ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/ഒരു വീട്ടിലിരിപ്പ് അപാരത.....

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വീട്ടിലിരിപ്പ് അപാരത.....

ബയോളജി പരീക്ഷയ്ക്കു ശേഷം വീട്ടിൽ വന്നിരുന്നതാണ്.ആ ഇരിപ്പ് 21 ദിവസത്തെ ലോക്ഡൗണിലേക്കായിരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ബാക്കിയുണ്ടായിരുന്ന മൂന്ന് പരീക്ഷയും മാറ്റി..ആകെ മൊത്തം ഒരന്ധാളിപ്പ്...ഇനി 21 ദിവസവും വീടിനുള്ളിൽ തന്നെയാണ്.ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിന്റെ ഭീതിയിലാണ്.എത്രപേരാണ് ദിവസവും ലോകത്ത് മരിച്ചുകൊണ്ടിരിക്കുന്നത്.ഇത്രമാത്രം ഈ ലോകം നിശ്ചലമാക്കാനുള്ള ശക്തി ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനുണ്ടോ?ബയോളജിയിൽ "ഒരു പ്രോട്ടീൻ ആവരണവും അതിനുള്ളിൽ DNA അല്ലെങ്കിൽ RNA തന്മാത്രകൾ അടങ്ങിയിട്ടുള്ള ലഘുഘടനയാണ് വൈറസുകൾക്ക്" എന്ന് എത്ര തവണ വായിച്ചിട്ടുണ്ട്.പക്ഷെ അപ്പോഴും ന്യൂക്ലിയാർ ബോംബുകളും മിസൈലുകളുമെല്ലാം ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനു മുന്നിൽ മുട്ടുകുത്തിപ്പോകും എന്ന മനസ്സിലാക്കുന്നത് ഈ കോവിഡ്-19 ന്റെ വരവോടെയാണ്. ഞായറും തിങ്കളുമെല്ലാം ഇപ്പോൾ ഒരുപോലെയാണ്.സമയം പോലും നേരെ അറിയുന്നില്ല.ചുമരിൽ തൂക്കിയ ക്ലോക്ക് ഓട്ടം നിർത്തിയോ എന്ന് ഇടയ്ക്ക് തോന്നിപ്പോകും.ഒരു ദിവസം പോലും വീട്ടിലിരിയ്ക്കാൻ ഒഴിവില്ലാത്ത അച്ഛൻ ഇപ്പോൾ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ ഇരിയ്ക്കുന്നത് കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്.വീട്ടിലിരിപ്പ് അത്ര സുഖമുള്ള ഏർപ്പാടൊന്നുമല്ല എന്ന് തോന്നിതുടങ്ങിയത് ഈ കോവിഡ് കാലത്താണ്.സ്കൂൾ ദിനങ്ങളിൽ ഒരവധി കിട്ടിയാൽ ആ അവധി ഒരു രണ്ടു ദിവസം കൂടി നീട്ടികിട്ടണെ എന്ന് കൊതിച്ചവരാണ് ഞാനുൾപ്പടെയുള്ളവർ. ആ ക്ലാസും ,കൂട്ടുകാരും,ടീച്ചർമാരുമെല്ലാം ഇടയ്ക്കിടെ ഓർമയിലേയ്ക്ക് കയറി വരും.സ്കൂൾ ജീവിതത്തിൽ അവസാനം സംഭവിക്കാറുള്ള വിടവാങ്ങലും,യാത്ര പറച്ചിലും,കരച്ചിലും ഒന്നുമില്ലാതെ "തിങ്കളാഴ്ച കണക്ക് പരീക്ഷയ്ക്ക് കാണാം " എന്ന് പറഞ്ഞ് പിരിഞ്ഞവരാണ്.ഇപ്പോൾ ഇതാ ഒരു നീണ്ട ഇടവേളയിൽ... ലോക്ഡൗൺ കഴിഞ്ഞാലുടൻ പരീക്ഷയുണ്ടാകും.പഠിച്ചതെല്ലാം മറന്നുപോകുമോ എന്ന് അമ്മയ്ക്ക് വേവലാതി.മടി പിടിച്ചോ എന്ന് എനിയ്ക്കും സംശയം.സമയം പോകാൻ പല വിദ്യകളും ചെയ്യും.ടി വി ആകെ ചൂടുപിടിച്ചിരിപ്പാണ്.മൊബൈൽ ഫോണിനോട് ആദ്യമായി വെറുപ്പ് തോന്നിതുടങ്ങി.അടുക്കളയിൽ കയറി പുതിയ എന്തെങ്കിലും പരീക്ഷിക്കാമെന്ന് വച്ചപ്പോൾ ഒട്ടും പരിചയമില്ലാത്ത കുറേ മുഖങ്ങൾ,കത്തിയും സ്റ്റൗവുമെല്ലാം എന്നെതന്നെ തുറിച്ചുനോക്കുന്ന പോലെ.വെറുതെയിരിക്കുമ്പോൾ പൈഥഗാറസും ന്യൂട്ടനുമെല്ലാം തലയ്ക്കുമുകളിൽ വന്ന് ചുറ്റിക്കറങ്ങും.പിന്നെ പുസ്തകം നിവർത്തി നോക്കും.പുസ്തകത്തിനുപോലും മടിപിടിച്ചിരിയ്ക്കുന്നു. ഒന്നും നടക്കില്ലാന്ന് കാണുമ്പോൾ പുറത്തേയ്ക്ക് നോക്കിയിരിയ്ക്കും.ചുറ്റിലും ഒന്ന് കണ്ണോടിക്കുമ്പോൾ പ്രകൃതിയുടെ ചില കുസൃതികൾ കാണാം.നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി മനസ്സ് വെറുതേ ഒന്ന് സംസാരിച്ചു.നമ്മുടെ നാട് എത്ര കരുതലോടെയാണ് കൊറോണക്കെതിരെ പോരാടുന്നത്.നമ്മുടെ ആരോഗ്യമന്ത്രിയും,മുഖ്യമന്തിയും,ആരോഗ്യമന്തിയും,പോലീസുകാരുമെല്ലാം എത്ര ആത്മാർത്ഥമായാണ് നാടിനുവേണ്ടി പ്രവർത്തിക്കുന്നത്.അത് നന്മയുടെ ചില മുഖങ്ങൾ..അപ്പോഴും കൊറോണയേക്കാൾ പേടിക്കേണ്ട ചില തിന്മയുടെ മുഖങ്ങളും അങ്ങിങ്ങായി കാണാം.കർണാടക അതിർത്തിയിൽ ആംബുലൻസ് തടഞ്ഞത് കണ്ണിച്ചോരയില്ലാത്ത മുഖങ്ങളുടെ നേർക്കാഴ്ചയല്ലേ?കാലം എത്രയെത്ര പാഠങ്ങളാണ് മനുഷ്യനെ പഠിപ്പിക്കുന്നത്.....പക്ഷെ അതൊന്നും ഉൾക്കൊള്ളാനാവാത്ത ചില മനുഷ്യരുണ്ട്.അവർ കാലത്തിന്റെ അടുത്ത പ്രതികാരത്തിനുവേണ്ടി കാത്തിരിക്കുകയാകും എന്ന മനസ്സ് മന്ത്രിച്ചു.ചുറ്റും വല്ലാതെ നിശ്ശബ്ദമായപോലെ.മുകളിലെ ആകാശത്തിലേക്ക് നോക്കി.ഇതിനുമുമ്പ് ഇത്ര മനോഹരമായി ഈ ആകാശം ഞാനിതുവരെ കണ്ടിട്ടില്ലായിരുന്നു....

ഗോപിക.ബി
10 A ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകുറിശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം