ജി.എച്.എസ്.എസ് ചാലിശ്ശേരി/അക്ഷരവൃക്ഷം/ചിന്തിക്കൂ * *പ്രവർത്തിക്കൂ .... മാനവരാശിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
മാനവരാശിക്കായി


ന്ന് മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ അഥവാ കോവിഡ് -19. ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരി എന്നതിലുപരി മാനവസമൂഹം ഏറ്റവുമധികം ഭീതിയോടെ നോക്കിക്കണ്ട ഒന്ന് കൂടിയാണ് കൊറോണ വൈറസ്. ശക്തമായ പ്രതിരോധത്തിലൂടെ മാത്രം അതിജീവിക്കാം എന്ന വിശ്വാസത്തിൽ കഴിയുന്ന ജനമനസ്സുകളിലേക്ക് പതിന്മടങ്ങ് ശക്തിയോടെ അനുദിനം പെയ്തിറങ്ങുകയാണ് ഈ മഹാമാരി.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും തന്നെയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. പരസ്പര സമ്പർക്കം മൂലമാണ് ഈ വൈറസ് കൂടുതലായും വ്യാപിക്കുന്നത്. എന്നാൽ ലോക്ക്ഡൗണിലൂടെ ഈ സാഹചര്യം പരമാവധി ഒഴിവാക്കാം. മറ്റു ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് സമൂഹമായി ജീവിക്കാനുള്ള കഴിവാണ്. ഈ ഒരു കഴിവ് തന്നെയാണ് ഇന്ന് നമുക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ അനിയന്ത്രിതമായ ചൂഷണത്തിന്റെ ഫലമായി ഭൂമിയുടെ സ്വാഭാവിക സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുകയാണ്. കൂടാതെ ജലം, വായു, മണ്ണ് തുടങ്ങിയ സ്ത്രോതസ്സുകളുടെ മലിനീകരണം ഈ സാഹചര്യത്തിൽ ക്രമാതീതമായി കുറയുകയാണ്. ഇതിലൂടെ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഒരു കൂട്ടം ആളുകൾ തങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കുന്ന ഒന്നായാണ് ലോക്ക്ഡൗണിനെ കണക്കാക്കുന്നതെങ്കിൽ മറ്റൊരു വിഭാഗം ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കുന്നു എന്നത് ശ്രെദ്ധേയമാണ്. ഇത്തരം സാഹചര്യത്തിൽ സ്വന്തം ജീവനെപ്പോലും തൃണവൽഗണിച്ചുകൊണ്ട് ആരോഗ്യപ്രവർത്തകരും പോലീസുദ്യോഗസ്ഥരും തങ്ങളുടെ മേഖലയിൽ സജീവവും ആത്മാർത്ഥവും ആയി പ്രവർത്തിക്കുന്നു. ഇത് പ്രശംസനീയമായ കാര്യമാണ്. സദാ സേവന സന്നദ്ധരായ ഇവരുടെ മനസ്സാണ് സാക്ഷര സമൂഹത്തിനു ഏറ്റവും അഭിമാനിക്കാവുന്ന കാര്യങ്ങളിലൊന്ന്.
ഇതിനു മുൻപ് ഇത്തരം ഒരു അവസ്ഥ വന്നത് നിപ്പ വൈറസിന്റെ വ്യാപന സമയത്താണ്. ആരോഗ്യ പ്രവർത്തകരുടെ മികച്ച സേവന ഫലമായി തന്നെയാണ് കേരളം വളരെ വേഗത്തിൽ നിപ്പയിൽ നിന്നും മുക്തി നേടിയത്. നിപ്പയിൽ നമുക്ക് നഷ്ടമായ ലിനി എന്ന മാലാഖ, അവർ മുന്നോട്ടു വക്കുന്നത് പ്രതിവിധികളില്ലാത്ത മഹാമാരികളെപ്പോലും തോൽപ്പിക്കാൻ കെൽപ്പുള്ള ഇച്ഛാശക്തി ഇന്ന് നമ്മുടെ ആരോഗ്യരംഗത്തിനുണ്ട് എന്ന വസ്തുത തന്നെയാണ്, ഇതു തന്നെയാണ് നാളേക്കുള്ള നമ്മുടെ കരുതലും. നിപ്പ കേരളത്തെയാണ് ബാധിച്ചിരുന്നതെങ്കിൽ കൊറോണ ലോകത്തെ മുഴുവൻ കൈപ്പിടിയിൽ ഒതുക്കുന്ന കാഴ്ചയാണ് നമുക്കു മുന്നിൽ. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ശ്രെദ്ധേയമാകുന്ന തലത്തിലേക്കു കേരള മോഡൽ വളർന്നു നിൽക്കുന്നത് പ്രതിവിധിയെക്കാളുപരി പ്രതിരോധം ആവശ്യമായ അവസ്ഥയിലാണിന്നു ലോകം എന്നതിനാലാണ്. ഇത്തരം മനോഭാവം കേരളത്തോളം പ്രതിഫലിപ്പിക്കുന്ന മറ്റൊരു ആരോഗ്യമേഖലയുമില്ല എന്നത് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ നിന്നും ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ മുതിരുന്ന രാജ്യങ്ങൾ ഒന്നടങ്കം അംഗീകരിക്കുന്നു ഈ വസ്തുത.
എടുത്തു പറയേണ്ട മറ്റൊരു കാര്യം നമ്മുടെ നേതൃത്വവൃന്ദത്തിന്റെ പാടവമാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ കരുതലും കരുത്തും തന്നെയാണ് ഒരുപക്ഷെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലുള്ള സാമൂഹിക അകലം വളരെ കുറവുള്ള ഇന്ത്യയെ രോഗ വ്യാപനത്തിന്റെ കണക്കിൽ ഏറ്റവും താഴെത്തട്ടിൽ നിർത്തുന്നത്. ശക്തമായ തീരുമാനങ്ങൾ എടുക്കാനും അവ കർശനമായി നടപ്പിലാക്കുവാനും പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിന്റെ സഹായത്തോടെ അല്ലാതെ ഒരിക്കലും ആരോഗ്യമേഖലക്ക് അതിന്റെ സമ്പൂർണതയിൽ പ്രവർത്തിക്കുവാൻ സാധിക്കുകയില്ല.ഇതു വരെ പരിചയമില്ലാത്ത ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ഒതുങ്ങാൻ ഒരുങ്ങാത്ത ജനതയെ എപ്രകാരമാണ് പോലീസ് സന്നദ്ധസേന നിയന്ത്രിക്കാൻ ശ്രെമിക്കുന്നത് എന്നും കാര്യഗൗരവം ബോധ്യപ്പെടുത്താൻ കഷ്ടപ്പെടുന്നത് എന്നും ദൃശ്യമാധ്യമങ്ങളിലൂടെ നാം അറിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ അവസ്ഥകളിൽ നിന്നു പുറത്തു വന്നാൽ ആദ്യം ആദരിക്കേണ്ടത് അവരെക്കൂടിയാണ്. കുടുംബശ്രീ മുഖേനയും കമ്മ്യൂണിറ്റി കിച്ചണുകൾ മുഖേനയും അതിഥി തൊഴിലാളികളെ ചേർത്തു നിർത്തുന്ന ഗവണ്മെന്റ് സാഹോദര്യത്തിന്റെ പുതിയ മുഖമാണ് കാഴ്ചവക്കുന്നത്. അവരുടെ മാനസികോല്ലാസവും ഉറപ്പുവരുത്തുന്നതിലൂടെ ആരോഗ്യം കേവലം ശരീരത്തെ സംബന്ധിക്കുന്ന ഒന്നല്ല എന്നുള്ള വികസിത ധാരണ അതിർത്തി ഭേദമില്ലാതെ പങ്കു വെക്കുന്നു നാം. സൗജന്യ റേഷൻ യാതൊരു നിബന്ധനകളുമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുന്നതിലൂടെ നാം അതിജീവിക്കും എന്ന വിശ്വാസം ഉറപ്പുവരുത്തുന്നു. കൊറോണ വൈറസിൽ നിന്നും രക്ഷ നേടാനുള്ള മാർഗം മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും ഇടക്കിടക്ക് കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക എന്നതുമാണ്. വ്യക്തമായ പ്രതിവിധി കണ്ടെത്തുന്നത് വരെയും കൊറോണയെ അകറ്റി നിർത്താൻ അത്ര മാത്രമേ നമുക്കോരോരുത്തർക്കും ചെയ്യാനുള്ളൂ. അനാവശ്യമായ ഒത്തുചേരലുകളും ആഘോഷങ്ങളും താത്കാലികമായി നമുക്ക് മാറ്റി വക്കാം. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് അദൃശ്യമായി കരങ്ങൾ കോർക്കാം.
വൈദ്യശാസ്ത്രത്തിന് ഇത് പുതുമ മാത്രമാണ്.നാളെ പഴയതാകാനുള്ള പുതുമ. ഇതും കടന്നു പോകും. നമ്മൾ അതിജീവിക്കും... ഇനിയുള്ള ക്വാറന്റൈൻ ദിനങ്ങളെ വിരസതയോടെ അല്ലാതെ സമയമില്ലാത്തതിന്റെ പേരിൽ മാറ്റി വച്ച സന്തോഷങ്ങളെ വീണ്ടെടുക്കാൻ ചെലവഴിക്കാം. വീട്ടിലിരുന്ന് നാടിനു വേണ്ടി നമുക്ക് കരുതലൊരുക്കാം... അങ്ങനെ നാം അതിജീവിക്കുക തന്നെ ചെയ്യും....

എൈശ്വര്യ
8 C ജി. എച്ച്. എസ്. എസ്. ചാലിശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം