ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/സമീപനവൈകല്യം

Schoolwiki സംരംഭത്തിൽ നിന്ന്
സമീപനവൈകല്യം

ചരിത്രത്തിന് എത്തിപ്പിടിക്കാൻ കഴിയാത്തത്ര മുൻപുതന്നെ കാലം മനുഷ്യർക്കിടയിൽ ആജ്ഞാപിക്കുന്നവരും അനുസരിക്കുന്നവരും തമ്മിലുള്ള ഒരു അതിർത്തി വരച്ചുകഴിഞ്ഞിരുന്നു. ആജ്ഞാപിക്കുന്നവരുടെ വാക്കുകൾക്കൊപ്പം അവർ ചുവടുവെച്ചു, ചുടുകട്ടകളേറ്റി, ചാട്ടവാറടിയേറ്റു, രക്തം തുപ്പി, പട്ടിണി കിടന്നു, പലരും ബലിമൃഗങ്ങളായി. അവരുടെ ബലിഷ്ഠമായ കൈകൾ ഭൗമോപരിതലത്തിൽ അത്ഭുതങ്ങൾ സൃഷ്ഠിച്ചു. അവരുടെ കൈകളാൽ വൻമതിലും പിരമിഡുകളും താജ്മഹലും കൊളോസിയവുമെല്ലാം ഉയർന്നുവന്നു. അവർ നഗരങ്ങൾ പടുത്തുയർത്തി. അവർ ചേർത്തുവെച്ച ചുടുകട്ടകളോരോന്നും നാഗരികതയുടെ അനശ്വര വലയങ്ങളിൽ അതുല്യമായി വിഹരിച്ചു. പക്ഷേ എഴുതപ്പെട്ട പാപ്പിറസ് ചുരുളുകളിലൊന്നിലും അവരുടെ പേര് കൊത്തിവെക്കപ്പെട്ടില്ല. അവരൊരു കഥയിലും നായകരായില്ല. ഏതോ ചെങ്കോലിന്റെ പ്രഭയിൽ അവരുടെ വിയർപ്പുതുള്ളികളെല്ലാം ഒരു അടയാളവും ബാക്കിയാക്കാതെ ബാഷ്പീകരിച്ചുപോയി.

കാലം പിന്നെയും ഒരുപാട് മുന്നിലേക്ക് കുതിച്ചു. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ... സമ്പത്തിന്റെ വിതരണം കൂടുതൽ വികലമാക്കപ്പെട്ടു. ഉള്ളവരും ഇല്ലാത്തവരും കടലും കടലമണിയും പോലെ വ്യത്യസ്തരായിത്തീർന്നു. ആധുനികതയുടെ വിളനിലങ്ങളുടെ അക്ഷരക്കൂട്ടങ്ങളിൽ പരതിയാലും മാക്സിമില്ല്യനും, ലൂയിക്കും, ചാൾസിനും, നെപ്പോളിയനും മാത്രമേ സ്ഥാനമുള്ളൂ... അവിടെയാരും ജന്മിയുടെ ഭൂമിയിൽ എരിഞ്ഞുതീർന്ന കർഷകരെ ഓർക്കാറില്ല, ലങ്കാഷെയറിലെയും യോർക്ക്ഷെയറിലെയും ഖനികളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച തൊഴിലാളികളായ കുഞ്ഞുങ്ങളെ ഓർക്കാറില്ല, 'സാറി'ന്റെ വെപ്പാട്ടിക്ക് ഭക്ഷണത്തളികയൊരുക്കാൻ തന്റെ ജീവിതം അടിച്ചുപരത്തിയ റഷ്യൻ തൊഴിലാളികളെയും ആർക്കും ആവശ്യമില്ല, മാഞ്ചസ്റ്ററിലെ സെന്റ് പീറ്റേഴ്സ് ഫീൽഡിൽ പടർന്നിറങ്ങിയ പെറ്റർലൂവിന്റെ രക്തകണങ്ങളും ആർക്കും ഓർക്കാനിഷ്ടമില്ല. താളുകളിൽ കുത്തി നിറക്കുന്ന രാജസദസ്സിന്റെ കോമാളിത്തരങ്ങളോരോന്നും ഇനിയൊരിക്കലും ഓർമിച്ചെടുക്കാൻ കഴിയാത്ത വിധം തൊഴിലാളികളുടെ കഥകൾക്ക് ഗ്രഹണം പടർത്തിയിരിക്കുന്നു. ഗോർക്കിയുടെയും, ചെക്കോവിന്റെയും, ടോൾസ്റ്റോയിയുടെയും കൃതികളോരോന്നും പ്രസക്തി ആർജിക്കുന്നത് ഇവിടെ നിന്നാണ്. ഗോർക്കിയുടെ 'അമ്മ' അതിൽ പ്രധാനമാണ്.

സാറിന്റെ ഭരണം ഇരുട്ടുപരത്തിയപ്പോഴും ദീപശിഖയുമായി നടന്നു നീങ്ങുന്ന പാവെലും ആന്ദ്രേയും സാഷയും നതാഷയുമെല്ലാം അതതുകാലങ്ങളിലെ തൊഴിലാളികളുടെ ആശയാദിലാഷങ്ങളുടെ പൂർത്തീകരണമാണ്. പുരോഗമന ചിന്തകളെ അടിച്ചമർത്താൻ ഭരണകൂടം എടുക്കുന്ന തിടുക്കവും വിചാരണാക്കോടതിയിൽ അമ്മയുടെ കർണപുടങ്ങളെ ആവേശഭരിതമാക്കി നടത്തുന്ന പാവെലിക് വ്ളാസൊവിന്റെ പ്രസംഗവും കഥയുടെ ഹൈലൈറ്റുകളാണ്. നിസ്സാരം കോപ്പെക്കുകൾക്കുവേണ്ടി എല്ലുമുറിയെ പണിയെടുത്ത് മദ്യത്തിലും ലഹളയിലും ഉരുകിത്തീരുന്ന തൊഴിലാളികൾ മാനവരാശിക്കുമേലിലെ നീറ്റലുകളാണ്. കഥ അവസാനിക്കുന്നത് ഒരു അനിശ്ചിതത്വത്തിലാണെങ്കിലും മുഖം മുഴുവൻ രക്തമയമായിരിക്കുമ്പോഴും അമ്മയുടെ കണ്ണുകളിൽ ചുവന്ന കൊടിയും പിടിച്ച് മുൻനിരയിൽ നിന്ന് സമരം ചെയ്യുന്ന ഒരു പാവെലിക് വ്ളാസൊവിന്റെ ചിത്രം ഉണ്ടായിരിക്കും. ഇതൊരു പ്രതീക്ഷയാണ്, ഇനിയും വിട്ടുകളയാൻ സമയമായിട്ടില്ലാത്ത പ്രതീക്ഷ...

ആധുനികതയുടെ ഉരുക്കു ചക്രങ്ങളോരോന്നും ഉരുളുമ്പോഴും മനുഷ്യൻ സാങ്കേതിക വിദ്യയുടെ സ്വപ്നവാഹനങ്ങളിൽ ആകാശഗോളങ്ങൾ തൊട്ടറിയുമ്പോഴും തൊഴിലാളിയുടെ സ്ഥിതി അത്ര മെച്ചമുള്ളതല്ല. അവർ ഇന്നും പ്രശ്നക്കയത്തിൽ മുങ്ങിക്കുളിക്കുന്നവരാണ്. സമീപനത്തിലും കൂലിയിലുമുള്ള ലിംഗവിവേചനവും, സമൂഹത്തിൽ വരേണ്യവിഭാഗത്തിൽ നിന്നും നേരിടേണ്ടിവരുന്ന അപരവൽക്കരണവും, പരമ്പരാഗത കാഴ്ചപ്പാടുകളുമെല്ലാം അവരുടെ പ്രശ്നങ്ങളിൽ ചിലതുമാത്രമാണ്.

കാലമിത്ര കഴിഞ്ഞിട്ടും വാഴക്കുലവെട്ടിക്കൊണ്ടുപോവുമ്പോൾ കലങ്ങിയ കണ്ണുമായി നിൽക്കുന്ന പുലയനിനിയും മരണപ്പെടാത്തത് നാം രചിച്ച സംസ്കാരത്തിന്റെ സ്വർണപ്പതിപ്പിലെ കറുത്ത ഏടുകൾക്ക് കനം കൂട്ടുന്നതാണ്. അന്തി പരക്കും വരെ ഒഴുക്കിയ വിയർപ്പിന് കൂലി ചോദിക്കുമ്പോൾ അപമാനിക്കപ്പെടുന്ന കോടിക്കണക്കിന് തൊഴിലാളികൾ ഇന്നും മൗനം പാലിക്കുന്നത് അവരെ ആശ്രയിക്കുന്ന വയറുകളുടെ വിശപ്പകറ്റാനാണ്. ഇവർക്ക് വേണ്ടത് നീതിയാണ്. തൊഴിലിടങ്ങളിലും വ്യവസായശാലകളിലും ലഭിക്കേണ്ട മാനുഷിക പരിഗണനയിലൂടെ ലഭ്യമാവേണ്ട നീതി. മാറ്റത്തിന്റെ കാറ്റുകൾ നീചമായ സാമൂഹികക്രമത്തെ പിഴുതെറിയേണ്ടിയിരിക്കുന്നു.

തൊഴിലാളികൾ സംസ്കാരത്തിന്റെ തോട്ടക്കാരാണ്. ഓരോ ഇതിഹാസവും എഴുതപ്പെടുന്നത് അവരിലൂടെയാണ്. ചാലിട്ടൊഴുകുന്ന അവരുടെ വിയർപ്പുകണങ്ങളെല്ലാം എഴുതിച്ചേർക്കുന്നത് പുതിയൊരു ലോകമാണ്. ഒരു മെയ്ദിനം കൂടി നമ്മിലേക്ക് വന്നണയുമ്പോൾ ഇത്തരം കാര്യങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഒരു സമത്വസുരഭിലമായ നാളെക്കായി, അതിർവരമ്പുകളില്ലാതെ, അന്തസ്സുറ്റ ജീവിതത്തിനായി എല്ലാവർക്കും...


 

നബീൽ പി ആർ
Plus one ഹ്യൂമാനിറ്റീസ് ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം