ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ ഇരുപത്തിയൊന്ന് ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുപത്തിയൊന്ന് ദിനങ്ങൾ
ജീവിതത്തിന്റെ കുറവല്ലാത്ത തിരക്കിൽ നിന്നും ഒരു ഇടവേള. നേട്ടങ്ങൾക്കായുള്ള ഓട്ടപാച്ചിലുകൾക്കൊടുവിൽ ചെറിയൊരു വിശ്രമം. ഇവിടെ ഒട്ടും ഏറ്റക്കുറച്ചിലുകളില്ല. ജാതി മത അതിർവരമ്പുകളില്ല. താരപരിവേഷങ്ങൾക്കോ പ്രതാപവീരർക്കോ ഇവിടെ സ്ഥാനമില്ല. കിരീടം ചൂടി കടന്നുവന്ന മഹാമാരി നമ്മെ കൂട്ടിലടച്ചത് വെറും ഇരുപത്തൊന്നു ദിനങ്ങളല്ലാ മറിച്ച്, മനുഷ്യ ജീവിതത്തിന്റെ ഒരു പിടി സുവർണ്ണ നിമിഷങ്ങളാണ്.

കുടുംബവുമായി ഒത്തൊരുമിച്ച് വീട്ടിലിരിക്കാൻ വീണ്ടുകിട്ടിയ സൗഭാഗ്യമായി ഇതിനെ പലരും കണക്കാക്കുന്നുവെങ്കിലും ചിലരുടെ സ്വപ്നങ്ങൾക്കു തിരശ്ശീലയായി ഇത് മാറി. അവർക്ക് ഇത് കറുത്ത ദിനങ്ങളാണ്. ഇരുപത്തൊന്ന് കറുത്ത ദിനങ്ങൾ. പ്ലേഗ്, കോളറ, സ്പാനിഷ് ഫ്‌ലൂ ഇങ്ങനെ ചരിത്രത്താളിൽ ആവർത്തിക്കുന്ന മഹാമാരിയിൽ ഇനി ഇതിന്റെ പേരും 'കൊറോണ'. അപ്രതീക്ഷിതമായ ഈ ലോക്ക് ഡൗൺ പ്രഖ്യാപനം പലരുടെയും ജീവിതത്തിനാണ് താഴിട്ടത്. നിത്യവൃത്തിക്ക് കഴിവില്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി. ചൈനയിലാർക്കോ എന്തോ പറ്റി, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്നു പറഞ്ഞവർക്കും ഇത് കാര്യമായ് തന്നെ ബാധിച്ചു. ലോകത്തെ തളർത്തുന്ന ഈ കൊറോണക്കാലത്ത് ഒട്ടും ചെറുതല്ലാത്ത സേവനം ഭരണകർത്താക്കളും കാഴ്ച വെച്ചു. ജീവൻ പണയം നൽകി സേവിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇന്ന് പൂജാമുറിയിലാണ് സ്ഥാനം. പണിതു വെച്ച വിഗ്രഹങ്ങൾ പലപ്പോഴും ഇവർക്കു മുന്നിൽ മറക്കപ്പെടുന്നു. എടുത്തു പറയേണ്ട മറ്റൊരു വിഭാഗം പോലീസ് തന്നെയാണ്. ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും കുടുംബമുണ്ട് എന്ന സത്യങ്ങളെ മനപൂർവം മറന്ന് പൊരി വെയിലത്ത് ജനത്തെ കാക്കാൻ നില്ക്കുന്ന അവർക്കും നൽകണം ബിഗ് സല്യൂട്ട്. കലർപ്പില്ലാത്ത വാർത്താ പ്രവർത്തകർക്കും നന്ദി. പരന്നു പിടിച്ച കൊറോണക്കാലത്തും നാട് കാണാനിറങ്ങിയവരോടും , കൂട്ടം കൂടി വട്ടമേശ സമ്മേളനം നടത്തിയവരോടും എന്ത് പറയാനാണ് വിവരക്കേടിന്റെ അതിർവരമ്പുകൾ അവർ ഭേദിച്ചു കഴിഞ്ഞു. ഈ കറുത്ത ദിനങ്ങളെ പൊടി തട്ടി വെളുപ്പിക്കാൻ ശ്രമിക്കുന്നവരും നമുക്കിടയിലുണ്ട്. വിട്ടു പോയ ബന്ധങ്ങളെ കൂട്ടിക്കെട്ടാനും ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും അവർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഈ ദിനങ്ങളെ മുതലെടുത്തവരും ചെറുതല്ല. അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവെയ്പ്പും വില കയറ്റവും സാധാരണക്കാരെ വെള്ളം കുടിപ്പിച്ചു. വ്യാജ സന്ദേശ പ്രചാരകരുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും പ്രഹസനങ്ങൾക്കും നാം കാഴ്ചക്കാരായ് മാറി. ഇനിയും ഒരു ചോദ്യം ബാക്കിയാണ് . ഈ ഇരുപത്തൊന്ന് ദിനങ്ങൾ നിങ്ങളെ എന്തു പഠിപ്പിച്ചു? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒന്നും മറക്കാതിരിക്കട്ടെ . കവി പാടുന്നു "കാലമിനിയുമുരുളും വിഷു വരും വർഷം വരും. തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ് വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം".

എയ്ജൽ സോണ
7 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം