ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/വിദ്യാരംഗം/കഥകൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കഥകൂട്ടം

പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കഥ. കഥാകൂട്ടത്തിൽ ഏറെ രസകരമായൊരു അനുഭവമായിരുന്നു അധ്യാപിക ജയശ്രീ കുട്ടികൾക്കുവേണ്ടി ഒരുക്കിയിരുന്നത്. കഥകൂട്ടത്തിന്റെ ഉദ്ഘാടനം ജി.വി.എൽ.പി സ്കൂളിലെ സീനിയർ അധ്യാപിക ജയശ്രീ നിർവ്വഹിച്ചു. പ്രധാനധ്യാപിക ശൈലജ അധ്യക്ഷസ്ഥാനം നിർവഹിച്ചു. വളരെ രസകരമായ ഒരു കഥയിലൂടെയാണ് ടീച്ചർ കുട്ടികളുമായി ആശയവിനിമയം നടത്തിയത്. തുടർന്ന് കുട്ടികൾക്ക് കഥ പറയാനുള്ള അവസരം നൽകി. ഓരോ കഥയും ഉണ്ടാവുന്നത് കഥാകാരന്റെ ഭാവനക്കനുസരിച്ചാണ്. കഥയ്ക്ക് രണ്ട് തലമുണ്ടെന്നും അധ്യാപിക കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കഥയിൽ യഥാർത്ഥ സംഭവങ്ങളും നമ്മൾ സൃഷ്ടിച്ചെടുക്കുന്ന സംഭവങ്ങളും കഥയാക്കി മാറ്റുന്നു. ഒരു കഥ വായിച്ച് അതിന്റെ അർത്ഥം മനസ്സിലാക്കണമെങ്കിൽ എല്ലാവരും നന്നായി വായനശീലം ഉണ്ടാക്കണമെന്നും അധ്യാപിക കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് അധ്യാപിക ഗീത മാനും മുയലും എന്ന ഒരു സൂചന അവതരിപ്പിച്ചുകൊണ്ട് ചെറിയൊരു കഥയുണ്ടാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികൾക്ക് അവതരിപ്പിക്കാൻ അവസരം നൽകി. വളരെ ഭംഗിയായാണ് കുരുന്നുകൾ അവതരിപ്പിച്ചത്. എല്ലാ കുട്ടികളെയും അഭിനന്ദിച്ചു. എല്ലാവർക്കും നല്ല കഥ എഴുത്തുകാരന്മാർ ആകാൻ കഴിയും എന്ന പ്രചോദനം നൽകിക്കൊണ്ട് കഥകൂട്ടം പുതിയൊരു വിസ്മയ ലോകത്തേക്ക് കുട്ടികളെ എത്തിച്ചു.