ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഭൂമിക്കായി ഒരു കരുതൽ

ഭൂമിക്കായി ഒരു കരുതൽ

കാലത്തോടൊപ്പം വളർന്നു കൊണ്ടിരിക്കുകയാണല്ലോ ശാസ്ത്രം. അതിനിടയിൽ നാം മറന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ പ്രകൃതി .മരങ്ങളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി എത്ര മനോഹരമാണ്. ഇന്ന് നാം കാണുന്നതോ, കോൺക്രീറ്റ് വനങ്ങളാണ്. പക്ഷികളുടെ കളകളാരവം കേട്ട് ഉണരേണ്ട നാം ഇന്നു കേൾക്കുന്നത്‌ വാഹനങ്ങൾ ചീറിപ്പായുന്ന ഒച്ചയും ഫാക്ടറികളുടെ സൈറണും ആണ്. ഇതിനെല്ലാം ഒരൊറ്റ ഉത്തരമേയുള്ളൂ. സ്വാർത്ഥത; നമ്മൾ മനുഷരുടെ സ്വാർത്ഥത. നമ്മളെല്ലാം മറന്നു, സ്വാർത്ഥതയുടെയും പൊങ്ങച്ചത്തിന്റെയും പിറകെ ഓടിക്കൊണ്ടിരിക്കുകയാണ്. എന്താണ് പരിസ്ഥിതി എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി നൽകുക അത്ര എളുപ്പമല്ല. പല ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് പരിസ്ഥിതി. മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലഷണീയവും ,അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഈ ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിൽ ആയിക്കൊണ്ടിരിക്കുന്നു . മാലിന്യപ്രശ്നം,ഇന്ന് നാം നേരിടുന്ന നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ് . ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം കഴിച്ച ആഹാരത്തിൻ്റെ അവശിഷ്ടങ്ങൾ, പച്ചക്കറിയുടെയും മറ്റും അവശിഷ്ടങ്ങൾ, മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങൾ, അങ്ങനെ നിത്യവും വരുന്ന അടുക്കളയിലെ തന്നെ ധാരാളം മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാണ്.ഇങ്ങനെ വലിച്ചെറിയുന്നത് വഴി നിത്യജീവിതത്തിൽ നമുക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ പരിസ്ഥിതി സംരക്ഷണവും രോഗപ്രതിരോധവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ശുദ്ധവായുവിനു പകരം ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വരുന്ന പുക കലർന്ന വായുവാണ് നാം ശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ശ്വാസകോശസംബന്ധമായ രോഗങ്ങൾ പെരുകുകയാണ്. ജലമലിനീകരണം വഴി ഉദരസംബന്ധമായ രോഗങ്ങൾ പിടിപെടുന്നു. ജലത്തിലെ ആവാസവ്യവസ്ഥകളുടെ നാശത്തിനും കാരണമാകുന്നു. ജലമലിനീകരണത്തിന് പ്രധാന കാരണംതന്നെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യവും മറ്റുമാണ്. അതുകൊണ്ട് തന്നെ നാം പ്രകൃതിയെ നശിപ്പിക്കുന്നത് വഴി നമ്മുടെ ആയുസ്സ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ നമ്മുടെ ഭൂമിയുടെ പച്ചപ്പുതപ്പിനെ പോറലേൽപ്പിക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യകതയാണ്. അപ്പോഴാണ് നമ്മൾ തികച്ചും സന്തുഷ്ടരാകുന്നത്

Suryanarayanan . S
8 A ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം