ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം

പരിസ്ഥിതിയെ സംരക്ഷിക്കാം


പ്രാചീന സമൂഹത്തിൽ നിന്ന് ആധുനിക കാലഘട്ടത്തിലേക്ക് ലോകരാജ്യങ്ങൾ എത്തിനിൽക്കുമ്പോൾ ലോകവും ലോക ജനതയും ജന്തു ലോകവും പരിസ്ഥിതി ആകെത്തന്നെയും പലവിധ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നത് കാണാം, ഇപ്പോൾ പുതിയ പുതിയ പല രോഗങ്ങളും നമ്മെ വേട്ടയാടുന്നു, ഓരോരോ പുതിയ രോഗവും രംഗപ്രവേശനം ചെയ്യുമ്പോഴും അപ്പപ്പോൾ പ്രതിരോധ മാർഗങ്ങളും കണ്ടുപിടിക്കപ്പെടുന്നു. എന്നാൽ ശുചിത്വവും പരിസ്ഥിതി സംരക്ഷണവുമാണ് നിലനില്പിന്റെ ആധാരം എന്ന് കണ്ടെത്തുകയും അതിനു വേണ്ട നടപടിക്രമങ്ങൾ ലോകരാഷ്ട്രങ്ങൾ ആരംഭിക്കുകയും ചെയ്തു.. ഈ ലക്ഷ്യം നേടാൻ നടപടികൾ വ്യത്യസ്തമാണെങ്കിലും വികസിത, വികസ്വര രാഷ്ട്രങ്ങൾ ഒരുപോലെ കൈ കോർത്തിരിക്കുന്നു എന്ന് കാണാം.. ഓരോ രാജ്യത്തെ ജനങ്ങളുടെയും ആയുരാരോഗ്യത്തിന് രോഗപ്രതിരോധ നടപടികൾ അതാത് രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരും ഭരണകർത്താക്കളും ശ്രദ്ധ പതിപ്പിക്കുന്നു എന്നതിൽ നമുക്ക് പ്രത്യാശ പ്രകടിപ്പിക്കാം. എന്നാൽലോകത്തിലെ ഓരോ മനുഷ്യനും പരിസ്ഥിതിക്ക് കോട്ടം വരുത്താതെ നമ്മുടെ നിലനിൽപ്ന്റെ അനിവാര്യത സ്വയം ബോധ്യപ്പെടാത്ത കാലത്തോളം നമുക്ക് രക്ഷയില്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വർധിച്ചു വരുന്നുണ്ട്. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളും അനാവശ്യ ഉപഭോഗ സംസ്കാരവും പരിസ്ഥിതി യുടെ നാശത്തിനു കാരണമാകുന്നു, ആധുനിക ജീവിത ശൈലി, പരിസ്ഥിതി മലിനീകരണത്തിനും തുടർന്ന് ഭൂമിയുടെ നാശത്തിനും ഹേതുവാകുന്നുണ്ടെന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം.
പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാമത്തേത് മലിനീകരണമാണ് , മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി മലിനീകരണ തോതിൽ ഗണ്യമായ വർദ്ധനവ് ഇപ്പോൾ ഉണ്ട്. അതിനാൽ തന്നെ നാം ഇപ്പോൾ അന്തരീക്ഷ താപ നിലയെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ചു ഉത്കണ്ഠാകുലരാണ്, ശുദ്ധ ജല ക്ഷാമമാണ് മറ്റൊരു ദുരന്തം, വായു മലിനീകരണം, ജൈവ വൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടിക്കൊണ്ടിരുന്നു. നോക്കൂ ഇപ്പോൾ ലോകം മുഴുവൻ "ലോക്ക് ഡൌൺ" എന്ന വിളിപ്പേരിൽ അടച്ചിട്ടിരിക്കുകയാണല്ലോ, ലോക്ക് ഡൌൺ കൊണ്ട് ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ട് നമ്മുടെ പരിസ്ഥിതി, ഇപ്പോൾ കാർബൺഡൈഓക്സൈഡ്ന്റെ അളവ് ഗണ്യമായി കുറഞ്ഞു, വാഹന പുക അന്തരീക്ഷത്തിൽ അലയടിക്കുന്നില്ല, അനാവശ്യവും അശാസ്ത്രീയവുമായ ഖനനങ്ങൾ ഇല്ല, തന്റെ മാറ് പിളർന്നിരുന്ന വിശപ്പുകയും പ്ലാസ്റ്റിക് മാലിന്യ തള്ളിച്ചയും ഇല്ലാതായപ്പോൾ നമ്മെ എന്നും ഉയർന്ന അൾട്ര വയലറ്റ് രശ്മികളിൽ നിന്നും അമിത ചൂടിൽ നിന്നും സംരക്ഷിക്കുന്ന ഓസോൺ പാളിക്ക് തന്നെ കുളിരു തോന്നിത്തുടങ്ങിയിട്ടുണ്ട്.
പരിസ്ഥിതി കാണിച്ചു തരുന്ന ഈ അടയാളങ്ങൾ കൃത്യമായി മനസ്സിലാക്കി ആവശ്യമായ നടപടിക്രമം പാലിച്ചു മുന്നോട്ട് പോവുകയാണ് ഇനി നാം ചെയ്യേണ്ടത്. വർഷാവർഷം വരുന്ന ജൂൺ 5 ലോക പരിസ്ഥിതി ദിനമായാണ് നാം ആചരിക്കാറ്. കൊറോണയെന്ന മഹാമാരി ലോകം കീഴടക്കിക്കൊണ്ടിരിക്കുന്നഈ അവസരത്തിൽ ഈ വരുന്ന ജൂൺ അഞ്ചിന് വളരെയേറെ പ്രാധാന്യമുണ്ട്, നമ്മോടൊപ്പം പ്രകൃതി സംരക്ഷണത്തിൽ ലോകം ഇനി കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നതിൽ സംശയമില്ല.പരിസ്ഥിതിക്ക് ഹാനികരമാകാത്ത വിധമുള്ള വികസനപ്രവർത്തനങ്ങൾക്ക് ഭരണകൂടങ്ങളും നിർമാണ മേഖലയും ഊന്നൽ നൽകുമെന്നും നമുക്ക് പ്രത്യാശിക്കാം.

ഹുമൈദതു സ്സആദ. ഒ
6 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം