ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/വിധിയുടെ മുൾക്കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
വിധിയുടെ മുൾക്കിരീടം

2019 ഡിസംബർ 10 ന് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടപ്പോൾ നാമറിഞ്ഞില്ല ലോകം മുഴുവൻ നിമിഷങ്ങൾക്കൊണ്ടു തകർക്കുന്ന അണുബോംബിനേക്കാൾ ശക്തിയും വേഗതയുമുണ്ട് ഈ കൊറോണ വൈറസിനെന്ന്. ആഴ്ചക്കൾക്കകം അത് നമ്മുടെ നാട്ടിലുമെത്തി. അന്നു മുതൽ നമ്മുടെ വൈറസുമായുള്ള പോരാട്ടം തുടങ്ങി. ഇതിനെ പ്രതിരോധിക്കാൻ ലോകം ഒരു മാർഗ്ഗം മാത്രമേ കണ്ടുള്ളൂ " അടച്ചുപൂട്ടൽ " എന്തൊരത്ഭുതമാണിത്? ലോകം മുഴുവൻ ഒരു പ്രതിഷേധവും കൂടാതെ അതംഗീകരിച്ചു. എന്നാലിതൊന്നും വക വയ്ക്കാതെ പോയവർ രോഗം പരത്തി. അങ്ങനെ ലോകം മുഴുവൻ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞു. ഒരു കുടുംബം പോൽ കഴിഞ്ഞിരുന്നവർ തമ്മിൽ അതിർത്തികൾ തീർത്തു. അവിടെയും ചികിത്‌സ കിട്ടാതെ മരണങ്ങൾ .
വേറൊരു ഭാഗത്ത് അടച്ചിടലിന്റെ ദുരന്തം അനുഭവിക്കുന്നവർ. അന്നന്നത്തെ കൂലിക്കൊണ്ട് ദിവസം കഴിച്ചുകൂട്ടുന്നവർ അതിൽ പ്രധാനികളാണ്. അവർ ഭക്ഷണം കിട്ടാതെ വലയുന്നു. പക്ഷേ സർക്കാരും സന്നദ്ധസംഘടനകളും അവർക്ക് ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ അവർക്കും ഒരു പരിമിതിയില്ലേ. ഈ ലോക്ഡൗൺ നീണ്ടുപോകുകയാണെങ്കിൽ നമ്മുടെ സാമ്പത്തിക സ്ഥിതി തകരാറിലാകും. സാമ്പത്തികമാന്ദ്യത്തിന് തന്നെ കാരണമാവാം.
ഈ രോഗബാധയുണ്ടാക്കിയ ഭീതിയിലും ആശങ്കകളിലും വലയുന്ന ജനങ്ങൾക്കു മറ്റൊരു വെല്ലുവിളിയായി മാറുകയാണ് വ്യാജവാർത്തകൾ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നവർ നടത്തുന്നതു വലിയ സാമൂഹ്യദ്രോഹം തന്നെയാണ്. ഇങ്ങനെയുള്ള വാർത്തകളെ തടയേണ്ടത് സർക്കാരിന്റെ മാത്രമല്ല, പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്.
ഈ വിധിയുടെ മുൾക്കിരീടത്തെ തച്ചുടയ്ക്കാൻ നാം ജാഗ്രതയോടെ വീട്ടിൽതന്നെ സാമൂഹിക അകലം പാലിച്ചുക്കൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് സ്വന്തം ജീവസുരക്ഷ പോലും മറന്ന് കോവിസ് പ്രതിരോധത്തിലും ചികിത്‌സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന ആരോഗ്യപ്രവർത്തകരെ നാം മറക്കാൻ പാടില്ല. ആയുസ്സു പണയം വച്ച് അവർ ആരോഗ്യസേവനം ചെയ്യുന്നതുകൊണ്ടു കൂടിയാണ് നമ്മൾ ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കുന്നത്. അവരുടെ ആരോഗ്യ സുരക്ഷ എന്തു വില കൊടുത്തും നാം കാത്തുസൂക്ഷിക്കണം. ഈ മഹാമാരിയെ നമുക്കൊന്നിച്ച് പ്രതിരോധിക്കാൻ സാധിക്കുമെന്നും ലോകം സാധാരണ സ്ഥിതിയിലേക്കെത്തിച്ചേരുമെന്നും നമുക്ക് വിശ്വസിക്കാം.

വേദശ്രീ.എം
10.A ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം