ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/തുരത്താം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കരുതലോടെ


ഇന്നലകളുടെ വർണ്ണങ്ങൾ മാഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടോ ലോക ഭൂപടത്തിൽ നിരവധി രാജ്യങ്ങളുടെ നെറുകയിൽ ഒരു ചുവന്ന അടയാളം ചാർത്തപ്പെട്ടിരിക്കുന്നു. അതാണ് ഇന്നിന്റെ എരിയുന്ന വർണ്ണം. അതെ കൊറോണ എന്ന കനൽ കിരീടം. മണ്ണും, വിണ്ണും സർവ്വ ചരാചരങ്ങളും തന്റെ കൈപ്പിടിയിലാണെന്ന് മേനിനടിച്ച മനുഷ്യൻ നഗ്നനേത്രങ്ങൾ കൊണ്ടുപോലും ദൃശ്യമാവാത്ത ഒരു ചെറു കണികയെ പേടിച്ച് സ്വന്തം മാളങ്ങളിലൊതുങ്ങുന്നു

ആധുനിക വൈദ്യശാസ്ത്രം പോലും പകച്ച് നിൽക്കുന്ന ദിനരാത്രങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. ഒരു യുദ്ധത്തിന് ശേഷമുള്ള അവശേഷിപ്പുകൾ പോലെ നൊമ്പരങ്ങളും, നെടുവീർപ്പുകളും നറഞ്ഞ കാഴ്ചകളാണ് ലോക രാജ്യങ്ങളിൽ ഈ മഹാവ്യാധി വരച്ചിട്ടത്. ചൈനയിലെ വുഹാൻ പ്രവശ്യയിൽ പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോകം മുഴുവൻ മരണം വിതയ്ക്കുകയാണ് കോവിഡ് 19 എന്ന ഈ കൊലയാളി വൈറസ്. ചൈനയിൽ തുടങ്ങി രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക്...

എന്തിനും പോസിറ്റീവിനെ കാംശിക്കുന്ന നാം ഇന്ന് നെഗറ്റീവിനെ പ്രതീക്ഷിക്കുന്നു. സ്വന്തം സ്വപ്‌നങ്ങൾക്ക് നിറംപകരാൻ അന്യരാജ്യങ്ങളിലേക്ക് ചേക്കേറിയവർക്ക് സ്വന്തം രാജ്യത്തേക്ക് തിരികെ എത്തിപ്പെടാനാവാതെ വിലപിക്കുന്ന അവസ്ഥ. ഇന്ന് നഗരത്തിന്റെ ഓട്ടപ്പാച്ചിലുകൾ കുറഞ്ഞിരിക്കുന്നു. ശ്മശാന മൂകതയിലായ തെരിവുകൾ, നിശബ്ദമായ രാവുകളും, പുലരികളും, അടച്ചിട്ട വാതിലുകൾക്കുള്ളിലിരുന്ന് സ്വീകരണ മുറിയിലെ ടെലിവിഷനിലൂടെ ലോകത്തെ നോക്കി കാണുമ്പോൾ ഒരു യുദ്ധത്തിന് മുൻപുള്ള തയ്യാറെടുപ്പുകൾ നമുക്കുണ്ടാവണം.

ഓർക്കുക, ഇവിടെ നമ്മൾ തീർക്കേണ്ടത് ശക്തമായ പ്രതിരോധമാണ്. ജീവിതശൈലിയിൽ കാതലായ മാറ്റമുണ്ടാവണം. ആർഷഭാരരത സംസ്‌ക്കാരം നമ്മെ പഠിപ്പിച്ച വൃത്തിയുടേയും, ശുദ്ധിയുടേയും പവിത്രതയുടേയും ജീവിത പാഠങ്ങളിലേക്ക് നമുക്ക് തിരിച്ചു പോകണം. നമ്മുടെ ജീവിത സംസ്‌ക്കാരമാവട്ടെ നമ്മുടെ പ്രതിരോധം.

വികസിത രാജ്യങ്ങൾ പലതും കൊലയാളി വൈറസിനു മുൻപിൽ പകച്ചു നിന്നപ്പോൾ നമ്മുടെ കൊച്ചു കേരളം കരുതലോടെ അതിനെ നേരിട്ടു. ഒരായുസ്സ് കൊണ്ട് നേടിയെടുത്ത സമ്പാദ്യങ്ങൾ മുഴുവൻ ഒറ്റ നിമിഷം കൊണ്ട് കൺമുന്നിലൊലിച്ച് പോവുന്ന കാഴ്ച കണ്ട് വിറങ്ങലിച്ച് നിന്ന നാം കരളുറപ്പോടെ, കരുതലോടെ, കൂട്ടായ്മയിലൂടെ അതിനെ അതിജീവിച്ചു. നഷ്ടപ്പെട്ടതുകളെയോർത്ത് കരായതെ നഷ്ടപ്പെട്ടതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ എന്തിനേയും തിരിച്ചുപിടിക്കാൻ മനപ്രാപ്തിയുള്ളവരാണ് മലയാളികൾ എന്ന് സമ്പന്ന രാജ്യങ്ങൾക്ക് മുന്നിൽ തെളിയിച്ച് കൊടുത്തു കേരളം.

ചികിത്സയ്ക്കും, രോഗപ്രതിരോധത്തിനും, ജാഗ്രതാ പ്രവർത്തനങ്ങൾക്കുമായി നമ്മുടെ ആരോഗ്യ വകുപ്പ് പുലർത്തുന്ന ശ്രദ്ധയും, കരുതലും വളരെ വലുതാണ്. സ്വന്തം ജീവനും, ജീവിതവും തൃണവൽക്കരിച്ച് കൊണ്ട് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും നമ്മുടെ ജീവന് വേണ്ടി പൊരുതുന്നു.ലോക ജനതയ്ക്ക് മുന്നിൽ അഭിനന്ദനവും ആദരവും ഏറ്റുവാങ്ങിയ നമ്മുടെ ആരോഗ്യ വകുപ്പും, സർക്കാരും, പോലീസും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, സർവ്വോപരി എന്തിനേയും നേരിടാൻ മനക്കരുത്തുള്ള മലയാളി സമൂഹവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഈ മഹാമാരിയെ തുരത്തിയോടിക്കുക തന്നെ ചെയ്യും.

അതെ, വിശപ്പിനാഹാരമായും, രോഗത്തിന് മരുന്നായും, വേദനകൾക്ക് സാന്ത്വനമായും കരുതലിന് കരങ്ങളായും നമ്മുക്കും കൂടെ നിൽക്കണം. നമ്മുടെ കുടുംബത്തെക്കരുതി നാടിനെ കരുതി, നാളെയുടെ ഭാവിയെ കരുതി നമുക്ക് വീട്ടിലിരിക്കാം.

ഒരു കാലവും ഒരുപാട് കാലത്തേയ്ക്കില്ല. ഈ സമയവും കടന്നുപോവും. തൽക്കാലം നമ്മുക്ക് അകത്തിരിക്കാം. പ്രതീക്ഷയുടെ പൊൻ പ്രഭാതങ്ങളിലേക്ക് പറന്നുയരുവാനായി...

ഹുസൈന. വി.എസ്
9 ജിജിഎച്ച്എസ്എസ് ചേര്ത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം