ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു അവലോകനവും പ്രതിരോധവും


മനുഷ്യൻ്റെ ഭൂമിയിലെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തി ലോകമെങ്ങും പടർന്നു പിടിച്ച മഹാമാരിയാണ് നോവൽ കൊറോണ വൈറസ് എന്ന് അറിയപ്പെടുന്ന കോവിഡ് 19 . ഈ വൈറസ്സ് 2019 ഡിസംബർ 31 ന് സ്ഥിരീകരിക്കപ്പെടുകയും , 2020 മാർച്ച് 11ന് ലോകാരോഗ്യ സംഘടന കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു . കൊറോണ വൈറസ് വഴിയുള്ള രോഗബാധ മുൻപ് രണ്ടു തവണ ഉണ്ടായിട്ടുണ്ട് . 2003 ൽ ചൈനയിൽ നിന്ന് ഉത്ഭവിച്ച സാർസും, 2012ൽ സൗദി അറേബ്യയിൽ ഉത്ഭവിച്ച മെർസും . വവ്വാൽ വഴിയാണ് സാർസ് മനുഷ്യരിലേക്ക് പകർന്നതെങ്കിൽ ഒട്ടകം വഴിയാണ് മെർസ് മനുഷ്യരിലേക്ക് പകരുന്നത് . ചൈനയിൽ ക്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ മൽസ്യ മാർക്കറ്റിൽ നിന്നാണ് കൊറോണാ വൈറസിൻ്റെ ഉത്ഭവം. ശ്വാസനാള ങ്ങളിലൂടെ ആണ് കൊറോണ വൈറസ് പടരുന്നത്. വൈറസ് ഉള്ളിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണം പ്രകടമാകാൻ രണ്ടു മുതൽ 14 ദിവസം വരെ എടുക്കാം . രോഗ സാധ്യതയുള്ളവർ 14 ദിവസം വരെ ഒറ്റപ്പെട്ടു കഴിയുകയെന്നതാണ് പ്രതിവിധി . ഇതിനാലാണ് നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളോട് ക്വാറൻ്റിനിൽ കഴിയാൻ നിർദ്ദേശിക്കുന്നത് . പനി, ചുമ , ശ്വാസതടസം തുടങ്ങിയവയാണ് രോഗത്തിൻ്റെ പൊതു ലക്ഷണങ്ങൾ . രോഗം ഗുരുതരമായാൽ ന്യൂമോണിയ, കടുത്ത ശ്വാസതടസം തുടങ്ങിയവ അനുഭവപ്പെടും . ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത് . ശരീരത്തിൻ്റെ പ്രതിരോധശക്തി കൂട്ടുന്നത് രോഗബാധയെ ഒരു പരിധിവരെ തടയാൻ കഴിയും . വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാതിരിക്കുകയാണ് രോഗവ്യാപനം തടയാൻ ഉള്ള നല്ല മാർഗ്ഗം . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊ ക്കെ പുറത്തു വരുന്ന സ്രവങ്ങളിലൂടെയാണ് ഇത് പുറത്തു വരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പ റോ കൊണ്ട് മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കണം, കൈ അനാവശ്യമായി മൂക്കിലോ,കണ്ണിലോ, വായിലോ സ്പർശിക്കുന്നത് ഒഴിവാക്കണം. കൂടെക്കൂടെ സോപ്പിട്ട് കൈ കഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചു കൈ ശുചിയാക്കാം. രാഷ്ട്രീയ അതിരുകളോ, ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഒട്ടുമിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാമാരിയെ കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരായിരിക്കണം . ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നു മരണനിരക്കും രോഗബാധിതരുടെ എണ്ണവും നമ്മെ ഭയപ്പെടുത്തുന്നതാണ് ലോകത്തെ വികസിത രാജ്യങ്ങളായ ഇറ്റലി, അമേരിക്ക, ഫ്രാൻസ് 'എന്നിവിടങ്ങളിൽ നിന്നുള്ള മരണത്തിൻ്റെയും രോഗബാധിതരുടേയും കണക്കുകൾ പോലും ഭയാനകമാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഈ രാജ്യങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ, മറ്റ് വികസ്വര രാജ്യങ്ങൾ 'ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നാണ് നാം ഓരോരുത്തരും ഈ അവസരത്തിൽ ചിന്തിക്കേണ്ടതുണ്ട്. ജനസാന്ദ്രത കൂടിയതും പരിമിതമായ ആ ആരോഗ്യ സംവിധാനമുള്ളതുമായ നമ്മുടെ രാജ്യത്ത് ഈ രോഗം കൂടുതലായി പടരാതിരിക്കുവാൻ കരുതൽ എടുക്കേണ്ടത് രാജ്യസ്‌നേഹവും മനുഷ്യസ്നേഹവുമുള്ള നാം ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണ്.ഈ കടമ നിർവ ഹി ക്കു ന്നതിൻ്റെ ഭാഗമായി ഗവൺമെൻ്റും ആരോഗ്യ പ്രവർത്തകരും നല്കുന്ന നിർദ്ദേശങ്ങൾ കർശനമായി 'അനുസരിക്കണം .വ്യക്തിശുചിത്വം ,പരിസര ശുചിത്വം ,സാമൂഹിക ശുചിത്വം എന്നിവ ഉറപ്പ് വരുത്തേണ്ടത്‌ ഓരോരുത്തരുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കണം . പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിലും , പ്രകൃതിയുടെ സന്തുലാവസ്ഥ കാത്തു സൂക്ഷിക്കുന്നതിനും നാം പ്രതിജ്ഞ ബദ്ധരായിരിക്കണം, ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി അനുസരിക്കാൻ സ്വയം സന്നദ്ധരാകണം. എങ്കിൽ മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള പ്രയത്നം ഫലപ്രാപ്തിയിൽ എത്തിക്കുവാൻ സാധിക്കൂകയുള്ളൂ.ഒത്തൊരുമയോടെ കർത്തവ്യ ബോധമുള്ള സമൂഹമായി നിന്ന് ശ്രമിച്ചാൽ ഈ മഹാമാരിയേയും നമ്മുക്ക് അതീജീവിക്കാo പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊൻപുലരി പ്രാർത്ഥിച്ചു കൊണ്ട് ...

മുഹമ്മദ് സെയ്നാഷ് .എ
8 B ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം