ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രവീഥിയിലൂടെ...
(ഗവൺമെന്റ് മോഡൽ ലോവർ പ്രൈമറി സ്കൂൾ പുല്ലങ്കോട്, സ്ഥാപിതം : 1946)
(1921 മുതൽ 2023വരെ)
ഏതൊരു വിദ്യാലയവും അതു നിലനിൽക്കുന്ന നാടിന്റെ തറവാടാണ്. നാട് ഒന്നാകെ കെട്ടിപ്പടുക്കുന്ന, നാടിനെ ഒന്നാകെ വാർത്തെടുക്കുന്ന, ബന്ധങ്ങളെ ഊഷ്മളമാക്കുന്ന, മനുഷ്യരെ മനുഷ്യരാക്കുന്ന നിർമ്മാണശാല. നാടിന്റെ കലാ-സാംസ്കാരിക-സാമൂഹിക നന്മകളെ താങ്ങി നിർത്തുന്ന നെടുംതൂണ്. നമ്മുടെ നാടിന്റെയും ചരിത്ര പശ്ചാത്തലത്തിൽ നാടിനെ നയിച്ച, നവീകരിച്ച വിദ്യാലയമാണ് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ പുല്ലങ്കോട്.
1921 ലെ മലബാർ കലാപത്തിൽ ആയിരക്കണക്കിന് ആളുകളുടെ രക്തവും മാനവും ചിന്തി രൂക്ഷമായ കലാപത്തിനും മനുഷ്യത്വരഹിതമായ അടിച്ചമർത്തലുകൾക്കും വേട്ടയാടലുകൾക്കും അതിനെല്ലാമെതിരെ അതിശക്തമായ ചെറുത്തു നിൽപുകൾക്കും വേദിയായ സമരഭൂമികയാണ് കിഴക്കൻ ഏറനാട്ടിലെ പുല്ലങ്കോട് പ്രദേശം. ഇതിൽ സ്രാമ്പിക്കൽ എന്ന സ്ഥലത്ത് 1946ലാണ് നമ്മുടെ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
1932 മുതൽ 1956 വരെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ആയിരുന്നു ടി എൽ ജാക്സൻ. അദ്ദേഹം തന്റെ സേവനത്തിന്റെ ആദ്യഘട്ടത്തിൽ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പാടിയിൽ (എസ്റ്റേറ്റിലെ തൊഴിലാളികളുടെ താമസസ്ഥലം) പഠനസൗകര്യം ഒരുക്കിയിരുന്നു. അധ്യാപന പരിശീലനം നേടിയിരുന്ന പുത്തൂപ്പാടൻ മുഹമ്മദ് ആയിരുന്നു അന്ന് എസ്സ്റ്റേറ്റിലെ റൈറ്റർ. അദ്ദേഹത്തിനാണ് കുട്ടികളെ പഠിപ്പിക്കാനുള്ള ചുമതല ജാക്സൻ നൽകിയത്.
കുട്ടികളില്ലാതിരുന്ന ജാക്സൻ - മാർഗരറ്റ് ദമ്പതികൾ എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികളോട് ഏറെ കരുതലും സ്നേഹവും പുലർത്തുകയും പരിചരിക്കുകയും ചെയ്തിരുന്നു. തൊഴിലാളികൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മാർഗരറ്റ് പാടികളിലെത്തി ചെറിയ കുട്ടികളെ പ്രാഥമിക കാര്യങ്ങൾ ചെയ്യിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് പാഠശാലയിലെത്തിച്ചിരുന്നു. ഈ പാഠശാലയുടെ തുടർച്ചയെന്നോണമാണ് സ്വാതന്ത്ര്യ സമര സേനാനികളുടെയും പുരോഗമന ചിന്താഗതിക്കാരായ തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ എല്ലാ കുട്ടികൾക്കും പഠിക്കാവുന്ന ഒരു പൊതുവിദ്യാലയം സ്ഥാപിക്കാൻ ശ്രമങ്ങളാരംഭിച്ചത്. അന്നത്തെ മലബാർ കലക്ടറുമായുള്ള ജാക്സന്റെ അടുപ്പം അതിന് കൂടുതൽ സഹായകരമായിട്ടുണ്ട്.
പ്രാഥമിക വിഭ്യാഭ്യാസത്തിന് മറ്റു സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പ്രദേശമായിരുന്നു ഇവിടം. 1930കളിൽ കല്ലാമൂലയ്ക്കടുത്ത് മരുതങ്കാട് ചക്കാലയ്ക്കൽ എന്ന സ്ഥലത്ത് കുന്നുമ്മൽ ഉണ്ണിക്കുഞ്ഞൻ എന്നയാളുടെ കീഴിൽ ഒരു വിദ്യാലയം തന്നെ സ്ഥാപിച്ചിരുന്നു. എന്നാൽ അന്ന് നാട്ടിൽ പടർന്നു പിടിച്ച ഒരു പകർച്ചപ്പനി മൂലം സ്കൂളിലെ പതിനഞ്ചോളം കുട്ടികൾ മരണപ്പെട്ടു. അതോടെ സ്കൂളിലേക്ക് ആരും തന്നെ കുട്ടികളെ അയക്കാതാവുകയും സ്കൂൾ പ്രവർത്തിക്കാതാവുകയും ചെയ്തു. തുടർന്ന് വർഷങ്ങൾക്കു ശേഷം ആശ്രിതനായ ഒരധ്യാപകനെ കിട്ടിയപ്പോൾ ആ അധ്യാപകന്റെ ആവശ്യപ്രകാരം അദ്ദേഹം വീട്ടുമുറ്റത്തു തന്നെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പണിക്കർ എന്ന ആ അധ്യാപകന്റെ കാലശേഷം അതും നിലച്ചു. ഇതു കൂടാതെ ഏറ്റവും അടുത്തുള്ള പ്രാഥമിക വിദ്യാലയങ്ങൾ ചോക്കാട്, മമ്പാട്ടുമൂല, മാളിയേക്കൽ, കാളികാവ് എന്നിവിടങ്ങളിലായിരുന്നു.
അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയായിരുന്നു നമ്മുടെ പ്രദേശം ഉൾക്കൊള്ളുന്ന മലബാർ. ബ്രിട്ടീഷുകാർ ടിപ്പു സുൽത്താനെതിരെ നടത്തിയ മൂന്നാം ആംഗ്ലോ- മൈസൂർ യുദ്ധത്തിന്റെ അവസാനം ഒപ്പിട്ട ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് ലഭിച്ചതാണ് മലബാർ. ആദ്യഘട്ടത്തിൽ അത് ബോംബെ പ്രസിഡൻസിയിലും തുടർന്ന് മദിരാശി പ്രസിഡൻസിയിലും ഉൾപ്പെടുന്ന മലബാർ ഡിസ്ട്രിക്ട് ആയിത്തീർന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡ് എന്നറിയപ്പെട്ട പ്രസ്തുത ജില്ലാ ഭരണകൂടത്തിന്റെ കീഴിലാണ് ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ (Board Moppla Compulsory School) എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്.
ആസ്പിൻവാൾ കമ്പനിയുടെ പുല്ലങ്കോട് എസ്‌റ്റേറ്റ് ഓഫീസിൽ നിന്നും ഏകദേശം 700 മീറ്റർ വടക്കു മാറി കാളികാവ് - നിലമ്പൂർ റോഡിന്റെ കിഴക്കു ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. കോഴിക്കോട് സാമൂതിരി മാനവിക്രമന്റെ മകനും സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റുമായ അമ്പലക്കാട്ട് രാവുണ്ണി മേനോന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു രാമച്ചം കണ്ടി നിലത്തിനു തെക്കുഭാഗത്തേക്കുള്ള പ്രദേശം. വടക്കുഭാഗം നിലമ്പൂർ കോവിലകം വക സ്ഥലവും. രാവുണ്ണി മേനോന്റെ പക്കൽ നിന്നും ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ഉൾപ്പെട്ട പ്രദേശം പിന്നീട് നിലമ്പൂർ കോവിലകത്തെ മാനവേദൻ രാജ തന്റെ ഭാര്യ കല്യാണിക്കുട്ടി അമ്മയുടെ പേരിൽ വാങ്ങി. അവരിൽ നിന്നുമാണ് സ്കൂളിനു വേണ്ടി സ്ഥലം വാടകയ്ക്ക് വാങ്ങുന്നത്. കോവിലകത്തിന്റെ സാമ്പത്തിക സഹായത്തോടെ നാട്ടുകാരുടെയും പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും ശ്രമഫലമായാണ് ക്ലാസ് മുറികൾക്കാവശ്യമായ കെട്ടിട സൗകര്യം ഒരുക്കിയത്. സാമ്പത്തിക ശേഷിയുള്ള സമീപവാസികൾ സ്കൂളിനു വേണ്ടി പണിയെടുക്കുന്നവർക്കുള്ള ഭക്ഷണം സ്വമേധയാ തയ്യാറാക്കി എത്തിച്ചു നൽകിയിരുന്നു.
ആ സ്ഥലത്തിന്റെ തെക്കു വശത്തുകൂടി ചതുപ്പിൽ ചിറകെട്ടിയുണ്ടാക്കിയ ഒരു റോഡുണ്ടായിരുന്നു. കമ്പനിയുടെ റബ്ബർ തോട്ടത്തിലേക്കുള്ളതായിരുന്നു ആ റോഡ്. റോഡിന്റെ വലതു വശത്ത് ഇസ്ലാംമത വിശ്വാസികൾക്കായി സ്രാമ്പ്യ എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക പ്രാർഥനാലയം നിലനിന്നിരുന്നു. സ്രാമ്പ്യ ഉള്ള ഇടം എന്ന അർഥത്തിലാണ് ഇവിടം പിന്നീട് സ്രാമ്പിക്കൽ എന്ന പേരിലറിയപ്പെട്ടത്. ഈ സ്ഥലത്തിന്റെ കിഴക്കുഭാഗമൊഴികെ മൂന്നു ഭാഗവും ചതുപ്പുനിറഞ്ഞ പാടമായിരുന്നു. വടക്കുഭാഗത്ത് രാമച്ചം കണ്ടി നിലം, പടിഞ്ഞാറ് പടിക്കൽ പത്ത് പാടം, തെക്ക് പൊയിൽ എന്നറിയപ്പെട്ട പാടം. സ്കൂളിന് തൊട്ടു വടക്കുഭാഗത്ത് പെരുംകുളങ്ങര തമ്പുണ്ണി എന്നയാളുടെയും കിഴക്കുഭാഗത്ത് ചെറുപാണക്കാടൻ കുഞ്ഞിപ്പോക്കർ എന്നയാളുടെയും വീടുകളുമുണ്ടായിരുന്നു.
ഓട് മേഞ്ഞതായിരുന്നു ആദ്യ കെട്ടിടം. കാളികാവ് - നിലമ്പൂർ റോഡിന് സമാന്തരവും അഭിമുഖവുമായി രണ്ട് ക്ലാസ് മുറികൾക്ക് പാകത്തിനുള്ള ഹാൾ ആയിട്ടാണ് കെട്ടിടം നിർമ്മിച്ചത്. പുറം ചുമരുകൾ പൂർണ്ണമായും കെട്ടിയുയർത്തിയിരുന്നു. നല്ല ഉയരത്തിൽ തറ കെട്ടിയാണ് കെട്ടിടം പണിതത്. മുന്നിൽ നീളത്തിലുള്ള വരാന്ത. അഞ്ചോ ആറോ പടികൾ കയറിയാണ് വരാന്തയിൽ എത്തുക. പടികൾ കയറിച്ചെല്ലുന്നിടത്ത് വരാന്ത അല്പം മുന്നോട്ടു തള്ളി നിർമ്മിച്ചിരുന്നു. അതിന് മേൽപുരയും ഒരുക്കിയിരുന്നു.
പടികളുടെ ഇടതുഭാഗത്തായി ഒരു വലിയ പാറയും കെട്ടിടത്തിന്റെ തെക്കുഭാഗത്ത് കെട്ടിട നിർമ്മാണത്തിനു വേണ്ടി മണ്ണെടുത്ത് പിന്നീട് വെള്ളം നിറഞ്ഞ ഒരു ആമ്പൽക്കുളവും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ വടക്കു കിഴക്കു മാറി വരാന്തയും ഒരു മുറിയും അടുക്കളയുമുള്ള ഒരു ഓഫീസ് കെട്ടിടവും നിർമ്മിച്ചു. അതിലാണ് ആദ്യകാലങ്ങളിൽ ദൂരെ നിന്നുള്ള അധ്യാപകർ താമസിച്ചിരുന്നത്. അധ്യാപകരുടെ വിശ്രമസ്ഥലം കൂടിയായിരുന്നു ഇത്. കുട്ടികൾക്കുള്ള പാൽ തിളപ്പിച്ചു കൊടുത്തിരുന്നതും ഇവിടെ വച്ചാണ്. ഇതിനു കിഴക്കുഭാഗത്ത് പിന്നിലായി ഒരു കിണറും നിർമ്മിച്ചു.
ഈ കെട്ടിടത്തിന്റെ മുന്നിൽ ഏകദേശം പത്തു മീറ്റർ അകലെ പറമ്പിന്റെ നടുവിലായി ഇന്നത്തെ ബദാം മരത്തിന് അടുത്ത് ഒരു വലിയ പ്ലാവ് ഉണ്ടായിരുന്നു. ചുവട്ടിൽ നിന്ന് ഒന്നര - രണ്ട് മീറ്റർ ഉയരത്തിൽ വച്ച് രണ്ടു ശാഖകൾ ആയി തിരിഞ്ഞ് വളരെ ഉയരത്തിൽ ആ പ്ലാവ് പടർന്നു പന്തലിച്ചു നിന്നിരുന്നു. അതിൽ നിറയുന്ന ഫലങ്ങൾ ഈ പ്രദേശത്തിന്റെ പട്ടിണി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു പോന്നു. പ്ലാവിന്റെ ചുവട്ടിൽത്തന്നെ പടിഞ്ഞാറുഭാഗത്തായി ഉയരവും കട്ടിയും കുറഞ്ഞ ഒരു വലിയ പാറ ഉണ്ടായിരുന്നു ഇടവേളകളിൽ കുട്ടികളുടെ ഇഷ്ട കളിസ്ഥലമായിരുന്നു ആ പാറ.
ജാക്സൺ മാർഗരറ്റ് ദമ്പതികൾ സ്കൂളിലും കുട്ടികളോട് ഏറെ അടുപ്പം പുലർത്തിയിരുന്നു. ആഴ്ചതോറും ചില ദിവസങ്ങളിൽ അവർ ഒരുമിച്ചോ മാർഗരറ്റ് തനിച്ചോ അവരുടെ കാറിൽ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് മിഠായി, പാൽ തുടങ്ങിയവ വിതരണം നടത്തുകയും ചെയ്തിരുന്നു. ഇടയ്ക്ക് എസ്റ്റേറ്റിലെയും വണ്ടൂരിലെയും മറ്റും ഡോക്ടർമാരെ സ്കൂളിൽ എത്തിച്ച് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചൊറി, ചിരങ്ങ് തുടങ്ങിയവയ്ക്ക് മരുന്നു നൽകുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ മാനേജരുടെ കുന്നിൻ മുകളിലെ ബംഗ്ലാവിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയും മധുരപലഹാരങ്ങൾ നൽകി തിരിച്ചെത്തിക്കുകയും ചെയ്യുമായിരുന്നു. സ്വാതന്ത്ര്യ ദിനം പോലുള്ള വിശേഷാവസരങ്ങളിൽ കുട്ടികളെ അധ്യാപകരുടെ നേതൃത്വത്തിൽ റാലിയായി എസ്റ്റേറ്റ് ഫാക്ടറി മുറ്റത്തേക്ക് കൊണ്ടുപോവുകയും അവിടെനിന്നും പായസം, മിഠായി എന്നിവ നൽകി തിരിച്ചുകൊണ്ടുവരികയും ചെയ്തിരുന്നു. ഇത് 1958ലെ സ്വാതന്ത്ര്യ ദിനം വരെ തുടർന്നിരുന്നു.
നാട്ടുകാരുടെയും പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും മക്കളാണ് പ്രധാനമായും ഇവിടെ പഠിച്ചിരുന്നത്. സ്രാമ്പിക്കൽ, പുല്ലങ്കോട് എന്നിവിടങ്ങളിൽ നിന്നു കൂടാതെ കല്ലാമൂല, ചേനപ്പാടി, വെടിവെച്ച പാറ, ഉദിരംപൊയിൽ, മാളിയേക്കൽ, മമ്പാട്ടുമൂല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും ആദ്യകാലത്ത് ഇവിടെ പഠിക്കാൻ എത്തിയിരുന്നു.
ആദ്യവർഷം ഒന്ന് രണ്ട് ക്ലാസുകളിലേക്കാണ് പ്രവേശനം നടത്തിയത്. ആദ്യ ബാച്ചിൽ ഒന്നിലേക്ക് 90 കുട്ടികളും രണ്ടിലേക്ക് 18 കുട്ടികളും പ്രവേശനം നേടി. ആകെ 108 പേർ. ആ വർഷത്തെ സ്കൂൾ പ്രവേശനം മാർച്ച് മാസം വരെ നീണ്ടു. മമ്പാട് നിന്നുള്ള വി.അബു ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. കൂടാതെ എ.കെ.കുഞ്ഞലവി എന്നൊരു സഹാധ്യാപകനും ഉണ്ടായിരുന്നു. 1950 സെപ്റ്റംബറിൽ അബു മാഷ് പിരിഞ്ഞശേഷം കുഞ്ഞലവി മാഷ് പ്രധാനാധ്യാപകനായി ചുമതലയേറ്റു. 1952 സെപ്റ്റംബർ വരെ അദ്ദേഹം ഇവിടെ തുടർന്നു.
അന്ന് സ്കൂൾ കെട്ടിടത്തിന്റെ വാടക ഇനത്തിൽ പ്രതിമാസം 10/- രൂപ എം കല്യാണിക്കുട്ടി അമ്മയുടെ പേരിൽ ജില്ലാ ഭരണകൂടം നൽകിയിരുന്നു. 1952ൽ അവരുടെ മരണത്തെ തുടർന്ന് 1955 വരെ അവരുടെ മകൻ എം. രാജസിംഹൻ കെട്ടിട ഉടമയായി. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരി എം. ശാന്തകുമാരി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. രേഖകൾ അനുസരിച്ച് 1957 സെപ്റ്റംബർ വരെ അവർ കെട്ടിട വാടക കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ തുടർന്ന് ഏതു വർഷം വരെ എന്നതിനുള്ള രേഖകൾ ലഭ്യമല്ല. 1956 ജനുവരി അവസാനം മുതൽ കെട്ടിട വാടക 13/- രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
1954 മെയ് വരെ രണ്ട് അധ്യാപകർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ആ വർഷം ജൂൺ മുതലാണ് മറ്റ് രണ്ടുപേരെ കൂടി നിയമിക്കുന്നത്. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായതിനെ തുടർന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റി. ആദ്യകാലത്ത് ഈ പ്രദേശത്തെ മദ്രസ പഠനം ഈ സ്കൂളിൽ വച്ചായിരുന്നു നടന്നിരുന്നത്. സർക്കാർ വിദ്യാലയങ്ങളിൽ മതപഠനം പാടില്ലെന്ന് നിയമം വന്നതോടെ അത് മാറ്റുകയുണ്ടായി. സ്കൂളിന്റെ അടുത്തുണ്ടായിരുന്ന ആമ്പൽ നിറഞ്ഞ മണ്ണുവെട്ടുകുഴി 1953 - 54 വർഷം പുല്ലങ്കോട് എസ്റ്റേറ്റിന്റെ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണിട്ടുമൂടി.
1957 ഓടെ ഇവിടെ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുന്നതിനു വേണ്ടി സമീപവാസിയായ ചെറുപാണക്കാടൻ കുഞ്ഞിപ്പോക്കർ എന്നയാളിൽ നിന്നും കുറച്ച് സ്ഥലം എസ്റ്റേറ്റിന്റെയും നാട്ടുകാരുടെയും മറ്റും സഹായത്തോടെ വിലയ്ക്കു വാങ്ങി. അവിടെ നിലവിലെ കെട്ടിടത്തിന് സമാന്തരമായി 30- 35 മീറ്റർ കിഴക്കു മാറി പുതിയ നാലുമുറി ഓടിട്ട കെട്ടിടം പണിതു. ഒറ്റ ഹാൾ ആയിട്ടായിരുന്നു അത് പണിതത്. അതാണ് ഇന്നു കാണുന്നതിൽ ഏറ്റവും പഴക്കമുള്ള കെട്ടിടം. അങ്ങനെ 1957 ജൂൺ മാസത്തോടെ അഞ്ചാം ക്ലാസ് ആരംഭിക്കുകയും സ്കൂളിന്റെ പേര് ബോർഡ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എന്നാവുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ 6, 7 ക്ലാസുകൾ കൂടി ആരംഭിച്ചു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടത്തിന്റെ തെക്കുഭാഗത്ത് കിഴക്കു പടിഞ്ഞാറായി ഒരു രണ്ടുമുറി കെട്ടിടം കൂടി പണികഴിപ്പിച്ചു. അതായിരുന്നു മൂന്നാമത്തെ കെട്ടിടം. രണ്ടാമത്തെയും മൂന്നാമത്തെയും കെട്ടിടം ചേർന്ന് ഏകദേശം 'L' ആകൃതിയിലായിരുന്നു.
ഈ വിദ്യാലയവുമായി ബന്ധപ്പെട്ട് നാടിനെ നടുക്കിയ അതിദാരുണമായ ഒരു സംഭവം ഉണ്ടായത് 1962ലാണ്. അന്ന് മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന സമർഥയായ വിദ്യാർത്ഥിനിയായിരുന്നു രത്നം. അവൾ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോയി വരികയായിരുന്നു. അവളുടെ കൂട്ടുകാരി ആവശ്യപ്പെട്ടതനുസരിച്ച് ഒരു പനിനീർ പൂവു പറിച്ച് അവളുടെ കയ്യിൽ വെച്ചിരുന്നു. സ്കൂളിന്റെ അടുത്തെത്തിയപ്പോൾ റോഡിനു മറുവശത്ത് ആ കൂട്ടുകാരിയെ കണ്ട് പൂവ് ഉടൻ തന്നെ അവൾക്ക് കൊടുക്കാനായി പെട്ടെന്ന് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചു. അപ്പോൾ തൊട്ടടുത്തെത്തിയിരുന്ന മരം കയറ്റി വന്ന ഒരു ലോറി അവളുടെ മേൽ പാഞ്ഞു കയറി അവൾ തൽക്ഷണം മരണപ്പെട്ടു. ചക്രത്തിനടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് ശ്വാസം നിലച്ച ശരീരത്തിൽ നിന്നും നീട്ടിപ്പിടിച്ച പിഞ്ചു കയ്യിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കായി കരുതിവെച്ച റോസാപ്പൂവ് വിടാതെ മുറുകെ പിടിച്ചിരുന്നു.
അതേ വർഷമാണ് പുല്ലങ്കോട് എസ്റ്റേറ്റിലെ വായനശാലയിൽ പുല്ലങ്കോട് ഹൈസ്കൂൾ ആരംഭിച്ചത്. പിന്നീട് മണൽത്താണിക്കുന്നിൽ (ഇന്നത്തെ ഹൈസ്കൂൾ കുന്ന്) സ്ഥലമൊരുക്കി ഹൈസ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചശേഷമാണ് സ്കൂൾ അങ്ങോട്ടു മാറ്റിയത്.
1971ലെ ഓണാവധിക്ക് തൊട്ടുമുമ്പ് 5, 6, 7 ക്ലാസുകൾ പുല്ലങ്കോട് ഹൈസ്കൂളിന്റെ ഭാഗമാക്കി. അതോടെ ഈ സ്കൂളിന്റെ പേര് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ എന്നായി മാറി. 1980-81 ലാണ് ഇന്നു കാണുന്ന സ്ഥലത്ത് സ്കുളിന് ആദ്യത്തെ ഗേറ്റ് സ്ഥാപിച്ചത്. അതിനു മുമ്പേ സ്കൂൾ സ്ഥലത്തിനു ചുറ്റും കമ്പിവേലി കെട്ടിയിരുന്നു.
1990-91 കാലത്ത് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി പ്രകാരം നിരവധി പഠനോപകരണങ്ങൾ ഉൾപ്പെടെ പുതിയ രണ്ടുമുറി കെട്ടിടം സ്കൂളിന് ലഭിച്ചു. അത് ഇന്നത്തെ ഓഫീസ് കെട്ടിടത്തിന്റെ കിഴക്കുഭാഗത്തു കാണുന്ന കെട്ടിടമാണ്. തുടർന്ന് ഓഫീസ് അതിലേക്ക് മാറ്റി.
1992-96 കാലത്ത് ഒരു പുതിയ പാചകപ്പുര നിർമ്മിച്ചു. ഒരു തറ കെട്ടി അതിൽ അടുപ്പുണ്ടാക്കി മറയില്ലാത്ത ഒരു പുര മാത്രമാണ് നിർമ്മിച്ചത്. 2000-2001 വർഷത്തിൽ അത് മറകെട്ടി മെച്ചപ്പെടുത്തി പക്ഷിമൃഗാദികളുടെ ശല്യം ഒഴിവാക്കിയെടുത്തു. 2013 -14 വർഷാവസാനം അത് പൊളിച്ചുമാറ്റി പുതിയത് പണിതു.
1993-94ൽ അപകട ഭീഷണിമൂലം സ്കൂൾ മുറ്റത്തെ മുത്തശ്ശിപ്ലാവ് മുറിച്ചു മാറ്റി. ആ വർഷം പ്രവേശനകവാടത്തിനും ഡിപിഇപി കെട്ടിടത്തിനുമിടയിലായി ചക്കിക്കുഴി റോഡിനു സമീപം പുതിയൊരു കിണർ കുഴിച്ചു. എന്നാൽ വേനൽക്കാലത്ത് വെള്ളമില്ലാതെ വന്നതിനെത്തുടർന്ന് 1997-98 വർഷത്തോടെ കിണറിനും ഡിപിഇപി കെട്ടിടത്തിനുമിടയിലായി ഒരു മഴവെള്ള സംഭരണി നിർമ്മിച്ചു. 2004ൽ കടുത്ത ജലക്ഷാമത്തെ തുടർന്ന് പൂർവ വിദ്യാർഥികളുടെയും മറ്റും സഹായത്തോടെ കിണറിനകത്ത് നടുവിലായി വീണ്ടും കുഴിച്ച് ആഴം കൂട്ടി ചെറിയ റിംഗ് ഇറക്കി കുടിവെള്ളം ഉറപ്പാക്കി.
1996ൽ ഈ സ്കൂളിന്റെ സുവർണജൂബിലി ആഘോഷം സംഘടിപ്പിച്ചു.
1997ൽ ഡിപിഇപി പദ്ധതിയുടെ ഭാഗമായി ഒരു ഒറ്റമുറി കെട്ടിടം ലഭിച്ചു. ഇത് മൂന്നാമത്തെ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ചക്കിക്കുഴി റോഡിനോടു ചേർന്നാണ് നിർമ്മിച്ചത്. ഇതിൽ നിന്നാണ് മഴവെള്ള സംഭരണിയിലേക്ക് വെള്ളം എത്തിച്ചത്. 2000-2002 കാലത്ത് പഴയ ആമ്പൽക്കുളമുണ്ടായിരുന്ന സ്ഥലത്ത് സ്‌റ്റേജ് - കം - ക്ലാസ് റൂം നിർമ്മിച്ചു. 2005 ഓടു കൂടി 'L' ആകൃതിയിലുള്ള കെട്ടിടത്തിന്റെ രണ്ടു മുറിയുള്ള ഭാഗം അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചു നീക്കി. 2006, 2010, 2012 എന്നീ വർഷങ്ങളിലായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്കൂളിന്റെ ചുറ്റുമതിൽ പണി പൂർത്തിയാക്കി.
2007 ൽ സ്കൂളിന്റെ വികസന പദ്ധതി തയ്യാറാക്കി. അതിന്റെ ഭാഗമായിത്തന്നെ സ്കൂൾ പ്രവർത്തനം ജനറൽ കലണ്ടർ പ്രകാരം ആക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വികസന പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് സ്രാമ്പിക്കല്ലിലെ എസ്.കെ.ബി ക്ലബ്ബുമായി ചേർന്ന് പിടിഎയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു ഗാനമേള സംഘടിപ്പിച്ചു. അതേ വർഷം തന്നെ വലിയ ഹാളിന്റെ ചുമരിലെ കുമ്മായത്തേപ്പ് അടർത്തി സിമന്റ് പൂശുകയും നിലം കോൺക്രീറ്റ് ഇടുകയും ചെയ്തു. സ്കൂൾ പ്രവർത്തനം ജനറൽ കലണ്ടറിലേക്ക് മാറ്റുന്നതിന് പിടിഎ കമ്മിറ്റി അനുകൂല അഭിപ്രായം രേഖപ്പെടുത്തി. 2008 ൽ PTA കമ്മിറ്റിയുടെ ശ്രമഫലമായി സ്കൂൾ പ്രവർത്തനം ജനറൽ കലണ്ടറിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് നേടി. തുടർന്ന് സ്കൂളിന്റെ പേര് ഗവൺമെന്റ് മോഡൽ ലോവർ പ്രൈമറി സ്കൂൾ പുല്ലങ്കോട് എന്നായി മാറി.
2011ൽ പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി. എസ്എസ്എ ഫണ്ട് ഉപയോഗിച്ച് നിലവിലെ ഓഫീസ് പ്രവർത്തിക്കുന്ന രണ്ടു മുറി കെട്ടിടം നിർമ്മിച്ചു. അതേ വർഷം തന്നെ സ്കൂൾ മുറ്റത്തുള്ള ഉങ്ങ്, ബദാം എന്നീ മരങ്ങൾക്ക് ചുറ്റും തറ കെട്ടി.
പ്രീപ്രൈമറി വിഭാഗം ആരംഭിക്കുന്നതിനായി രണ്ട് ക്ലാസ്സ് മുറികൾ ഉള്ള ഒരു കെട്ടിടം 2012 - 13ൽ നിർമ്മിച്ചു. 2011ൽ പുല്ലങ്കോട് എസ്റ്റേറ്റിൽ നിന്നു ലഭിച്ച ഒന്നരലക്ഷം രൂപയാണ് പ്രീപ്രൈമറി കെട്ടിട നിർമ്മാണത്തിന് പ്രേരണയായത്. എങ്കിലും തുച്ഛമായ ഈ തുക മുന്നിൽക്കണ്ട് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കാൻ ആരും തയാറായിരുന്നില്ല. അന്ന് പ്രഥമാധ്യാപകനായിരുന്ന ശ്രീ.ജോസഫ് മാത്യു മുന്നിട്ടു നിന്ന് ലോണെടുത്തും PTA മുഖാന്തിരം പിരിവു നടത്തിയും അധ്യാപകരിൽ നിന്നും മാസം തോറും ചെറിയ തുക സംഭാവനയായി സ്വീകരിച്ചും ശേഖരിച്ച അഞ്ചരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആ കെട്ടിടം പണി പൂർത്തിയാക്കിയത്. 2012ൽ അപകടാവസ്ഥയിൽ ആയിരുന്ന റോഡരികിലെ ആദ്യ കെട്ടിടം പൊളിച്ചു മാറ്റുകയും അതിലെ ഉപയോഗയോഗ്യമായ വസ്തുക്കൾ പ്രീപ്രൈമറി കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു. രണ്ടാമത്തെ കെട്ടിടത്തിന് തെക്കുഭാഗത്ത് സമാന്തരമായി പടിഞ്ഞാറ് മുഖം ആയിട്ടാണ് പ്രീപ്രൈമറി കെട്ടിടം നിർമ്മിച്ചത്.
2012 ജൂണിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. കുട്ടികൾ കൂടുതലുണ്ടായിരുന്നതിനാൽ രണ്ടു ഡിവിഷനുകൾ ആയാണ് ക്ലാസ് നടത്തിയത്. 2013 ൽ എൽകെജി, യുകെജി വിഭാഗങ്ങളിലായി ക്ലാസ് ആരംഭിച്ചു. അതേ വർഷം തന്നെ പ്രത്യേകമായി അധ്യാപികയെ വച്ച് എല്ലാ ക്ലാസിനും കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. 2016 മുതൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ ക്ലാസുകൾ തുടർന്നു കൊണ്ടുപോയി.
2012-13ൽ SSAയിൽ നിന്നും ഭൗതികവികസനത്തിനായി ലഭിച്ച 2.85ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിന്റെ മുഖഛായ ആകെ മാറ്റിയെടുത്തത്. വാതിലുകളും ജനാലകളും പിടിപ്പിച്ച് കെട്ടിടങ്ങളെല്ലാം അടച്ചുറപ്പുള്ളതാക്കി, കേടുപാടുകൾ മാറ്റി, ചോർച്ചകളൊഴിവാക്കി, ചുമരുകൾ പെയിന്റടിച്ച് ഭംഗിയാക്കി. പഴയ രണ്ടാമത്തെ കെട്ടിടത്തിന്റെ നിലം ടൈലുകൾ പതിച്ചു മെച്ചപ്പെടുത്തി.
2013 ൽ സ്രാമ്പിക്കല്ലിലെ ഓട്ടോഡ്രൈവർമാർ രണ്ടു ഫ്രെയിമുകളിലായി നാല് ഊഞ്ഞാലുകൾ സ്കൂളിന് സ്ഥാപിച്ചു നൽകി. 2015ലെ മഴക്കാലത്ത് റോഡരികിലെ വലിയ ചീനിമരം കടപുഴകി വീണ് അവ നശിച്ചുപോയി.
2013 ൽ ആദ്യമായി സ്കൂളിൽ ഇന്റർനെറ്റ് കണക്ഷൻ സ്ഥാപിച്ചു. 2013 - 14 വർഷത്തോടെ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ക്രമാനുഗതമായി മറ്റു ക്ലാസുകളിലും അത് ആരംഭിച്ചു. സ്വകാര്യ പാഠപുസ്തകങ്ങൾ ഉപയോഗിച്ച് അധിക ക്ലാസുകൾ നൽകിയാണ് ഇംഗ്ലീഷ് മീഡിയം പഠിപ്പിച്ചത്. 2017- 18 ൽ സർക്കാർ പുസ്തകം ഉപയോഗിച്ച് ഇംഗ്ലീഷ് മീഡിയം പഠനം ഡിവിഷൻ തിരിച്ച് ഔദ്യോഗികമായി ആരംഭിച്ചു.
2014 - 15 വർഷത്തിൽ സ്കൂളിന്റെ ഗേറ്റ് പുതുക്കിപ്പണിതു. സ്രാമ്പിക്കല്ലിലെ എസ്.എഫ്.സി ക്ലബ്ബ് ആ വർഷം നടത്തിയ ഫുട്ബോൾ ടൂർണമെന്റിന്റെ ലാഭവിഹിതം ഉപയോഗിച്ചാണ് പുതിയ ഗേറ്റിന്റെ പണി ആരംഭിച്ചത്. പിന്നീട് പി.ടി.എയുടെ സഹായത്തോടെ പണി പൂർത്തിയാക്കി. 2015-16 വർഷം പ്രകാശൻ.ബി.പി. സ്കൂളിന് ഒരു എംബ്ലം തയാറാക്കി നൽകി. തുടർന്ന് ആവർഷം മുതൽ കുട്ടികൾക്ക് ടാഗ്, ബെൽറ്റ് എന്നിവ തയാറാക്കി വിതരണം ചെയ്തു.
2016ൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാലയ വികസന രേഖ തയ്യാറാക്കുകയും 2016 - 21 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. അതോടൊപ്പം സ്കൂളിന്റെ ചരിത്രം പരിമിതമായെങ്കിലും തയ്യാറാക്കിയിരുന്നു. പൂർവ വിദ്യാർത്ഥികളുടെ സംഗമം വിളിച്ചു ചേർക്കുകയും മുൻ അധ്യാപകൻ ശ്രീ. അപ്പുക്കുട്ടൻ മാഷ് പരിപാടി ഉദ്ഘാടനം നടത്തുകയും ചെയ്തു. അപ്പുക്കുട്ടൻ മാഷ് നൽകിയ സംഭാവന ഉപയോഗിച്ച് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടത്തിന്റെ തെക്കുഭാഗത്ത് കൈകഴുകാൻ ഉള്ള കൊട്ടത്തളം നിർമ്മിച്ചു. എങ്കിലും മറ്റ് യാതൊരു പ്രവർത്തനങ്ങളും നടക്കാതെ മാസ്റ്റർ പ്ലാൻ വിസ്മൃതിയിലായി. 2018ൽ പുതിയ ഓഫീസ് കെട്ടിടത്തിനു കോണിപ്പടികളും മുകളിൽ ഹാളും നിർമ്മിച്ചു. സീലിംങ്ങും വൈദ്യുതീകരണവും നടത്തി, നിലം ടൈൽ പതിച്ചു.
2017-18ൽ കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് ആറ് ലാപ് ടോപ്പ്, ആറ് സ്പീക്കർ സെറ്റ്, രണ്ട് പ്രൊജക്റ്റർ എന്നിവ ലഭിച്ചു. ഇത് സ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ തലത്തിൽ ഏറെ മികവ് നൽകി.
2020 മാർച്ച് 19ന് കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് സ്കൂൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. 2020 ഏപ്രിൽ 30ന് അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ.ജോസഫ് മാത്യു വിരമിച്ചു. സീനിയർ അധ്യാപകൻ പ്രകാശൻ.ബി.പി. ഹെഡ്മാസ്റ്ററുടെ പൂർണ അധിക ചുമതല ഏറ്റെടുത്തു. അക്കാലത്ത് ഹെഡ്മാസ്റ്റർ നിയമനത്തിന്റെ യാഗ്യതയുമായി ബന്ധപ്പെട്ട് ഒരു കേസ് സുപ്രീം കോടതിയിൽ ഉണ്ടായിരുന്നതിനാൽ നിയമനം നടന്നില്ല. 2022 ഒക്ടോബർ അവസാനം വരെ ഒന്നര വർഷത്തോളം സ്കൂൾ അടഞ്ഞു തന്നെ കിടന്നു. അക്കാലത്ത് പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി ഗൃഹ സന്ദർശനം, കണക്കെടുപ്പ്, ടിവി, മൊബൈൽ ഫോൺ തുടങ്ങിയ ഓൺലൈൻ പഠനോപകരണങ്ങൾ വിതരണം ചെയ്യൽ മുതലായവ നടത്തി. കുട്ടികളുടെ കാലനക്കമില്ലാതെ കാടുമുടിയ വിദ്യാലയ പരിസരം ചരിത്രത്തിലാദ്യമായിത്തന്നെ പലതവണ കാടുവെട്ടി വൃത്തിയാക്കേണ്ടിവന്നു. വാർഡ് മെമ്പർ ടി.ഷറഫുദ്ദീൻ, പിടിഎ പ്രസിഡന്റ് ഒ.കെ.മുസ്തഫ, വൈസ് പ്രസിഡന്റ് ടി.പി.സമീറലി, എസ്എംസി ചെയർമാൻ സി.ദീപു മുതലായവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ഒപ്പം നിന്നു.
2020 ജൂണിൽ പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ ചരിത്രത്തിലെ ആദ്യ ഓൺലൈൻ പരിപാടിയായിരുന്നു അത്. തുടർന്നിങ്ങോട്ട് ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് അധ്യാപകർ കുട്ടികൾക്ക് സജീവമായ പഠന പിന്തുണ നൽകി. പ്രവേശനോത്സവം കൂടാതെ ദിനാചരണങ്ങളും ആഘോഷങ്ങളും ഓൺലൈൻ ആയി സംഘടിപ്പിച്ചു.
കോവിഡിനെ ഭയന്ന് എല്ലാവരും ജീവനും കൊണ്ട് വീടിനകത്ത് ഒതുങ്ങി കഴിഞ്ഞപ്പോൾ അധ്യാപകർ തങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റിവെച്ച് കുട്ടികളുടെ വീടുകളിൽ എത്തി വിവരങ്ങൾ ആരാഞ്ഞു. നോട്ടുകളും പഠനോൽപന്നങ്ങളും പരിശോധിച്ചു. വാട്സ്ആപ്പിലും മറ്റും ദിവസം തോറും വായനയും പഠനവും ചോദ്യോത്തര പരിപാടികളും പാഠ വിശകലനങ്ങളും നടത്തി. ഞായറാഴ്ചകളിൽ സർഗവേള എന്നപേരിൽ കുട്ടികൾക്ക് കലാസാംസ്കാരിക പ്രകടനങ്ങൾക്ക് ഓൺലൈനായി അവസരമൊരുക്കി. രണ്ടാഴ്ചയിലൊരിക്കൽ ഓരോ കുട്ടിയെയും നേരിട്ട് ഫോൺ ചെയ്ത് കുട്ടിയുടെയും കുടുംബത്തിന്റെയും ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു. ആവശ്യമായ മാനസിക- സാമൂഹിക പിന്തുണ നിരന്തരമായി നൽകി.
പ്രയാസങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അധ്യാപകരും പിടിഎയും ചേർന്ന് കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ മാനസികവും അക്കാദമിവുമായ പിന്തുണ നൽകിക്കൊണ്ടേയിരുന്നു. പ്രഥമാധ്യാപകന്റെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് പ്രകാശൻ.ബി.പിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. വാർഡ് മെമ്പറുടെയും പിടിഎയുടെയും സഹാധ്യാപകരുടെയും പരിപൂർണ്ണവും അമൂല്യവുമായ പിന്തുണ ഇക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ്.
2020- 21ൽ ഓഫീസിനടുത്തുള്ള ക്ലാസ് മുറിയിൽ ഹൈടെക് സംവിധാനം ഒരുക്കി. ഇപ്പോൾ ഓഫീസ് മുറിയുടെ പടിഞ്ഞാറു ഭാഗത്ത് നിർമ്മിച്ച മറ്റൊരു ക്ലാസ് മുറിക്കുവേണ്ടിയും അപകടഭീഷണിയാലും മെയിൻ റോഡരികിലെ പടർന്നു പന്തലിച്ച വലിയ മാവിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റേണ്ടി വന്നു.
2021 ജൂണിലെ ഓൺലൈൻ പ്രവേശനോത്സവം പ്രശസ്ത നാടക സിനിമ നടനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. 2021ജൂലൈ 28ന് നമ്മുടെ വിദ്യാലയം സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചു. അക്ഷരത്തുമ്പികൾ എന്നു പേരിട്ട ചാനൽ പ്രശസ്ത നാടക – സിനിമ അഭിനേത്രി നിലമ്പൂർ ആയിഷ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചാനലിന് ഇതുവരെ 572 വരിക്കാരുണ്ട്. വരിക്കാരുടെ എണ്ണം രണ്ടായിരത്തിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
2021ഓഗസ്റ്റ് മാസത്തിൽ പൂവിളി -2021എന്ന പേരിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ അഞ്ചാം തീയതി പൂവിളി - 2021ന്റെ സമ്മാന വിതരണവും ഓൺലൈൻ കലാമേള ഉദഘാടനവും സ്കൂൾ ഹാളിൽ നേരിട്ട് സംഘടിപ്പിച്ചു. മാലിക് സിനിമ ഫെയിം കുമാരി ഫിദമോൾ മമ്പാട്ടുമൂല പരിപാടി ഉദഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനും സാഹിത്യകാരനുമായ ശ്രീ മുക്താർ ഉദിരംപൊയിൽ മുഖ്യപ്രഭാഷണം നടത്തി.
2021 ഒക്ടോബർ 26ന് പുതിയ പ്രഥമാധ്യാപികയായി ശ്രീമതി.ജോളി മാത്യു ചാർജെടുത്തു. നവംബർ മാസത്തോടുകൂടി ക്ലാസുകൾ സാധാരണഗതിയിൽ ആരംഭിച്ചു. എന്നാൽ പകുതി കുട്ടികൾ മാത്രമായിരുന്നു ഒരു സമയത്ത് സ്കൂളിൽ എത്താൻ അനുവദിക്കപ്പെട്ടിരുന്നത്. പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിരുന്നില്ല. അങ്ങനെ പ്രൈമറിക്കും പിന്നീട് പ്രീപ്രൈമറിക്കുമായി നാല് പ്രവേശനോത്സവങ്ങളാണ് സംഘടിപ്പിച്ചത്.
2021-22ൽ കേരളത്തിലെ ഭരണകക്ഷിയുടെ പ്രാദേശികനേതൃത്വത്തിന്റെ കൂടി സഹായത്തോടെ കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ പാസാക്കിക്കിട്ടി. സ്കൂൾ വികസനത്തിനായി ഇത്രയും ഭീമമായൊരു തുക നമ്മുടെ സ്കൂളിന് ഇതുവരെ ലഭിച്ചിട്ടില്ല. സ്ഥലപരിമിതി മൂലം നിലവിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി രണ്ടു നിലകളിലായി 8 ക്ലാസ് മുറികളോടുകൂടിയ കെട്ടിടം പണിയുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. പണി ആരംഭിച്ചിട്ടില്ല.
2022 ഫെബ്രുവരി മാസത്തിൽ സ്കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികൾക്ക് മൂന്നുദിവസങ്ങളിലായി വിവിധ നിർമ്മാണ പ്രവർത്തനങ്ങളും കലാസന്ധ്യയും കായികപരിശീലനവും മഹാസദ്യയും പലഹാരമേളയും ആകാശവിസ്മയങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ച
സ്നേഹക്കൂടാരം പഠനക്യാമ്പ് വണ്ടൂർ ഉപജില്ലാ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട തനതു പ്രവർത്തനമായിരുന്നു.
2022-23 അധ്യയന വർഷം കൃഷിവകുപ്പുമായി ചേർന്നു നടപ്പിലാക്കിയ അടുക്കളത്തോട്ടം-2022 പദ്ധതി എല്ലാവരും ഏറ്റെടുത്ത മികച്ച മറ്റൊരു തനതു പ്രവർത്തനമായി. തിരഞ്ഞെടുക്കപ്പെട്ട അൻപത്തിമൂന്ന് കുട്ടികളുടെ വീടുകളിൽ തക്കാളി, വഴുതന, വെണ്ട, പച്ചമുളക് എന്നീ പച്ചക്കറിത്തൈകളും അതിനാവശ്യമായ ജൈവവളവും കീടനാശിനിയും വിതരണം ചെയ്തു. കുട്ടികൾ കുടുംബസമേതം അവ നട്ടു പരിപാലിച്ച് ലഭിക്കുന്ന പച്ചക്കറിയിൽ നിന്ന് ഒരു വിഹിതം സ്കൂളിലേയ്ക്കു നൽകുന്നതായിരുന്നു പദ്ധതി. കുട്ടികളിലും കുടുംബാംഗങ്ങളിലും കൃഷിയോടുള്ള താല്പര്യം മെച്ചപ്പെടുത്താൻ ഈ പദ്ധതി ഏറെ സഹായിച്ചു. ഇപ്പോഴും ദിനംപ്രതി കുട്ടികൾ വീട്ടിലുണ്ടാക്കിയ പച്ചക്കറികൾ സ്കൂളിലെത്തിക്കുന്നുണ്ട്. അവ എല്ലാദിവസവും ഉച്ചഭക്ഷണത്തിനുള്ള കറി തയാറാക്കാൻ ഉപയോഗിക്കുന്നു.
2022 ഓഗസ്റ്റ് 17ന് ചോക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടന്ന കർഷകദിന പരിപാടിയിൽ ചോക്കാട് പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നമ്മുടെ വിദ്യാലയത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന ബി.പി.നിഹാൽ സൂര്യയ്ക്ക് ലഭിച്ചു. അത് നമ്മുടെ സ്കൂളിനു ലഭിച്ച ഒരു മികച്ച അംഗീകാരമാണ്.
2022 ആഗസ്റ്റ് മാസത്തിൽ പ്രീപ്രൈമറി കുട്ടികൾക്ക് കൈകഴുകാനായി കൊട്ടത്തളം നിർമ്മിച്ചു. 2023 ഫെബ്രുവരിയിൽ സ്രാമ്പിക്കൽ വനിതാ സഹകരണ സംഘം ഒരു കുടിവെള്ള ശുചീകരണി സ്കൂളിൽ സ്ഥാപിച്ചു.
ഇപ്പോൾ ഇവിടെ ആകെ 313 കുട്ടികൾ പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 94 കുട്ടികളും പ്രൈമറിയിൽ 219 കുട്ടികളുമാണുള്ളത്. പ്രീ പ്രൈമറിയിൽ മൂന്ന് അധ്യാപികമാരും രണ്ട് ആയമാരും ഉണ്ട്. പ്രൈമറിയിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ ഒൻപത് സ്ഥിരാധ്യാപകരും രണ്ട് തൽക്കാലിക അധ്യാപകരും ഉണ്ട്. എൽകെജി ഒന്ന്, രണ്ട്, നാല് ക്ലാസുകളിൽ രണ്ട് ഡിവിഷൻ വീതമുണ്ട്. യുകെജിയിൽ ഒന്നും മൂന്നാം ക്ലാസിൽ മൂന്നും ഡിവിഷനുകളാണുള്ളത്.
നാല് ക്ലാസ് മുറികളുള്ള പഴയ കെട്ടിടം, രണ്ട് ക്ലാസ് മുറികളുള്ള പ്രീപ്രൈമറി കെട്ടിടം, രണ്ടു മുറികളും സ്റ്റോർ റൂമും ഉള്ള ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടം, ഒറ്റമുറിയായുള്ള ഡിപിഇപി കെട്ടിടം, സ്റ്റേജ് കം ക്ലാസ് റൂം, ഓഫീസ് ഉൾപ്പെടെ 5 മുറികളുള്ള ഓഫീസ് കെട്ടിടം എന്നിവയാണ് നിലവിലെ പഠനാവശ്യത്തിനുള്ള കെട്ടിടങ്ങൾ. ഇവ കൂടാതെ 12 ശുചിമുറികളും ഉണ്ട്.
കൊറോണക്കാലമുൾപ്പെടെ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സ്കൂളിന് തുടർച്ചയായി എൽഎസ്എസ് വിജയികളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2019-20ൽ ഒൻപത് കുട്ടികൾ വിജയം കൈവരിച്ചതാണ് അക്കാര്യത്തിൽ ഇതുവരെയുള്ള മികച്ച നേട്ടം. വിവിധ മത്സര പരീക്ഷകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും മറ്റു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും നേട്ടം കൈവരിക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ എന്നിവയിൽ നിന്നു കൂടാതെ സ്കൂളിന്റെ ഭൗതിക വികസനത്തിന് വിവിധ കാലഘട്ടങ്ങളിലായി ഫണ്ടുകൾ നൽകി സഹായിച്ച എംഎൽഎ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ആസ്പിൻവാൾ കമ്പനി, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, സ്കൂളിന്റെ അഭ്യുദയകാംക്ഷികൾ മുതലായവരെയും അവ നേടിയെടുക്കാൻ നിരന്തരമായി പ്രയത്നിച്ച പിടിഎ, എസ്എംസി, പൂർവ വിദ്യാർഥികൾ, വിവിധ രാഷ്ട്രീയ - സാമൂഹ്യ സംഘടനകൾ, വാർഡ് മെമ്പർമാർ, പൊതുപ്രവർത്തകർ, നാട്ടുകാർ, അധ്യാപകർ മുതലായവരെയും ഈ ചരിത്രമുഹൂർത്തത്തിൽ ഏറെ നന്ദിയോടെ സ്മരിക്കുന്നു.
ആദ്യാക്ഷരി
നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുതിയതും മനോഹരവുമായ ഒരു ഏടാണ് ആദ്യാക്ഷരി എന്ന പൂർവ്വ വിദ്യാർത്ഥി - അധ്യാപക കൂട്ടായ്മ. 2022 ആഗസ്റ്റിൽ പിടിഎ എക്സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരം പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിക്കാനും ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും തീരുമാനിച്ചു. അതിന്റെ ചുമതല പിടിഎ വൈസ് പ്രസിഡണ്ട് ടി.പി.സമീറലിക്ക് നൽകി. തുടർന്ന് പുല്ലങ്കോടുള്ള കിളിയമണ്ണിൽ അലവിക്കുട്ടി, പുളിയക്കോട്ടിൽ ബാലകൃഷ്ണൻ എന്ന ബാലു എന്നിവരെ കണ്ടെത്തി പ്രാഥമിക പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. അവർക്ക് പൂർവ വിദ്യാർത്ഥി - അധ്യാപക കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ചുമതലകൾ നൽകി. പിടിഎ പ്രസിഡണ്ട് ഒ.കെ.മുസ്തഫ, കെ.അലവിക്കുട്ടി പി.ബാലകൃഷ്ണൻ, ടി.പി.സമീറലി, ബി.പി.പ്രകാശൻ എന്നിവരെ ചേർത്തുകൊണ്ട് ആഗസ്റ്റ് 19ന് ഒരു പ്രാഥമിക സമിതി രൂപീകരിച്ചു. തുടർന്നു നടന്ന മീറ്റിങ്ങിൽ വച്ച് സ്കുളിന്റെ ചരിത്രം തയാറാക്കാനും അതൊരു സ്മരണികയായി പുറത്തിറക്കാനും ധാരണയായി. സെപ്റ്റംബർ മാസത്തിൽ കെ.ഉവൈസ്, സിയാദ് അസ്ലം, സനു ദാസ് എന്നീ മൂന്നുപേരെ കൂടി ചേർത്ത് അഡ്മിൻ ഗ്രൂപ്പ് വിപുലമാക്കി.
ഒക്ടോബർ ഒന്നിന് വിപുലമായ അഡ്മിൻ ഗ്രൂപ്പ് സജ്ജമാക്കി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആദ്യാക്ഷരി എന്ന പേരിൽ പൂർവവിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. നവംബർ 18 ന് ആദ്യ കൂടിച്ചേരൽ 'ആദ്യാക്ഷരി സ്നേഹസംഗമം' എന്ന പേരിൽ സ്കൂളിൽ നടത്തി. അതിൽ വെച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു. പുത്തൂപ്പാടൻ മുഹമ്മദ് ഇസ്മായിൽ ചെയർമാനായും സി.മോഹൻദാസ് കൺവീനറായും 27 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
'ഹൃദയാക്ഷരി ' എന്ന പേരിൽ സ്കൂളിന്റെ ചരിത്ര സ്മരണിക തയ്യാറാക്കാൻ തീരുമാനമെടുത്തു. പുത്തൂപ്പാടൻ മുഹമ്മദ് ഇസഹാക്ക് ചീഫ് എഡിറ്ററായി പത്തംഗങ്ങൾ ഉള്ള എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു. മുഹമ്മദ് ഇസ്മായിൽ, സി മോഹൻദാസ്, ബാലകൃഷ്ണൻ.പി, പ്രദീപ് യു.പി, ഖാദർ.കെ, അലവിക്കുട്ടി, പ്രകാശൻ.ബി.പി. ഇസുദ്ദീൻ പുൽപാടൻ,, ടി.പി.സമീറലി എന്നിവരെ അംഗങ്ങളാക്കി.
തുടക്കകാലത്ത് ഉണ്ടായിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും ലിസ്റ്റ് തയ്യാറാക്കി ഫോൺ നമ്പറും അഡ്രസ്സും മറ്റും കണ്ടെത്തി അതിൽ ജീവിച്ചിരിപ്പുള്ള പരമാവധി ആളുകളെ ബന്ധപ്പെട്ട് സ്കൂളിന്റെ ചരിത്രം ശേഖരിക്കാനുള്ള ശ്രമം തുടങ്ങി. തുടർന്ന് നിരവധി കൂടിച്ചേരലുകളും യാത്രകളും സംഘടിപ്പിച്ച് ഹൃദയാക്ഷരി എന്ന ചരിത്ര പുസ്തകത്തിനുള്ള വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ ആളുകളെ ഗ്രൂപ്പിലേക്ക് എത്തിച്ചു.
സ്കൂളിന്റെ ചരിത്രം കൂടാതെ പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഓർമ്മക്കുറിപ്പുകളും സ്കൂളിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ ചരിത്രവും പഞ്ചായത്തിലെ ഗവൺമെന്റ് സ്ഥാപനങ്ങളെ പറ്റിയുള്ള കുറിപ്പുകളും പുല്ലങ്കോട് എസ്റ്റേറ്റ്, പഴയകാലത്തെ സ്കൂളുമായി ബന്ധപ്പെട്ട ആളുകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ നിരവധി കുറിപ്പുകൾ ഉൾപ്പെടുത്തി വിപുലമായ തോതിലാണ് ആദ്യാക്ഷരി ഹൃദയപുസ്തകം തയ്യാറാക്കുന്നത്.
സ്മരണിക പ്രകാശനം ചെയ്യുന്നതിനായി മാർച്ച് നാല് ശനിയാഴ്ച തെരഞ്ഞെടുത്തിരിക്കുന്നു. ആയതിനുള്ള സ്വാഗതസംഘം 12/02/2023 ന് വിളിച്ചു ചേർത്തു.
പഴയ കാലത്തിന്റെ അലിഞ്ഞു തീരാത്ത ഓർമ്മകളുമായി, കറകളഞ്ഞ സ്നേഹവുമായി പൂർവവിദ്യാർത്ഥികളും അധ്യാപകരും കടന്നുവരുമ്പോൾ സ്കൂളിന്റെ ചാരിതാർത്ഥ്യം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. കേവലം സാമ്പത്തിക ബന്ധമാകാതെ മനസ്സുനിറഞ്ഞ് അല്ലലും ആലോചനകളും ഇല്ലാത്ത ബാല്യത്തിന്റെ പൂങ്കാവനം ഉള്ളിൽ നിറച്ച് അതിൽ പാഞ്ഞുകളിക്കുന്ന, പാറിക്കളിക്കുന്ന കുട്ടികളായി, പൂമ്പാറ്റകളായി, നന്മയുടെ നറുതേൻ തുള്ളികളായി, ഈ വിദ്യാലയത്തിന്റെ ഹൃദയാക്ഷരികളായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ വിദ്യാലയത്തിന് വലിയ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല.
ചരിത്രം ഏതു കാലഘട്ടത്തിന്റേതായാലും പുതിയ തലമുറയ്ക്ക് അറിവ് നേടാനുള്ളതിനപ്പുറം തങ്ങളുടെ ജീവിതാനുഭവ പരിസരങ്ങളെ നേരിടുന്നതിന് ഏറിയും കുറഞ്ഞും പ്രാപ്തമാക്കുന്ന ഒരു അപൂർവ നിധിയാണ്. അതൊരു വിദ്യാലയത്തിന്റേതാകുമ്പോൾ മൂല്യം പതിൻമടങ്ങ് വർധിക്കും. ആ തണലിൽ ഒന്നിച്ചിരുന്ന്, പഠിച്ച്, കളിച്ചു വളർന്ന ഓരോ കുട്ടിയിലും അനുഭവങ്ങളുടെയും ഓർമ്മകളുടെയും അതിശക്തമായ വേലിയേറ്റം ഉണ്ടാകുമെന്നത് നിസ്തർക്കമാണ്. ഈ ചരിത്ര പുസ്തകത്തിൽ രേഖപ്പെടുത്തിയ ചരിത്രത്തെക്കാൾ തീക്ഷ്ണവും സജീവവുമായിരിക്കും അത്. ആ വേലിയേറ്റങ്ങളോടൊപ്പം ഹൃദയം ചേർത്തുവെച്ച് ഈ വിദ്യാലയം പുതിയ തലമുറകളിലേക്ക് ഇതുവരെ നടന്നതിനേക്കാൾ ആവേശപൂർവ്വം ഓരോ ചുവടും മുന്നോട്ട് പോവുകയാണ്. നമ്മളാണ് ഇതിന്റെ ശക്തി. നമ്മളാണ് ഇതിന്റെ കാവൽക്കാർ. നമ്മളാണ് ഇവിടെ പരികർമ്മികളും ഗുണഭോക്താക്കളും. ഇതൊരു തറവാടാണ്. എണ്ണിയാൽ തീരാത്ത തലമുറകളുടെ അവസാനിക്കാത്ത കൂടിച്ചേരലുകളുടെ, പങ്കിടലുകളുടെ, സ്വാംശീകരണത്തിന്റെയും അറിവുകളുടെയും തിരിച്ചറിവുകളുടെയും സംഗമതീരം. ഈ നാടിനെയും വരും നാളുകളെയും നയിക്കാൻ ഈ തറവാട് ഇനിയും മനോഹാരിതയോടെ ആത്മാംശത്തോടെ സംരക്ഷിക്കേണ്ടതുണ്ട്. അതു നെഞ്ചോടു ചേർത്ത് കാത്തുസൂക്ഷിക്കാൻ നിങ്ങൾ ഓരോരുത്തരോടും ആഹ്വാനം ചെയ്തുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത ഈ ചരിത്രം നിങ്ങളുടെ ഹൃദയത്തിലേക്ക് ഏറെ സ്നേഹപൂർവം പങ്കുവയ്ക്കുന്നു.
ഇതുവരെ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവർ
1. വി.അബൂ (ജൂലൈ 1946- ഓഗസ്റ്റ് 1950)
2. എ.കെ. കുഞ്ഞലവി (സെപ്റ്റംബർ 1950 - സെപ്റ്റംബർ 1952)
3. പി.എം. വാസുദേവൻ നമ്പീശൻ (സെപ്റ്റംബർ 1952 - സെപ്റ്റംബർ 1954)
4. പി.കുഞ്ഞിമൊയ്തീൻ (ഒക്ടോബർ 1954 – മാർച്ച് 1955)
5. എ.സെയ്തലവി (ഏപ്രിൽ 1955 – മെയ് 1957 -HMഇൻചാർജ്)
6. എം.കെ.പ്രഭാകരൻ നായർ ( ജൂൺ 1957 - ജൂൺ 1958)
7. വി.കെ.വാസു ജൂലൈ 1958 - ഏപ്രിൽ 1960)
8. കെ.കെ.ദാമോദരൻ പിള്ള ( മെയ് 1960 - മെയ് 1961)
9. കെ.എൻ രാജപ്പൻ (ജൂൺ 1961 - ജൂൺ 1962)
10. വി.വർഗീസ് (ജൂലൈ 1962 - ഓഗസ്റ്റ് 1971)
11. കെ.മൊയ്തീൻകുട്ടി (ഓഗസ്റ്റ് 1971 - ജൂലൈ 1973)
12. കെ.വി.മറിയാമ്മ (1972-73 - സെപ്റ്റംബർ 1975)
13. ടി.ബി.ജോസഫ് (1980 ജൂൺ 2 - 1980 ജൂൺ 30)
14. എ.കെ. ഗോപാലൻ നായർ (മാർച്ച് 1981 - ഫെബ്രുവരി 1982)
15. കെ.പറങ്ങോടൻ (ഫെബ്രുവരി 1982 - മെയ് 1986)
16. പി. കുഞ്ഞി മൊയ്തീൻകുട്ടി (ജനുവരി 1987 - ജൂൺ 1987)
17. സി.ഭാസ്കരൻ (ഓഗസ്റ്റ് 1988 - ഏപ്രിൽ 1992)
18. വി.കെ. പൊന്നമ്മ (ജൂൺ 1992 - ജൂൺ 1998)
19. വി.ആർ. ലളിത (ജൂലൈ 1998 - മെയ് 2000)
20. കെ.സരളകുമാരി (മെയ് 2000 - ജൂൺ 2004)
21. എൻ.വി. ലീലാമ്മ (ജൂൺ 2004 - ഏപ്രിൽ 2006)
22. പി.കെ. സരസ്വതി (ജൂൺ 2006 - ജൂൺ 2007)
23. പി.ബാലഗോവിന്ദൻ (ജൂലൈ 2007 - ജൂലൈ 2009)
24. വി.ഫാത്തിമത്ത് സുഹറ (സെപ്റ്റംബർ 2009 - ജൂൺ 2011)
25. ജോസഫ് മാത്യു (ജൂൺ 2011 - ഏപ്രിൽ 2016 & ജൂലൈ 2017- ഏപ്രിൽ 2020)
26. ഐഷ കെ എം (ജൂൺ 2016 - ജൂൺ 2017)
27.ബി.പി.പ്രകാശൻ (2020 മെയ് 1 - 2021 ഒക്ടോബർ 26, HM Full Additional charge )
28. ജോളി മാത്യു (ഒക്ടോബർ 2021- മെയ് 2023)
കടപ്പാട് :
അപ്പുണ്ണി വടവടി (പൂർവ വിദ്യാർഥി)
തടിയൻ മുഹമ്മദ് (പൂർവ വിദ്യാർഥി)
വാസുദേവൻ വൈക്കത്തൊടിക (പൂർവ വിദ്യാർഥി)
വിശ്വനാഥൻ മഠത്തിൽ (പൂർവ വിദ്യാർഥി)
എ.പി.അബു (പൂർവ വിദ്യാർഥി)
സൂപ്പി കാട്ടിക്കുളങ്ങര (നാട്ടുകാരൻ)
ആമി ഓടങ്കാടൻ (പൂർവ വിദ്യാർഥിനി)
പാർഥസാരഥി പെരുമ്പാറിൽ (പൂർവ വിദ്യാർഥി)
കെ.സരളകുമാരി (മുൻ പ്രഥമാധ്യാപിക)
എ.കെ.ലൈല (മുൻ അധ്യാപിക)
രുഗ്മിണിബായി (മുൻ പ്രഥമാധ്യാപകൻ പറങ്ങോടൻ മാഷിന്റെ മകൾ)
ഈ സ്കൂളിന്റെ എക്കാലത്തെയും പ്രഥമാധ്യാപകർ,
എന്റെ സഹപ്രവർത്തകർ,
സുഹൃത്തുക്കൾ,
നാട്ടുകാർ,.....
✍✍✍✍✍✍✍✍✍
തയാറാക്കിയത്:
പ്രകാശൻ ബി.പി.
സീനിയർ അസിസ്റ്റന്റ്
ജി എം എൽ പി എസ് പുല്ലങ്കോട്
2023
✍✍✍✍✍✍✍✍✍