ഗവ സിററി എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യ പൂർണ്ണമായ ആയുസ്സാണല്ലോ നാമെല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർ ആശംസിക്കുന്നതും.........

എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ് "രോഗമില്ലാത്ത അവസ്ഥ”.. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസര ശുചീകരണമാണ് . നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക ഇതാണാവശ്യം.....

ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീട്ടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ, പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുൻപന്തിയിലുമാണ്. ഇക്കാര്യത്തെ കുറിച്ച് വിദേശികൾക്ക് മുഖ്യമായ ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധിക്കാത്തവരെന്നാണ്. ഇതിൽ വാസ്തവം ഉണ്ട് താനും. മാർബിളിട്ട തറയും മണലു വിരിച്ച മുറ്റവുമുള്ള വീട് വൃത്തിയാക്കി സൂക്ഷിക്കും . എന്നാൽ ആ വീടിന്റെ ഗെയ്റ്റിനു മുമ്പിൽ എന്തെല്ലാം അഴുക്കുണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കാറില്ല. മാത്രമല്ല വീട്ടിലെ പാഴ്‍വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതുവഴിയിലേക്കാണ്. ചപ്പ്ചവറുകൾ ഇടാനുള്ള പാത്രം എവിടെയുമില്ല. ഉള്ളിടത്ത് അവ ഉപയോഗിക്കുകയില്ല. ചുറ്റും അവ ചിതറിക്കിടക്കുകയും ചെയ്യും.........

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ ചെകുത്താന്റെ വീടു പോലെയാണ് നമ്മുടെ പൊതുസ്ഥാപനങ്ങളും പൊതു വഴികളും. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല.പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയുമില്ല. അതേ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷ ലഭിക്കും.

ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റേയും ചുമതലയായി കരുതണം. നിയമങ്ങൾ അനുസരിക്കാൻ നാം തയ്യാറാകണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാണ്. ഇതിനു കാരണക്കാർ നാം തന്നെയാണല്ലോ....

ആദ്യം ശുചിത്വ ബോധം ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും വിദ്യാലയങ്ങളിലും നാമിത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും....

"രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്”-ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായനമ്മൾ അറിവു നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുമുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശീലങ്ങൾ. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇത് തന്നെയാണ് പോംവഴി.

നാമിപ്പോൾ കൊറോണ എന്ന മഹാ മാരിയുടെ ഭീഷണിയിലാണ്. ഇത്തരുണത്തിൽ വ്യക്തി ശുചിത്വവും സമൂഹ്യശുചിത്വവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്... പുറത്തെവിടെയെങ്കിലും പോയി വീട്ടിൽ തിരിച്ചെത്തിയാൽ ശരീര ശുദ്ധി വരുത്തേണ്ടതാണെന്ന് ഇന്നത്തെ സാഹചര്യം നമ്മെ ഓർമ്മിപ്പിക്കുന്നു. സോപ്പ് ഉപയോഗിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് കഴുകണം. ദൂരയാത്ര കഴിഞ്ഞെത്തിയാൽ നാം നിർബന്ധമായും കൊണ്ട് പോയ വസ്ത്രങ്ങളും ബാഗ് ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. അതുപോലെ പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മൂക്ക് ചീന്തുകയോ ചെയ്യരുത്. ഇതെല്ലാം നിത്യജീവിതത്തിൽ നാം ശീലമാക്കേണ്ട കാര്യങ്ങളാണ്...

പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിങ്ങ് ചെയ്യാം. ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റാം. റോഡുകളിലും തോടുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലത്തോട് നമുക്ക് ഗുഡ്ബൈ പറയാം. പൊതു ജലസ്രോതസ്സുകളുടെ കാവൽ ഭടന്മാരാകാം. ജൈവ കീടനാശിനികളും, ജൈവ വളങ്ങളും ഉപയോഗിക്കാം. വർണ്ണകടലാസിൽ പൊതിഞ്ഞ പിറന്നാൾ സമ്മാനങ്ങൾക്ക് പകരം ചെടികളും പുസ്തകങ്ങളും നൽകാം. ബോൾപോയിന്റ് പേനകൾക്ക് പകരം മഷി പേനകൾ ഉപയോഗിക്കാം. അടുത്തുള്ള യാത്രകൾക്ക് വിഷം വമിക്കുന്ന വാഹനങ്ങൾക്ക് പകരം സൈക്കിളുപയോഗിക്കാം. അങ്ങിനെ നമുക്ക് പരിസര ശുചിത്വത്തിൽ പങ്കാളികളാകാം.

യൂനുസ് വി
VIII B ഗവ. സിറ്റി ഹയർ സെക്കന്ററി സ്ക്കൂൾ, കണ്ണൂ‍ർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം