ജി.എച്ച്. എസ്.എസ് പെരിയ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാളിയേക്കൽ കേളുപട്ടേലർ പെരിയയിൽ നുള്ളിപാടി എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത്‌ നിർമ്മിച്ചു നൽകിയ 4 രൂപ വാടക കെട്ടിടത്തിലാണ്‌ വിദ്യാലയം പ്രവർത്തിച്ചത്‌. സ്വാതന്ത്യ പൂർവ്വ കാലത്ത്‌ വിദ്യാലയ ഭരണ നിർവ്വഹണം ജില്ലാ ബോർഡിന്‌ കീഴിലായിരുന്നു, കുന്താപുരം, ഉഡുപ്പി, കാർക്കളം, പുത്തൂർ, ഉപ്പിനങ്ങാടി, കാസർഗോഡ്‌ താലുക്കുകൾ ചേർന്ന്‌ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ഡിസ്ട്രിക്റ്റ് ബോർഡിന്‌ കീഴിലായിരുന്നു പ്രാഥമിക വിദ്യാലയം പ്രവർത്തിച്ചു തുടങ്ങിയത്‌.

1949 ൽ പ്രസ്തുത വിദ്യാലയം ഒരു ഹയർ എലമെന്ററി സ്കൂൾ ആയി ഉയർത്തപ്പെടുകയും പയറ്റിച്ചാൽ മേലത്ത് മാലിങ്കുനായർ പണിതുനൽകിയ 14 രൂപാ വാടകകെട്ടിടത്തിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. 1957 ഇ.എം.എസ്സിന്റെ മന്ത്രി സഭയിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രി ആയപ്പോൾ സ്വതന്ത്ര കേരളത്തിൽ നിരവധി ഉപരിവിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. അവയിലൊന്നാവാൻ പെരിയയ്ക്കും ഭാഗ്യമുണ്ടായി. സ്വാതന്ത്ര്യസമര സേനാനിയായ കെ മാധവൻ, അന്നത്തെ ഹൊസദുർഗ്ഗ് എം എൽ എ ആയിരുന്ന അഡ്വ. കെ. ചന്ദ്രശേഖരൻ , പി.ദാമോദരൻ നായർ, പി. ബാലകൃഷ്ണൻ നായർ, മേലത്ത്‌ നാരായണൻ നമ്പ്യാർ, പി.വി. അമ്പു തുടങ്ങിയവരുടെ പ്രവർത്തനം ഹൈസ്കൂൾ ആയി ഉയർത്തുന്നതിന് ഉണ്ടായിരുന്നു, ഹൈസ്‌കൂൾ നിലവിൽ വന്നതോടെ ഒന്നുമുതൽ നാലുവരെ എൽപി വിഭാഗം വേർതിരിക്കപ്പെടുകയുണ്ടായി.

10-ൽ താഴെ കുട്ടികളായിരുന്നു പെരിയ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യത്തെ പത്താം ക്ലാസ്സ്‌. വിശ്വനാഥ അയ്യരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ തന്നിത്തോട്‌, കൂടാനം, രാവണേശ്വരം, കരിച്ചേരി, കൊളത്തൂർ, ആയമ്പാറ, പനയാൽ തുടങ്ങി വലിയൊരു പ്രദേശത്തുനിന്നുള്ള കുട്ടികളുടെ ആശ്രയമായിരുന്നു ഈ വിദ്യാലയം. 1961 ൽ സ്ഥീര കെട്ടിടം ഉണ്ടാകുന്നതുവരെ താത്ക്കാലിക ഷെഡ്ഡിലായിരുന്നു ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത്. ഉന്നത വിദ്യാഭ്യാസവും അദ്ധ്യാപന പരിചയവും നേടിയവർ കാസറഗോഡ്‌ പ്രദേശത്ത്‌ അപൂർവ്വമായിരുന്ന കാലത്ത്‌ പ്രദേശവാസികളായ അധ്യാപകർക്കൊപ്പം കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുവന്ന അദ്ധ്യാപകരും ഹൈസ്‌കൂളിലുണ്ടായിരുന്നു.

സംസ്ഥാന അദ്ധ്യാപക അവാർഡ്‌ ജേതാവും ഈ സ്‌കൂളിന്റെ മുൻ ഹെഡ്‌മാസ്റ്ററുമായ ശ്രീ. പികുഞ്ഞമ്പു നായരുടെയും, അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ശ്രീ. കമ്മാരൻ മാസ്റ്ററുടേയും നേതൃത്വത്തിൽ നാട്ടുകാരുടേയും പൂർവ്വവിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കപ്പെട്ട സിൽവർ ജൂബിലി ഹാൾ, മൾട്ടി പർപ്പസ്‌ ഹാൾ, കണ്ണൂർ ഇടയന്നൂർ സ്വദേശിയായ ശ്രീ. എ.സി. നാരായണൻ ഹെഡ്‌മാസ്റ്റർ ആയിരിക്കെ ആരംഭിച്ച ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ, നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും കൂടി നിർമ്മിച്ചുനൽകിയ കമ്പ്യൂട്ടർ ലാബ്‌ എന്നിവ സമീപകാലഘട്ടത്തിൽ സ്കൂളിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ പ്രവർത്തനങ്ങളാണ്‌. അക്കാദമിക രംഗത്തും കലാകായികരംഗത്തും മറ്റു മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം വളർച്ചയുടെ ഈ വഴിയിൽ വിദ്യാലയത്തിന്‌ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്‌. ഈവിദ്യാലയത്തിൽ നിന്നും അക്ഷരവെളിച്ചം നേടി പൊതുസമൂഹത്തിൽ ഉന്നത പദവിയിലെത്തിയവർ ഏറെയാണ്‌. 2004 ൽ ഹയർ സെക്കന്ററി വിദ്യാലയമായി ഉയർത്തപ്പെടുകയും സയൻസ്‌, ഹ്യൂമാനിറ്റിസ്‌ എന്നീ വിഭാഗങ്ങളിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തത്‌ വിദ്യാലയ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്‌. പെരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പൊതുവിദ്യാലയം ഇന്ന്‌ വളർച്ചയുടെ പാതയിലാണ്‌. സമീപ പ്രദേശങ്ങളിൽ അടുത്ത കാലത്തായി മറ്റു വിദ്യാലയങ്ങൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും പ്രദേശത്തെ ഭൂരിഭാഗം കുട്ടികളും ഈ വിദ്യാലയത്തെയാണ്‌ ഇപ്പോഴും ആശ്രയിക്കുന്നത്‌ എന്നത്‌ അഭിമാനകരമാണ്‌.