ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ ചില പാരിസ്ഥിതിക ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില പാരിസ്ഥിതിക ചിന്തകൾ

സസ്യങ്ങളും ജീവജാലങ്ങളും കുന്നും മലയും പുഴയും കൊണ്ട് സുന്ദരമാണ് നമ്മുടെ ഭൂമി. സൂക്ഷ്മജീവികൾ മുതൽ സ്ഥൂല ജീവികൾ വരെയുള്ള ജൈവ വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ സുന്ദരഭൂമി. മനുഷ്യർ ഭൂമിയിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. മറ്റു ജീവികളെയും സസ്യങ്ങളെയും ആശ്രയിച്ച് മാത്രമേ മനുഷ്യന് പ്രകൃതിയിൽ നിലനിൽക്കാനാകൂ. സസ്യങ്ങളിലെ ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, ഇലകൾ, എല്ലാം നാം ഉപയോഗിക്കുന്നു. മരുന്നുകളും എണ്ണയുംമറ്റും നിർമ്മിക്കാൻ നാം പ്രകൃതിയെ ആശ്രയിക്കുന്നു. പാൽ, മുട്ട, ഇറച്ചി എന്നിവയ്ക്ക് നാം മൃഗങ്ങളെ ആശ്രയിക്കുന്നു . സൂക്ഷ്മജീവികളെ പോലും പല ആവശ്യങ്ങൾക്കായി മനുഷ്യർ ഉപയോഗിക്കാറുണ്ട്. അതോടൊപ്പം മനുഷ്യന് മാത്രമുള്ളതാണ് പ്രകൃതി എന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ജൈവവൈവിധ്യത്തെ ത്തന്നെ നശിപ്പിക്കുകയാണ് മനുഷ്യൻ ഇന്ന് . ഇതര ജന്തുക്കൾക്കും സസ്യങ്ങൾക്കും മനുഷ്യന്റെ നിലനിൽപ് അനിവാര്യമല്ല. എന്നാൽ മനുഷ്യന് മറ്റുള്ളവയില്ലാതെ ജീവിക്കാൻ പോലും കഴിയില്ല എന്നതാണ് വസ്തുത. അനുയോജ്യമായ കാലാവസ്ഥയും ഭക്ഷണ ലഭ്യതയും മറ്റും ജൈവ വൈവിധ്യത്തെ നിലനിർത്തുന്നു. എന്നാൽ മനുഷ്യന്റെ അനാവശ്യമായ ഇടപെടലുകൾ ഇതിനെയെല്ലാം മാറ്റുന്നു. മനുഷ്യനുണ്ടാക്കുന്ന മാലിന്യങ്ങളും കത്തിക്കുന്ന പ്ലാസ്റ്റിക്കുകളുമെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നു. കെട്ടിടങ്ങളും റോഡുകളും നിർമ്മിക്കാനും വ്യവസായങ്ങൾക്കുമെല്ലാം കുന്നുകൾ നികത്തിയും പുഴയെ മലിനമാക്കിയുമെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നു. വിഷവസ്തുക്കളും കീടനാശിനികളും ഉപയോഗിച്ച് പ്രകൃതിയെ മലിനമാക്കുന്നു. പല ആവശ്യങ്ങൾക്കും വേണ്ടി മൃഗങ്ങളെ കൊല്ലുകയും മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്യുന്നു. പല ജീവജാലങ്ങളും വംശനാശ ഭീക്ഷണിയിലാണെന്നും അതു നമുക്കു തന്നെ ദോഷമാകുമെന്നും മനസ്സിലാക്കിയപ്പോൾ അവയെ സംരക്ഷിക്കാൻ ഒരുപാട് പദ്ധതികൾ നാം ആവിഷ്കരിച്ചിട്ടുണ്ട്. നമുക്കറിയാം ആറരക്കോടി വർഷങ്ങൾക്കു മുൻപ് ദിനോസറുകൾക്ക് വംശനാശം സംഭവിച്ചത്. അത് പ്രകൃതി തന്നെ ചെയ്താണ്. എന്നാൽ ഡോഡോ പക്ഷികളുടെ വംശനാശത്തിനു കാരണം മനുഷ്യനാണ്. അതുപോലെ ഇന്ന് മനുഷ്യൻ കാരണം നരിക്കേണ്ടി വരുന്ന ഒരു പാട് ജീവികളും സന്ധ്യങ്ങളും ഉണ്ട്. ഇതെല്ലാം നമുക്കു തന്നെയാണ് തിരിച്ചടിയായി മാറുക. നമ്മെ പോലെ തന്നെ മറ്റു ജീവികൾക്കും ഭൂമിയിൽ തുല്യ അവകാശമുണ്ടെന്നും നമുക്ക് മാത്രമായി ഈ ഭൂമിയിൽ ജീവിക്കാൻ കഴിയില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയായാണ് ഇപ്പോൾ 'കൊറോണ ' വൈറസിനു മുന്നിൽ ലോകം മുഴുവൻ ഭയത്തോടെ നിൽക്കുന്നത്. നമുക്ക് കാണാൻ പോലുമാകാത്ത ഒരു ചെറിയ വൈറസ് ഒരുപാട് പേരുടെ ജീവനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഈ വൈറസിന്റെ വ്യാപനത്തെ തടയാൻ ലോകം മുഴുവൻ ലോക് ഡൗൺ ആയപ്പോൾ അന്തരീക്ഷ മലിനീകരണവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും കുറഞ്ഞു. ഡൽഹി പോലുള്ള വൻകിട നഗരങ്ങളുടെ വായു മലിനീകരണ തോത് കുറഞ്ഞതും പതിറ്റാണ്ടുകൾക്ക് ശേഷം പഞ്ചാബിൽ നിന്ന് ഹിമശൃംഗങ്ങൾ പ്രത്യക്ഷമായതും നാം കണ്ടു. പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനം എത്രയും വേഗം മറ്റേണ്ടതുണ്ട് എന്ന വലിയ പാഠം കൂടി ഈ മഹാമാരി കാലത്ത് നാം പഠിക്കേണ്ടതുണ്ട്.

ആത്മിക എം ബി
9 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം