ജി.യു.പി.എസ് മുഴക്കുന്ന്/എന്റെ ഗ്രാമം
ചരിത്രപരമായും സാംസ്കാരിക പരമായും ഏറെ പ്രാധാന്യമുളള ഒരു പ്രദേശമാണ് മുഴക്കുന്ന് എന്ന മിഴാവ് കുന്ന് ഗ്രാമം.പുരളിമലയുടെ അടിവാരം കേന്ദ്രമാക്കി ഒരു വിസ്തൃത നാട്ടുരാജ്യം സ്ഥാപിച്ച പെരുമാക്കൾമാർ മുതൽ മലബാർ കോട്ടയം കേന്ദ്രമാക്കി ഭരണം നടത്തിയ കോട്ടയം രാജാക്കൻമാരുടെയും അധീനതയിലായിരുന്നു ഈ പ്രദേശം. കാർഷിക സമൃദ്ധിയും സാംസ്കാരിക പാരമ്പര്യവും ഈ നാടിനെ ഏറെ വ്യത്യസ്തമാക്കുന്നു.കഥകളിയിൽ ആദ്യമായി സ്ത്രീ രൂപം ചിട്ടപ്പെടുത്തിയ ആട്ടക്കഥാ തമ്പുരാന്റെ സംഭാവനകൾ മുതൽ ആദിവാസി ഗോത്രസമൂഹത്തിന്റെ പങ്ക് വരെ ഈ നാടിന്റെ സാംസ്കാരികത്തനിമയ്ക്കുണ്ട്.
കിഴക്ക് - ആറളം പുഴ
പടിഞ്ഞാറ് - തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
തെക്ക് - പേരാവൂർ, മാലൂർ ഗ്രാമപഞ്ചായത്തുകൾ
വടക്ക് - ആറളം പുഴ ,ഇരിട്ടി നഗരസഭ
സാരസ്വതങ്ങളുടെ കുമാരധാര.
മിഴാവിൻ്റെ ഉണർച്ചകളിൽ മുദ്രാംഗുലീയം ആടുന്ന നാട്ടകം. നാട്ടുചരിതങ്ങളുടെയും ദേശസ്മൃതികളുടെയും കഥാസാഗരതീരം. പുരളീശ്വരൻ്റെ കോട്ടയുടെ താഴ്‌വാര ഭൂമി മുഴക്കുന്ന്. മിഴാവ്കുന്ന് കാലാന്തരത്തിൽ വാമൊഴിവഴക്കത്തിൽ മുഴക്കുന്ന് ആയതാവാം. കണ്ണുരിൻ്റെ കിഴക്കൻ ഭൂമി. തൃച്ചെറു മണ്ണെന്ന കൊട്ടിയൂരിൻ്റെ അയൽദേശം. സംസ്കൃത വാക്കായ മൃദംഗത്തിൻ്റെ മലയാളമൊഴി മിഴാവ് തന്നെയാണല്ലോ. കലോപസനയുടെ ഭാഗമായ മിഴാവിൽ ഈശ്വരചൈതന്യം കണ്ടെത്തി ദേവീപ്രതിഷ്ഠയുടെ അഗ്നി കോണിൽ കുടിയിരുത്തുന്ന കലാ-സാസ്കാരിക ബോധം മറ്റേതൊരു ദേശത്തിനാണുള്ളത്. ഇവിടം കലാവൈശിഷ്യങ്ങളെ ഈശ്വരീയ ചൈതന്യമാക്കുന്ന പ്രതിഷ്ഠാപനം തന്നെ. പ്രാചീനമായ തീരുനെല്ലി ചെപ്പേടിലും ഉണ്ണിയാടി, ഉണ്ണിയച്ചി ചരിതത്തിലും ഈ ഗ്രാമത്തെ കുറിച്ച് പരാമർശങ്ങളുണ്ട്. കോട്ടയം രാജവംശത്തിൻ്റെ ആദ്യ ആസ്ഥാനമായിരുന്ന മുഴക്കുന്നിന് കേരളത്തിൻ്റെ കലാ-സാംസ്കാരിക ചരിത്രത്തിൽ മുഴക്കമേറെയാണ്. മാർത്താണ്ഡവർമ്മ, വീരപഴശ്ശി തുടങ്ങിയ ചരിത്ര നായകൻമാർ ആയോധന കലകൾ അഭ്യസിച്ച പിണ്ഡാലി കളരി, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പാമരനെയും വിദ്വാനാക്കി മാറ്റുന്ന കുമാരധാര, കഥകളിയുടെ വളർനില പ്രദേശം, ചരിത്രത്തിൽ മുഴക്കുന്നിന് മുഴക്കമേറുന്നത് ഇങ്ങിനെയാണ്. നാട്ടുതാരികളിൽ പിന്നെയും കഥകൾ ഒളിച്ചു വെക്കുന്നുണ്ട് ഈ പുരളി താഴ്‌വാരം. ഹരിശ്ചന്ദ്രൻ കോട്ടയിലെ ശിവലിംഗത്തിലെ നെയ്യഭിഷേക പകർച്ചകൾ ഒഴുകി തിടം വെച്ച നെയ്തളങ്ങൾ, ഇന്നതിന് നെയ്യളം എന്നാണ് പേര്. നീലകണ്ഠൻ തൃക്കൈ ഉയർത്തി സാനിധ്യമറിയിച്ച തൃക്കൈകുന്ന് പറമ്പ്, മിഴാവ് കണ്ടെത്തിയ സ്ഥലമായ മിഴാവ് പറമ്പ്, ഒക്കെയും ഈ ഗ്രാമം അകതാരിൽ കാത്തുവെക്കുന്നുണ്ട്. കഥകളിക്ക് സമഗ്ര സംഭാവനകൾ ചെയ്ത ദേശമാണിത്. കഥകളിയിലെ സ്ത്രീ വേഷങ്ങളുടെ മായാമോഹിത രൂപകൽപ്പനക്കായി മനസ്സുഴറി കുളപടവിൽ നിന്ന കോട്ടയത്ത് തമ്പുരാന് മുന്നിൽ ധ്യാന ശ്ലോകങ്ങളുടെ അബ്ജവാസരങ്ങളിൽ നിന്നിറങ്ങി വന്ന് ജലരാശിയിൽ രൂപം കാണിച്ചു കൊടുത്തു മൃദംഗ ശൈലേശ്വരി. മലയാള ഭാഷാ സാഹിത്യ ചരിത്രത്തിലെ അമൂല്യ നിധികളായി കൽപ്പിക്കപെടുന്ന ആട്ടക്കഥാസാഹിത്യത്തിൻ്റെ ചില മുതൽക്കൂട്ടുകളുടെ ഗർഭഗൃഹവും, പിറവി മണ്ണും മുഴക്കുന്ന് തന്നെ. ബകവധം, കിർമ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവച കാലകേയവധം, തുടങ്ങിയ കോട്ടം തീർന്ന കോട്ടയം ആട്ടകഥകൾ തമ്പുരാൻ എഴുതിയത് മൃദുംഗ ശൈലേശ്വരിയുടെ തിരുമുറ്റത്ത് വെച്ചാണ്. ഉള്ളൂരിൻ്റെ ഉമാകേരളം ചരിത്രകാവ്യത്തിലുണ്ട് ഈ ദേശ സൂചനകൾ. ''കൊറ്റിന്നു പോക്കറ്റു വടക്കുനിന്ന് തെറ്റി തെറിച്ചെത്തിയോരെന്നെ മേൻമേൽ പോറ്റി കലാശത്തിലിളയേശനേവം പറ്റിച്ച പറ്റീശ്വരാ...രാമ... രാമ...'' എന്ന അക്ഷര കൂട്ട് ചെന്ന് തൊടുന്നത് തിരുവതാംകൂർ ചരിത്രത്തിലെ മാർത്താണ്ഡ വർമ്മയിലും ഉമയമ്മ റാണിയിലുമാണ്. അക്കാലത്ത് രാജാവിന് തുണയായ് പോയ തമ്പാൻ എന്ന കർമ ധീരനെ എട്ടുവീട്ടിൽ പിള്ളമാർ ഉപജാപങ്ങൾ മെനഞ്ഞ് പുറത്താക്കിയപ്പോൾ തമ്പാൻ്റെ ആത്മഗതമാണ് വരികൾ.
ഉമാകേരളത്തിൻ്റെ വരികൾക്കിടയിൽ വായിക്കുമ്പോൾ മാർത്താണ്ഡവർമ്മയെ എട്ടുവീട്ടിൽ പിള്ളമാർ തീർത്ത മരണക്കയങ്ങളിൽ നിന്ന് കോരിയെടുത്ത് മുഴക്കുന്ന് പിണ്ഡാലി കളരിയിൽ എത്തിക്കുന്നത് തമ്പാനാണെന്ന സൂചനയുണ്ട്. കഥകളിയുടെ പ്രാണ ജന്മമായ കോട്ടയത്തു തമ്പുരാൻ്റെ ജീവിതകഥാ ഭൂമിയും മുഴക്കുന്ന് തന്നെ. കോട്ടയം കോവിലകത്തെ വിദുഷിയായ റാണിയുടെ ഏക ആൺ സന്താനമായിരുന്നു കോട്ടയത്തു തമ്പുരാൻ. ജന്മനാ മന്ദബുദ്ധിയായ കുട്ടിയെ കൊണ്ട് റാണി ഏറെ സങ്കടപെട്ടു. ഒരു ദിനം സാമൂരി കോവിലകത്ത് ഒരു മരണാനന്തര ചടങ്ങിന് അനുചരൻമാരോടൊപ്പം പങ്കെടുക്കാൻ പോയ കുമാരൻ പഠിപ്പിച്ചുറപ്പിച്ച വാക്ക് തെറ്റായി ഉച്ചരിച്ചു പരിഹാസ കഥാപാത്രമായി മാറി. ഒടുവിൽ റാണി മനസ്സു കരഞ്ഞ് കൊണ്ട് തന്നെ പുരളി മലയിൽ നിന്നു ആർത്തലച്ച് വരുന്ന ജലപാതത്തിൽ കുമാരനെ ഉപേക്ഷിക്കുന്നു. ആരണ്യകളുടെ തെളിനീർ ജലപാതത്തിനു മുൻപിൽ പ്രാണഭയത്തോടെ ശിരസ്സു കുനിച്ച നിന്ന കുമാരന് ആ സാരസ്വതാഭിഷേകധാരയിൽ ബുദ്ധി തെളിയുകയും പിന്നിടുള്ള കാലം വിദ്യാൻമാരുടെ വിദ്വാനായും, കലയും സാഹിത്യവും ഉപാസിച്ച് രാജഭരണം നടത്തി. മേൽപ്പത്തുർ ഭട്ടതിരിപ്പാടിൻ്റെ കാലത്ത് ജീവിച്ച കോട്ടയം തമ്പുരാൻ്റെ ആട്ടകഥകളെല്ലാം കൈ കുറ്റപ്പാടുകൾ തീർത്ത കോട്ടം തീർത്ത രചനകളായിരുന്നു. അതിനു തന്നെ പ്രാപ്തമാക്കിയ ഗോവിന്ദ ഗുരുവിനെയും മൃദുംഗ ശൈലേശ്വരി ദേവിക്കും ധ്യാന ഗ്ലോകങ്ങൾ തീർത്താണ് തമ്പുരാൻ തൻ്റെ സർഗ്ഗാത്മക ജീവിതം തുടങ്ങുന്നത്. ഈ ശ്ലോകങ്ങൾ തന്നെയാണ് കഥകളിയിൽ ഇന്നും വന്ദന ശ്ലോകമായി ചൊല്ലി വരുന്നത്. മിഴാവിൽ ഈശ്വരചൈതന്യം കണ്ട ഗ്രാമം...സർഗ്ഗാത്മകയുടെ സാത്വിക ശോഭാ തടങ്ങളായി... സാരസ്വതങ്ങളുടെ മൊഴിയാട്ടങ്ങളായി, പുതുപ്പിറവിയുടെ കുമാരധാരകളായി... ഭാഷാ സാംസ്കാരിക തീർത്ഥാടകർക്ക് വാതിലുകൾ തുറന്നിട്ടു കൊണ്ട് മുഴക്കുന്ന്...