🎀🎀🎀🎀🎀🎀🎀🎀🎀

*മിഴാവ്കുന്ന് എന്ന മുഴക്കുന്ന്*

🎀🎀🎀🎀🎀🎀🎀🎀

കേരളത്തിലെ പുണ്യ പൗരാണിക സ്ഥലങ്ങളിൽ ഒന്നായി ഭക്തർക്കിടയിൽ  പേരെടുത്ത ഗ്രാമമാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന്. കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുന്ന മുഴക്കുന്നിന്റെ  ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു വൈകാരികമായ നാമമാണ് മൃദംഗശൈലേശ്വരി ദേവി.. ഈ ദേവി കുടികൊള്ളുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് മുഴക്കുന്ന് എന്ന ഗ്രാമത്തിലെ ചരിത്രം നിലകൊള്ളുന്നത് എന്ന് പറയാം... പ്രാർത്ഥനാപരമായും അനുഷ്ഠാനപരമായും ഏറെ പുതുമകൾ നിറഞ്ഞതാണ് വടക്കൻ കേരളത്തിലെ ഈ ക്ഷേത്രം.

ശ്രീ മൃദംഗശൈലേശ്വരി ദേവിയുടെ  നാമം കൊണ്ട് പേരെടുത്ത മുഴക്കുന്ന് ഗ്രാമത്തിന്റെ ചരിത്രം ചില വൈവിധ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.. കേരളം എന്നും സ്നേഹത്തോടെ മാത്രം ഓർക്കുന്ന *കേരള* വർമ്മ പഴശ്ശിരാജയുടെ കുടുംബ ക്ഷേത്രമായിരുന്നു മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രം എന്നു പറയപ്പെടുന്നു.

 
 

മാത്രമല്ല, കേരളത്തിൽ പരശുരാമൻ നിർമ്മിച്ചു എന്നു പറയപ്പെടുന്ന 108 ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മൃദംഗശൈലേശ്വരി ക്ഷേത്രം എന്ന് ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു. കലകൾ പ്രോത്സാഹിപ്പിക്കപ്പെടുന്ന മുദംഗശൈലേശ്വരി ദേവിയുടെ സന്നിധിയിൽ വച്ചാണ് കഥകളിയിലെ  വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം എഴുതപ്പെട്ടത് എന്നും ചരിത്രം പറയുന്നു.

പോർക്കലി ഭഗവതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മാതംഗാനനമബ്ജവാസരമണീം എന്ന ശ്ലോകം പോർക്കലി ഭഗവതിയെ സ്തുതിച്ചു കൊണ്ട് എഴുതപ്പെട്ടതാണ്. പഴശ്ശിരാജയുടെ കുടുംബക്ഷേത്രം ആയതിനാൽ തന്നെ, സ്മരണാർത്ഥം ക്ഷേത്ര പരിസരത്താണ് കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

മുഴക്കുന്ന് ഗ്രാമത്തിന്റെ മുഴുവൻ സംരക്ഷകയായി മുദംഗശൈലേശ്വരി ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രം ഇരിക്കുന്ന മുഴക്കുന്ന് എന്ന ഗ്രാമത്തിനു ആ പേരു കിട്ടിയതിനു പിന്നിലും മനോഹരമായ ഒരു കഥയുണ്ട്.  മിഴാവ് അഥവാ മൃദംഗം വന്നു വീണ സ്ഥലമാണ്  മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി.

കാലങ്ങൾ പിന്നെയും കടന്നപ്പോൾ, മിഴാവ് കുന്നു വീണ്ടും ലോപിച്ച് മൊഴക്കുന്ന് എന്നും മുഴക്കുന്ന് എന്നും ആയി എന്ന് പറയപ്പെടുന്നു.  ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ കലശപൂജക്ക് ആവശ്യമായ മൺപാത്രങ്ങൾ ഇവിടെ നിന്നാണ് പണ്ടുകാലം മുതൽ കൊണ്ടുപോയിരുന്നത്. പല നാടിനും പറയുവാനായി ഓരോ ചരിത്ര വിശ്വാസങ്ങൾ ഉണ്ടാകും.. ഓരോ വിശ്വാസവും തികച്ചും വൈകാരികമായ അനുഭവം പ്രദാനം ചെയ്യുന്നതും ആയിരിക്കും... അത്തരത്തിൽ മുഴക്കുന്ന് എന്ന ഗ്രാമത്തിന്റെ പേരിലും, വളർച്ചയിലും ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രവും , മിഴാവിന്റെ പശ്ചാത്തലവും ഇഴ ചേർന്നിരിക്കുന്നു എന്ന് പറയാൻ സാധിക്കും...

*കഥകളിയും, മൃദംഗശൈലേശ്വരി ക്ഷേത്രവും*

💥💥💥💥💥💥💥💥💥

മൃദംഗശൈലേശ്വരീ ക്ഷേത്രസന്നിധിയും, അവിടെ ആടിയിരുന്ന കഥകളിയും ഈ പ്രദേശത്തിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു..

മാതംഗാനന മബ്ജവാസരമണിം ഗോവിന്ദ മാദ്യം ഗുരും വ്യാസം പാണിനി ഗർഗ്ഗ എന്ന കഥകളിയുടെ വന്ദനശ്ലോകത്തിലൂടെ സ്തുതിക്കപ്പെടുന്ന മൃദംഗശൈലേശ്വരി ദേവിയുടെ ഐതിഹ്യങ്ങൾ ദേശവും കാലവും കടന്ന് ഈ ലോകമാകെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. ലോകത്തെവിടെയും കഥകളി ആടുമ്പോൾ പാടുന്ന വന്ദന ശ്ലോകം മൃദംഗ ശൈലേശ്വരി യുടെ വന്ദനശ്ലോകമാണ്. കഥകളി പിറവിയെടുത്ത ദേശം എന്ന് തന്നെ ഈ നാടിനെ വിശേഷിപ്പിക്കാം.

കഥകളിയുടെ പിതാവ് എന്നറിയപ്പെടുന്ന കോട്ടയത്ത് തമ്പുരാൻ കഥകളിക്ക് വേഷവിധാനങ്ങൾ രൂപപ്പെടുത്തി എടുക്കുമ്പോൾ സ്ത്രീ രൂപം രൂപപ്പെടുത്താൻ വളരെയധികം വിഷമിച്ചു വെന്നും, അതിനാൽ ദുർഗാ ദേവിയെ പ്രാർത്ഥിച്ചപ്പോൾ ദുർഗ്ഗാദേവി തന്നെ ഒരു സ്ത്രീ രൂപം ക്ഷേത്രക്കുളത്തിൽ കാണിച്ചുകൊടുത്തു എന്നും ആ രൂപമാണ് കഥകളിയിലെ സ്ത്രീ വേഷമായി ഇന്നും ഉപയോഗിക്കുന്നതെന്നും ആണ് ഐതിഹ്യം.. കൂടാതെ കോട്ടയത്തുതമ്പുരാൻ നിരവധി കഥകളി രൂപങ്ങൾ ചിട്ടപ്പെടുത്തിയെടുത്തത് മൃദംഗശൈലേശ്വരി ക്ഷേത്രസന്നിധിയിൽ വച്ചാണെന്നും പറയപ്പെടുന്നു.. അങ്ങനെ കഥകളിയുടെ ജന്മസ്ഥലം എന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ് ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്ര സന്നിധി..

കുറെ കാലങ്ങൾക്ക് ശേഷം ഇവിടെ കഥകളി പഠനത്തിനുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്.. മുഴക്കുന്ന് ദേവസ്വവും, കഥകളി പഠനകേന്ദ്രവും യാനം 2022 എന്നപേരിൽ  ഒരു കഥകളി മഹോത്സവം തന്നെ സംഘടിപ്പിച്ചു വരുന്നു..

കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ കഥകളിയുടെ സ്ഥാനം വളരെ വലുതാണല്ലോ.. അത്തരമൊരു വീക്ഷണത്തിൽ മുഴക്കുന്നും, മൃദംഗശൈലേശ്വരീ ക്ഷേത്രവും കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അനുപമമായ സ്ഥാനം അർഹിക്കുന്നു എന്ന് പറയാൻ കഴിയും.

പിണ്ഡാലി കളരി

മുഴക്കുന്നിന്റെ സംസ്കാരിക തനിമയുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഇടമാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം.. ക്ഷേത്രത്തിന് ഏകദേശം 200 മീറ്റർ പടിഞ്ഞാറ് മാറി പിണ്ഡാലി കളരി എന്ന ഒരു ഇടം സ്ഥിതിചെയ്യുന്നു.. കോട്ടയം പഴശ്ശിരാജ കുടുംബാംഗങ്ങൾക്ക് ആയുധ വിദ്യ അഭ്യസിക്കുവാൻ ഉള്ള  സ്ഥാനമായിരുന്നു ഇത് എന്ന് കരുതപ്പെടുന്നു..

ഈ കളരിയുടെ സമീപ സ്ഥലങ്ങളിൽ താമസിച്ചിരുന്ന പിണ്ഡാലി നമ്പീശൻ മാരായിരുന്നു ഈ കളരിയുടെ ഗുരുക്കന്മാരായി പ്രവർത്തിച്ചിരുന്നത്.. അങ്ങനെയാണ് ഈ കളരിക്ക് പിണ്ഡാലി കളരി എന്ന പേരുവന്നത്.

സ്കൂളിൻറെ പിറവി

1950 കാലഘട്ടത്തിൽ മുഴക്കുന്ന് എന്ന ചെറിയ പ്രദേശത്ത് - ഒരു എൽ പി സ്കൂൾ ആണ് ഉണ്ടായിരുന്നത്. അത് ഒരു വാടകക്കെട്ടിടത്തിൽ ആയിരുന്നു. പാറയിൽ മമ്മത് ഹാജി എന്ന ഒരാളുടെ എടുപ്പിൽ.

അതിനും മുൻപേ ഇപ്പോൾ മുഴക്കുന്നിലെ ബസ് വെയിറ്റിങ് ഷെൽട്ടറിൻ്റെ പിറകിലെ സ്ഥലത്ത് ഈ നാട്ടിലെ ജന്മിയായിരുന്ന പാലക്കുന്ന് നമ്പൂതിരിയുടെ വകയായ സ്ഥലത്തായിരുന്നു സ്കൂൾ.

1950 കാലഘട്ടത്തിൽ സമീമപ്രദേശമായ മുടക്കോഴി ഒരു യു.പി.സ്കൂളും നല്ലൂരിൽ എൽ.പി.സ്കൂളും പാലയിൽ യു പി.സ്കൂളും ഉണ്ടായിരുന്നു. തില്ലങ്കേരി ആലയാട് എന്ന സ്ഥലത്തും യു.പി.സ്കൂൾ ഉണ്ടായിരുന്നു.

മുഴക്കുന്നിൽ എൽ. പി.കഴിഞ്ഞാൽ മുടക്കോഴി, പാല, തില്ലങ്കേരി എന്നിവടങ്ങളിൽ ഉള്ള സ്കൂളിൽ വേണം 6, 7, ക്ലാസുകളിൽ പഠിക്കാൻ . അതു കൊണ്ട് തന്നെ പെൺകുട്ടികളെ അക്കാലത്ത് ദൂരെ പറഞ്ഞയച്ചിരുന്നില്ല. ആൺ കുട്ടികളും പ്രായേണ എൽ.പി.പഠനം മാത്രം നടത്തിപ്പോന്നു. ഇതിന് ഒരു പരിഹാരം വേണം എന്ന വിചാരം അന്നത്തെ കുറച്ച് ചെറുപ്പക്കാർക്ക് ഉണ്ടായി. അതിന് ഇവിടെ അന്ന് പ്രവർത്തിച്ചിരുന്നു എന്ന് ആദ്യം പറഞ്ഞ എൽ പി.സകൾ.- ബോർഡ് സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്ന കൂത്തുപറമ്പ് സ്വദേശി ശ്രീ അബ്ദുള്ളക്കുട്ടി മാസ്റ്റരുടെ ശക്തമായ പ്രേരണയും കൂടി ആയപ്പോൾ 1953 ൽ നാട്ടുകാരുടെ നേതൃത്വത്തിൽ MVVS-U.P School എന്ന മുഴക്കുന്ന് വില്ലേജ് വിദ്യാഭ്യാസ സംഘം രൂപീകരിച്ചു. സ്ഥാപക പ്രസിഡണ്ട് ശ്രീ. പാലക്കുന്ന് പരമേശ്വരൻ നമ്പൂതിരിപ്പാടും സെക്രട്ടറി ദിവംഗതനായ ഇ.നാരായണവാര്യരും ആയിരുന്നു. കമ്മറ്റിയിലെ മറ്റംഗങ്ങൾ

സർവ്വ ശ്രീ. പി.വി.ഗോവിന്ദ മാരാർ ,പി.വി.കുഞ്ഞികൃഷ്ണമാരാർ, പി.ഗോവിന്ദൻ കുട്ടി നമ്പീശൻ, പടിഞ്ഞാറത്ത് കൃഷണൻ നമ്പീശൻ, പന്നിക്കോ മത്ത് കൃഷണൻ നമ്പീശൻ, ഇളമ്പനാരായണക്കുറുപ്പ്, കോരച്ചൻ കുഞ്ഞിരാമക്കുറുപ്പ്, തെക്കേടത്ത് ഗോപാല വാര്യർ, തെക്കേടത്ത് കൃഷ്ണവാര്യർ, കോക്കോടൻ നാരായണക്കുറുപ്പ് മുതലായവരായിരുന്നു.(പഴയ പ്രവർത്തകരിൽ ഇപ്പോൾ ശ്രീ നമ്പൂതിരിപ്പാട് മാത്രമേ ജീവിച്ചിരിപ്പുള്ളു) കമ്മിറ്റി അംഗം ആയിരുന്നില്ല എങ്കിലും സ്കൂൾ പ്രവർത്തനങളിൽ ഉത്സാഹപൂർവം പങ്കെടുത്തിരുന്ന ഒരാൾ ആണ് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ശ്രീ ടീ. ജി. പണിക്കർ...... ആദ്യം വാടകക്കെട്ടിടത്തിൽ ആറാം ക്ലാസ് ആരംഭിച്ചു. അന്ന് സകൂളിന് അംഗീകാരം കിട്ടിയിരുന്നില്ല. ആദ്യത്തെ അദ്ധ്യാപകൻ ശ്രീ പി.വി.ഗോവിന്ദ മാരാർ അവർകൾ ആയിരുന്നു. പിന്നീട് 1954ൽ തളിപ്പൊയിൽ എന്ന സ്ഥലത്ത് ഇപ്പോഴുള്ള മിനി സ്റ്റേഡിയത്തിൻ്റെ എതിർ ഭാഗത്ത് ഉള്ള സ്ഥലo സ്കൂളിനായി കണ്ടെത്തുകയും അവിടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.അന്നത്തെ മലബാർ കലക്ടർ ആയിരുന്ന ശ്രീബാലസുബ്രഹ്മണ്യം ആണ് തറക്കല്ലിട്ടത് . നിർമാണം നടന്നുകൊണ്ടിരിക്കെ പ്രസ്തുത സ്ഥലത്തിൻ്റെ ഉടമസ്ഥതയെസ്സംബന്ധിച്ച് സിവിൽ കേസ് ഉണ്ടായതിൻ്റെ പശ്ചാത്തലത്തിൽ നിർമാണം നിർത്തിവെക്കയും പ്രസിഡണ്ടായ നമ്പൂതിരിപ്പാടിൻ്റെ ഇല്ലപ്പറമ്പിൻ്റെ ഭാഗമായതും ഇന്ന് സ്കൂൾ നിൽക്കുന്നതുമായ സ്ഥലം അദ്ദേഹം സംഭാവനയായി തരികയും ചെയതു.। മുപ്പത് അര സെൻ്റായിരുന്നു അന്ന് തന്നത്. ആ സ്ഥലത്ത് നാട്ടുകാരുടെ നിർലോപമായ സഹകരണത്തോടെ ഉറപ്പുള്ള ഒരു കെട്ടിടം പണിയുകയും ചെയ്തു.