കൊടുക്കാം ഒരു ബിഗ്‌സല്യൂട്ട്
പതിയെ റാം ഗേറ്റിനരികിൽ ഒരന്യനെപ്പോലെ ചാരിനിന്നു. ജില്ലാ ആശുപത്രിയിൽ ഡോക്ടറായ റാം ഇന്നൊരു യോദ്ധാവാണ്. ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്ന കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുന്ന ധീര ആരോഗ്യ പ്രവർത്തകരിൽ ഒരാൾ. ഡോ.റാം കുമാറിന് തന്റെ ശരീരം തളർന്നുപോകുന്നതായി ഇപ്പോൾ തോന്നുന്നു. കൊറോണക്കെതിരെയുള്ള ആ മൽപിടുത്തത്തിൽ വൈറസ് അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. വളരെ വൈകിയാണ് അദ്ദേഹം അത് തിരിച്ചറിഞ്ഞത്. ഇപ്പോൾ മരണം ഒരു നിഴലുപോലെ റാമിനെ പിന്തുടരുന്നു. ഗേറ്റിനരികെ ചാരിനിൽക്കുന്ന റാമിന്റെ കണ്ണുകൾ എന്തിനോ വേണ്ടി പരതുന്നുണ്ടായിരുന്നു. വീടിന്റെ വാതിലിനരികിൽ തന്റെ രണ്ടു മക്കളേയും ഭാര്യയേയും അദ്ദേഹം ഇമചിമ്മാതെ നോക്കിനിന്നു. അച്ഛനെന്താ കയറിവരാത്തേ എന്ന ആശ്ചര്യത്തോടെ മക്കൾ രണ്ടും റാമിനെ നോക്കിനിന്നു. ആ പുഞ്ചിരികൾ റാമിന് ഊർജ്ജം പകർന്നു. തന്റെ കുടുംബത്തെ അവസാനമായൊരു നോക്കുകാണാൻ വന്നതാണ് റാം. മക്കളെ ചെന്ന് വാരിപുണരണമെന്നുണ്ട്. എന്നാൽ തന്റെ മക്കൾ സുരക്ഷിതരായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ' അച്ഛാ..........' 'മക്കളേ.........' എന്ന രണ്ടുവിളികൾക്കുള്ളിൽ അവർ ദീർഘസംഭാഷണം നടത്തി. താൻ തളർന്നു പോവുന്നതായി റാമിന് തോന്നി. ശ്വാസമെടുക്കാനും പ്രയാസമനുഭവപ്പെട്ടു. ഇനി കാണാനാവില്ലെന്ന കയ്‌പേറിയ സത്യം തിരിച്ചറിഞ്ഞ റാം അവരെ കൺകുളിർക്കെ കണ്ടുനിന്നു. എല്ലാ സത്യവുമറിഞ്ഞ് നിർവികാരതയോടെ ഒന്നു പൊട്ടിക്കരയാൻപോലും സാധിക്കാതെ ഗർഭിണിയായ ഭാര്യ റീമ വാതിലിൽ ചാരിനിന്നു. മൗനത്തിൽ വാചാലനായ റാം അവിടെ നിന്ന് തകർന്ന ഹൃദയവുമായി മടങ്ങി. യാത്രയിലുടനീളം കുടുംബത്തിലെ ഓർമകൾ അയാളെ വേട്ടയാടി. ഇനിയൊരു തിരിച്ചുവരവില്ലെന്ന് റാമിന് ഉറപ്പായിരുന്നു. മക്കളുടെ നിഷ്‌കളങ്കചിരികൾ അയാൾക്കുമുന്നിൽ മിന്നിമറിഞ്ഞു. റോഡൂകൾ താണ്ടി റാം മടങ്ങി എത്രയോ ജീവൻ രക്ഷിച്ച ചാരിതാർഥ്യത്തോടെ എന്നെന്നേക്കുമായി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ
|