ഗുരുകുലം എച്ച്.എസ്, ഇടക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി - ഒരു അവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - ഒരു അവലോകനം

പരിസ്ഥിതി എന്ന് പറയുമ്പോൾ തന്നെ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നത് മരങ്ങളും ചെടികളും പൂക്കളും ഒക്കെയാണ്. എന്നാൽ ഇതുമാത്രമാണോ പരിസ്ഥിതി? അല്ല, നാം മനുഷ്യർ ഉൾപ്പെടെ സകല ചരാചരങ്ങളും മറ്റും പരിസ്ഥിതിയുടെ ഘടകമാണ് .പരിസ്ഥിതി ആണ് നമ്മുടെ ജീവന് ആധാരം എന്നു തന്നെ പറയാം.

പരിസ്ഥിതി കൊണ്ട് നമുക്ക് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാകുന്നത് ?നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം ,പാർപ്പിടം ,വസ്ത്രം തുടങ്ങിയവയ്ക്ക് പിന്നിലും പരിസ്ഥിതിയുടെ കരങ്ങളുണ്ട്. പരിസ്ഥിതിയിൽ നിന്നാണ് നമുക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നത് .പാർപ്പിടം നിർമ്മിക്കാനാവശ്യമായ വസ്തുക്കളായ തടി ,മണ്ണ് തുടങ്ങിയവ പരിസ്ഥിതിയിൽ നിന്നാണ് ലഭിക്കുന്നത് .വസ്ത്രത്തിന്റെ കാര്യത്തിൽ നമുക്ക് പരുത്തി ,പട്ട് മുതലായവ ലഭിക്കുന്നതും പ്രകൃതിയിൽ നിന്നാണ്. മാത്രമല്ല ,ഒട്ടേറെ സന്ദർഭങ്ങളിൽ പരിസ്ഥിതി നമുക്ക് പ്രയോജനപ്പെടുന്നു.

നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട് .അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മൾ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കും .നാം മനുഷ്യർ ഇന്ന് പരിസ്ഥിതിയെ മലിനമാക്കാൻ ഏറെ തൽപരർ ആയിരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യം, അറവ് മാലിന്യം തുടങ്ങിയ നിരവധി മാലിന്യങ്ങൾ വലിച്ചെറിയൽ ആണ് പൊതുവായ രീതി. പരിസ്ഥിതിയുടെ ഭാഗമായ പുഴ, കുളം മുതലായ ജലസ്രോതസ്സുകൾ, തോട്ടങ്ങൾ തുടങ്ങിയവയെല്ലാം തന്നെ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു .അവയുടെ ദുർഗന്ധം അസഹ്യവുമാണ്. ദുർഗന്ധം മാത്രമല്ല ആ മാലിന്യം നമുക്ക് മാരകമായ രോഗങ്ങൾ സമ്മാനിക്കുന്നു. പൊതുവെ മാലിന്യങ്ങൾ ഉള്ളിടത്ത് ഈച്ച ,കൊതുക്, എലി തുടങ്ങിയ ജീവികൾ എത്തുന്നു .പിന്നീട് ഇവയിൽ നിന്ന് നമ്മളിലേക്ക് പല മാരക രോഗങ്ങൾ ഉണ്ടാകുന്നു.

മറ്റൊരു പരിസ്ഥിതി നശീകരണ രീതിയാണ് വനനശീകരണം .മരങ്ങൾ വെട്ടി നശിപ്പിക്കുന്നു .വലുതെന്നോ ചെറുതെന്നോ ഇല്ലാതെ മുഴുവനും വെട്ടിനശിപ്പിച്ച് കെട്ടിടങ്ങൾ പണിതുയർത്താൻ സ്ഥലം കണ്ടെത്തുന്നു നാം മനുഷ്യർ ദിനംതോറും എത്രയധികം മരങ്ങളാണ് വെട്ടിനശിപ്പിക്കുന്നത് ? ഇങ്ങനെ ചെയ്യുന്നതിലൂടെ ഭൂമിയുടെ കുട നഷ്ടമാകുന്നു - അതായത് സൂര്യനിൽനിന്നുള്ള ചൂടിനെ പരമാവധി കുറച്ച് ഭൂമിയിൽ എത്തിക്കുന്ന മരങ്ങൾ ; വനനശീകരണത്തിലൂടെ നാം ശക്തമായ ആഗോളതാപനം സഹിക്കേണ്ടതായി വരുന്നു. ഇത് മാത്രമല്ല ,വനനശീകരണം നടത്തുമ്പോൾ അനേകം ജീവജാലങ്ങൾക്ക് അവയുടെ ആവാസ വ്യവസ്ഥ നഷ്ടമാകുന്നു .ഇത് മുഖേന ജീവികൾക്ക് വംശനാശം സംഭവിക്കുകയും ഭക്ഷ്യശൃംഖല ജലത്തിൻറെ താളം തെറ്റുകയും ചെയ്യുന്നു .

ഒന്നോർത്തു നോക്കൂ..... നാം എന്തൊരു ക്രൂരതയാണ് ചെയ്തുകൂട്ടുന്നത് ?ഒരു മനുഷ്യൻ എന്ന് പറയുന്നതിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു .ഇതിലൊന്നും ഒതുങ്ങുന്നില്ല പരിസ്ഥിതി മാലിന്യം .നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ് റബ്ബർ തോട്ടങ്ങളിൽ, പ്രത്യേകിച്ചും ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളിലും, ചുറ്റുവട്ടത്തും കൊതുകുശല്യം കൂടുതലാണ് .ഇതിനു കാരണം കറയെടുക്കാൻ വച്ചിരിക്കുന്ന പ്ലാസ്റ്റിക് ചിരട്ടകളിൽ മഴവെള്ളം തങ്ങി നിൽക്കുന്നതാണ്. അവയിൽ കൊതുക് മുട്ടയിട്ട് പെരുകുന്നു .

പരിസ്ഥിതി മലിനീകരണത്തിന്റെ സാഹചര്യങ്ങൾ വാക്കുകൾക്കതീതമാണ് .പാറപൊട്ടിക്കൽ , പ്ലാസ്റ്റിക്ക് കത്തിക്കുന്നത് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു .ഇതൊക്കെ കൊണ്ട് തന്നെ നാം പരിസ്ഥിതി ദിനം ആചരിക്കേണ്ടത് അനിവാര്യമാണ്. ജൂൺ അഞ്ചാം തീയതി നാമെല്ലാവരും പരിസ്ഥിതി ദിനം കൊണ്ടാടുന്നു . ഒന്നോർക്കുക ,എങ്ങനെയാണ് നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് ?സ്കൂളുകൾ ,പഞ്ചായത്ത്, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നമുക്ക് വൃക്ഷത്തൈകൾ ലഭിക്കുന്നു. നാമത് നട്ട് പരിപാലിക്കുന്നു. ചിലർ പരിപാലിക്കുന്നുമില്ല. ഇതിൽ ഒതുങ്ങുന്ന നമ്മുടെ ആഘോഷം .ഇത് മാത്രമാണോ നാം ചെയ്യേണ്ടത് ?പരിസ്ഥിതിയെ അടുത്തറിഞ്ഞ്, വിശകലനം ചെയ്ത് പഠിക്കാൻ ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്തിക്കൂടെ? നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒത്തുചേർന്ന ഒരു പ്രകൃതിയിലേക്കു തന്നെ നമുക്ക് നടക്കാം .പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്ന് .....പ്രകൃതിയാം മാതാവിനെ സംരക്ഷിക്കാൻ വേണ്ടി നമുക്കേവർക്കും അണിചേരാം .....




സോനാ സതീഷ്
8 ഗുരുകുലം എച്ച്എസ്എസ് ഇടക്കുളം
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം