ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്/അക്ഷരവൃക്ഷം/ഈ അവധിക്കാലം
ഈ അവധിക്കാലം
കൊറോണയെന്ന മഹാമാരി ഇടിച്ചിറങ്ങിയത് രണ്ടാമത്തെ പഠനോത്സവം നടത്താനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് മേലെ ആയിരുന്നു. വാട്സാപ്പിൽ സ്കൂളുകളെല്ലാം വേനലവധിക്കു ഇക്കുറി നേരത്തെ പൂട്ടിയെന്നുള്ള മെസ്സേജുകൾ വന്നത് കണ്ടു വെള്ളിടിയേറ്റതു പോലെ നിൽക്കുന്ന ഹെഡ് മിസ്ട്രസിന്റെയും അധ്യാപകരുടെയും ആ നിൽപ് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അത്രയധികം ഇനങ്ങൾ പഠനോത്സവത്തിൽ അവതരിപ്പിക്കാൻ ആയി തയ്യാറായിക്കൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു അത്. കുട്ടികളും അദ്ധ്യാപകരും ഒത്തൊരുമിച്ച് ഒരേ മനസ്സായി അവതരണ സാമഗ്രികളും തയ്യാറാക്കുമായിരുന്നു അന്നൊക്കെ. വിവിധ ഇനം വീടുകളെ പറ്റിയുള്ള വിവരണം അവതരിപ്പികാനായി എനിക്കും ഉണ്ടായിരുന്നതാണ്, നന്നായി പരിശീലിച്ചിരുന്നതാണ്, എല്ലാം വെറുതെയായി. കുട്ടികൾക്കെല്ലാം വല്ലാത്ത വിഷമം ആയി. എന്നാൽ സ്കൂൾ അടച്ചുകഴിഞ്ഞപ്പോഴോ കൂട്ടുകാരോടൊത്ത് കളിയ്ക്കാനും പറ്റുന്നില്ല, എന്തിനു അയൽപക്കത്തുള്ള അവരുടെ വീട്ടിലൊന്നു പോവാനൊക്കുമോ അതും ഇല്ല. അവധിക്കാലത്തിന്റേതായ ഒരു സന്തോഷവും ഇല്ല. എല്ലാരുടേം ഉള്ളിൽ കൊറോണയോടുള്ള പേടിയില്ലാതെ ഒന്നും ഇല്ല. എല്ലാ വീടുകളിലും മാസ്ക് കൊണ്ട് കൊടുക്കുന്നതിനിടയിൽ എന്റെ വീട്ടിലും വാർഡ് മെമ്പർ ജോയേട്ടൻ മാസ്ക് കൊണ്ട് വന്നു തന്നു. ഓപ്പറേഷൻ സമയത്ത് ഡോക്ടർമാർ വയ്ക്കുന്ന പോലത്തെ പച്ച നിറമുള്ള മാസ്ക്. തൊട്ടപ്പുറത്തുള്ള മാധവൻ ചേട്ടന്റെ പലചരക്കു കടയിൽ പോണ സമയത്ത് മാസ്ക്ക് ധരിച്ചിട്ടേ പോകാവൂ എന്ന് 'അമ്മ നിർബന്ധം പറഞ്ഞിട്ടുണ്ട്. കൈ കഴുകാനായി ഒരു പ്രത്യേക തരം സോപ്പ് വെള്ളവുമുണ്ട് അതുപയോഗിച്ചു രണ്ടു നേരം കൈ കഴുകണം എന്ന അച്ഛന്റെ നിർദ്ദേശവും ഉണ്ട്. അച്ഛനും അമ്മയും പറഞ്ഞാൽ അത് അനുസരിക്കാതെ വയ്യ. അവർ എന്റെ നല്ലതിന് വേണ്ടിയാണു പറയുന്നത് എന്നെനിക്കു നല്ല ബോധ്യം ഉണ്ട്. കഥാപുസ്തകങ്ങൾ വായിച്ചും പാമ്പും കോണിയും പോലത്തെ വീട്ടിലിരുന്നു കളിക്കാവുന്ന കളികൾ കളിച്ചും കഥാപുസ്തകങ്ങൾ വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ചും അങ്ങനെയങ്ങനെ സമയം കഴിക്കും. ലോകം മൊത്തം പേടിക്കുന്ന വലിയൊരു അസുഖം പടരാതെ നോക്കാനല്ലേ...ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ സഹിക്കേണ്ടി വരും. ഭാരതത്തിൽ നിന്ന് മാത്രമല്ല എല്ലാ രാജ്യങ്ങളിൽ നിന്നും കൊറോണയെന്ന ഭൂതം ഒരുനാൾ പിൻവാങ്ങും, നമ്മൾ തിരിച്ചു കയറും. നല്ലത് പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രവൃത്തിയും പ്രാർത്ഥനകൾക്കും ഒരുനാൾ ഫലം ഉണ്ടാവും.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |