ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/ഒഴിവാക്കൂ മലിനീകരണം ..പുന:സ്ഥാപിക്കാം ~പ്രകൃതിയെ ....
ഒഴിവാക്കൂ മലിനീകരണം ..പുന:സ്ഥാപിക്കാം പ്രകൃതിയെ...
ഭൂമി നമ്മുടെ അമ്മയാണ്. പ്രകൃതിയിലെ ജൈവികവും അജൈവികവുമായ ഘടകങ്ങളെ സന്തുലിതമായി കൊണ്ടുപോകേണ്ടത് മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ കാര്യമാകുന്നു. നമ്മുടെ ചുറ്റുപാടാകുന്ന പരിസ്ഥിതിയിൽ വരുന്ന ഓരോ മാറ്റങ്ങളും ജീവിതത്തിൽ പ്രതിഫലിക്കുന്നു. പ്രകൃതിക്ക് കോട്ടം തട്ടുന്ന പ്രവർത്തികളെ ഒഴിവാക്കേണ്ടതും പരിസ്ഥിതിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തിയുള്ള വിഷയങ്ങൾ ആണ്.നമ്മുടെ ചുറ്റുപാടിനെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത വിളിച്ചോതുവാനായി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിച്ചുവരുന്നു. പ്രകൃതിക്ക് ദോഷം വരുന്ന കാര്യങ്ങളിൽ മിക്കവതും മാനുഷിക പ്രവർത്തനങ്ങളാണ്. പാരിസ്ഥിതികഘടനയിൽ ഉണ്ടാകുന്ന ഭൂരിപക്ഷം മാറ്റങ്ങളും മലിനീകരണം മുഖേനയാണ് . നിലനിൽപ്പിന് അനുയോജ്യമല്ലാത്ത ഭൗതികവും രാസികവും ജൈവികവുമായ പ്രകൃതിയിലെ മാറ്റങ്ങളെ പരിസ്ഥിതി മലിനീകരണം എന്ന് വിശേഷിപ്പിക്കാം. പരിസ്ഥിതി മലിനീകരണം പല രീതികളിൽ ആവാം.ജീവൻറെ നിലനിൽപ്പിന് ശുദ്ധമായ ശ്വാസവായു അത്യന്താപേക്ഷിതമാണ്. ഫാക്ടറികളിൽ നിന്നുള്ള പുകപടലങ്ങളും, വാഹനങ്ങളിൽ നിന്നുള്ള ഭീമാകാരമായ കാർബൺ മോണോക്സൈഡ് പോലെയുള്ള വാതകങ്ങളും, പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടകാരികളായ വിഷവാതകങ്ങളും കൂടിക്കലർന്ന് വായു മലിനമാകുന്നു. മലിന വായു ശ്വസിക്കുന്നത് മൃഗങ്ങൾക്കും മനുഷ്യനും ഒരുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആസ്ത്മ, ശ്വാസംമുട്ടൽ തുടങ്ങിയവ മരണത്തിനുവരെ കാരണമാകുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് ഹരിതഗൃഹ പ്രഭാവത്തിനും ആഗോളതാപനത്തിനും വഴിയൊരുക്കുന്നു.യാത്രകൾക്ക് കഴിവതും പൊതു വാഹനങ്ങൾ ഉപയോഗിക്കുക, ഫാക്ടറികളിലെ പുകക്കുഴലുകളിലൂടെ വരുന്ന വാതകങ്ങൾ വിഷവിമുക്തമാക്കുക, കഴിവതും മരങ്ങൾ വെച്ച് പിടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നമുക്ക് അന്തരീക്ഷത്തെ പുന: സ്ഥാപിക്കാൻ സാധിക്കും. ജലമില്ലാതെ ജീവനില്ല. ഭൂമിയിൽ 1% മാത്രം കാണപ്പെടുന്ന ശുദ്ധജലത്തെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഫാക്ടറിയിൽ നിന്നുള്ള മലിനജലം, മുൻസിപ്പാലിറ്റി വെള്ളം, തുടങ്ങിയവ നേരിട്ട് ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതും ,മലിന വസ്തുക്കൾ നദിയിലേക്കും മറ്റും ഒഴുക്കിവിടുന്നതും ജലാശയങ്ങളേയും ഭൂഗർഭ ജല സമ്പത്തിനേയും മലിനപ്പെടുത്തുന്നു.മലിനജലം ഉപയോഗിക്കുന്നതു മൂലം നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ജലാശയങ്ങളിലെ മൃഗസമ്പത്തിന് ഭീഷണി നേരിടേണ്ടി വരുന്നത് ഇതിന്റെ മറ്റൊരു വശമാണ്. ശുദ്ധീകരിച്ച ദ്രാവകപദാർത്ഥങ്ങൾ മാത്രം ജലാശയങ്ങളിലേക്ക് ഒഴുക്കിവിടാനും മലിന വസ്തുക്കൾക്ക് കൃത്യമായ സംസ്കരണരീതി ഉപയോഗിക്കാനും നാം ശ്രദ്ധിക്കേണ്ടതാണ്.
പ്രകൃതി മലിനീകരണം നിയന്ത്രിക്കാനായി ധാരാളം നിയമങ്ങൾ നിലവിലുണ്ട്. 1974ലെ ജല സംരക്ഷണ നിയമം, 1981ലെ വായു സംരക്ഷണ നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ ഇതിൽ സുപ്രധാന പങ്കു വഹിക്കുന്നു. ഈ നിയമങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെടേണ്ട താണ്. ജീവൻറെ നിലനിൽപ്പിന് പരിശുദ്ധവും സന്തുലിതവുമായ പരിസ്ഥിതി അനിവാര്യമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും.സമ്പത്തുകളുടെ കൃത്യമായ ഉപയോഗവും പ്രകൃതിക്കനുയോജ്യമായ ജീവിതരീതി സ്വീകരിക്കുകയും വഴി നമുക്ക് ജൈവ സമ്പത്തുകൾ കാത്തുസൂക്ഷിക്കാനും, നമ്മെയും ജീവജാലങ്ങളെയും അതിലുപരി പരിസ്ഥിതിയേയും സംരക്ഷിക്കാനും സാധിക്കുന്നതാണ്. നല്ലൊരു നാളേക്കായി നമുക്ക് പ്രത്യാശിക്കാം, പ്രാർത്ഥിക്കാം, പ്രവർത്തിക്കാം......
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം