ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/അക്ഷരവൃക്ഷം/രാജകീയം എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
രാജകീയം എന്റെ വിദ്യാലയം      
         ചരിത്രമുറങ്ങുന്ന സ്കൂൾ ! ആ സ്മരണകളിൽ കഴിയുന്ന അധ്യാപകരും വിദ്യാർത്ഥികളും.. അതാണ് എന്റെ വിദ്യാലയം.  എട്ടാം ക്‌ളാസിലാണ് ഞാൻ  ഈ സ്‌കൂളിൽ  ചേരുന്നത്. കൂട്ടുകാരുടെ കൂടെ മറ്റു സ്കൂളുകളിൽ പോവാൻ സ്വപ്നം കണ്ടിരുന്ന ഞാൻ ഈ രാജാങ്കണത്തിന്റെ പടിപ്പുരയിൽ വിസ്മയിച്ചു നിൽക്കുന്നത് സ്വപ്നം കാണാനിടയായി. ഈ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥിനി കൂടിയായിരുന്ന എന്റെ അമ്മയുടെ ഓർമ്മകൾ എനിക്ക് മുന്നിൽ പേമാരിയായി പെയ്തിറങ്ങുമ്പോൾ ഒരു കുളിരോടെ അതിനെ അനുഭവിക്കാൻ വിങ്ങുകയായിരുന്നു ഞാൻ. 
           സ്വപ്നങ്ങളിൽ ഞാൻ കണ്ട രാജാസ് എന്നെ ആ അങ്കണത്തിൽ എത്തിക്കാൻ ഇടയായി. 
            അച്ഛനും അമ്മയുമായി സ്കൂളിൽ ചേരാൻ  എത്തി. ജില്ലാ കലോത്സവം നടന്നിരുന്ന സമയത്ത് ഒരിക്കൽ ഞാൻ സ്കൂളിൽ വന്നിരുന്നു. അന്ന് ഞാൻ കണ്ട മങ്ങിയ കാഴ്ചകളായിരുന്നു അവിടെ എത്തുന്ന വരെ എന്റെ ചിന്തകളിൽ. എന്നാൽ ആ മങ്ങിയ കാഴ്ചകളെ മറികടന്ന് പുതിയ വിസ്മയകരമായ കാഴ്ചകൾക്ക് നടുവിൽ ഞാൻ അമ്പരന്നു നിന്നു. പ്രധാന കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ ഓരോ ചുമരും എന്നോട് അംസാരിക്കുന്നുണ്ടായിരുന്നു. സ്കൂളിൽ ചേരാനുള്ള കടമ്പകൾ ഓരോന്നായി തീർന്നു. രാജാസിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ചിലാണ് ഞാൻ ചേർന്നത്. ഇംഗ്ലീഷ് മീഡിയം ഇല്ലാത്തതിനാൽ രാജാസിൽ ചേരാൻ കഴിയാതെ വന്നപ്പോഴാണ് അത് തുടങ്ങുന്നുണ്ടെന്നു അറിഞ്ഞത്. പിന്നീട് ഒട്ടും വൈകിച്ചില്ല. 
         പല കാഴ്ചകളും മരങ്ങളും കെട്ടിടങ്ങളും കണ്ട് മതിവരാതെയാണ് തിരികെ പോകേണ്ടിവന്നത്. പേരാലിന്റെ നാനാവശങ്ങളിലേക്കും പടർന്നു വളർന്ന ശിഖരങ്ങൾ വളഞ്ഞുപുളഞ്ഞുകൊണ്ടായിരുന്ന.  ആ ശിഖരങ്ങളിൽ നിന്ന് വേരുകൾ താഴോട്ട് തൂങ്ങിക്കിടന്നിരുന്നു. കാറ്റാടി മരവും തൊട്ടപ്പുറത്തു മണ്ണിരക്കമ്പോസ്റ്റും ജലസംഭരണിയും വലിയ ഒരു കിണറും ഉണ്ടായിരുന്നു. താഴെ വലിയ മൈതാനത്തിൽ അന്ന് ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. വിവിധ കോളേജുകൾ  ഒത്തുചേർന്ന ഒരു പരിപാടി. പുസ്തകപ്രദർശനവും വിൽപ്പനയും ഉണ്ടായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വാങ്ങിച്ചു. ആ കൂടാരത്തിനുള്ളിൽ നിന്ന് ചായയും ബിസ്ക്കറ്റും കിട്ടി. 
         പുറത്തിറങ്ങിയപ്പോൾ വളഞ്ഞു പുളഞ്ഞു വളർന്ന ഒരുപാട് ശിഖരങ്ങളുള്ള പടർന്നുപന്തലിച്ച ഞാറമരങ്ങളാണ് ഞാൻ കണ്ടത്. ആ കാഴ്ച്ച  എന്നെ ഞാൻ മുൻപ് വായിച്ച 'ടോട്ടോച്ചാൻ' എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിലേക്കു എത്തിച്ചു. ടോമോ ജാക്വൻ എന്ന വിദ്യാലയത്തിൽ ഓരോ കുട്ടിക്കും ഓരോ മരം എന്നത് വായിച്ചപ്പോൾ അങ്ങനെ മരങ്ങളുള്ള സ്കൂൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ഞാൻ അത്ഭുതത്തോടെ ആ മരങ്ങളെ നോക്കി നിൽക്കുന്നു. ഒരു മരം നോക്കി ഞാൻ പറഞ്ഞു "ഇതാണ് എന്റെ മരം !". അതിന്റെ ചില്ലകളിലൂടെ മുകളിൽ കയറി. കറുപ്പ് കലർന്ന വയലറ്റ് നിറത്തിൽ ചെറിയ ചെറിയ പഴങ്ങൾ കാണാനിടയായി. ഞാറ! ഞാറയുടെ ചാവർപ്പിന്‌ മിട്ടായിയെക്കാൾ മധുരമുണ്ടായിരുന്നു. എന്റെ ഹൈസ്കൂൾ ജീവിതവും അതുപോലെ ചവർപ്പിലൂടെ മധുരസ്മരണകൾ നൽകണേ എന്ന് ഞാൻ പ്രാർത്ഥിച്ചു. 
        പ്രവേശനോത്സവദിനം പുതിയ കൂട്ടുകാർക്കൊപ്പം ആ നല്ല ക്യാമ്പസിന്റെ ഭംഗിയിൽ ഞാൻ മുഴുകിനിന്നു. ചരിത്രമുറങ്ങുന്ന പ്രധാനകെട്ടിടത്തിന്റെ തലയെടുപ്പും, ഒ.വി വിജയൻ സ്‌മൃതിവനവും രണ്ട് മൈതാനവും ഓഡിറ്റോറിയവും കാന്റീനും പിന്നെ ഞാൻ സ്വപ്നത്തിൽ കണ്ട ഗോമോയിലെ വിദ്യാലയത്തിലെ പോലെ വലിയ മരങ്ങളും പാറക്കൂട്ടങ്ങൾക്കു നടുവിൽ പച്ചപരവതാനി വിരിച്ച മൈതാനത്തിന്റെ വശങ്ങളിൽ തലയുയർത്തി നിൽക്കുന്ന ഞാറ മരങ്ങൾ, വിദ്യാലയത്തിലെ ഓരോ കുട്ടിയുടെ കാല്പാദം പതിയാനും ഞാറപ്പഴങ്ങൾ നൽകാനും തിടുക്കത്തിലാണെന്നു തോന്നിച്ചു. മഴക്കാലമായപ്പോൾ പിന്നെ പറയുകയും വേണ്ട. വെള്ളക്കെട്ടുള്ള ആ മൈതാനം തടാകത്തിനു സമാനമായി കാണാൻ കഴിഞ്ഞത് കണ്ണിനു കുളിർമ നൽകിയ കാഴ്ച്ച തന്നെ ആയിരുന്നു. രാജകീയ പ്രൗഢിയോടെ എന്റെ വിദ്യാലയം -കോട്ടക്കൽ ഗവഃ രാജാസ്  ഹയർ സെക്കണ്ടറി സ്‌കൂൾ.
ഐശ്വര്യ
10 J ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം