ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ഏങ്കള സ്കൂളു

Schoolwiki സംരംഭത്തിൽ നിന്ന്

ഏങ്കള സ്കൂളു

സമഗ്ര ഗോത്രവർഗവികസന പദ്ധതി - 2018-19

ഗോത്രവർഗ വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യംവച്ചുകൊണ്ട് സാമൂഹ്യപങ്കാളിത്തത്തോടെ 2018-19 അധ്യയന വർഷത്തിൽ കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിച്ച ശ്രദ്ധേയമായ പദ്ധതിയാണ് ഏങ്കള സ്കൂളു. 45 % ത്തിലധികം ഗോത്രവർഗ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയം നിലവിൽ ഏറെ പരിമിതികളഭിമുഖീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്. സർക്കാർ‍, ത്രിതല പഞ്ചായത്തുകൾ, ജനപ്രതിനിധികൾ, നാട്ടുകാർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ സമീപകാലത്താണ് സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥലമെടുപ്പ് പ്രവർത്തനം പൂർത്തിയായത്. പുതിയകെട്ടിട നിർമാണം സമീപഭാവിയിൽ തന്നെ പൂർത്തിയാകും. ഗോത്രവർഗ വിദ്യാർഥികളെ കൃത്യമായി സ്കൂളിലെത്തിക്കുക, ചിട്ടയായ അധ്യയനം ഉറപ്പുവരുത്തുക, അംഗീകാരം നൽകി കഴിവുകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് അധ്യയനാഭിരുചി വർധിപ്പിക്കുക, കൃത്യമായ ദിശാബോധം നൽകി ഭാവിപ്രതീക്ഷകൾ വളർത്തുക അതുവഴി ഓരോ കുട്ടിക്കും ആത്മവിശ്വാസത്തോടെ സ്വന്തം കാലിൽ‍ നിൽക്കാനും കുടുംബത്തിനും നാടിനും താങ്ങും തണലുമായി മാറി സ്വത്വബോധത്തോടെ പ്രവർത്തിക്കാനും പ്രാപ്തനാക്കുക എന്ന‌ീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ചിട്ടപ്പെടുത്തിയ ആദ്യപ്രവർത്തന പദ്ധതിയാണ് ഏങ്കള സ്കൂളു.

പദ്ധതിയുടെ ഭാഗമായി 12 പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷത്തിൽ നടപ്പിലാക്കിയത്. 1. ഊരുത്സവങ്ങൾ 2. ഗോത്രഫെസ്റ്റ് 3. കായികപരിശീലനക്കളരി, കായികോപകരണങ്ങൾ ലഭ്യമാക്കൽ 4. സ്കൂൾ ടാലന്റ‌് ലാബ് 5.ഗൈഡൻസ് -മോട്ടിവേഷൻ വർക്ക്ഷോപ്പുകൾ,പ്രത്യേക സ്കോളർഷിപ്പ് പരിശീലനം 6. പഠനവീടുകൾ സജ്ജീകരിക്കൽ 7. പഠനോപകരണവിതരണം, രാത്രികാല ക്യാമ്പിനാവശ്യമായ ഇൻവെർട്ടർ സ്ഥാപിക്കൽ 8.ഗ്രീൻ ക്യാമ്പസ്-സേഫ് ക്യാമ്പസ് 9.അടിസ്ഥാന ഭാഷാശേഷി-ഗണിതശേഷി വികസനം 10. പഠനയാത്രകൾ-ഫീൽഡ് ട്രിപ്പുകൾ 11. ശുദ്ധകുടിവെള്ളത്തിനുള്ള സാഹചര്യമൊരുക്കൽ, മൂത്രാശയരോഗവിമുക്തക്യാമ്പസ് ക്യാമ്പയിൻ 12.അടുക്കള മാലിന്യനിർമാർജനത്തിനുള്ള അഴുക്കുചാൽ, വേസ്റ്റ് പിറ്റ് നിർമാണം. ഇവയെല്ലാം നടപ്പിലാക്കുന്നതിനുള്ള ആസൂത്രണം എന്നിവയ്ക്കെല്ലാമായി പതിനാറുലക്ഷത്തി ഇരുപത്തഞ്ചായിരം രൂപയാണ് വകയിരുത്തിയിരുന്നത്.

ഫണ്ട് ലഭ്യമാകുന്നതിന് കാലതാമസം നേരിട്ടത് പദ്ധതിയുടെ നടത്തിപ്പിനെ അല്പം പ്രതികൂലമായി ബാധിച്ചെങ്കിലും സ്കൂൾ പി ടി എ, വികസന സമിതി, നാട്ടുകാർ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സമയോചികമായ ഇടപെടൽ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ഏറെ സഹായകമായി.

           ഗോത്രവർഗവിദ്യാർഥികളെ സ്കൂളിലെത്തിക്കുക, കൃത്യമായ ഹാജർ  ഉറപ്പുവരുത്തുക, ചിട്ടയായ അധ്യയനം സാധ്യമാക്കുക എന്നിവ സ്കൂളിന് എക്കാലവും  വെല്ലുവിളി തന്നെയായിരുിന്നു. കോളനികളിലെത്തി കുട്ടികളെ സ്കൂളിലെത്തിക്കാൻ നിരന്തരപരിശ്രമം സ്കൂളധികൃതർ നടത്തിവരുന്നതുതന്നെ. എങ്കിലും പല കോളനികളിലേക്കും പ്രവേശനം നിയന്ത്രിതമായിരുന്നു, മാത്രമല്ല കുട്ടികളെ കാട്ടിലേക്കോടിയൊളിക്കാൻ മൗനാനുവാദം നൽകുന്ന രക്ഷിതാക്കളും, ഒന്നും കണ്ടില്ലെന്നു നടിച്ച് ഇതൊക്കെ പതിവുകഥയായി മാറിയ, ദിനചര്യ മാറ്റാൻ യാതൊരു മനോഭാവവുമില്ലാത്ത മറ്റൊരു കൂട്ടരും എന്നും അധ്യാപകരുടെ തലവേദന തന്നെ. ഈ കോളനികളിലേക്ക്, കോളനി നിവാസികളുടെ മനസ്സുകളിലേക്കാണ്  ഊരുത്സവങ്ങൾ സംഘടിപ്പിച്ചുകൊൊണ്ട് ഞങ്ങളുടെ സ്കൂൾ ഇടം നേടിയത്. കോളനികളിലേക്ക് കടന്നുചെല്ലാൻ പോലും കഴിയാതിരുന്ന അവസ്ഥ മാറുന്നതിനും കോളനി നിവാസികളുമായി അടുത്തബന്ധം സ്ഥാപിച്ചെടുക്കുന്നതിനും, ഇത്തരം ഊരുത്സവങ്ങളിലൂടെ സാധിച്ചു. തനതുകലാരൂപങ്ങൾ അവതരിപ്പിക്കാനും അവയുടെ ഐതിഹ്യങ്ങൾ പങ്കുവയ്ക്കാനും അവസരം നൽകി ഓരോ കലാകാരനേയും അംഗീകരിച്ചുകൊണ്ട് സ്കൂൾ കോളനികളിലേക്ക്  ചുവടുവയ്ക്കുകയായിരുന്നു. ഊരുത്സവങ്ങൾക്കുമുന്നോടിയായി  എല്ലാ കേന്ദ്രങ്ങളിലും ശരാശരി നാല് ആസൂത്രണയോഗങ്ങളെങ്കിലും നടത്തിയതുവഴി സ്ഥലത്തെ ഊരുമൂപ്പന്മാരുമായും, വിവിധജനവിഭാഗങ്ങളുമായും നേരിട്ടുള്ള ഇടപെടൽ സാധ്യമായി. വരും വർഷത്തിൽ എല്ലാ കുട്ടികളേയും വിദ്യാലയത്തിലെത്തിക്കുന്നത് സ്വന്തം ഉത്തരവാദിത്വമായി അവർ ഏറ്റെടുക്കുകയായിരുന്നു. സ്കൂളുകൾ തങ്ങളുടെ ഇഷ്ടപ്പെട്ട ഇടമാക്കിമാറ്റാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചതാണ്  ഈ പ്രവർത്തനത്തിന്റെ വിജയം.

ഗോത്രവിഭാഗക്കാരെ കോളനികളിൽ വച്ചാദരിച്ചതിന്റെ അടുത്ത ഘട്ടത്തിൽ സ്കൂളിലേക്ക് എത്തിച്ച് ബോധവൽക്കരണ പരിപാടികളിലുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിനോടടുപ്പിക്കാൻ ഗോത്രഫെസ്റ്റിലൂടെ സാധിച്ചു. ഊരുത്സവങ്ങളിലൂടെ വിടവ് നികത്തിയ അനുകൂലസാഹചര്യം സ്കൂൾ ഗോത്രഫെസ്റ്റ് വൻവിജയമാക്കി. ഫെസ്റ്റിലെ ഭക്ഷണം, കലാ സംവിധാനം, വേദിയൊരുക്കൽ എന്നിവ വിവിധ കോളനിക്കാർ സന്തോഷപൂർവം ഏറ്റെടുത്തതാണ് ഫെസ്റ്റിന്റെ മികവ്. ആചാരങ്ങളുടെ ഭാഗമായല്ലാതെ ആദ്യമായി തങ്ങളേയും കലാരൂപങ്ങളേയും ആദരിക്കാൻ തയ്യാറായത് കാട്ടിക്കുളം സ്കൂളാണെന്നും ഇനിയും ഇത്തരം അവസരങ്ങൾ നൽകണമെന്നും ഈ കുലത്തിൽ പിറന്നതിൽ ആദ്യമായി അഭിമാനം തോന്നുന്നുവെന്നും തുറന്നുപറഞ്ഞ ഈ വേദി ധന്യമായി. എസ് എസ് എൽ സി രാത്രി ക്യാമ്പ് ദിനത്തിൽ ഇലക്കറി വിതരണം ചെയ്തും, നാടൻപാട്ട് ശില്പശാല-പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചും , തനതുഭാഷയിൽ തെരുവുനാടകം ചിട്ടപ്പെടുത്തി ബോധവൽക്കരണം നടത്തിയും സംഘടിപ്പിച്ച ഗോത്രഫെസ്റ്റിന്റെ പെരുമ വ്യാപകപ്രതികരണമുളവാക്കി. സ്വന്തമായി കളിസ്ഥലമില്ലാഞ്ഞിട്ടും സ്ഥിരം കായികാധ്യാപകപരിശിലനം ലഭിക്കാതിരുന്നിട്ടും കാട്ടിക്കുളത്തിന്റെ മുത്തുകൾ എക്കാലവും വയനാട് ജില്ലാ കായികചാമ്പ്യന്മാർ തന്നെ. എന്നിട്ടും സംസ്ഥാനതലത്തിൽ മികച്ചനേട്ടമുണ്ടാക്കാൻ നമ്മുടെ മുത്തുകൾക്ക് കഴിയാതെ പോകുന്നു. ചിട്ടയായ പരിശീലനം, ശരിയായ പോഷകാഹാരം, കായികോപകരണങ്ങൾ, കായിക വസ്ത്രങ്ങൾ എന്നിവയുടെ ലഭ്യത ഇവ ഉറപ്പുവരുത്തിയാൽ സംസ്ഥാന-ദേശീയ തലങ്ങളിൽ വിജയം സുനിശ്ചിതം. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി ഇതെല്ലാം ലഭ്യമാക്കി പരിശീലനം നൽകാൻ സാധിച്ചത് ഈ പദ്ധതിയിലൂടെയാണ്. ലക്ഷങ്ങൾ വിലവരുന്ന ജമ്പിങ്ങ് ബെഡ് മുതലായവ സ്വന്തമാക്കി പരിശീലനം നേടണമെന്നത് ഇപ്പോൾ കാട്ടിക്കുളത്തെ മുത്തുകളുടെ സ്വപ്നമല്ല, സ്വപ്നസാക്ഷാത്ക്കാരം തന്നെയാണ്. ഓരോ കുട്ടിയുടേയും സർഗശേഷിവികാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സ്കൂൾ ടാലന്റ് ലാബുകൾ പ്രവർത്തിക്കുന്നത്. ഇവിടെ ലാബ് അതായത് പരീക്ഷശാലയാകുന്നത് സ്കൂളും സ്കൂളിലെ ക്ലാസ് മുറികളുമാണ്. പരീക്ഷണവസ്തുവാകട്ടെ ഓരോ കുട്ടിയും. വിവിധ പഠനപ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുമ്പോൾ ഓരോ കുട്ടിയിലുമുള്ള കഴിവ് എന്താണെന്ന‌് തിരിച്ചറിയാനുള്ള അവസരം ഓരോ അധ്യാപികയ്ക്കും ലഭ്യമാകുന്നു. ആ കഴിവിനെ തേച്ചുമിനുക്കി വളർത്തിക്കൊണ്ടുവരാനുള്ള ഇടങ്ങളാവണം സ്കൂൾ ടാലന്റ് ലാബുകൾ. ഈ ലക്ഷ്യം മുൻ നിർത്തി സ്കൂളിലെ അധ്യാപകർ, പി ടി എ, രക്ഷിതാക്കൾ, അംഗൻവാടി വർക്കർമാർ എന്നിവരെ ഉൾപ്പെടുത്തി പപ്പറ്റ് ട്രീ ശില്പശാല, കരകൗശല ശില്പശാല, സംഗീതമേഖലയിലെ കഴിവുകൾ വികസിപ്പിക്കാൻ കീബോർഡ്, ശ്രുതിബോക്സ്, താളവാദ്യങ്ങൾ ലഭ്യമാക്കൽ, തനതുകലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുടി, കുഴൽ നിർമിച്ച് ഏറ്റെടുക്കൽ, പ്രവൃത്തി പരിചയ-തൊഴിൽ പരിചയ സാമഗ്രികൾ ലഭ്യമാക്കൽ എന്നിവയാണ് നടപ്പിലാക്കിയവ. പ്രത്യേക ഫീസ് നൽകി മാത്രം പഠിക്കാവുന്ന വിവിധ വിഭാഗങ്ങളിൽ സൗജന്യ പരിശീലനം ലഭ്യമാക്കിയത് രക്ഷിതാക്കളെ സംതൃപ്തരാക്കി. വരും വർഷങ്ങളിലെ പഠനമികവ് വർധിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹനമാകുമെന്ന് തീർച്ച. കുട്ടികൾക്ക് വ്യക്തിഗത മാനസിക സാമൂഹ്യ പിന്തുണ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണ്. ഗൈഡൻസ് & മോട്ടിവേഷൻ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കൽ,വ്യക്തിഗത കൗൺസ്‌ലിംഗ് നൽകൽ, വിദഗ്ധസേവനം ആവശ്യമുള്ള കുട്ടികൾക്ക് സേവനം ലഭ്യമാക്കൽ, മികവുപുലർത്തുന്ന കുട്ടികൾക്ക് LSS, USS, NEW MATHS, NMMS, NTSE സ്കോളർഷിപ്പ് പരിശീലനം നൽകൽ എന്നിവയെല്ലാം സംഘടിപ്പിച്ചുകൊണ്ട് അക്കാദമിക പുരോഗതി ഉറപ്പുവരുത്താനാകുമെന്നതിൽ തർക്കമില്ല. കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിക്കുന്നുണ്ടെങ്കിലും മിക്ക കുട്ടികളുടേയും ധാരണ സ്കോളർഷിപ്പ് നേടുക എന്നത് തങ്ങളുടെ പരിധിക്കപ്പുറമാണെന്നതാണ്. ഈ ധാരണയെ മറികടന്നുകൊണ്ട് ആത്മവിശ്വാസത്തോടെ അക്കാദമിക മികവിലേക്ക് നയിക്കുന്നതിന് സഹായകമായി പ്രത്യേക സ്കോളർഷിപ്പ് പരിശീലന ക്ലാസ്. സ്കോളർഷിപ്പ് നേടുന്ന കുട്ടിക്ക് ആ തുക തുടർപഠനത്തിന് സഹായകമാണെന്ന തിരിച്ചറിവിലൂടെ ആത്മാഭിമാനത്തോടെ മുന്നേറാൻ ധൈര്യം നൽകുകയും ചെയ്യുന്നുവെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. വിദഗ്ധക്ലാസ്സുകൾ ലഭിക്കുന്നതും, സ്കോളർഷിപ്പ് പ്രാധാന്യം തിരിച്ചറിയുന്നതും സങ്കീർണമായി വിഷയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള തന്ത്രങ്ങൾ രൂപീകരിക്കുന്നതും തികച്ചും നവ്യാനുഭവമായിരുന്നു. രക്ഷിതാക്കൾക്കും നാട്ടുകാർക്കുമിടയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.

ഊരുകളിൽ പഠന മികവിനും മാനസികോല്ലാസത്തിനും വ്യക്തിത്വവികാസത്തിനുമുള്ള സാഹചര്യം വളർത്താൻ പഠനവീടുകൾ സജ്ജീകരിക്കുന്നതിലൂടെ സാധിച്ചു. എല്ലാ കുട്ടികൾക്കും സായാഹ്ന ഭക്ഷണം ഉറപ്പുവരുത്തുന്നതിലൂടെ ദാരിദ്ര്യം മൂലമുള്ള ഭക്ഷണക്കുറവെന്ന പ്രശ്നവും ഏറെക്കുറെ പരിഹരിക്കപ്പെട്ടു. പിന്നാക്കക്കാരായ കുട്ടികളെ സഹായിക്കാൻ ഏറെ സഹായകമായി. വിനോദോപാധികൾ, പഠനകേളികൾ എന്നിവ സംഘടിപ്പിക്കുക വഴി മാസസികോല്ലാസം ലഭിച്ച കുട്ടികൾക്ക് പുകയില മുറുക്ക് മുതലായ മോശം പ്രവണതകൾ ഉണ്ടാകുന്നില്ല.സ്കൂൾ പ്രവർത്തനങ്ങൾ ആവർത്തിക്കുന്നതിലും ഉൾക്കൊള്ളുന്നതിലും വളണ്ടിയറുടെ കൈത്താങ്ങ് കുട്ടികളിലും രക്ഷിതാക്കളിലും ഏറെ താൽപര്യമുണ്ടാക്കി. ആദ്യ ഘട്ടത്തിൽ ഏറ്റവും അനിവാര്യമായ 3 ഇടങ്ങളിലായി ഓരോ പഠനവീടുകൾ വീതമാണ് സജ്ജീകരിച്ചത്.എടയൂർക്കുന്ന്, ആലത്തൂർ, ചെമ്പകമൂല എന്നിവിടങ്ങളിലാണിവ.

കുട്ടികളുടെ ഗൃഹാന്തരീക്ഷം പഠനത്തെ സാരമായി ബാധിക്കുന്ന ഘടകമാണ്. ഭൗതികാന്തരീക്ഷത്തിലെ പോരായ്മകൾ ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠിനോപകരണവിതരണ പദ്ധതി നടപ്പിലാക്കിയത്. പഠനമികവും സാമ്പത്തികപിന്നാക്കാവസ്ഥയുമുള്ള പത്താം ക്ലാസ്സിലെ 20 കുട്ടികൾക്ക് പഠനോപകരണങ്ങൾ( മേശ, കസേര ) വിതരണം ചെയ്തു. കൂടാതെ സ്കൂളിൽ വർഷം തോറും നടത്തിവരുന്ന പട്ടികവർഗവിദ്യാർഥികളുടെ രാത്രികാല പഠനക്യാമ്പിനാവശ്യമായ ഇൻവെർട്ടർ സ്ഥാപിക്കാനും സാധിച്ചു. ക്യാമ്പ് സമയങ്ങളിൽ ഏറെ ഫലപ്രദമായ ഈ സംവിധാനം വിദ്യാലയത്തിന്റെ അവശ്യഘടകമായിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ വിജയം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിലൂടെ വരും തലമുറയുടെ വളർച്ച സാധ്യമാവുന്നു. പ്രകൃതിവിഭവങ്ങളെല്ലാം മറ്റുള്ളവർക്കുകൂടി കരുതിവെക്കുന്നതിലൂടെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന പ്രകൃതിപാഠം അറിയാതെ തന്നെ അവരിലേയ്ക്കെത്തുകയായി. ഈ ലക്ഷ്യത്തോടെ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടു് സ്കൂളിലെ ജൈവ വൈവിധ്യപാർക്ക് വിപുലീകരിച്ചുകൊണ്ട് പ്രവർത്തനം പൂർത്തിയാക്കി. നിലവിൽ എൽ പി ബ്ലോക്കിനുമുന്പിലായി സജ്ജീകരിച്ച ജൈവോദ്യാനം പഠനപ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രായോഗിമാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചെങ്കിൽ മാത്രമേ പഠനപ്രവർത്തനങ്ങളിൽ മികവുണ്ടാക്കാൻ സാധിക്കുകയുള്ളൂ. സാഹചര്യവശാൽ ചില കുട്ടികളെങ്കിലും പഠനനേട്ടം കൈവരിക്കുന്നതിൽ നിന്നും പിന്നാക്കം പോയിരിക്കാം. ഇങ്ങനെയുള്ള കുട്ടിൾക്ക് കൈത്താങ്ങായിക്കൊണ്ട് അവരിൽ അടിസ്ഥാന ഭാഷാശേഷി,ഗണിതശേഷി എന്നിവ ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ പ്രവർത്തനമാണിത്. മലയാളം,ഇംഗ്ലീഷ്,ഗണിതം എന്നീ വിഷയങ്ങളിൽ അടിസ്ഥാന പരിശീലനം നൽകൽ, ലളിതമായ വായനാ സാമഗ്രികൾ ലഭ്യമാക്കൽ, ടീച്ചർ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികൾക്ക് ഇംഗ്ലീഷിനോട് ആഭിമുഖ്യം വളർത്തുവാനും ഇത് ഉപകരിച്ചു.

മാനസികോല്ലാസം മെച്ചപ്പെടുത്തി,സ്വത്വബോധം വർധിപ്പിക്കുന്നതിലൂടെ പഠനമുന്നേറ്റം സാധ്യമാകും.സാമൂഹ്യബന്ധത്തിന്റേയും കൂട്ടായ്മയുടേയും അഭാവമാണ് വിദ്യാർഥികളെ മുഖ്യധാരയിൽ നിന്നും അകറ്റുന്നത്. ഇവരുടെ പഠന മികവിനും സാമൂഹ്യബന്ധം, കൂട്ടായ്മ എന്നിവ വളർത്തുന്നതിനുമായി 9 ാം ക്ലാസ്സിലെ മുഴുവൻ ഗോത്രവർഗ വിദ്യാർഥികളേയും ഉൾപ്പെടുത്തിക്കൊണ്ട് പഠനയാത്ര സംഘടിപ്പിച്ചു. രണ്ട് ടൂറിസ്റ്റ് ബസ്സുകളിലായി 106 കുട്ടികളാണ് പഠനയാത്രയിൽ പങ്കെടുത്തത്. പഠനപ്രവർത്തനങ്ങൾ ആയാസരഹിതമാക്കാനും താൽപര്യം വളർത്താനും കുട്ടികളിൽ ശാസ്ത്രബോധം വളർത്താനും ക്ലാസ്റൂം ധാരണകളെ മെച്ചപ്പെടുത്താനും ഈ യാത്രകൾ സഹായകമായി. പഠനയാത്രയ്ക്കുള്ള അറിയിപ്പ് ലഭിച്ചതുമുതൽ ഒരുകുട്ടിപോലും ക്ലാസ്സിൽ ഹാജരാകാതിരുന്നില്ല എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ മികവായി വിലയിരുത്തുന്നു. അടുത്ത എസ് എസ് എൽ സി ബാച്ചുകാരായ ഇവരുമായി ഏറെ വൈകാരികമായ ബന്ധമുണ്ടാക്കാൻ ഈ യാത്രയിലൂടെ സാധിച്ചതും വരും വർഷത്തെ പഠനമികവിന് നിദാനമാകുമെന്ന് തീർച്ച. എല്ലാ കുട്ടികൾക്കും സ്കൂൾ സമയത്ത് ശുദ്ധവും തിളപ്പിച്ചാറിയതുമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 10 ഇടങ്ങളിലായി തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കുന്നതിനുള്ള കെറ്റിലുകൾ സ്ഥാപിക്കൽ,വെള്ളം തിളപ്പിക്കുന്നതിന് ഗ്യാസ് അടുപ്പ്, റീഫില്ലർ പർച്ചേസിംഗ് എന്നിവ ലഭ്യമാക്കി. അഭ്യുദയകാംക്ഷികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ എല്ലാ ക്ലാസ്സുകളിലും തിളപ്പിച്ചാറിയ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കി വരും വർഷങ്ങളിൽ ഈ പദ്ധതി പൂർണതയിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ആത്യന്തികലക്ഷ്യം. കുട്ടികൾ കൂടുതലുള്ള ഈ വിദ്യാലയത്തിലെ മറ്റൊരു പ്രധാന വെല്ലുവിളിയാണ് ശുചിത്വമുള്ള ടോയ്‌ലെറ്റുകൾ. മൂത്രാശയരോഗ രോഗവിമുക്ത ക്യാമ്പസ് എന്നതാണ് ഈ വർഷത്തെ ഞങ്ങളുടെ ക്യാമ്പയിൻ. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടോയ്‌ലെറ്റ് ശുചീകരണം കൃത്യവും വൃത്തിയുള്ളതുമായ രീതിയിൽ നടപ്പിലാക്കുവാൻ ജോലിക്ക് ആളെ നിയമിച്ചുകൊണ്ട് വൃത്തിയുള്ള അന്തരീക്ഷം നിലനിർത്താൻ സാധിച്ചു.

ശരിയായ ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ശുചിത്വപൂർണമായ സ്കൂൾ അന്തരീക്ഷം ഉറപ്പുവരുത്തുവാൻ സാധിക്കുകയുള്ളൂ. സ്കൂളിലെ ഓഫീസ്,ക്ലാസ്‌മുറികൾ എന്നിവ മാത്രമല്ല വളർച്ചയിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന ഘടകമാണ് പാചകപ്പുര, ഭക്ഷണശാല അനുബന്ധ ഇടങ്ങൾ എന്നിവ. ഭക്ഷണം ഏറ്റവും രുചികരമായി തയ്യാറാക്കിയാൽ മാത്രം പോരാ,ഭക്ഷണാവശിഷ്ടങ്ങൾ വേണ്ടവിധത്തിൽ സംസ്കരിക്കുകയും ചെയ്തെങ്കിൽ മാത്രമേ ലക്ഷ്യം നിറവേറൂ. ഇതിനായി മാലിന്യ നിർമാർജനം-സംസ്കരണം എന്നിവയ്ക്കാവശ്യമായ അഴുക്കുചാൽ,വേസ്റ്റ് പിറ്റ് നിർമാണം എന്നിവ വി‍ജയകരമായി പൂർത്തിയാക്കി. പി ടി എ,വികസന സമിതി, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെയാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. അടുക്കള, സ്കൂൾ പരിസരം എന്നിവിടങ്ങളിലെ മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.

നൂറ്റാണ്ടുകളായി ദാരിദ്ര്യത്തിന്റേയും നിരക്ഷരതയുടേയും ഇരുട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളുടെ ഇളം തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കടമ്പകളേറെയുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം ഒരു പരിധി വരെ ഇത്തരം പദ്ധതികളിലൂ‍ടെ പരിഹരിക്കാനാവുമെന്ന് കരുതുന്നു. ഇപ്രകാരം സാമൂഹിക വിദ്യാഭ്യാസ കലാ കായികരംഗങ്ങളിലെ ഗോത്രവർഗ വിദ്യാർഥികളുടെ ശോച്യാവസ്ഥ പരിഹരിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സംഘടിപ്പിച്ച 'ഏങ്കള സ്കൂളു' സമഗ്ര ഗോത്രവർഗവികസന പദ്ധതിയുടെ ആദ്യഘട്ടം പിന്നിട്ടപ്പോൾ മികച്ച വിജയമായി ഈ പ്രോജക്ടിന്റെ ഭാഗമായവർ വിലയിരുത്തുന്നു. വിദ്യാലയവും ഊരുജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂട്ടി, പുതിയ സൗഹൃദങ്ങൾ സൃഷ്ടിച്ച് കൂടുതൽ അംഗീകാരവും അവസരങ്ങളും നൽകി അവരുടെ ജീവിതത്തിൽ ഇടം നേടാൻ പൊതുവിദ്യാഭ്യാസത്തിന് സാധിക്കുമെന്നതിന്റെ വലിയ തെളിവാണ് ഏങ്കള സ്കൂളു പദ്ധതി.