പരിസ്ഥിതിയും വ്യക്തിശുചിത്വവും
നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനികരണം. മനുഷ്യർ സ്വീകരിച്ചു വരുന്ന അശാസ്ത്രീയമായ ഇടപെടലിന്റെ ഫലമായി പരിസ്ഥിതിയുടേയും ഭൂമിയുടേയും തന്നെ നിലനിൽപ്പ് അപകടത്തിലാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിധ്യത്തിന്റെ ഗുണങ്ങളും സ്വാതന്ത്ര്യവും അനുഭവിക്കാനുളള അവകാശവുമുണ്ട്.
വനനശീകരണത്തിനും മലിനീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതിക്ക് സുസ്ഥിരത ഉറപ്പാക്കാൻ ചെയ്യേണ്ടത്. ഇതിന് നാം ഓരോരുത്തരും തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
നമ്മുടെ വീടുകൾക്ക് ചുറ്റും അലസമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ, ചിരട്ട, ഗ്ലാസ് തുടങ്ങിയ വസ്തുക്കൾ നിശ്ചിതമായ ഒരു സ്ഥലത്തു മാത്രം നിക്ഷേപിക്കുക. കൊതുകുകൾ വരാനുള കാരണം പരിസര ശുചീകരണത്തിന്റെ പോരായ്മയാണ്. കെട്ടിനിൽക്കുന്ന മലിനജലത്തിൽ കൊതുകുകൾക്ക് വളരാൻ വളരെയധികം സാധ്യതയുണ്ട്.
ചപ്പുചവറുകൾ വീണ് ചീയാതെ അവയെ പ്രത്യേക സംഭരണിയിൽ നിക്ഷേപിക്കുക. ഇതിൽ ചാണക വളവും കൂട്ടി ചേർത്താൽ നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാം.
നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ ശത്രു പ്ലാസ്റ്റിക്കാണ്. നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൊണ്ടുവരാൻ തുണി സഞ്ചി നിർബന്ധമായും ശീലമാക്കുക. വ്യക്തിശുചിത്വമാണ് പരിസ്ഥിതിക്ക് ഏറ്റവും പ്രധാനം. ഓരോ വ്യക്തിയുടേയും വിവേകശൂന്യമായ പ്രവർത്തിയാണ് അല്ലെങ്കിൽ ചിന്തകളാണ് പരിസ്ഥിതി മലിനീകരണത്തിന്റെ തുടക്കം.
നമ്മൾ കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവന്ന് ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുക. അതിൽ കൂടി പ്രകൃതിയുടെ ജൈവസമ്പത്തിനെ നിലനിർത്തുന്ന മണ്ണിര, ഞണ്ട്, തവള, മത്സ്യം ഇവ കൂടാതെ നമുക്ക് പേരറിയാത്ത ഒരുപാട് ജീവജാലങ്ങളുടെ നിലനിൽപ്പ് സാധ്യമാകുന്നു.
വ്യക്തികളിൽ കൂടി കുടുംബത്തിനും, കുടുംബത്തിൽ കൂടി സമൂഹത്തിനും നന്മ വരുത്തുന്നതിന് ഓരോരുത്തരും അവരവരുടെ പങ്ക് നിർവഹിച്ചാൽ നിഷ്പ്രയാസം പരിസ്ഥിതി മലിനീകരണത്തിൽ നിന്നും മുക്തി നേടാം.
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|