ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ/അക്ഷരവൃക്ഷം/ശുചിത്വ പരിസ്ഥിതിയിലൂടെ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിസ്ഥിതിയിലൂടെ രോഗപ്രതിരോധം

സ്നേഹം കൊണ്ടും ദയ കൊണ്ടും ദുഷ്ടത കൊണ്ടും അഹങ്കാരം കൊണ്ടും ജീവിതം അലങ്കരിക്കുന്ന മനുഷ്യർക്ക് വലിയ ഒരു പരാജയമായാണ് മഹാമാരിയായ കൊറോണ വൈറസ് അഥവാ കോവിഡ് 19 എത്തിച്ചേർന്നത്. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ മഹാമാരിയെ ഒത്തൊരുമയോടെ കഠിന പരിശ്രമത്താൽ തോൽപ്പിച്ച് വിടുകയാണ് നാം. രാപ്പകലില്ലാതെയുള്ള ആരോഗ്യ പ്രവർത്തകരുടെ മികച്ച ചികിത്സയും രോഗപ്രതിരോധത്തിനായി ശുചിത്വത്തോടെയുള്ള പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്നുള്ള നമ്മുടെ കരുതലും കൊറോണയിൽ നിന്നും അതിജീവനത്തിന്റെ പടികൾ ചവിട്ടാനുള്ള മാർഗങ്ങളാണ്.

സാമൂഹികവും ശാരീരികവുമായ അടിസ്ഥാന ശുചിത്വ ശീലങ്ങൾ ഇല്ലാതെ വരുമ്പോഴാണ് രോഗങ്ങൾ പെരുകുന്നത്.പൊതുസ്ഥലങ്ങളിൽ വിസർജിക്കുകയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വഴിയരികിൽ നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ ഒട്ടനവധി രോഗങ്ങളാണ് പിറവിയെടുക്കുന്നത്. വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക നഗരമായ എറണാകുളം വളരെ വൃത്തിഹീനമാണ്. റോഡരിക്കൽ ജീവികളുടെ വിസർജ്യവസ്തുക്കൾ മുതൽ പല മാലിന്യങ്ങളുടെ കൂമ്പാരം വരെ കാണാൻ സാധിക്കും. ഒരിക്കൽ പോലും എറണാകുളം എന്ന മഹാനഗരത്തിൽ മൂക്കുപൊത്താതെ നടക്കാൻ സാധിക്കില്ല.അതു പോലെയുള്ള ഒട്ടനവധി സ്ഥലങ്ങൾ നമ്മുടെ കൺവട്ടങ്ങളിൽ തന്നെയുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിച്ച് വേണം നടക്കാൻ. ശുദ്ധവായു എന്നത് ഡൽഹിയിലെ ജനങ്ങൾക്ക് സ്വപ്നം മാത്രമായിരിക്കും. റോഡിലൂടെ എന്ത് ഭക്ഷിച്ച് നടന്നാലും അല്ലെങ്കിൽ എന്തെങ്കിലും ഉപയോഗശൂന്യമായ ഒന്ന് കൈകളിലുണ്ടെങ്കിൽ അത് ഉടൻ തന്നെ റോഡിലേക്ക് വലിച്ചെറിയുകയാണ് ഇന്ന് നാം ചെയ്യുന്നത്.പ്ലാസ്റ്റിക് വസ്തുക്കൾ ഭാഗികവും പൊതു ഇടങ്ങളിൽ വലിച്ചെറിയുകയാണ് പതിവ്. ഇവ വർഷങ്ങളോളം മണ്ണിൽ അലിഞ്ഞു ചേരാതെ കിടക്കും. നമ്മുടെ മണ്ണിന് ആവശ്യമായ ചില സൂക്ഷ്മജീവികളുടെ നാശത്തിനും ഇത് കാരണമാകും. സസ്യ വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമായ നൈട്രജൻ അവയ്ക്ക് കിട്ടാതെ പോകും. അങ്ങനെ സസ്യങ്ങളില്ലാതെയും മൃഗങ്ങളില്ലാതെയും അവസാനം മനുഷ്യനില്ലാതെയും പോകും.

ശുചിത്വ പരിസ്ഥിതിയാണ് നമുക്ക് വേണ്ടത്. മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാം. പണ്ട് വീടുകളിൽ പുറത്തായി പാത്രങ്ങളിൽ വെള്ളം വയ്ക്കാറുണ്ട്. ഇന്ന് പൈപ്പുകളാണ് ഉള്ളത്. പുറത്തു പോയി വന്നാൽ വീടിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് കാലുകളും കൈകളും കഴുകാനാണ് ഇത്. എല്ലാം തികഞ്ഞ മാനവരാശിയുടെ സംസ്കാരം വേറെയാണ്. പുറത്തുപോയാൽ വീടിനകത്ത് പ്രവേശിക്കുന്നതിനുമുമ്പ് കൈകളും കാലുകളും മുഖവും വൃത്തിയായി കഴുകുന്ന സംസ്കാരം ആകണം നമ്മളുടേത്. ജലദോഷമോ പനിയോ ഉള്ള മനുഷ്യർ മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടിയ ശേഷം വേണം തുമ്മാനും ചുമക്കാനും. ശുചിത്വ ശീലങ്ങൾ പിന്തുടരുകയാണെങ്കിൽ ഒരു രോഗത്തിനും നമ്മെ സ്പർശിക്കാൻ പോലും സാധ്യമായിരിക്കുകയില്ല . ഇന്ന് മരം നട്ടാൽ പ്രതിഫലം ഇന്നും നാളെയും ലഭിക്കും.അതുപോലെ ഇപ്പോൾ മുതൽ ശുചിത്വശീലങ്ങൾ നടപ്പിലാക്കുകയാണെങ്കിൽ അത് ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും നല്ലതായിരിക്കും. നാം ജീവിക്കുന്ന പരിസ്ഥിതി എപ്പോഴും ശുചിത്വമുള്ളതാകണം. മരങ്ങൾ വെട്ടി നശിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ

മരങ്ങൾ നട്ടുവളർത്തി മലിനീകരണം കുറയ്ക്കാനും ഭാവിതലമുറയ്ക്ക് മാതൃകയാകാനും സാധിക്കും. ശുദ്ധമായ വായു ശ്വസിക്കുന്നതിനും ശുദ്ധജലം കുടിക്കുന്നതിനും ശുദ്ധമായ പരിസ്ഥിതി ആവശ്യമാണ്. പ്രകൃതിയിൽ നാം ഏൽപ്പിക്കുന്ന മുറിവുകളുടെ ഫലമായി പ്രകൃതി തന്നതാണ് പ്രളയവും കൊറോണയും . നാം മലിനമാക്കുന്ന ജലാശയത്തിൽ നിന്നും മറ്റു പ്രകൃതി സ്രോതസ്സുകളിൽ നിന്നും ഇനിയും വൈറസുകൾ പൊട്ടിപ്പുറപ്പെടാം. അതിൽ നിന്നും മുക്തി നേടാൻ നാം നല്ല പരിസ്ഥിതിയെ വാർത്തെടുക്കണം .നല്ല പരിസ്ഥിതിയെ വാർത്തെടുക്കാൻ ശുചിത്വം അനിവാര്യമാണ് .എല്ലാ വർഷവും ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു .ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരാൻ വേണ്ടി ഒരു മരം നാം വെറുതെ നടന്നു. ഒരു മരം നട്ടതിലൂടെ മാത്രം പരിസ്ഥിതി ദിനം അവസാനിക്കുന്നില്ല. അതിലുപരി നാം ജീവിക്കുന്ന ചുറ്റുപാടുകൾ വൃത്തിയാക്കാനും നാം നിർബന്ധിതരാകണം.അപ്രകാരം ശുചിത്വമുള്ള ഒരു പരിസ്ഥിതിയെ നിർമിക്കുമ്പോൾ മാത്രമാണ് നമുക്ക് രോഗങ്ങളിൽ നിന്നും മുക്തരാകാൻ സാധിക്കുകയുള്ളൂ.

ഇപ്പോൾ ആശുപത്രികളിൽ രോഗികളുടെയും രോഗങ്ങളുടെയും എണ്ണം വർദ്ധിച്ചു വരുന്നു. നമ്മുടെ ജീവിത ശൈലിയും ശുചിത്വമില്ലായ്മയും ആണ് പ്രധാന കാരണങ്ങൾ .കൊറോണ വൈറസ് പിടിപെട്ടപ്പോൾ പ്രതിരോധശേഷി ഇല്ലാത്തവരെ രോഗം ഗുരുതരമായി വിഴുങ്ങി. രോഗപ്രതിരോധത്തിനായി പച്ചക്കറികളും പഴങ്ങളും നന്നായി ഭക്ഷിക്കുക. കൊറോണ വൈറസിനെ ചെറുക്കാൻ ശുചിത്വത്തോടൊപ്പം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പ്രതിരോധശേഷി. പോഷകഗുണമുള്ള ഭക്ഷണം കഴിച്ച് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. ബർഗറിന്റെയും പിസയുടെയും സാൻവിച്ചിന്റെയും കാലഘട്ടത്തിൽ ചക്ക, മാങ്ങ ,ചേന ,ചേമ്പ് ,തുടങ്ങിയ നാടൻ വിഭവങ്ങൾക്ക് വലിയ പ്രാധാന്യമൊന്നുമില്ല. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ ,പപ്പായ ,നെല്ലിക്ക മുതലായവ ധാരാളമായി ഈ സമയത്ത് കഴിക്കുക .രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഒപ്പം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണിക്കും .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശുചിത്വ പരിസ്ഥിതി എന്ന വിഷയത്തിന് ഊന്നൽ നൽകുകയും ചെയ്താൽ ഏത് കൊറോണയേയും ഈ ലോകത്ത് നിന്ന് വളരെ നിസ്സാരമായി നമുക്ക് തുരത്താം.

സ്വന്തം ജീവനിൽ വിലകൽപ്പിക്കാതെ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ നേരെയും ജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മറ്റു പ്രവർത്തകരുടെ നേരെ നോക്കിയും നമുക്ക് കൈ കൂപ്പാം.പ്രളയം ഉണ്ടായപ്പോൾ ഒരേ മാലയിലെ ഒരേ മുത്തുകളായി നിന്ന് അതിജീവിച്ചത് പോലെ നാം അതിജീവിക്കും.ഭാവികാലങ്ങളിൽ ശുചിത്വത്തോടെയും കരുതലോടെയും ജീവിച്ചാൽ ഒരു വൈറസും വരില്ല. അതിജീവനത്തിന്റെ പോരാട്ടത്തിനായി ഒരുമിച്ച് കൈകോർക്കാം. ശുചിത്വമുള്ള ഒരു പരിസ്ഥിതിയിലൂടെ നമുക്ക് രോഗത്തെ പ്രതിരോധിക്കാം. സാമൂഹിക അകലവും ശാരീരിക അകലം പാലിച്ചുകൊണ്ട് ഈ വിപത്തിനെ അതിജീവിക്കാം.


Anamika P. S.
9A ഗവ.മോഡൽ.എച്ച്.എസ്.എസ്.ചെറുവട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം