്ച് അഞ്ചിനാണ് നമ്മുടെ വിദ്യാലയത്തിന്റെ ശലഭോത്സവം നടന്നത് വൈകുന്നേരം അഞ്ചുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ശലഭോത്സവത്തിന് പ്രധാനാധ്യാപിക ഷൈലജ സ്വാഗതം പറഞ്ഞു. ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ കെ. മധു ഉദ്ഘാടനം ചെയ്തു. വേദിയിലിരിക്കുന്ന വ്യക്തികൾ നിറ ദീപം കൊളുത്തിക്കൊണ്ടാണ് ശലഭോത്സവത്തിന് ആരംഭം കുറിച്ചത്. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ സ്വാമിനാഥൻ അവർകളാണ്. തുടർന്ന് പ്രധാനാധ്യാപിക സ്കൂളിന്റെ ഒരു വർഷത്തെ റിപ്പോർട്ട് സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ വർഷം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ ആർഷ്യ.എസ്, ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷ വിജയികളായ ആരാമിക.ആർ, ശ്രിയ.എസ്, സൂര്യ സുനിൽകുമാർ.എസ്, വൈഗപ്രഭാ കെ.എ, സനിക.എസ്, ശിവാനി.എസ് തുടങ്ങിയ വിദ്യാർഥികൾക്കും ശാസ്ത്ര പ്രതിഭാ ക്വിസ് മത്സര വിജയിയായ ഇഷാ രഞ്ജിത്ത് എന്ന വിദ്യാർത്ഥിക്കും ചെയർമാൻ ട്രോഫി കൊടുത്തുകൊണ്ട് അനുമോദനം ചെയ്തു. വാർഡ് കൗൺസിലർമാരായ എം. ശിവകുമാർ, കെ. മണികണ്ഠൻ, ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ. രാജീവൻ, ചിറ്റൂർ BPC മനുചന്ദ്രൻ, പൂർവവിദ്യാർഥി ഫോറം കൺവീനർ കെ. ശിവൻ മാസ്റ്റർ തുടങ്ങിയവർ ശലഭോത്സവത്തിന് ആശംസകളർപ്പിച്ചു. വിദ്യാലയത്തിലെ അധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ജയശ്രീ ചടങ്ങിന് നന്ദി പറഞ്ഞു.

ഡാൻസ് അധ്യാപകർ

കൃത്യം 6 30 മണിക്ക് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ഒറ്റപ്പാലം നടനും ട്രുപ്പിന്റെ നേതൃത്വത്തിലുള്ള അധ്യാപകരാണ് കലാപരിപാടികൾ ഏറ്റെടുത്ത് ചെയ്തത്. ഡാൻസ് അദ്ധ്യാപകരായ മണികണ്ഠൻ, പ്രവീൺ, ജംഷീർ, അനിൽ എന്നിവരാണ് കലാപരിപാടികൾ ഏറ്റെടുത്തു നടത്തിയത്. കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു. 30 കലാപരിപാടികളാണ് ഈ വർഷത്തെ ശലഭോത്സവത്തിൽ അരങ്ങേറിയത്. വർണ്ണ ശോഭയുള്ള വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കുട്ടികളെ കാണാൻ വളരെ വിസ്മയം ഉള്ള ഒരു കാഴ്ചയായിരുന്നു. സദസ്സ് മുഴുവൻ ആനന്ദത്തിൽ ആർത്തുല്ലസിച്ചു. ഗണപതിയുടെ സ്തുതിയോടെ തുടങ്ങിയ രംഗപൂജ കാണികൾക്ക് ഒരു അത്ഭുത കാഴ്ച തന്നെയായിരുന്നു. പരിപാടികൾ കുട്ടികൾ തന്നെയാണ് മുന്നോട്ട് നയിച്ചു കൊണ്ടുപോയത്. ഓരോ കലാപരിപാടികൾ തുടങ്ങുമ്പോഴും അവതാരകരായി എത്തിയത് ഈ വിദ്യാലയത്തിലെ കുരുന്നുകൾ തന്നെയാണ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും വളരെ പുതുമയേറിയ ഒരു അനുഭവമായിരുന്നു ഈ വർഷത്തെ ശലഭോത്സവം. ശലഭോത്സവത്തിനു അണിയറയിൽ പ്രവർത്തിച്ചവർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പിടിഎ അംഗങ്ങൾക്കും ഞങ്ങൾ അളവറ്റ രീതിയിൽ നന്ദി അറിയിക്കുന്നു.