ജി.എച്ച്.എസ്.എസ്. മാലൂര്/അക്ഷരവൃക്ഷം/മനുഷ്യനറിയണം പ്രകൃതിയെ
മനുഷ്യനറിയണം പ്രകൃതിയെ
ഭൂമി മരിച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ അതിന്റെ പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും . കോടിക്കണക്കിന് സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം അൽപാൽപ്പമായി നശിച്ചുകൊണ്ടിരിക്കുകയാണ് . പ്രകൃതിയിലെ ഉത്തമ സൃഷ്ടിയാണ് മനുഷ്യൻ എന്നാൽ അവന്റെ പ്രവർത്തനങ്ങൾ നിലവിലുളള ആവാസ വ്യവസ്ഥകൾക്ക് ഭീഷണിയാകിന്നതരത്തിലാണ് . പണം കൊടുത്ത് വാങ്ങിക്കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും ,വലിയ കോൺക്രീറ്റ് വീടുകളിലും മാത്രമായി അവന്റെ സുഖ സന്തോഷങ്ങൾ ഒതുങ്ങി പോവുകയാണ്. ഇതിനിടയിൽഅറിഞ്ഞോ അറിയാതെയോ അവൻ പ്രകൃതിയിൽ നിന്നും ഒത്തിരി അകന്ന് പോയിരിക്കുകയാണ് .പ്രകൃതിയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാനുളള നിക്ഷേപശാലയായും ഭൂമിയെ ഇന്ധനങ്ങൾ കുഴിച്ചെടുക്കാനുളള ഖനന കേന്ദ്രമായും ആണ് മനുഷ്യൻ ആക്കുന്നത്. നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ എന്ത് അവകാശമ ആണോ ഉളളത് ആ അവകാശം തന്നെ മറ്റ് ജീവജാലങ്ങൾക്കും ഉണ്ട് എന്ന സത്യം എന്തു കൊണ്ടാണ് മനുഷ്യരായ നാം മനസ്സിലാക്കാത്തത്. കാട് വെട്ടി തെളിച്ചു വീടുകൾ പണിയുന്നതും വയലുകൾ നികത്തി റോഡുകൾ ഉണ്ടാക്കുന്നതും , ജലാശയങ്ങളിൽ നിന്ന് മണൽ വാരുന്നതും ഒന്നും തന്നെ ഇന്ന് പുതുമയേറിയ കാര്യമല്ല. "ഒരു മരം മുറിച്ചു കളയുമ്പോൾ പത്ത് തൈകൾ നടണം " എന്ന ബോധം എല്ലായ്പ്പോഴും നമുക്ക് വേണം . അല്ലാതെ എന്തെങ്കിലും പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ മാത്രം പരിസ്ഥിതി സംരക്ഷണ മേഖലയിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല. നമ്മുടെ പ്രകൃതി മലിനമാവുന്നതിന്റെ മറ്റൊരു പ്രധാന കാരണമാണ് പ്ലാസ്റ്റിക് . “ മരണമില്ലാതെ മരണം വിതയ്ക്കുന്ന ഭീകരൻ “ എന്ന വിശേഷണം ആണല്ലോ പലരും ഇതിന് കൊടുത്തിരിക്കുന്നത് . മണ്ണിനോട് ചേരാത്ത പ്രകൃതിയോട് ഇണങ്ങാത്ത ഒരു ഖര മാലിന്യം ആണ് പ്ലാസ്റ്റിക് . ഇന്നത്തെ അവസ്ഥയിൽ നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുവായി പ്ലാസ്റ്റിക് മാറിക്കഴിഞ്ഞു . എന്നാൽ അമിതമായാൽ അമൃതും വിഷം ആണല്ലോ അതുപോലെ തന്നെയാണ് പ്ലാസ്റ്റിക്കും അതിന്റെ അമിത ഉപയോഗം ഭൂമിയെ തന്നെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തെ ഇന്ന് പ്ലാസ്റ്റിക് വിമുക്ത നാടായി മാറ്റാൻ നമ്മുടെ സർക്കാറും മറ്റ് ആരോഗ്യപ്രവർത്തകരും ശ്രമിക്കുന്നു എന്നത് അഭിമാനാർഹമായ ഒരു കാര്യമാണ്. ഈ ലോക്ക് ഡൗൺ കാലത്ത് നമ്മളെല്ലാവരും ചിന്തിക്കേണ്ട കാര്യമുണ്ട് . നിരപരാധിയായ ഒരാളോട് ക്രൂരത കാട്ടിയാൽ നമുക്ക് തിരിച്ചടി നൽകുമെന്ന് കേട്ടിട്ടില്ലേ അത് പോലെയാ പ്രകൃതി അതിനോട് മനുഷ്യർ ചെയ്ത ക്രൂരതയ്ക്ക് ഒന്നൊന്നായിപകരം ചോദിക്കുകയാ .ആദ്യം പ്രളയത്തിന്റെ രൂപത്തിൽ ആയിരുന്നു. അവിവേകികളായ നമ്മളെ കുറേ ഒക്കെ വിവേകികളാക്കി കൊണ്ട് അത് തല്ക്കാലം പോയി.എന്നിട്ടും ഇവർ പഠിച്ചില്ലേ എന്ന ചോദ്യവുമായി പകർച്ചവ്യാധിയുടെ രൂപത്തിൽ .ലോകത്തിലെ എല്ലാ മനുഷ്യരെയും ഒരേ സമയം വീട്ടിനുളളിൽ ഇരുത്തി കൊണ്ട് പ്രകൃതി സ്വയം രക്ഷനേടുകയാണ് . നമ്മുടെ ഈ ലോക്ക് ഡൗണിൽ പ്രകൃതി എത്രത്തോളം സംരക്ഷിക്കപ്പെട്ടു എന്ന് നിങ്ങൾ ആലോചിച്ച് നോക്കിട്ടുണ്ടോ . “മരങ്ങൾ വെട്ടി നശിപ്പിക്കപ്പെടുന്നില്ല . ഫാക്ടറികളിൽ നിന്നുളള പുകയോ ഹോട്ടലുകളിൽ നിന്നുളള മാലിന്യങ്ങളോ ഇല്ല . ജലാശയങ്ങളിൽ നിന്നും മണൽ മാഫിയകൾ മണൽ കൊള്ളയടിക്കുന്നുമില്ല. റോഡുകളിൽ വാഹനങ്ങളുടെ ശബ്ദമലിനീകരണമോ വായു മലിനീകരണമോ ഇല്ല ".പ്രകൃതി എത്രത്തോളം സന്തോഷവാനാണെന്നോ. ലോക്ക് ഡൗൺ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന മനുഷ്യർ പ്രകൃതിയെ പഴയത് പോലെ മലിനമാക്കല്ലേ എന്ന പ്രാർത്ഥന മാത്രം .
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം