ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
110 വയസ്സ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യു.പി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധം രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല. 2015 ൽ ശതാബ്ദി ആഘോഷിച്ച സ്കൂളിന്റെ സ്ഥാപിത വർഷം 1915 ആയി ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090 (ക്രി.വ1914) ആണ്ടിലോ അതിനു തൊട്ടു മുൻവർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽ സ്കൂൾ അനുവദിക്കും എന്ന രാജവിളംബരമാണ്പൊതുജന പങ്കാളിത്തത്തോടെയുള്ള സ്കൂളുകൾ സ്ഥാപിതം ആകാൻ കാരണമായത്.വടവട്ട് വീട്ടിൽ രാമക്കുറുപ്പ് , അനന്തിരവൻ വേലുക്കുറുപ്പ് , താനഞ്ചേരിൽ കുര്യൻ യോഹന്നാൻ , കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദ കുറിപ്പ്, പന്തപ്പാന്തറയിൽ തോമസ്, ചണ്ണേത്രയിൽ പരമേശ്വരൻ നായർ തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി. ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്ഥലം വടവട്ട് കുടുംബം ദാനമായി കൊടുത്തു. അവിടെ ഒരു ഓല ഷെഡ് കെട്ടി. ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.
തുടർന്ന് വെട്ടത്തേത്തു നിന്നും വടവട്ടു കാവിൽ നിന്നും ആവശ്യമായ തടി വെട്ടിയെടുത്ത് മേൽക്കൂരയും വെട്ടുകല്ല് കെട്ടിയ ഭിത്തിയോടും കൂടിയ ഒരു നീളൻ കെട്ടിടം പണിതുയർത്തി ഓലമേഞ്ഞു . 1 മുതൽ 4 വരെയുള്ള ഉള്ള ക്ലാസുകൾ പൂർണമാകുന്നതും സർക്കാരിന്റെ കണക്കിൽ വരുന്നതും 1915 ലാണ്.തിരുവല്ല വള്ളംകുളം ഇളവർ മന വീട്ടിൽ നിന്ന് ഏകാധ്യാപകനായി വന്ന മാതു പിള്ള സാർ പിന്നീട് ഈ സ്കൂളിന്റെ തന്നെ ഹെഡ് മാസ്റ്ററായി.സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന ഗവൺമെൻറിന്റെ കാലത്ത് പെണ്ണുക്കര എൽ.പി സ്കൂൾ അഞ്ചാം ക്ലാസ് വരെയുള്ള ജെ ബി എസ് ആയി ഉയർത്തപ്പെട്ടു. ഇവിടുത്തെ പ്രവർത്തിപരിചയം ചർക്കയിൽ നൂൽ നൂൽക്കുന്നതായിരുന്നു.
1962 ൽ ഹെഡ്മിസ്ട്രസ് ആയി എത്തിയ ശ്രീമതി കെ.സി. അന്നമ്മയുടെ ശ്രമഫലമായി 32 സെൻറ് ഭൂമി കല്ലുമാടിയിൽ ശ്രീ.കെ.കെ തോമസിൽ നിന്നും സർക്കാരിലേക്ക് വാങ്ങി എടുപ്പിച്ചു. ഇതിനെ തുടർന്ന് അഞ്ചാം സ്റ്റാൻഡേർഡ് സ്ക്കൂളിൽ തന്നെ തുടരാനുള്ള അനുവാദം ലഭിച്ചു.1980 ൽ അധികാരത്തിൽ വന്ന ഗവൺമെന്റ് കെട്ടിടവും സ്ഥലവും നൽകിയാൽ അപ്ഗ്രഡേഷൻ അനുവദിക്കും എന്ന നയം ആവിഷ്കരിച്ചതിന്റെ ഫലമായി ജനകീയ കമ്മറ്റി രൂപീകരിക്കുകയും18 സെന്റ് ഭൂമി വിലയ്ക്കു വാങ്ങി സർക്കാരിലേക്ക് കൈ മാറുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്ന് സംഭാവന പിരിച്ച് 6 , 7 ക്ലാസുകളിലെ നാലു ഡിവിഷനുകൾ നിർമ്മിച്ചു. രണ്ടു വർഷത്തെ നിരന്തര ശ്രമഫലമായി രണ്ടു നിലയുള്ള കെട്ടിടം പൂർത്തിയാക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്തു.പെണ്ണുക്കര ഗവ.യു.പി സ്കൂൾ ഗവൺമെന്റിന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് സബ് കളക്ടർ ശ്രീ.ജെ സുധാകരൻ IAS ആണ്.