ജി.എം.യു.പി.എസ് കാളികാവ് ബസാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കാളികാവ്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാളികാവ്. പശ്ചിമഘട്ട താഴ് വാരത്ത് ചരിത്ര സ്മൃതികളുടെ നിറവിൽ കാളികാവ് ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെ ലാസ്യഭംഗി നിറ‍ഞ്ഞോടുന്ന മണ്ണിൽ ജൻമിത്ത-നാടുവാഴിത്ത സമ്പ്രദായത്തിൻറ ശേഷിപ്പുകൾ ഉറങ്ങി കിടക്കുന്നു. സമരപോരാട്ടങ്ങളും കാർഷിക വിപ്ലവത്തിൻറ വിത്ത് വിതച്ച തിരുവിതാംകൂർ കുടിയേറ്റവുമെല്ലാം പോയകാലത്തിൻറ അടയാളങ്ങൾ രേഖപ്പെടുത്തി ചരിത്രരേഖയിൽ നിറഞ്ഞ് നിൽക്കുന്നു. സഹ്യൻറെ മാറിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും ചേർന്ന കാളികാവ് പുഴ, ഈ മണ്ണിനെ ഫലഫൂയിഷ്ഠമാക്കി. നെല്ലും കവുങ്ങും, തെങ്ങും, വാഴയും, ഇവിടെ യഥേഷ്ടം കൃഷി ചെയ്യുന്നു.

കാളികാവ്

പേരിനു പിന്നിൽ

സ്ഥലപ്പേരിന്റെ പൊരുൾ തേടിപ്പോവുമ്പോൾ കാളികാവിൻറ ചരിത്രരേഖ ചെന്നെത്തുന്നത് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക്. കരുവാരക്കുണ്ട്, കണ്ണത്ത് പ്രദേശത്തെ പുരാതന കാളിക്ഷേത്രത്തിന്റെ കാവായിരുന്നത്രേ ഇന്നത്തെ കാളികാവ്. കണ്ണത്ത് കാളികാവ് എന്നായിരുന്നു ഈ പ്രദേശം അറിയപ്പെട്ട് പോന്നിരുന്നത്. ഇന്നത്തെ അമ്പലക്കുന്ന് മൈതാനം ആയിരുന്നുവത്രെ പഴയകാവ്. കണ്ണത്ത് കാളികാവ് ലോപിച്ചാണ് പിന്നീട് കാളികാവായി മാറിയത്.

ചരിത്രം

ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും കാലഘട്ടത്തിൽ പ്രദേശം കയ്യടക്കി വെച്ചിരുന്നത് പ്രധാനമായും പടിഞ്ഞാറൻ കോവിലകത്തുകാരായിരുന്നു. കോവിലകം ഭൂമിയിലെ പാട്ടകുടിയാൻമാരായിരുന്നു പ്രദേശത്തെ ആദിമ താമസക്കാർ. പുല്ലങ്കോട് എസ്റ്റേറ്റ് പ്ലാന്റേഷനോടെയാണ് കാളികാവിന്റെ ചരിത്രം മാറുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിൻറ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു. വിദ്യഭ്യാസപരമായും സാംസ്കാരികമായും കാളികാവ് ഉണർന്ന് തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ കാളികാവിൽ ഇന്നത്തെ ചെത്ത് വഴികടവ് റോഡിന് സമീപം ഒരു സ്വകാര്യ സ്കൂൾ പ്രവർത്തനം തുടങ്ങിയതായി പറയപ്പെടുന്നു. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഒരു പെണ്ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവിൽ അഞ്ചലാപ്പീസ് എന്ന പേരിൽ തപാൽ സമ്പ്രദായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാൻറിനടുത്താണ് തപാലാപ്പീസ് പ്രവർത്തിച്ച് വന്നത്. കാളികാവിൻറ ചരിത്രം തേടുമ്പോൾ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമർശം അർഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം . പരിയങ്ങാട്ട് ജുമാഅത്ത് പള്ളിക്ക് എഴുന്നൂറ് വർഷത്തോളം പഴക്കം കണക്കാക്കുന്നു.

സമരങ്ങൾ

സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ് കാളികാവിന്റേത്. ചരിത്രം മാപ്പിള ലഹളയെന്നും മലബാർ കലാപമെന്നും വിശേഷിപ്പിക്കുന്ന 1921-ലെ സമരത്തിന്റെ ശേഷിപ്പുകൾ കാളികാവിന്റെ ചരിത്ര രേഖയിൽ മങ്ങാതെ കിടപ്പുണ്ട്. സമരത്തിന്റെ പ്രധാന നേതാവായിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം വളഞ്ഞു പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലിൽ നിന്നായിരുന്നു. 1896-ലാണ് കാളികാവ് പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരക്കുണ്ടിൽ നിന്നെത്തിയ സമരക്കാർ കാളികാവ് പോലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയിരുന്നു. 1921-ൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന കാളികാവ് ഗവ-ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി ലഹളക്കാരെ പേടിച്ച് നിർത്തിവെച്ചിരുന്നത്രെ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കിയത്. പുല്ലങ്കോട് എസ്റ്റേറ്റിലെ ആദ്യകാല മാനേജർ ആയിരുന്ന ഈറ്റൺ എന്ന വെള്ളക്കാരനെ ലഹളക്കാർ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സർവ്വ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു. മലബാർ കലാപം ഒതുങ്ങി ഏറെ കഴിയും മുമ്പേ കിഴക്കനേറനാടൻ മലയോരം വീണ്ടും സമരം മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കുഞ്ഞാലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂവുടമകൾക്കെതിരെ ഒട്ടേറെ സമരങ്ങൾ നടന്നു. 1962-ലാണ് കാളികാവ് പഞ്ചായത്ത് രൂപവൽക്കരണം നടന്നത്. സ്പെഷ്യൽ ഓഫീസർ എന്ന ഉദ്യാഗസ്തർക്കായിരുന്നു പഞ്ചായത്തിന്റെ ഭരണ ചുമതല. 1964-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത്. കെ. കുഞ്ഞാലി ആദ്യത്തെ പ്രസിഡന്റായും കെ.ടി. അലവികുട്ടി വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കാളികാവ് ബസ് സ്റ്റാൻറ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത് വഴിക്കടവ് പുഴയിലെ കുളിക്കടവുമെല്ലാം പ്രഥമ ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്. 1969-ൽ ചുള്ളിയോട് വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഇ.പി.അലവികുട്ടി എന്ന നാണി ഹാജി (1969-79)അപ്പുണ്ണി (1979-1984) എ.പി. വാപ്പുഹാജി(1988-1995) അന്നമ മ്ത്യൂ (1995-1997) കെ സീതാ ലക്ഷ്മി(1997-2000) കെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പ ഹാജി(2000-03) ടി. ഹസ്സൻ(2003-05) എം. മജീദ്‌ (2005-07) കുഞ്ഞാപ്പ ഹാജി (2007-2010) എ. ജമീല(2010-12) ,, N സൈതാലി, നാസർ, നജീബ്,( 2015 – 2020 ) ഗോപി താളിക്കുഴിയിൽ ( 2020 മുതൽ ....) എന്നിവർ യഥാക്രമം പഞ്ചായത്ത് പ്രസിഡന്റ് പദം അലങ്കരിച്ചു.

പുരോഗതിയുടെ പടവുകൾ

1921-ൽ സ്ഥാപിതമായ കാളികാവ് ഗവ-ആശുപത്രി മുമ്പ് മേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമായിരുന്നു. ഡോക്ടർ കേളു ആയിരുന്നു പ്രഥമ ഡോക്ടർ. 1970-ൽ കാളികാവ് ഗവ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസറായി സേവനം ആരംഭിച്ചു. മോയിൻകുട്ടി ഡോക്ടർ പി.എച്ച്.സിയിൽ രോഗികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ മുൻകൈ എടുത്തു. 1984-മുതൽ കരുവാരക്കുണ്ട് റോഡിൽ ഒരു പ്രൈവറ്റ് ആശുപത്രി ആരംഭിക്കുകയും ദൂരസ്ഥലങ്ങളിലേക്ക് വരെ നടന്ന് പോയി ചികിത്സ നടത്തുകയും ചെയ്തു. ഇദ്ദേഹത്തിൻറ സ്റ്റെതസ്കോപ്പ് സ്പർശിക്കാത്ത ഒരാളും കാളികാവിൽ ഉണ്ടായിരിക്കാൻ സാധ്യതയില്ല. കാളികാവിന്റെ ഗതകാല ചരിത്രം അന്വേഷിക്കുമ്പോൾ പ്രദേശത്തുകാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. കാളികാവ് അങ്ങാടിയിൽ ഇന്ന് ബസ്സ്റ്റാന്റ് നിലകൊള്ളുന്ന പ്രദേശത്തായിരുന്നു ആഴ്ച ചന്ത നിലനിന്നിരുന്നത്. പഴമക്കാരുടെ മനസ്സിൽ ബുധനാഴ്ചകളിലെ ചന്ത ഇന്നും പച്ചപിടിച്ച ഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻ പോലും ഇടമില്ലാത്ത തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. 'ചന്തയിൽ വെച്ച് കണ്ടോളാം' എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ് -വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ

തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം. നിലമ്പൂർ കോവിലകത്തേക്ക് പാട്ടകുടിയാൻമാരിൽ നിന്നും ശേഖരിക്കുന്ന കാർഷിക വിഭവങ്ങൾ എത്തിക്കാനുപയോഗിച്ച ഇടുങ്ങിയ മൺപാതയാണ് ഇന്നത്തെ കാളികാവ് നിലമ്പൂർ റോഡ്. 1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എക്സ് സർവീസ് എന്നീ പേരുകളിൽ സർവീസ് ആരംഭിച്ചു. കാർഷിക മേഖലയിൽ കാളികാവിന്റെ പരിവർത്തന ഘട്ടം തുടങ്ങുന്നത് അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂർ കുടിയേറ്റത്തോടെയാണ്. ഭൂപരിഷ്കരണ നിയമത്തിന്റെ മുന്നോടിയായി വ്യാപകമായ ഭൂമി കൈമാറ്റം നടന്നതോടെയാണ് തിരുവിതാംകൂറിൽ നിന്നും കിഴക്കനേറനാടൻ മണ്ണിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. കാട്ടാനകളുടെ ചിന്നം വിളികളും നരിച്ചീറുകളുടെ ഭയാനകതകളും സൃഷ്ടിച്ച പശ്ചിമഘട്ടത്തിന്റെ മലഞ്ചെരുവുകളിൽ അവർ അധ്വാനത്തിൻറ പുതിയ ഗാഥ രചിച്ചു. കരിങ്കല്ലിനെപോലും തോൽപ്പിക്കുന്ന നിശ്ചയ ദാർഢ്യത്തോടെ മണ്ണിനോട് മല്ലടിച്ച് കുടിയേറ്റ കർഷകർ കാളികാവിന്റെ കാർഷിക ഭൂപടം മാറ്റി മറിച്ചു. കശുമാവും കമ്മ്യൂണിസ്റ്റപ്പയും പുല്ലും നിറഞ്ഞ കിഴക്കനേറനാടൻ മണ്ണിൽ റബ്ബറും ഏലവും ഇഞ്ചിയും ഗ്രാമ്പുവും കുരുമുളകും നട്ടു പിടിപ്പിച്ച് കാർഷിക മേഖലയാകെ സമ്പുഷ്ടമാക്കി. ഇതോടെ നാട്ടുകാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു. എഴുപതുകളുടെ പാതിയോടെയാണ് കാളികാവിന്റെ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽ കടന്നതോടെ നാടിന്റെ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി. പുൽകുടിലുകളും, ചെമ്മൺ ചുമരിലുള്ള വീടുകളും നെൽ വയലുകളും മാഞ്ഞു. പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ പ്രൗഢിയായി കുഗ്രാമങ്ങളിൽ പോലും ഉയർന്നു വന്നു. 1961-ൽ പുല്ലങ്ങോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുത വെളിച്ചം എത്തുന്നത്. ഇന്നലെയു‍ടെ ചരിത്രസ്മൃതികൾ നെഞ്ചേറ്റുമ്പോഴും പുരോഗതിയുടെ പടവുകൾ കയറാനുള്ള വെമ്പലിലാണ് ഈ മലയോര ഗ്രാമം. ഇതോടൊപ്പം ചില വേദനിക്കുന്ന ഓർമ്മകളും ഈ ഗ്രാമത്തിനുണ്ട്. കാളികാവിന്റെ പ്രധാന ഭക്ഷ്യ വിളയായിരുന്ന നെല്ല് മറ്റെവിടെയും എന്നപ്പോലെ നമ്മുടെ നാട്ടിൽ നിന്നും നാടു നീങ്ങിക്കഴിഞ്ഞു. വിശാലമായി പരന്നു കിടന്നിരുന്ന നെൽപ്പാടങ്ങളെല്ലാം മണ്ണിട്ട് നികത്തപ്പെട്ടു. പ്രദേശത്തിന്റെ പ്രധാന ജല സ്രോതസ്സായ കാളികാവ് പുഴ മണലെടുപ്പും കയ്യേറ്റവും കാരണം അനുദിനം ഇല്ലാതായികൊണ്ടിരിക്കുന്നു. അവികസിതത്വത്തിന്റെ പോയകാലം ഓർമ്മയാക്കി കാളികാവ് മാറുകയാണ്. കാളവണ്ടിച്ചക്രങ്ങൾ ചാലുകൾ തീർത്ത ചെമ്മൺ പാതകൾ ഓർമ്മയാക്കി കാളികാവിലെ ഉൾപ്രദേശങ്ങൾ പോലും വികസനത്തിന്റെ പാതയിലാണ്. നിലമ്പൂർ-പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേ കാളികാവിന്റെ വികസനമേഖലയിലെ നാഴികക്കല്ലായി മാറുകയാണ്. വൈദ്യുതിരംഗമായിരുന്നു എന്നും കാളികവിന്റെ വികസനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നത്. മൂന്ന് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഇലട്രിക്കൽ സെക്ഷൻ ഓഫീസ് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിച്ചു. നിർദ്ധിഷ്ട മുപ്പത്തി മൂന്ന് .കെ.വി. സബ്സ്റ്റേഷൻ കൂടി യഥാർത്ഥ്യമായപ്പോൾ മേഖലയിലെ അവശേഷിക്കുന്ന പ്രതിസന്ധിക്കുകൂടി പരിഹാരമായിട്ടുണ്ട്. കിഴക്കൻ ഏറനാടിലെ ചിറിപുഞ്ചി എന്ന് കരുവാരക്കുണ്ടിനൊപ്പം വിശേഷണം പങ്കിടുന്ന കാളികാവിലെ പല പ്രദേശങ്ങളും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. പതിനൊന്ന് വർഷം മുമ്പ് തുടങ്ങി ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന അഞ്ച്കോടി രൂപയുടെ മധുമല കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിലെ വെള്ള ക്ഷാമത്തിന് അറുതിയാവും. നാൽപതുകളിൽ ഒന്നോ രണ്ടോ ബസുകൾ മാത്രം മടങ്ങിപോയിരുന്ന ഒരു കവലയായിരുന്നു കാളികാവ് അങ്ങാടി. കാലമേറെ ചെന്നപ്പോൾ ഗതാഗത സൗകര്യവും യാത്രക്കാരും പെരുകിയതോടെ പ്രദേശത്ത് ഒരു ബസ് സ്റ്റാൻറ് സ്ഥാപിക്കണമെന്ന് ജനങ്ങളുടെ അവശ്യമായി ഉയർന്നു വന്നു. 2003-ൽ കാളികാവ് അങ്ങാടിയിൽ ബസ് സ്റ്റാന്റ് സ്ഥാപിക്കപ്പെട്ടു. ജംഗ്ഷനിൽ മറ്റൊരു ബസ് സ്റ്റാന്റ് കൂടി സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലും കാളികാവ് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു.

അടിസ്ഥാന വിവരങ്ങൾ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961ൽ രൂപീകൃതമായ പഞ്ചായത്തിന് 95 ച.കി.മീ വിസ്തീർണ്ണമുണ്ട്. 16151 സ്ത്രീകളും 14783 പുരുഷൻമാരുമടങ്ങുന്ന 30934-ഓളം വരുന്ന ജനസംഖ്യയുടെ ആകെ സാക്ഷരത 98 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പഞ്ചായത്തിന്റെ പ്രധാന വിളകൾ റബ്ബർ, തെങ്ങ്, കവുങ്ങ്, എന്നിവയാണ്. കാളികാവ് പുഴയും പുറ്റമണ്ണ തോടുമാണ് പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ വരുന്ന പ്രധാന ജലാശയങ്ങൾ. 5 കുളങ്ങളും 8 പൊതു കിണറുകളും പലവിധ ജലസ്രോതസ്സുകളിൽ ഉൾപ്പെടുന്നു. ആകെ വിസ്തൃതിയുടെ 47.3 ശതമാനം വന മേഖലയാണ്. രാത്രികാല ഗതാഗതം സുഗമമാക്കുന്നതിനായി 140 വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 17 കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് വേഗത്തിൽ പ്രാപ്യമായ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവ യഥാക്രമം കരിപ്പൂരും, വാണിയമ്പലവും, ബേപ്പൂരുമാണ്. കാളികാവാണ് പ്രദേശത്തുള്ള പ്രധാന ബസ്സ്റ്റ്റാന്റ് സ്ഥിതിചെയ്യുന്നത്. നിലമ്പൂർ-പെരിമ്പിലാവ് മലയോര ഹൈവേയും കാളികാവ്-കോഴിക്കോട് റോഡും അരിമണൽ പാലം, ചെങ്കോട് പാലം, കാളികാവ് പാലം, മണ്ണാട്ട്കടവ് പാലം, അമ്പലക്കടവ് പാലം തുടങ്ങിയ പാലങ്ങളുമാണ് പഞ്ചായത്തിനെ വിവിധ പ്രദേശങ്ങളുമായി ബന്ധിച്ചു നിർത്തുന്നത്. ഇഷ്ടിക നിർമ്മാണമാണ് ഗ്രാമത്തിലെ പ്രധാന വ്യവസായം.ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും കാളികാവ്് ഏജൻസികളാണ് പഞ്ചായത്തിൽ ഇന്ധന വിതരണം നടത്തുന്നത്. 9 റേഷൻകടകളും ഒരു മാവേലിസ്റ്റോറുമടക്കം 10 പൊതുവിതരണകേന്ദ്രങ്ങൾ പഞ്ചായത്തിലുണ്ട്. ആഴ്ചചന്തകളും ഷോപ്പിംഗ് കോംപ്ളക്സുകളുമുൾപ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് കാളികാവിലാണ്. വിവിധ മതങ്ങളുടെ നിരവധി ആരാധനാലയങ്ങൾ പഞ്ചായത്തിലുണ്ട്. ചെങ്കോട് സെന്റ് സേവിയേഴ്സ് പള്ളി, കാളികാവ് ഭഗവതി ക്ഷേത്രം, പരിയങ്ങാട് ജുമാ മസ്ജിദ്, പള്ളിശ്ശേരി ജുമാ മസ്ജിദ് തുടങ്ങിയവയാണ് പ്രധാന ദേവാലയങ്ങൾ. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്ന കെ. കുഞ്ഞാലി, കാർഗിൽ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച അബ്ദുൾ നാസർ എന്നിവർ പഞ്ചായത്തിൽ നിന്നുള്ള സവിശേഷ വ്യക്തിത്വങ്ങളാണ്. ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ളബ്ബ്, കാളികാവ് പഞ്ചായത്ത് ലൈബ്രറി, പാറശ്ശേരി പ്രണവം ആർട്സ് & സ്പോർട്സ് ക്ളബ്ബ്, നാഷണൽ ആർട്സ് & സ്പോർട്സ് ക്ളബ്ബ് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ കലാ-കായിക-സാംസ്കാരിക തട്ടകങ്ങൾ. ആരോഗ്യ രംഗത്ത് അലോപ്പതി, ആയ്യുർവേദം, ഹോമിയോപ്പതി എന്നീ മൂന്നു വിഭാഗങ്ങളിലും പഞ്ചായത്തിൽ ചികിത്സാ സൌകര്യം ലഭ്യമാണ്. സഫ ആശുപത്രിയും ദയ ആശുപത്രിയും അലോപ്പതി ചികിത്സാരംഗത്തുള്ള സ്വകാര്യ സ്ഥാപനങ്ങളാണ്. ആയുർവേദ ഡിസ്പെൻസറി പൂങ്ങോട്ടും ഹോമിയോ ഡിസ്പെൻസറി വെള്ളയൂരുമാണ് സ്ഥിതിചെയ്യുന്നത്. കാളികാവ് പ്രാഥമികആരോഗ്യകേന്ദ്രത്തിന് പാറശ്ശേരി, ചാഴിയോട്, ആമപ്പൊയിൽ, അഞ്ചച്ചുവടി, വെള്ളയൂർ എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുണ്ട്. പഞ്ചായത്തിലെ വെറ്റിനറി ആശുപത്രികൾ പ്രവർത്തിക്കുന്നത് കാളികാവ്, അടയ്ക്കാകുണ്ട് എന്നിവിടങ്ങളിലാണ്.പഞ്ചായത്തിൽ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സർക്കാർ മേഖലയിൽ നിന്നുള്ളവയാണ്. പള്ളിശ്ശേരി സർക്കാർ എൽ.പി.എസ്, അടക്കാകുണ്ട് സർക്കാർ എൽ.പി.എസ്., വെള്ളയൂർ എ.യു.പി.എസ്, അടക്കാകുണ്ട് എച്ച്.എസ്.എസ് തുടങ്ങി 10 സ്കൂളുകൾ പ്രദേശത്ത് നിലവിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രണ്ട് അറബിക് കോളേജുകളും പ്രവർത്തിച്ചുവരുന്നു.ബാങ്കിംഗ് മേഖലയിൽ ദേശസാൽകൃത ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കുൾപ്പെടെ 6 ബാങ്കുകൾ പഞ്ചായത്തിൽ നിലവിലുണ്ട്. ഒരു സ്വകാര്യ ബാങ്കും നാല് സഹകരണബാങ്കുകളുമാണ് മറ്റു സ്ഥാപനങ്ങൾ.പൊതുപരിപാടികൾ, വിവാഹം എന്നിവ നടത്തുന്നതിന് പ്രദേശവാസികൾ ആശ്രയിക്കുന്നത് കാളികാവ് ബി.ബി. ആഡിറ്റോറിയത്തെയാണ്. വാർത്താവിനിമയ സ്ഥാപനങ്ങളായ ടെലിഫോൺ എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നിവയും വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ മുതലായവയും സ്ഥിതിചെയ്യുന്നത് കാളികാവിലാണ്.