ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട്

നമ്മുടെ നാട് എന്നാൽ ഇപ്പോഴത്തെ അർഥം ലോകം എന്നു തന്നെയാണ്. ഭൂമി ശാസ്ത്രപരമായി അതിർത്തിയില്ലാത്ത ശത്രുവിൽ നിന്നുള്ള പരമാവധി രക്ഷ എന്ന ഒരേയൊരു മന്ത്രമാണ് മാനവരാശിയുടെ മനസ്സിലാകെ നിറയേണ്ടത്. അത്യാപത്ത് മഹാമാരിയായി വരുമ്പോൾ അതിർത്തികളും മറ്റുഭേദങ്ങളും വർണങ്ങളൊന്നുമില്ല. പരമാവധി ജീവ രക്ഷ എന്ന മന്ത്രം മാത്രം. ഈ മഹാമാരിയെ, മഹായുദ്ധത്തെ ജയിക്കാനുള്ള മന്ത്രം ഐക്യവും ത്യാഗവും സംയമനവുമാണ്.

ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയുടെ പേരിൽ മുൾമുനയിൽ നിൽക്കുകയാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ആദ്യമായി റിപ്പോർട്ടു ചെയ്ത കൊറോണ വൈറസ് ഇപ്പോൾ 192 രാജ്യങ്ങളിലും എല്ലാ ഭൂഖണ്ഡങ്ങളിലുമായി 19 ലക്ഷത്തിലേറെപ്പേരെ ബാധിച്ചിരിക്കുന്നു. ഇറ്റലി, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകി എന്ന ചെറിയ പിഴവു കൊണ്ട് ലോകത്തെമ്പാടും കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളായി ലോകം കണക്കാക്കുന്ന അമേരിക്കയും ചൈനയും ഇംഗ്ലണ്ടും ഒക്കെ കൊറോണക്കു മുന്നിൽ വിയർക്കുന്നതു നാം കണ്ടു കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ കീർത്തികേട്ട ആരോഗ്യ രംഗം കോറോണയ്ക്കു മുന്നിൽ പതറിപ്പോയിരിക്കും. ദക്ഷിണ കൊറിയ, ജർമനി,ഡൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ ഒരു പരിധിവരെ കൊറോണയെ പ്രതിരോധിക്കാൻ കഴിഞ്ഞു.വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ് - 19 എന്ന പ്രത്യേക പേര് നൽകി ( Corona virus Disease) .ജനിതഘടകങ്ങ ളുടെ അടിസ്ഥാനത്തിൽ വൈറസുകളെ പ്രധാനമായും രണ്ടായി തിരിക്കാം: ഡി.എൻ.എ, ആർ.എൻ.എ എന്നിങ്ങനെ. ഇതിൽ ആർ.എൻ.എ വൈറസിൽ - പ്പെടുന്നതാണ് കൊറോണയും. ഈ വിഭാഗത്തിലുള്ളവ വേഗത്തിൽ ജനിതകമാറ്റം സംഭവിക്കുന്നവയാണ്. വുഹാനിനടുത്തുള്ള ഗുഹയിലെ വവ്വാലുകളിൽ രണ്ടു വർഷം മുൻപ് നടത്തിയ പഠനങ്ങളിൽ കൊറോണ വൈറസ് സ്ഥിതികരിച്ചിരുന്നു. ഇതുകൂടാതെ ഈനാംപേച്ചികളിലൂടെയു മാകാം എന്ന് ശാസ്ത്രലോകം പറയുന്നുണ്ടെങ്കിലും ആത്യന്തികമായി തെളിയിച്ചിട്ടില്ല. അടുത്ത കാലത്ത് പടർന്നുപിടിച്ച സാർസ്, മാർസ് എന്നിവയെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ് കോവിഡ്- 19 ന്. രോഗം പടരുന്നതിന്റെ നിരക്ക് പഴയ രോഗങ്ങളെ അപേക്ഷിച്ച് ഇരട്ടിയാണെന്നർത്ഥം. ഈ പകർച്ചാനിരക്കാണ് കോവിഡ്- 19 ഉയർത്തുന്ന വലിയ വെല്ലുവിളി. എന്നിരിന്നാലും പ്രതിരോധ മാർഗങ്ങൾ ഊർജിതമാക്കിയാൽ രോഗം പടരുന്നത് തടായാവുന്നതാണ്.

കോവിഡ് - 19 വായുവിലൂടെ തനിയെ ദൂരത്തിൽ പകരുന്ന രോഗമല്ല. ഇത് പകരുന്നത് രോഗികളുമായി നേരിട്ട് സമ്പർക്കപ്പെടുന്നതിലൂടെയും, അവരുടെ സ്രവങ്ങൾ വഴിയും മാത്രമാണ്. പനി, ചുമ രോഗലക്ഷണമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ വായുവിലും അടുത്ത പ്രതലങ്ങളിലും വസ്തുക്കളിലും എത്തുന്നു.ഈ പ്രതലങ്ങളിൽ നിന്ന് സ്പർശനം മൂലം കൈകളിലും വിരലുകളിലും വൈറസ് എത്തുന്നു.പനി, ചുമ രോഗലക്ഷണമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ടുകൾക്കിടയിലോ, ടവലുകൾ കൊണ്ടോ, ടിഷ്യൂ പേപ്പർ കൊണ്ടോ വായും മൂക്കും പൊത്തുകയും അവ ശരിയായി നശിപ്പിക്കുകയും വേണം. കോവിഡ്- 19 രോഗലക്ഷണമുള്ളവർ ഉണർന്നിരിക്കുന്ന സമയങ്ങളിൽ സാധാരണ മാസ്ക്ക് ധരിക്കണം. തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലൂടെ മാത്രമേ കൊറോണയെ അതിന്റെ വേരോടെ പിഴിതെറിയാനാവൂ.

ഇന്ത്യയിൽ കൊറോണ സമൂഹ വ്യാപനം ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും മഹാരാഷ്ട്ര, തമിഴ്നാട് ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിലുള്ള വർധനവ് ആശങ്കാജനകമാണ്. പ്രത്യേകിച്ച് ബോംബയിലെ ചേരിപ്രദേശങ്ങളിൽ രോഗികളുടെ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് അനുമാനിക്കാം. ഇത്തരത്തിലുള്ള സമൂഹ വ്യാപനം തടയുന്നതിനാണ് ഇന്ത്യാ ഗവൺമെന്റ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ രോഗവ്യാപനം നന്നായി തടയാൻ കഴിയും.

ഓഖി ചുഴലിക്കാറ്റ്, മാരകമായ നിപ ,ഒന്നിനു പിറകെ ഒന്നായി രണ്ടു പ്രളയത്തെ അതിജീവിച്ച കേരളം .എല്ലാത്തിനും പിന്നിൽ കരുത്തായത് മലയാള നാടിന്റെ അകമഴിഞ്ഞ പിന്തുണയാണ്. പക്ഷേ ഇത്തവണ കണക്കുകൂട്ടൽ ചെറുതായി പിഴച്ചു. നമ്മുടെ കരുത്തുറ്റ സുരക്ഷാ പഴുതുകൾ ഭേദിച്ച് കോവിഡ് കേരളത്തിലെത്തി. പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ കൊറോണ ബാധിതരുടെ എണ്ണത്തിലുളള വർധനവ് സമൂഹ വ്യാപനം ആണോ എന്ന ആശങ്ക ഉയർത്തിയെങ്കിലും കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിലെ സന്നദ്ധ പ്രവർത്തകരുടെയും പോലീസിന്റെയും ഇടപെടൽ കൊണ്ട് കൊറോണയെ നന്നായി തടയാൻ കഴിഞ്ഞു. ഇന്ത്യ ഒട്ടാക്കെ കൊണ്ടുവന്ന ലോക്ക് ഡൗൺ സമ്പൂർണമാക്കാൻ കഴിഞ്ഞു.ഇത് രോഗബാധിതരുടെ എണ്ണത്തിലുള്ള വർധനവ് കുറയ്ക്കാൻ കഴിഞ്ഞു. മഹാമാരിയെ കാട്ടുതീ പോലെ പടരാൻ അനുവദിക്കാതിരിക്കുക മാത്രമാണ് പോംവഴി. ചങ്ങല പൊട്ടിക്കും വിധം പരസ്പരം അകലം പാലിക്കുക എന്നത് അതിജീവനത്തിന്റെ മന്ത്രയായി ഏറ്റെടുക്കുക.

നിപയെ നമ്മൾ പേടിച്ചില്ല. കാരണം, നമ്മൾ ഒറ്റക്കെട്ടായിരുന്നു. ആരോഗ്യ സുരക്ഷാ മേഖല ശക്തമാണ്. കൊറോണയെയും നമ്മൾ അതുപോലെ നേരിടും. സുസജ്ജരാണ് നമ്മൾ. കുപ്രചാരങ്ങളിൽ ഭയപ്പെടാതെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക . ഈ കടമ്പയും നമ്മൾ കടക്കും. തോൽപ്പിക്കാനാകില്ല, കാരണം ഇത് കേരളമാണ് ......

ഗൗരി ചന്ദന
10 E ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം