ഓർമകളിലേക്കുള്ള യാത്രകൾ
ആകാശത്തിന്റെ കറുത്തുമിന്നിയ മുഖം ആർദ്രതയുടെ നനവായി കനിവിന്റെ കണ്ണുനീരായി തോരാതെ പെയ്‍-തുകൊണ്ടിരിക്കുകയാണ്. ഇറയിലൂടെ ഒലിച്ചിറങ്ങുന്ന മഴപ്പാളികളുടെ നൂലുകളെ നോക്കിനിന്നു. മഴയുള്ള സമയത്തെ ഈ നിൽപ്പല്ലാതെ മറ്റെന്താണ് ഓർമകളിലേക്ക് വഴുതി വീഴാൻ വേണ്ടത്. ഇങ്ങനെ തനിച്ചിരിക്കുമ്പോഴൊക്കെ ഞാൻ പതിയെ അറിയാതെ തന്നെ ഓർമകളിലേക്ക് വഴുതി വീഴുകയാണ്. കാലത്തിന്റെ ചിറകിലേറി ഈ യാത്ര ഇവിടെയും എത്തി.
ഓർമകൾ അല്ലാതെ മറ്റെന്താണ് ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. വളർന്നുവരുന്തോറും അദൃശ്യമായ ചങ്ങലകളാൽ ബന്ധിക്കപ്പെടുമ്പോൾ സ്വാതന്ത്ര്യത്തിൽ ഇന്നലകളുടെ ഓർമകൾ തന്നെയാണല്ലോ മനസ്സിന്റെ ആശ്വാസം.
ഇന്ന് ഈ ജനലഴികൾക്കിടയീലൂടെ മഴ കാണുമ്പോൾ ഓർമ വരുന്നത് പണ്ട് അമ്മയുടേയും ചേച്ചിയുടേയും കൂടെ കടലാസുതോണികൾ ഉണ്ടാക്കി കളിച്ച ബാല്യമാണ്. തിരിച്ചുകിട്ടാത്ത ആ ബാല്യത്തെ എത്രമേൽ ഓർക്കാതിരിക്കാനാകും. ഓർമകളിലേക്കുള്ള യാത്ര ഒരിക്കലും അവസാനിക്കുന്നില്ല.ജീവിതം ഒരുപക്ഷേ ഒരു യാത്രയല്ലായിരിക്കാം. പക്ഷെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയും നമുക്ക് ഓരോ യാത്രയാണ്. ആ ഓരോ യാത്രകളും വ്യത്യസ്തങ്ങളായ അനുഭവങ്ങളും ഓർക്കുവാനായി എന്തെങ്കിലുമൊക്കെ ബാക്കിവെക്കാതെ ഒരു മഴയും പെയ്തുതോരുന്നില്ല. നമ്മുടെ ചുറ്റിലും ഓരോന്നിലും ഓരോ ഓർമകളുണ്ടാകും. ആ ഓർമകളിലേക്ക് യാത്ര പോയാൽ എപ്പോഴാണ് തിരിച്ചുവരാൻ കഴിയുക? ഓർമകളിലേക്കുുള്ള യാാത്രതന്നെയാണ് ഏറ്റവും വലിയ യാത്ര.
മാറിവരുന്ന ഋതുഭേദങ്ങൾ കാലത്തിന്റെ വിരിമാറിൽ വിഹരിച്ച് കടന്നു പോകുന്നു. ശിശിരവും വസന്തവും വേനലിന് വഴിമാറിക്കൊടുത്തു. കാത്തിരിപ്പിനൊടുവിൽ പെയ്‍തിറങ്ങുന്ന മഴ. ഇലച്ചാർത്തിലെ മഴനനവ്‍…… ഇത് പ്രകൃതിയുടെ യാത്രയാണ്.ഈ യാത്രയുടെ ഓരോ വേളയിലും പ്രകൃതി ഓരോ തരത്തിലുള്ള ഓർമകൾ നൽകുന്നു.
മനസ്സിന്റെ ആഴങ്ങളിൽ നമ്മൾ ഓരോരുത്തരും നടത്തുന്ന യാത്ര ആർക്കാണ് അളക്കാനാകുക. ഓരോ മനസ്സും ഓരോന്നിനായി ഓരോ തരത്തിൽ യാത്ര ചെയ്യുകയാണ് . പ്രകൃതിയിലേക്കും ഓർമകളിലേക്കും അക്ഷരങ്ങളിലേക്കും മനസ്സ് യാത്ര ചെയ്‍തുകൊണ്ടിരിക്കുന്നു. ആ യാത്രയ്‍ക്കിടയിൽ സ്വന്തം ഹൃദയത്തിന്റെ നീറ്റൽ നിശബ്‍ദമായി അനുഭവിക്കുകയും ചെയ്യുന്നു. ഇന്നലെയുടെ യാത്രകൾ കഴിഞ്ഞ് ഇന്നത്തെ യാത്രയിൽ നാളെയുടെ യാത്രയെപ്പറ്റിയുള്ള ആശകളും ആശങ്കകളും ഉണ്ട്.
അവസാനിക്കാത്തയാത്ര എന്നത് ഏതായിരുന്നു. ജീവിതം എന്ന യാത്രയും മരണം എന്ന വാക്കുകൊണ്ട് അവസാനിപ്പിക്കുകയേല്ല നമ്മൾ. മനസ്സ് എവിടെയൊക്കെ യാത്ര പോയിവരുന്നു നമ്മൾ അറിഞ്ഞും അറിയാതെയും. ജീവിതം എന്തിനെന്ന് തേടിയുള്ള യാത്ര എവിടെ അവസാനിക്കും ? പ്രകൃതിയുടെ ഉൾതലങ്ങളിലേക്കും മഴയുടെ കുളിരിലേക്കും കനലിന്റെ എരിവിലേക്കും അഴലിന്റെ ആഴങ്ങളിലേക്കും മനസ്സ് നടത്തുന്ന യാത്രകൾ അവസാനിക്കുന്നുണ്ടോ?അത് തുടങ്ങുന്നത് പോലും നമ്മൾ അറിയുന്നില്ല.
മുന്നോട്ടോടുന്ന സമൂഹത്തെപ്പറ്റിയും കത്തിയമർന്ന അക്ഷരങ്ങളെപ്പറ്റിയും എഴുതിതീരാത്ത പ്രണയത്തെപ്പറ്റിയുള്ള ചിന്തകളിലേക്കായിരുന്നു എന്റെ മനസ്സിന്റെ യാത്രകൾ. ആ യാത്രയിൽ ഞാൻ കണ്ടെത്തിയവയായിരുന്നു കടലാസിലേക്ക് ഞാൻ പടർത്തിയിട്ടതും. എന്റെ ആ ഒർമകളിലേക്കുള്ള യാത്രകൾ പലർക്കും വെറും ഭ്രാന്ത് മാത്രമായിരുന്നു. പക്ഷെ എനിക്കത് അടക്കാനാകാത്ത 'ഭ്രാന്താ'യിരുന്നു. ഇന്ന് ഈ ചങ്ങലകളാൽ ബന്ധിച്ച് ഇവിടെ ഈ നാലുചുവരുകൾക്കിടയിൽ ഇരിക്കുമ്പോഴും ഓർമകളിലേക്ക് ഞാൻ യാത്രപോകുന്നതും അതു കൊണ്ട് തന്നെയാണല്ലൊ. ഇവിടെ ഇരുന്നുകൊണ്ട് തന്നെ ഗ്രീഷ്‍മവും വസന്തവും കടന്ന്പോകുന്നതും ശിശിരത്തിൽ ഇലകൊഴിയുന്നതും ഞാൻ അറിയുന്നു. വർഷകാലത്ത് ആദ്യത്തെ തുള്ളി ഭൂമിയിലേക്ക് ആഴ്‍ന്നിറങ്ങുമ്പോൾ എന്റെ മനസ്സും കുളിരണിയുന്നു. ഇന്ന് ഓർമകളിൽ നിന്നും അക്ഷരങ്ങളിലേക്ക് യാത്ര മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ അവ …… കടലാസിലേക്ക് പടരുന്നില്ല ……. എങ്കിലും മനസ്സിൽ ഞാനവ കോറിയിടുന്നു …. ഒരിക്കലും മായാതെ …. എന്റെ ഓർമകളെ …… എന്റെ യാത്രകളെ ……
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ
|