ജി.എം.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/അത് ഒരു സ്വപ്നമായിരുന്നു...

അത് ഒരു സ്വപ്നമായിരുന്നു...

കിഴക്കൻ ചക്രവാളത്തിൽ സൂര്യനുദിച്ചു .അബു കണ്ണു തിരുമ്മി എഴുന്നേറ്റു, ങേ....! അവൻ ചുറ്റും നോക്കി .തന്റെ തൊട്ടടുത്ത് കിടന്നിരുന്ന അമ്മ എവിടെ പോയി.അവൻ അമ്മയെ ഒരുപാട് വിളിച്ചു.പക്ഷെ അവന് ഉത്തരം ലഭിച്ചില്ല . അബുവിനു ദേഷ്യം വന്നു അവന്റെ കണ്ണുകൾ ചുവന്നു.. അവൻ മുഖം വീർപ്പിച്ചിരുന്നു അപ്പോഴാണ് അവന്റെ അമ്മ ഉമ്മറത്ത് നിന്നും വരുന്നത് അവൻ കണ്ടത് .അമ്മ മുടന്തിക്കൊണ്ടാണ് വരുന്നത്.കാൽ പൊട്ടി ചോര ധാര ധാരയായി ഒഴുകുന്നു.അമ്മയെ കണ്ട അബു പിറകോട്ടു തിരിഞ്ഞു കാണാത്ത ഭാവം നടിച്ചു .മുഖം വീർപ്പിച്ചിരിക്കുന്ന അവനെ കണ്ട അമ്മ അവനോട് ചോദിച്ചു," മോനപ്പോഴേക്കും അമ്മയോട് പിണങ്ങിയോ ?" അമ്മ അവന്റെ തോളിൽ കൈ വെച്ചു മടിയിലിരുത്താൻ ശ്രമിച്ചു .അവൻ അമ്മയുടെ കൈ തട്ടിമാറ്റി, അകലെ മാറി നിന്നു. അമ്മക്ക് നേരെ മുഷ്ടി ചുരുട്ടി കാണിച്ചു . അമ്മ മന്ദഹസിക്കുക മാത്രം ചെയ്തു.

അബു അമ്മയുടെ സഹായമില്ലാതെ ഒരുങ്ങുകയും സ്കൂളിലേക്ക് പുറപ്പെടുകയും ചെയ്തു . അമ്മക്ക് ഒരുപാട് വിഷമമായി.ക്ലാസ്സിലെത്തി ശ്രദ്ധിക്കാൻ അവനും കഴിഞ്ഞില്ല. അന്ന് അബുവിന് ഒരുപാട് തല്ലുകിട്ടി. സ്കൂൾ വിട്ടു വന്ന അവൻ ബാഗ് കസേരയിൽ ഇട്ട് കളിയ്ക്കാൻ പോയി.മകൻ സ്കൂൾ വിട്ടു വരാത്തത് കണ്ട അമ്മ വെപ്രാളത്തോടെ ഉമ്മറത്തേക്ക് വന്നു . അമ്മക്ക് സ്വൽപ്പം ആശ്വാസം ആയി .അമ്മ നെടുവീർപ്പോടെ അവനെ വിളിച്ചെങ്കിലും അവൻ വിളി കേൾക്കാത്തതു പോലെ നടിച്ചു .

കളിക്കിടയിൽ ഓടിയ അബു കാൽ തെന്നി വീണു .കാൽ മുട്ട് പൊട്ടി ചോര വരാൻ ആരംഭിച്ചു .ചോര കണ്ടതോടെ അവനു പേടിയായി , അവൻ വേദനകൊണ്ട് പുളഞ്ഞു .അവന്റെ കരച്ചിൽ കേട്ട് കൂട്ടുകാരെല്ലാം അവിടെ നിന്നും ഓടി പോയി.അവന്റെ കരച്ചിൽ ഉച്ചത്തിലായപ്പോൾ അവന്റെ അമ്മ ഓടി വന്നു. അബുവിനെ എടുത്ത് മടിയിൽ ഇരുത്തി .മുട്ടിലെ ചോര കഴുകി കളഞ്ഞു .തന്റെ സാരി തുമ്പു കീറി മുറിവ് കെട്ടി കൊടുത്ത്.അബു അമ്മയുടെ കണ്ണുകളിലേക്കു നോക്കി.അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.എന്നാലും അബു വാശി കൈവെടിഞ്ഞില്ല ,അമ്മയുടെ മടിയിൽ നിന്നും ഇറങ്ങി ,തന്റെ വീട് ലക്ഷ്യമാക്കി മുടന്തി മുടന്തി നടന്നു.അത് കണ്ട അമ്മ പൊട്ടിക്കരഞ്ഞു .അബു അതൊന്നും അത്ര കാര്യമാക്കിയില്ല. അവൻ അവന്റെ മുറിയിൽ കയറി വാതിലടച്ചു.അത്താഴം കഴിക്കാൻ വിളിച്ച അമ്മയോട് അബു മറുപടിയൊന്നും പറഞ്ഞില്ല..രാത്രി പുറത്തു മരം കോച്ചുന്ന തണുപ്പായിരുന്നു.ജനലിലൂടെ അകത്തു കയറിയ ഒരിളംകാറ്റു അവന്റെ കൺപോളകൾ തഴുകി ,അവൻ നിദ്രയിലേക്ക് വഴുതി വീണു.

നേരം പുലർന്നു അബു രാവിലെ തന്നെ എഴുന്നേറ്റു. ഞായറാഴ്ചയായത് കൊണ്ട് തുള്ളിച്ചാടി വന്നു ഷോപ്പിങ്ങിനു പോവാൻ ആവശ്യപ്പെട്ടു .തലവേദന കാരണം അമ്മ സമ്മതിച്ചില്ല.അബു കരയാൻ തുടങ്ങി , അബുവിന്റെ വാശി കാരണം അമ്മ പോകുവാൻ സമ്മതിച്ചു.അബുവും അമ്മയും അണിഞ്ഞൊരുങ്ങി പുറപ്പെട്ടു. വഴിയിൽ വെച്ച് അബു ഒരു കളിപ്പാവക്ക് വേണ്ടി കരഞ്ഞു.അമ്മയുടെ കയ്യിൽ കാശില്ലായിരുന്നു.കളിപ്പാവ കിട്ടാത്ത ദേഷ്യത്തിൽ അബു അമ്മയെ പിടിച്ചു തള്ളി.നടുറോഡിലാണ് അമ്മ ചെന്ന് വീണത്.എതിരെ വന്ന ഒരു ലോറി അമ്മയെ തട്ടി തെറിപ്പിച്ചു .കണ്ണ് മിഴിച്ച അബു റോഡിലാകെ ചുവന്നു പരന്ന ചോരയാണ് കണ്ടത്.അബു നിലവിളിച്ചു, "ഹയ്യോ" ധിം.... , നിലവിളി കേട്ട അമ്മ ഓടി വന്നു. അബു കട്ടിലിൽ നിന്നും താഴെ വീണു കിടക്കുന്നു. അവനാകെ വിയർത്തിരുന്നു. അമ്മ അവനോട് ചോദിച്ചു "എന്താ അബൂ " , അബു പറഞ്ഞു "അത് ..... അത് ...... അതൊരു സ്വപ്നമായിരുന്നു"

നാജിയ മിൻഹ
6 B ജി.എം.യു.പി.എസ്. കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ