ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിലെ സർഗശേഷിയെ തൊട്ടുണർത്തുന്നതിനും ഭാഷാ നൈപുണി പരിപോഷിപ്പിക്കുന്നതിനുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്ലബ്ബ് മാങ്കടവ് ഗവ. മാപ്പിള എൽ പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു.വിവിധ ദിനാചരണങ്ങൾ, വായന പരിപോഷണ പരിപാടികൾ, പുസ്തക പരിചയം, പുസ്തകാസ്വാദനം, മാസിക നിർമാണം ,ശില്പ ശാലകൾ, വിവിധ രചന മത്സരങ്ങൾ തുടങ്ങിയവ ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു.സാഹിത്യ വേദിയുടെ ഉപ ജില്ല തല മത്സരങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നു.ലൈബ്രറി ശാക്തീകരണത്തിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിൻ്റെ ഭാഗമായി നടക്കുന്നു.വിദ്യാരംഗം കോഡിനേറ്ററായ അദ്ധ്യാപകൻ ,വിദ്യാർത്ഥി കൺവീനർ തുടങ്ങിയവർക്കാണ് ക്ലബ്ബിന്റെ ചുമതല.

വിദ്യാരംഗം കലാസാഹിത്യവേദി 2023-24

  • വായന ദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായനാദിന മസാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഞാനും എൻറെ അക്ഷരവും, എന്റെ വായന, വായനാതെളിച്ചം, കാവ്യ മധുരം കവിത ശില്പശാല രക്ഷിതാക്കൾക്കായി അമ്മ വായന തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി.കുട്ടികളെ വായനയിലേക്ക് കൈ പിടിച്ചുയർത്തുന്നതിനായി വിദ്യാലയത്തിലെ നവീകരിച്ച സ്കൂൾ ലൈബ്രറി 'കുട്ടിപുസ്തകപ്പുര' കുട്ടികൾക്കായി സമർപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടകനായി എത്തി കഥകളും പാട്ടുകളുമായി കുട്ടികളോടൊപ്പം കൂട്ടു കൂടി.എസ്.എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ ചടങ്ങിൽ അനുമോദിച്ചു.

  • വിദ്യാരംഗം കലാസാഹിത്യവേദി 2023-24 ഭാരവാഹികൾ

വിദ്യാരംഗം സി.പി സുബൈബത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2023-24 അധ്യയനവർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി കൺവീനറായി അഞ്ചാം തരത്തിലെ റഫ്ന.സിയും ജോ.കൺവീനറായി നാലാം തരത്തിലെ റിസ മുനീർ.കെ യും തെരഞ്ഞെടുക്കപ്പെട്ടു.

  • ബഷീർ ദിനം - ഹുന്ത്രാപ്പി ബുസ്സാട്ടോ ഒരു ബഷീറിയൻ പൂന്തോട്ടംവിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. 'ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം' എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.
  • കാവ്യമധുരം കവിത ശില്പശാല

ജൂലൈ 19 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെയും കുട്ടിപുസ്തകപ്പുരയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കാവ്യമധുരം കവിത ശില്പശാല സംഘടിപ്പിച്ചു. മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പാടിയും പറഞ്ഞും എഴുതിയും കുട്ടികൾ ശില്പശാലയെ ജീവസ്സുറ്റതാക്കി.വിദ്യാരംഗം കോഡിനേറ്റർ സ്വാഗതവും കൺവീനർ റഫ്ന.സി നന്ദിയും പറഞ്ഞു.

  • വാങ്മയം

ജൂലൈ 27 ന് നടന്ന സ്കൂൾ തല ഭാഷാ പ്രതിഭാ നിർണയ പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും രണ്ടുപേരെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. നാലാം തരത്തിലെ റിസ മുനീർ.കെ, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

  • വിദ്യാരംഗം- പാപ്പിനിശ്ശേരി ഉപജില്ല പ്രവർത്തനോദ്ഘാടനം

2023 ആഗസ്ത് 9 ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റിൽ വച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ല പ്രവർത്തനോദ്ഘാടനത്തിൽ വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർഥികളെ പങ്കെടുപ്പിച്ചു.

  • ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം വളരെ സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ അധ്യാപക വേഷത്തിൽ എത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. അധ്യാപക ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു.മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക വൃത്തിയുടെ മഹത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. കുട്ടികൾ ആശംസകൾ നേർന്നും ആശംസ കാർഡുകൾ സമ്മാനിച്ചും അധ്യാപകരെ ആദരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട ടീച്ചർക്ക് കത്തെഴുതാനുള്ള അവസരം ഒരുക്കി കൊടുത്തു.'എന്റെ പ്രിയപ്പെട്ട ടീച്ചർക്ക്...' എന്ന തലക്കെട്ടിൽ നടന്ന പരിപാടി കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.വിദ്യാലയത്തിൽ സ്ഥാപിച്ച തപാൽ പെട്ടിയിൽ കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തു. അവർക്ക് കത്തിലൂടെ ടീച്ചറോടുള്ള ഇഷ്ടം അറിയിക്കാനും ക്ലാസ് അനുഭവങ്ങൾ പങ്കുവെക്കാനും ആശംസകൾ അറിയിക്കാനും സാധിച്ചു. അധ്യാപകദിന ഡോക്യുമെന്റേഷൻ വീഡിയോ വിദ്യാലയത്തിന്റെ ചാനലിൽ പ്രസിദ്ധീകരിച്ചു.

കുട്ടിപുസ്തകപ്പുര

ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറി 'കുട്ടിപുസ്തകപ്പുര'യുടെ ഉദ്ഘാടനം സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. ചടങ്ങിൽ വച്ച് മുൻ അധ്യാപിക റഷീദ ടീച്ചർ ലൈബ്രറിയിലേക്കുള്ള ഫർണിച്ചറിനാവശ്യമായ തുക കൈമാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാഹിഖ് നൗഷാദ് 10000/- രൂപയുടെ പുസ്തകങ്ങളും പുസ്തകപ്പുരയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ വി.അബ്ദുൽ കരീം,അജയൻ.ടി(വാർഡ് മെമ്പർമാർ ) ബി.ആർ.സി ട്രെയിനർ രാരീഷ്, മദർ പി.ടി.എ പ്രസിഡൻറ് സീനത്ത്, അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രഞ്ജിത.ടി.വി, മൃദുല.എം എന്നിവർ ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ബഷീറുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സി.പി.സുബൈബത്ത് നന്ദിയും പറഞ്ഞു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാരിൽ നിന്നും ഫർഹാന,ഷഫീറ.സി എന്നിവരെ അമ്മ ലൈബ്രേറിയൻമാരായി ചുമതലപ്പെടുത്തി. കുട്ടി ലൈബ്രേറിയൻമാരായി 4,5 ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുത്തു. അധ്യാപകരായ എം.മൃദുല ,സി.പി സുബൈബത്ത് എന്നിവർക്ക് ലൈബ്രറി ഇൻ ചാർജ് നൽകി. കുട്ടിപുസ്തകപ്പുര കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.

കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.

ഗണിത ക്ലബ്ബ്

ഈ അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. അധ്യാപിക മൃദുല.എം കോഡിനേറ്റർ ആയിട്ടുള്ള ഗണിത ക്ലബ്ബിൽ അഞ്ചാം തരത്തിലെ അഹമ്മദ് നബീൽ.കെ.പി കൺവീനറായും നാലാം തരത്തിലെ മുഹമ്മദ് റാസി.കെ ജോയിൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.ജൂൺ 19 വായനാദിനത്തിൽ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം വിവിധ പ്രവർത്തനങ്ങൾ നടന്നു.

ശാസ്ത്രമേളയിൽ ഇത്തവണ മികച്ച വിജയം നേടാൻ സാധിച്ചു. മത്സരിച്ച എല്ലാ ഇനങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കി. കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ 'സമം' എ ഗ്രേഡ് നേടി. ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ മത്സരിച്ച മൂന്നാം തരത്തിലെ അർവ.എൻ.പി യ്ക്ക് തേർഡ് എ ഗ്രേഡ് ലഭിച്ചത് അഭിമാന നേട്ടമായി.ക്ലബ്ബിന്റെ നേതൃത്വത്തിൽ തന്നെ പാറ്റേൺ നിർമാണം പസിൽ നിർമ്മാണം എന്നീ മത്സര ഇനത്തിൽ പങ്കെടുക്കുകയും   എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.ക്ലബ്ബിന് കീഴിൽ ഫെബ്രുവരി 27 ന് 'മേന്മ' ഗണിതോത്സവം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി ഗണിത അസംബ്ലിയും വിദ്യാർത്ഥികൾ തയ്യാറാക്കിയ 'ഗണിത വിസ്മയം' മാഗസിൻ പ്രകാശനവും നടന്നു.ഗണിത അസംബ്ലിയിൽ ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി.പ്രാർത്ഥന മുതൽ  എല്ലാം ഗണിതവുമായി ബന്ധപ്പെട്ടതായിരുന്നു.കുട്ടികളിൽ ഇത് ഏറെ കൗതുകമുണർത്തി.ഗണിതോപകരണ നിർമ്മാണ പ്രവർത്തനങ്ങൾ  പരിചയപ്പെടുത്തിയത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി.

അറബിക് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഭാഷാനൈപുണികൾ വളർത്തിയെടുക്കുക, ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ 'അലിഫ് ' അറബിക് ഭാഷാ ക്ലബ്ബ് പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന വിവിധ പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്നു വരുന്നത്.വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിലുള്ള അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും അലിഫ് അറബിക് ക്ലബ്ബിലെ അംഗങ്ങളാണ്.ക്ലബ്ബിന് നേതൃത്വം നൽകുന്നത് വിദ്യാലയത്തിലെ അറബിക് ടീച്ചറാണ്.

ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc.

അറബിക് ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ 2023-24

  • പ്രവേശനോത്സവം

2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു.

  • അക്കാദമിക് കിറ്റ്

കെ.എ.ടി.എഫ് ഒരുക്കിയ 2023-24 അധ്യയന വർഷത്തേക്ക് ആവശ്യമായ അക്കാദമിക് കിറ്റ് വാങ്ങി വിദ്യാലയത്തിൽ സൂക്ഷിച്ചു. അറബിക് ക്ലബ്ബിന് കീഴിൽ ഓരോ ദിനാചരണത്തിലും പോസ്റ്റർ പതിപ്പിക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമായി.

  • ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി പ്രവർത്തകൻ ഭാർഗവൻ പറശ്ശിനിക്കടവ് മുഖ്യാതിഥിയായി പങ്കെടുത്ത പരിസ്ഥിതി ദിന റാലിയിൽ അറബിക് ക്ലബ്ബിലെ അംഗങ്ങൾ സജീവ സാന്നിധ്യമറിയിച്ചു. അറബി ഭാഷയിലുള്ള പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ പങ്കെടുത്തത്. എല്ലാ കുട്ടികളും ക്ലാസ് റൂമിൽ തന്നെ പരിസ്ഥിതി ദിന പോസ്റ്റർ നോട്ട് ബുക്കിൽ തയ്യാറാക്കി.പരിസ്ഥിതി ദിന പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

  • ജൂൺ 19 വായന ദിനം

ജൂൺ 19 വായന ദിനത്തിൽ സ്കൂളിലെ നവീകരിച്ച ലൈബ്രറി 'കുട്ടി പുസ്തകപ്പുര' യുടെ ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.വായന മാസാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.അറബിക് ക്ലബിന് കീഴിൽ പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു. റിസ മുനീർ.കെ, അബ്ദുസ്സുബ്ഹാൻ.എം.കെ.പി, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.

  • അലിഫ് അറബിക് ക്ലബ്ബ് ഭാരവാഹികൾ
  • അറബിക് വിദ്യാർത്ഥികളുടെ എണ്ണം
അറബിക് വിദ്യാർത്ഥികളുടെ എണ്ണം
ക്ലാസ് ആൺ

കുട്ടികൾ

പെൺ

കുട്ടികൾ

ആകെ
I 8 9 17
II 8 12 20
III 11 20 31
IV 13 11 24
ആകെ 40 52 92
  • അലിഫ് അറബിക് ടാലൻ്റ് എക്സാം

കെ.എ.ടി.എഫ് പ്രതിവർഷം നടത്തിവരുന്ന അലിഫ് അറബിക് ടാലൻറ് എക്സാം സ്കൂൾതല മത്സരം ജൂലൈ 11 ചൊവ്വാഴ്ച നടന്നു.നാലാം തരത്തിലെ ഫാത്തിമ റന റാഷിദ്, റിസ മുനീർ, അബ്ദുസ്സുബ്ഹാൻ തുടങ്ങിയവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. ജൂലൈ 15ന് നടന്ന ഉപജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഫാത്തിമ റന റാഷിദ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി. വിജയികളെ പി.ടി.എ യോഗത്തിൽ അനുമോദിച്ചു.

  • സ്വാതന്ത്ര്യ ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന റാലിയും കുട്ടികൾ തീർത്ത ഭൂപടവും ശ്രദ്ധേയമായി.

  • ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപക വേഷത്തിലെത്തി ക്ലാസുകൾ എടുത്ത് അധ്യാപക റോൾ നിർവഹിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളോട് സംവദിച്ചു. അധ്യാപക ദിന പോസ്റ്റർ അറബിക് ക്ലബ് അംഗങ്ങൾ പ്രധാനാധ്യാപകൻ കെ.പി.വിനോദ് കുമാർ മാസ്റ്റർക്ക് കൈമാറി.ക്ലബ്ബ് അംഗങ്ങൾ അറബിയിൽ ഗ്രീറ്റിംഗ് കാർഡുകൾ നിർമിച്ചു നൽകി ആശംസകൾ നേർന്നുകൊണ്ട് അധ്യാപകരെ ആദരിച്ചത് ഏറെ ശ്രദ്ധേയമായി.

  • ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം

ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിൻ്റെ തനതു പരിപാടിയായ 'വൃത്തിയുള്ള മാങ്കടവ്' ക്യാമ്പയിന്റെ ഭാഗമായി നടന്ന മാങ്കടവിലെ പൊതു ഇടങ്ങൾ വൃത്തിയാക്കുന്ന ശുചീകരണ പരിപാടിയിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു.

  • അറബിക് സാഹിത്യോത്സവം

സെപ്റ്റംബർ 30ന് സ്കൂൾതലത്തിൽ മത്സരം നടത്തി ഉപജില്ലാതല മത്സരത്തിനായി കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി നവംബർ 14, 15 ,16 തിയ്യതികളിലായി നടന്ന ഉപജില്ലാതല അറബിക് സാഹിത്യോത്സവത്തിൽ എൽ.പി വിഭാഗം 39 പോയിന്റുകൾ നേടി നാലാം സ്ഥാനത്തിന് അർഹത നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും വിജയോത്സവ ദിനത്തിൽ അനുമോദിച്ചു. അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയായെത്തി.

  • അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണം

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് മാങ്കടവ് ഗവ.എൽ.പി സ്കൂൾ ഡിസംബർ 11 മുതൽ 18 വരെ വാരാചരണം സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യവും മഹത്വവും വിദ്യാർത്ഥികളിൽ എത്തിക്കാനുതകുന്ന രീതിയിൽ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വാരാചരണത്തിന്റെ ഉദ്ഘാടനം ഡിസംബർ 11ന് ചേർന്ന അറബി ഭാഷ അസംബ്ലിയിൽ പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ നിർവഹിച്ചു. ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന്,നാല് ക്ലാസുകളിലെ കൂട്ടുകാർ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം പ്രധാനാധ്യാപകൻ കെ.പി വിനോദ് കുമാർ,അധ്യാപികമാരായ രഞ്ജിത.ടി.വി, ശ്രീമ ശ്രീധരൻ, ഷിൽന.ടി.വി തുടങ്ങിയവർ നിർവഹിച്ചു. അസംബ്ലിയിൽ കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു. സ്കൂൾ ലീഡർ മുനവ്വിർ അവതരിപ്പിച്ച അറബി ഭാഷയെ കുറിച്ചുള്ള കവിത, ഫാത്തിമ റന റാഷിദ് അവതരിപ്പിച്ച കഥ,അറബിക് സംഘ ഗാനങ്ങൾ തുടങ്ങിയവ ആകർഷകമായി.

ഭാഷാ ദിന പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സ്കൂൾ നെയിം ആലേഖനം ചെയ്ത ഭാഷാ ദിന ബാഡ്ജ് വിതരണം, കളറിംഗ് മത്സരം, പദപ്പയറ്റ്,ക്വിസ് മത്സരം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടന്നു.അറബിക് ക്ലബ്ബ് വിജയികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ പരിപാടി പൂർണ വിജയത്തലെത്തിച്ചു.

അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അൽ മക്തബ് റിസോഴ്സ് ബ്ലോഗ് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ വിദ്യാലയത്തിലെ മൂന്ന് വിദ്യാർത്ഥികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

  • അൽ മാഹിർ അറബിക് സ്കോളർഷിപ്പ് എക്സാമിനേഷൻ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 3 ന് നടന്ന അൽമാഹിർ സ്കോളർഷിപ്പ് സ്ക്രീനിംഗ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തുഫാത്തിമ റന റാഷിദ്, അബ്ദുസ്സുബ്ഹാൻ. എം.കെ.പി,ആയിഷ അഹ്മദ് അഷ്റഫ് തുടങ്ങിയവർ ഉപജില്ല തല പരീക്ഷയ്ക്ക് യോഗ്യത നേടി.