ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/അമ്മുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ സ്വപ്നം

അന്നും ആ പതിവ് സ്വപ്നം കണ്ടു കൊണ്ടാണ് അമ്മു ഉണർന്നത്. എത്ര കണ്ടാലും മതി വരാത്ത ആ സ്വപ്നം. നിറയെ പാടങ്ങളും പുഴകളും കൊച്ചു കൊച്ചു അരുവികളും കൊച്ചു കുടിലുകളും ഒക്കെയുള്ള ഒരു ഗ്രാമം. പച്ച വിരിച്ച പാടത്തിനു നടുവിൽ കൂടി അമ്മുവും കൂട്ടുകാരും നടന്നു പോകുന്നു. ചുറ്റും വെള്ളക്കൊക്കുകൾ. അങ്ങിങ്ങായി കൊച്ചു കൈത്തോടുകളും കാണാം . ഇളം വെയിലിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന കുഞ്ഞു മീനുകൾ നീന്തുന്നത് കാണാം . തോട്ടിൽ കാൽ നനയ്ക്കുമ്പോൾ കുഞ്ഞുമീനുകൾ വന്നു കാലിൽ ഇക്കിളി കൂട്ടുന്നു . ചെറിയ ചാറ്റൽ മഴയും നനഞു കൊണ്ടാണ് ഈ നടപ്പു . കുറച്ചു ദൂരെയായി ആളുകൾ ഞാറു നടുന്നുണ്ട്. അവരുടെ തലയിൽ പാള കൊണ്ടുള്ള തൊപ്പിയും ഉണ്ട് . പാടം കടന്നു ചെന്നപ്പോൾ ഒരു പൂന്തോട്ടം . അവിടെ പല നിറത്തിലും മണത്തിലും ഉള്ള പൂക്കൾ. പൂക്കളിൽ തേൻ നുകരാനായി നിറയെ ശലഭങ്ങളും തുമ്പികളും വണ്ടുകളും .പൂന്തോട്ടത്തിനു നടുവിലായി ഒരു മാവ് നിൽക്കുന്നുണ്ട്‌ . അതിൽ നിറയെ മാമ്പഴം . നിറയെ അണ്ണാറക്കണ്ണന്മാർ കണ്ട ഭാവം പോലുമില്ലാതെ ചില്ലകളിൽ ഓടിച്ചാടി നടക്കുന്നു . കൂട്ടുകാരുമായി എറിഞ്ഞു വീഴ്ത്തിയ മാമ്പഴവും കടിച്ചു കൊണ്ടു അടുത്തുള്ള ചെറിയ ഊഞ്ഞാലിൽ ഇരുന്നു ആടുമ്പോഴാണ് 'അമ്മ വന്നു വിളിച്ചത്... മോളെ അമ്മൂ എഴുന്നേൽക്ക്..സ്കൂളിൽ പോകണ്ടേ.. അമ്മുവിന് തന്റെ സ്വപ്നത്തിൽ നിന്ന് ഉണരാനെ തോന്നിയില്ല .എങ്കിലും എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ ചെയ്തു പ്രഭാത ഭക്ഷണം കഴിച്ചു . സ്കൂളിൽ പോകാൻ ഒരുങ്ങി മുറ്റത്തേക്കിറങ്ങി. സ്കൂൾ ബസ് വരൻ ഇനിയും സമയമുണ്ട്. അമ്മു ചുറ്റും കണ്ണോടിച്ചു. നിറയെ കോൺക്രീറ്റ കെട്ടിടങ്ങൾ ,ഫ്ലാറ്റുകൾ ,പച്ചപ്പ്‌ കാണാനേയില്ല. റോഡിൽ തലങ്ങും വിലങ്ങുമായി വാഹനങ്ങൾ. പല വീടുകളുടെയും ഫ്ളാറ്റുകളുടെയും മുന്നിലായി നഗരത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ വാഹനത്തിനായി കാത്ത് നിൽക്കുന്നു . ആരും  അധികമൊന്നും പുറത്തിറങ്ങാറില്ല. അത്യാവശ്യത്തിനല്ലാതെ പരസ്പരം സംസാരിക്കാറുമില്ല. അമ്മുവിൻറെ സ്കൂൾ ബസ് വന്നു . വൈകാതെ അമ്മു സ്കൂളിലെത്തി. ക്ലാസ്സിലെത്തിയപ്പോൾ  എല്ലാവരും തിരക്കിട്ടു പഠിക്കുന്നു. ഇന്നും യൂണിറ്റ് ടെസ്റ്റ് ഉണ്ട് . അമ്മുവും പുസ്തകം തുറന്നു . ട്യൂഷൻ ടീച്ചർ തലേന്ന് തന്നെ എല്ലാം പഠിപ്പിച്ചാ വിട്ടത് . അതുകൊണ്ടു തന്നെ അമ്മുവിന് എല്ലാം വെറുതെ ഒന്ന് വായിച്ചാൽ മതിയായിരുന്നു. അമ്മുവിന് ഇന്നും സ്വപ്‌നങ്ങൾ അടുത്തിരിക്കുന്ന കൂട്ടുകാരോട് പറയണം എന്ന് തോന്നി . എങ്കിലും പഠിക്കുന്നവരെ ശല്യം ചെയ്യാതെ അമ്മു വെറുതെ ഇരുന്നു . അപ്പോഴേക്കും മിസ് വന്നു . ക്‌ളാസ് ടെസ്റ്റ് നടത്തി . അമ്മു എല്ലാം  നന്നായി എഴുതി . പിന്നെ ഓരോ ടീച്ചർമാരായി ക്ലാസ്സിൽ വന്നു . ഇന്റർവൽ സമയം വിമല മിസ് വന്നു വരിവരിയായി അവരെ ടോയ്‌ലെറ്റിലേക്ക് കൊണ്ട് പോയി . ഒരു ക്‌ളാസ്സിലെ മുഴുവൻ കുട്ടികളെയും കൊണ്ട് പോയി തിരികെ വന്ന ശേഷം അടുത്ത ക്ലാസ്സിലെ കുട്ടികൾ . അതുകൊണ്ടു തന്നെ അടുത്തടൂത്ത ക്ലാസ്സിലെ കുട്ടികൾ തമ്മിൽ കാണുന്നതോ സംസാരിക്കുന്നതോ വളരെ അപൂർവമായിരുന്നു. കളിക്കാൻ ഗ്രൗണ്ടിൽ കൊണ്ട് പോയാലോ വിമല മിസ് പുറകിൽ കയ്യും കെട്ടി ഓരോരുത്തരെയും കണ്ണുരുട്ടി നോക്കികൊണ്ട് ഗ്രൗണ്ടിന് ചുറ്റും നടക്കും അതുകൊണ്ടു കളിക്കാൻ തന്നെ പേടിയാ . വിമല മിസ്സിനെ പേടിയില്ലാത്ത ആരും ഇല്ല സ്കൂളിൽ..വൈകുന്നേരം സ്‌കൂൾ വിട്ടാൽ നേരെ സ്‌കൂൾ ബസിൽ കയറി ഇരിക്കണം . പിന്നെ നേരെ ട്യൂഷൻ ക്ലാസ്സിലേക്ക് . ട്യൂഷൻ കഴിയുമ്പോൾ നേരം ഇരുട്ടിയിരിക്കും . വീട്ടിൽ എത്തിയാലുടൻ ഹോംവർക്. ഹോംവർക് കഴിഞ്ഞാൽ അമ്മ ചോറ് വിളമ്പി വയ്ക്കും. അതും കഴിച്ചു കിടന്നുറങ്ങും . നേരത്തെ കിടന്നാലെ  നേരത്തെ എഴുന്നേൽക്കാൻ പറ്റൂ എന്നാ അമ്മ പറയാറ്. ഒരു ദിവസം അവധി കിട്ടിയാലോ ഉച്ച വരെ ട്യൂഷൻ, പിന്നെ ഡാൻസ് ക്ലാസ്സ്, മ്യൂസിക് ക്ലാസ്സ്, ഡ്രായിങ് ക്ലാസ്സ് അങ്ങനെ പോകുന്നു . അന്നും വീട്ടിൽ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരിക്കും .നേരത്തെ എത്തിയിട്ടെന്തിനാ കളിക്കാൻ കൂട്ടുകാരോ ചേട്ടനോ ചേച്ചിയോ അനുജനോ അനുജത്തിയോ ആരും ഇല്ലല്ലോ അമ്മുവിന്. അടുത്തൊക്കെ അമ്മുവിൻറെ പ്രായത്തിലുള്ള കുട്ടികൾ ഉണ്ടെങ്കിലും ആരും അവരവരുടെ വീടിനു പുറത്തിറങ്ങി കളിക്കാറില്ല. നഗരത്തിലെ വീടുകളിൽ മുറ്റവും വളരെ കുറവല്ലേ ..അമ്മുവിൻറെ വീട്ടിലും ഇത് തന്നെ അവസ്ഥ. അമ്മുവിന്റെ സ്വപ്നത്തിലുള്ള വീടിനു വളരെ വിശാലമായ മുറ്റവും പൂന്തോട്ടവും ഒക്കെയുണ്ട്. സർക്കാർ ജോലിയിൽ നിന്നും ലീവെടുത്ത് വിദേശത്തു ജോലി ചെയ്യുന്ന അച്ഛന് കത്തെഴുതുമ്പോൾ അമ്മു തന്റെ സ്വപ്നത്തെ പറ്റി മിക്കവാറും എഴുതാറുണ്ട്. അമ്മയോടു പറയുമ്പോൾ കേട്ട് മടുത്ത സ്വപ്നം ആണെന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്കു പോകാറാ പതിവ്. പക്ഷെ അച്ഛൻ മറുപടിക്കത്തിൽ വിശദമായി എന്റെ സ്വപ്നങ്ങളെ പറ്റി ചോദിക്കാറുണ്ട്. അച്ഛന് മാത്രം ഇപ്പോഴും ഒരേ സ്വപ്നം കേട്ട് ബോറടിക്കാത്തതെന്താ എന്ന് അമ്മു എപ്പോഴും വിചാരിക്കാറുണ്ട്. സ്കൂളിനെക്കുറിച്ചും കൂട്ടുകാരെ കുറിച്ചും ഒക്കെ അച്ഛൻ എപ്പോഴും ചോദിക്കാറുണ്ട് കത്തിൽ . പക്ഷെ അതിനൊന്നും മറുപടി കൊടുക്കാൻ അമ്മുവിന് തോന്നാറില്ല .അല്ലെങ്കിലും സ്കൂളിൽ എന്ത് വിശേഷം. അവളുടെ കത്തുകൾ നിറയെ സ്വപ്‌നങ്ങൾ മാത്രമായിരുന്നു.   അന്ന് സ്കൂൾ വിട്ടു വന്നപ്പോൾ അച്ഛന്റെ കത്ത് വന്നു എന്ന് അമ്മ പറഞ്ഞു. അച്ഛൻ അടുത്തയാഴ്ച നാട്ടിൽ വരുന്നത്രെ. അമ്മു സന്തോഷം കൊണ്ട് തുള്ളിച്ചാടി. വന്നാലുടൻ ഒരു വിനോദയാത്ര പോകണം എന്നും റെഡി ആയി ഇരിക്കണം എന്നും കത്തിൽ ഉണ്ടായിരുന്നു . ഒരാഴ്ച എങ്ങനെയോ തള്ളി നീക്കി . അമ്മുവിന് കൈ നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളുമായി അച്ഛൻ വന്നു . അടുത്ത ദിവസം തന്നെ അവർ ഒരു യാത പോകാൻ ഇറങ്ങി.കാറിൽ അത്യാവശ്യം ഉടുപ്പുകളും സാധനങ്ങളുമായാണ് അവർ യാത്ര തിരിച്ചത്. കാറിൽ ഇരുന്നു അമ്മു ഉറങ്ങിപ്പോയി. വീണ്ടും അമ്മുവിൻറെ സ്വപ്നവും സ്വപ്നത്തിലെ വീടും ഗ്രാമവും . വീട്ടുമുറ്റത്തു അമ്മു നില്കുന്നു . പക്ഷെ ഇത്തവണ മുറ്റത്ത് അമ്മയും അച്ഛനും ഉണ്ട്. പെട്ടെന്നു അമ്മ അവളെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു നീയെന്താ അമ്മൂ ഇങ്ങനെ നോക്കിക്കൊണ്ടു നിൽക്കുന്നത് .ഇനി ഇതാ നമ്മുടെ വീട് . നമ്മുടെ ഗ്രാമം. ഇനി ഇവിടെയാ നമ്മൾ താമസിക്കാൻ പോകുന്നെ. അച്ഛൻ വിദേശത്തെ ജോലി മതിയാക്കി അല്ലെ വന്നത് . ഇവിടെ ഇന്നും കാറിൽ ജോലിക്കു പോകാൻ വലിയ ദൂരം ഒന്നും ഇല്ലല്ലോ. പിന്നെ അമ്മുവിനെ പാടത്തിനു അപ്പുറത്തുള്ള സർക്കാർ സ്കൂളിലാ ചേർക്കുന്നെ ..ഇനി കൂട്ടുകാർ ഇല്ലെന്നോ കളിക്കാൻ സ്ഥലമില്ലെന്നോ സമയമില്ലെന്നോ പറഞ്ഞു വിഷമിക്കണ്ട..ഇനി മോൾക്ക് കളിയിലൂടെ പഠിക്കാമല്ലോ .. അമ്മു വേഗം വേലിക്കു പുറത്തേക്കോടി  കണ്ണോടിച്ചപ്പോൾ അമ്മുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനേ ആയില്ല. തന്റെ സ്വപ്നത്തിലെ അതെ ഗ്രാമം!!! പ്രിയപ്പെട്ട കൂട്ടുകാരെ ഇൗ കഥയിലെ അമ്മുവിന് ഏറെക്കുറെ ഇൗ കൊച്ചുകഥാകാരിയുടെ ജീവിതവുമായി സാമ്യം ഉണ്ട്..നഗരത്തിലെ ഒരു മുന്തിയ സ്കൂളിൽ പഠിച്ചിരുന്ന ഞാൻ ഇന്ന് എന്റെ സങ്കൽപ്പത്തിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്നു, എന്റെ സ്വപ്നത്തിലെ , നിറയെ കൂട്ടുകാരും പ്രിയപ്പെട്ട അധ്യാപകരും ഒക്കെ ഉള്ള ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്നു..

സന വിനോദ്
3A ഗവ:യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ